ഈയടുത്ത് വായിച്ച ഒരു ലേഖനം എന്നെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ആ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും അതിനെക്കുറിച്ചുള്ള എൻ്റെ അഭിപ്രായങ്ങളും ആണ് ഇവിടെ പറയുന്നത്.
അമേരിക്കയിലെ ഒരു തോക്ക് നിർമ്മിക്കുന്ന കമ്പനിയുടെ കഥയാണിത്. നൂറു കൊല്ലത്തോളം പഴക്കമുള്ള കമ്പനിയാണിത്. വളരെയധികം പ്രശസ്തമായ ഒരു തോക്ക് നിർമ്മാതാവാണ് ഈ കമ്പനി. അമേരിക്കയിൽ തോക്ക് കച്ചവടം എന്നുള്ളത് നാട്ടുകാർ അരിയും വെള്ളവും വാങ്ങും എന്ന് പറയുന്നതു പോലെ ഉറപ്പുള്ള കാര്യമാണ്. ഏത് ബിസിനസ്സ് പൊളിഞ്ഞാലും തോക്ക് ഉണ്ടാക്കുന്ന കമ്പനിയും തോക്ക് വിൽക്കുന്ന കമ്പനിയും അമേരിക്കയിൽ വാങ്ങാൻ ആളില്ലാതെ പൊളിയുന്ന സംഭവം ഇല്ല. ഇങ്ങനെ നല്ല രീതിയിൽ നല്ല ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ കമ്പനി. കമ്പനിയുടെ ഓഹരികൾ മാർക്കറ്റിൽ ലഭ്യവുമാണ്.
ഇങ്ങനെയിരിക്കെ ഈ കമ്പനി ഒരു സംഘം സമ്പന്നന്മാർ ചേർന്ന് ഒരു പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ട് ഉണ്ടാക്കി, ആ ഫണ്ട് വഴി വാങ്ങി. ഇവരുടെ ലക്ഷ്യം കമ്പനിയുടെ ഓഹരിയുടെ വില കഴിവതും കൂട്ടി ഇവർ നിക്ഷേപിച്ച തുക എത്രയും വലുതാക്കി വിറ്റ് ലാഭം നേടുക എന്നത് മാത്രമാണ്.
ഇതിനായി ഇവർ ആദ്യം ചെയ്തത് കമ്പനി പുതിയ ഒരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ്. ഒരു വലിയ കമ്പനി ഒരു നഗരത്തിൽ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൽ വരുമ്പോൾ ഒരുപാട് ആളുകൾക്ക് ജോലി കിട്ടും. അതേ പോലെ തന്നെ ആ നഗരത്തിന് ഭാവിയിൽ നികുതി വരുമാനം കൂടുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മിക്ക നഗരങ്ങളും പുതുതായി വരുന്ന കമ്പനികൾക്ക് ഒരുപാട് നികുതിയിളവുകളും പിന്നെ വേറെ ഒരുപാട് ഇളവുകളും നൽകും. ഉദാഹരണത്തിന് ചില സംസ്ഥാനങ്ങൾ കമ്പനി തുടങ്ങാനായി സ്ഥലം വെറുതെ കൊടുക്കും. അതുപോലെ വെള്ളം ഉപയോഗിക്കുവാനും പെർമിറ്റ് വെറുതെ കൊടുക്കും. ഇതിനു പകരമായി കമ്പനി ഒരു നിശ്ചിത എണ്ണം ആൾക്കാർക്ക് നിശ്ചിത ശമ്പളത്തിൽ ജോലി കൊടുത്തോളാം എന്ന് കരാറിലേർപ്പെടും. ഈ കരാർ പൊതുവേ അഞ്ചോ പത്തോ വർഷത്തിനു ശേഷം ആണ് നഗരങ്ങൾ പുനഃപരിശോധിക്കുക. അപ്പോഴായിരിക്കും ഇളവുകൾ അവസാനിക്കുക. കമ്പനി കരാർ പാലിച്ചില്ലെങ്കിൽ ഈ കൊടുത്ത ഇളവുകൾക്ക് തുല്യമായ തുകയും പിന്നെ ഒരു പിഴയും ചേർത്ത് കമ്പനി തിരിച്ചു അടയ്ക്കേണ്ടി വരും.
മുതലാളിമാർ നോക്കുമ്പോൾ കമ്പനി മാറ്റി സ്ഥാപിക്കുന്നതിന് വേറൊരു ഗുണവും ഉണ്ട്. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുതിർന്ന തൊഴിലാളികൾ മിക്കവാറും പുതിയ നഗരത്തിലേക്ക് മാറാൻ തയ്യാറാവില്ല. അപ്പോൾ കമ്പനിക്ക് പുതിയ നഗരത്തിൽ പുതിയ ആൾക്കാരെ നിയമിക്കാം. പഴയ തൊഴിലാളികളെ അപേക്ഷിച്ച് കുറച്ച് ശമ്പളം കൊടുത്താലും മതിയാകും.
അങ്ങനെ നോക്കുമ്പോൾ കമ്പനിയുടെ ലാഭം കൂടും, നികുതി കൊടുക്കേണ്ട ശമ്പളം ചെലവും കുറഞ്ഞു. ഇങ്ങനെ കമ്പനിയുടെ ഓഹരി വില കുതിച്ചുയരും.
ഇപ്പോഴാണ് ഏറ്റവും വലിയ കളി. കമ്പനിയെ കൊണ്ട് ഒരു വലിയ ലോൺ എടുപ്പിച്ച് പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ടിൻ്റെ കൈയിലുള്ള കമ്പനിയുടെ ഓഹരി മൊത്തം ഇവർ കമ്പനിയെ കൊണ്ട് തന്നെ തിരിച്ചു വാങ്ങിക്കും. കമ്പനി ഇവരുടെ നിയന്ത്രണത്തിലായതു കൊണ്ട് കമ്പനിയുടെ നടത്തിപ്പുകാരും മുതിർന്ന മാനേജർമാരും എല്ലാം ഇവർ നിയമിക്കുന്ന ആൾക്കാർ ആയിരിക്കും. അതു കൊണ്ട് ഈ ലോൺ എടുക്കുന്ന കാര്യങ്ങൾ എളുപ്പം നടക്കും. അങ്ങനെ ഉയർന്ന വിലയ്ക്ക് ഓഹരി തിരിച്ചു വാങ്ങുമ്പോൾ ഇവരുടെ നിക്ഷേപം ഇരട്ടിയോ അതിലേറെയോ വർദ്ധിച്ചു കിട്ടും. വെറും മൂന്നോ നാലോ കൊല്ലത്തെ കാലാവധിക്കുള്ളിൽ.
കാശ് തിരിച്ചു കിട്ടി കഴിഞ്ഞാൽ പഴയ മുതലാളിമാർ കൈയും കഴുകി പോകും . പാവം കമ്പനിക്ക് ലോണും തിരിച്ചടയ്ക്കണം നഗരസഭ ചുമത്തുന്ന പിഴയും അടയ്ക്കണം. അതേ പോലെ തന്നെ കമ്പനിയുടെ മുതിർന്ന തൊഴിലാളികളും കമ്പനിയുടെ ഏറ്റവും നല്ല തൊഴിലാളികളും ഈ സമയത്തിനുള്ളിൽ കമ്പനി വിട്ടു പോയിട്ടുണ്ടാകും. എടുത്ത ലോൺ കമ്പനിക്ക് പുതിയ ഫാക്ടറി പണിയാനോ അല്ലെങ്കിൽ പുതിയ തൊഴിലാളികളെ നിയമിക്കാനൊ ഉപയോഗിക്കാതെ വെറുതെ ഓഹരി തിരിച്ചു വാങ്ങിയതിനാൽ കമ്പനിക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ ഒരു മാർഗ്ഗവുമില്ല താനും. ഇങ്ങനെ വരുമ്പോൾ കമ്പനി നഷ്ടം കൂടി അടച്ചു പൂട്ടേണ്ടി വരും.
വളരെ നന്നായി ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനി കുറച്ചുപേരുടെ അത്യാർത്തി മൂലം അടച്ചുപൂട്ടിയ ഒരു കഥയാണ് മുകളിൽ പറഞ്ഞത്. ഇതുകൊണ്ട് സാധാരണക്കാരായ നമുക്ക് എന്ത് ഗുണം എന്നല്ലേ ചിന്തിക്കുന്നത്. ഇതിൽ നിന്ന് പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ട്. ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന ഒരു സാധാരണക്കാരന് വെറും മൂന്നോ നാലോ കൊല്ലം കൊണ്ട് എല്ലാ പണവും നഷ്ടമായേക്കാം. എപ്പോൾ വിൽക്കണം എന്നുള്ള വിവരം നമ്മൾക്ക് വലിയ മുതലാളിമാരെ പോലെ കിട്ടില്ലല്ലോ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന തുക മൊത്തത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളത്തിനു ഒരു ഉദാഹരണമായി ഈ കഥ കണക്കാക്കണം.
ഇങ്ങനെയൊരു കള്ളക്കളി നടക്കുന്നുണ്ടെന്ന് ഒരു സാധാരണ നിക്ഷേപകന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതു കൊണ്ടാണ് ഓഹരികളിൽ നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട് ആണ് നല്ല മാർഗ്ഗം എന്ന് പറയപ്പെടുന്നത്. മ്യൂച്ചൽ ഫണ്ട് മാനേജർമാർക്ക് ഈ കളികൾ കണ്ടു പരിചയം ഉണ്ടാക്കും.
നിലവിലെ സാമ്പത്തിക രീതികളിൽ മുകളിൽ പറഞ്ഞത് നിയമത്തിന് അനുസൃതമായി ചെയ്യാവുന്ന കാര്യം ആണ്. ഇത് തടയാനായി നിയമ നിർമ്മാണം നടത്തണം എന്നുണ്ടെങ്കിൽ അതിനു പറ്റിയ നേതാവിനെ വേണം നമ്മൾ വോട്ട് ചെയ്ത് ജയിപ്പിക്കാൻ.
കുറച്ചു പേരുടെ ലാഭത്തിനു വേണ്ടി നൂറുകണക്കിന് ആൾക്കാരുടെ ഉപജീവനമാർഗം ആയ ഒരു കമ്പനി അടച്ചു പൂട്ടിയ ഒരു ഉദാഹരണം ആണ് ഇത്. ലാഭം മാത്രം ലക്ഷ്യം വച്ചാൽ ഇങ്ങനെ ഉള്ള വലിയ തെറ്റുകൾ നടക്കും.