നഷ്ടസാധ്യതയും വരുമാനത്തിനുള്ള സാധ്യതയും
സാധാരണ ഗതിയിൽ നഷ്ടം വരാൻ സാധ്യത ഇല്ലാത്ത നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറവായിരിക്കും. ഉദാഹരണത്തിന് ബാങ്ക് ഡെപ്പോസിറ്റ്. എന്നാൽ നഷ്ടം വരാൻ സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും കൂടുതലായിരിക്കും. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും.
ഒരു നിക്ഷേപത്തിന് വേണ്ടി നമ്മൾ എടുക്കുന്ന റിസ്കിന്(risk) അനുസരിച്ചുള്ള വരുമാനം കിട്ടാനുള്ള സാധ്യത ഉണ്ടായിരിക്കണം. എന്നു വെച്ചാൽ നിക്ഷേപം പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അതിനു മാത്രം ഉണ്ടായിരിക്കണം. നിക്ഷേപം തുടങ്ങുന്നതിനു മുന്നേ ഈ നിക്ഷേപത്തിൽ എന്തു മാത്രം നഷ്ടം വരാൻ സാധ്യതയുണ്ട് എന്നുള്ളതും, ആ നഷ്ടം നമ്മൾ താങ്ങാൻ തയ്യാറുണ്ടോ എന്നും കൃത്യമായി ആലോചിച്ച് ഉറപ്പിക്കണം .
ലിക്വിഡിറ്റി (Liquidity) അല്ലെങ്കിൽ ദ്രവ്യത
നിക്ഷേപം എത്ര പെട്ടെന്ന് പിൻവലിക്കാം അല്ലെങ്കിൽ വിറ്റ് കാശാക്കി മാറ്റാം എന്നുള്ളതാണ് ലിക്വിഡിറ്റി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നിക്ഷേപം ഇരുപത് കൊല്ലത്തെ ഒരു ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി ആണെങ്കിൽ കാലാവധി കഴിയുന്നതിനു മുന്നേ പിൻവലിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അടവ് തുടങ്ങി മൂന്നു കൊല്ലം ആയിട്ടില്ല എങ്കിൽ ചിലപ്പോൾ മുഴുവൻ കാശും പോയെന്നു വരാം. അതേ പോലെ തന്നെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും പെട്ടെന്ന് വിറ്റ് കാശാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ബാങ്ക് ഡെപ്പോസിറ്റ്കളും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളും പെട്ടെന്ന് പിൻവലിക്കാൻ സാധിക്കും. ബാങ്കിൽനിന്ന് ഫിക്സഡ് ഡിപ്പോസിറ്റ് പെട്ടെന്ന് പിൻവലിച്ചാൽ പലിശ നഷ്ടം വരും. അതേ പോലെ തന്നെ മ്യൂച്ചൽ ഫണ്ട് പെട്ടെന്ന് വിൽക്കേണ്ടി വന്നാൽ ഓഹരി വിപണിയിലെ നിലവാരമനുസരിച്ച് ചിലപ്പോൾ കുറെ കാശ് നഷ്ടവും വരും. പക്ഷേ ഇവ രണ്ടും പെട്ടെന്ന് വിറ്റു നമുക്ക് കാശ് പുറത്തെടുക്കാൻ പറ്റും. നമ്മുടെ നിക്ഷേപങ്ങളുടെ നല്ലൊരു ഭാഗം പെട്ടെന്ന് പിൻവലിക്കാൻ പറ്റുന്ന നിക്ഷേപങ്ങളിൽ ആയിരിക്കണം.
അതേ പോലെ തന്നെ പ്രധാന്യം ഉള്ള കാര്യം ആണ്, നിക്ഷേപം നിർത്താനുള്ള നടപടികൾ എന്താണ് എന്ന് അറിയേണ്ടത്. മിക്ക നിക്ഷേപങ്ങളും അഞ്ചും പത്തും ഇരുപതും വർഷം കാലാവധി ഉള്ളതാണ്. ഈ കാലാവധിക്കുള്ളിൽ ചിലപ്പോൾ നമ്മുടെ സാമ്പത്തിക നിലവാരം മാറാം. അതു കൊണ്ട് നമുക്ക് ചിലപ്പോൾ നിർത്തേണ്ടി വരും. ഞാൻ പണ്ടു വാങ്ങിയ ഒരു പദ്ധതി തുടങ്ങാൻ നേരത്തു ഏജൻറ് എൻ്റെ അടുത്തു വന്ന് ഒപ്പിട്ട കടലാസുകൾ വാങ്ങി പോയെങ്കിലും നിർത്താൻ നേരത്ത് ചെന്നൈയിലേക്ക് രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ടി വന്നു. ചില നിക്ഷേപ പദ്ധതികൾ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല, നിർത്തി കഴിഞ്ഞാൽ അടച്ച തുക മൊത്തം പോകും. പദ്ധതി തുടങ്ങുമ്പോൾ തന്നെ ഇത് ചോദിച്ചു മനസ്സിലാക്കണം. അതേ പോലെ തന്നെ ഏജൻറ് പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് കമ്പനിയുടെ വെബ്സൈറ്റിലോ അല്ലെങ്കിൽ പോളിസിയുടെ അപേക്ഷാഫോമിലോ കാണിച്ചു തരാൻ പറയണം.
വൈവിധ്യവൽക്കരണം (Diversification)
എല്ലാ നിക്ഷേപങ്ങളും ഒരേ തരത്തിൽ ആവാതെ നോക്കേണ്ടതിൻ്റെ ആവശ്യകത ഞാൻ വേറൊരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ കൈയിലുള്ള എല്ലാ പണവും ഒരേ രീതിയിലുള്ള നിക്ഷേപത്തിൽ ആണെങ്കിൽ, നഷ്ടം സംഭവിച്ചാൽ എല്ലാ പണവും ഒരുമിച്ചു നഷ്ടപ്പെട്ടു പോകുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. നിക്ഷേപം വിൽക്കുന്ന കമ്പനി മാറിയതു കൊണ്ട് നിക്ഷേപങ്ങൾക്ക് വൈവിധ്യവുമായി എന്ന് വിചാരിക്കരുത്. അതെ പോലെ, എല്ലാ സമ്പാദ്യവും എറണാകുളത്ത് സ്ഥലം വാങ്ങിച്ചു കിടക്കുകയാണ് എന്ന് വിചാരിച്ചു അടുത്ത നിക്ഷേപം തൃശ്ശൂരിൽ സ്ഥലം വാങ്ങിയാൽ നിക്ഷേപങ്ങളിൽ വൈവിധ്യം ആവുകയില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്ന് വൈവിധ്യം വേണമെങ്കിൽ ബാങ്ക് ഡെപ്പോസിറ്റ്കളിലോ പിപിഎഫ്(PPF)’ലോ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കണം.
നിക്ഷേപം തുടങ്ങണോ കടം തീർക്കണോ?
നിക്ഷേപിക്കുന്നതിന് മുന്നേ നമ്മൾ ഉയർന്ന പലിശ കൊടുക്കുന്ന കടങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ അടച്ചു തീർക്കണമോ വേണ്ടയോ എന്ന് ചിന്തിക്കണം. ക്രെഡിറ്റ് കാർഡ് കടമോ ബ്ലേഡ് പലിശക്കാരുടെ അടുത്തു നിന്ന് വാങ്ങിയ കടമോ ബാക്കിയുണ്ടെങ്കിൽ പുതിയ നിക്ഷേപങ്ങൾ തുടങ്ങുന്നതിനു മുന്നേ അവയാണ് അടച്ചു തീർക്കേണ്ടത്. അതേ പോലെ തന്നെ പെട്ടെന്ന് അടച്ചു തീർക്കേണ്ട ഒന്നാണ് വാഹന ലോണും. നമ്മൾ നിക്ഷേപിച്ചാൽ കടത്തിന് കൊടുക്കുന്ന പലിശയെകാൾ കൂടുതൽ തരുന്നെങ്കിൽ മാത്രമേ നിക്ഷേപത്തിൽ നിന്ന് നേട്ടമുള്ളൂ. ബ്ലേഡ് കമ്പനിയുടെ അടുത്തു നിന്ന് 30 ശതമാനം പലിശയ്ക്ക് പൈസ കടം വാങ്ങി ഇരിക്കുമ്പോൾ, 8 ശതമാനം നേട്ടം തരുന്ന മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതിൽ യാതൊരു അർത്ഥമില്ല.
നിക്ഷേപ പദ്ധതി ഒരു തട്ടിപ്പാണോ?
നമ്മൾ നിക്ഷേപിക്കാൻ പോകുന്ന പദ്ധതി തട്ടിപ്പ് ആണോ അല്ലയോ എന്ന് ഉറപ്പു വരുത്താൻ എപ്പോഴും ശ്രദ്ധിക്കണം. പദ്ധതി തട്ടിപ്പ് അല്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ നിക്ഷേപിക്കേണ്ട കാര്യമുള്ളൂ. ഒരു ചെറിയ അംശം എങ്കിലും സംശയമുണ്ടെങ്കിൽ നിക്ഷേപിക്കരുത്. അതേ പോലെ ഏജൻറ്മാർ വിൽക്കുന്ന എന്ത് നിക്ഷേപ പദ്ധതി വാങ്ങുന്നതിനും മുൻപ് ആ കമ്പനിയുടെ വെബ്സൈറ്റിൽ കയറി ആ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് വായിച്ചു മനസ്സിലാകണം. അതേ പോലെ തന്നെ പദ്ധതിക്കു വേണ്ടിയുള്ള ഫോമും പദ്ധതിയിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ കിട്ടുന്ന രേഖയുടെ ഒരു പതിപ്പും നിക്ഷേപം നടത്തുന്നതിന് മുന്നേ വാങ്ങിച്ചു വായിക്കണം. ഇത് സ്വയം വായിച്ചു നോക്കാൻ സാധിക്കുന്നില്ലെങ്കിൽ ഏജന്റിനോട് വിവരിച്ചു തരാൻ പറയാതെ മറ്റാരുടെയെങ്കിലും അഭിപ്രായം ചോദിക്കണം.
ഒരു കാര്യം ഒരിക്കലും മറക്കരുത് നിക്ഷേപിക്കുന്നതിന് മുൻപാണ് നമ്മൾ ചോദിക്കുന്ന വിവരങ്ങൾ കമ്പനിയിൽ നിന്നും ഏജൻസിയിൽ നിന്നും കിട്ടുകയുള്ളൂ. കാരണം നമ്മളെക്കൊണ്ട് നിക്ഷേപിപ്പിക്കുക എന്നത് അവരുടെ ആവശ്യമാണ്. നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കിട്ടാൻ സാധ്യതയില്ല. അതു കൊണ്ട് നിക്ഷേപിക്കുന്നതിന് മുന്നേ വിവരം കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയിൽ നിക്ഷേപിക്കാതെ ഇരിക്കുന്നതാണ് നല്ലത്. തുടങ്ങി കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് ഊരി പോകാൻ വളരെ അധികം ബുദ്ധിമുട്ടും. ഞാനെടുത്ത ഒരു ഇൻഷുറൻസ് പോളിസി മൂന്നു കൊല്ലം അടച്ചതിനുശേഷം അടവ് നിർത്തിയാൽ, കാലാവധി കഴിയുമ്പോൾ എനിക്ക് എത്ര രൂപ കിട്ടും എന്ന വിവരം ഞാൻ രണ്ടു മൂന്ന് കൊല്ലമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു . ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ നിന്ന് പോലും ആ വിവരം എനിക്ക് കിട്ടിയിട്ടില്ല. നമ്മളെ അടുത്തറിയുന്ന ഫാമിലി ഫ്രണ്ട് ആയ ഏജന്റും ആത്മാർത്ഥ സുഹൃത്തായ ഏജന്റും എല്ലാം നിക്ഷേപം നിർത്തി കഴിഞ്ഞാൽ പിന്നെ വിവരം പങ്കു വയ്ക്കുന്നത് വളരെ കുറവായിരിക്കും.
മാഞ്ചിയം പദ്ധതിയും ആട് പദ്ധതിയും എല്ലാം ആരും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ഇവ എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന ആൾക്കാരോട് ചോദിച്ചാൽ മതി.
ഒരു നിക്ഷേപം തട്ടിപ്പാണോ അല്ലയോ എന്ന് അറിയാൻ ഒരു എളുപ്പ വഴി ഉണ്ട്. ബാങ്ക് പലിശയുടെ ഒരുപാട് മുകളിലുള്ള പലിശ നിരക്ക് ഉറപ്പായും നൽകാമെന്ന് പറയുന്ന എല്ലാ പദ്ധതിയും തട്ടിപ്പ് ആയിരിക്കും. ഉദാഹരണത്തിന് ബാങ്ക് പലിശ 8 ശതമാനമാണെങ്കിൽ ഉറപ്പായും എല്ലാ കൊല്ലവും 15 ശതമാനം പലിശ തരാമെന്ന് ഒരു പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് കണ്ണും പൂട്ടി ഉറപ്പിക്കാം. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ബാങ്ക് പലിശയെക്കാൾ ഉയർന്ന വരുമാനം ലഭിക്കും എന്നു പറയുന്നതോ? മ്യൂച്ചൽ ഫണ്ടുകൾ തട്ടിപ്പ് അല്ലല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മ്യൂച്ചൽ ഫണ്ട് വരുമാനം ഉറപ്പു തരുന്നില്ല എന്നതാണ്. ഉയർന്ന വരുമാനം കിട്ടാൻ സാധ്യതയുണ്ട് എന്നേ പറയുന്നുള്ളൂ. മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്ക് റിസ്ക് കൂടുതലാണ്. അതു കൊണ്ടാണ് വരുമാനം കൂടുന്നത്. ഒരു വിപണിയിൽ ഉറപ്പ് തരാൻ പറ്റുന്ന പരമാവധി പലിശ നിരക്ക് ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റ് വഴി തരും. അതിനു മുകളിലുള്ള എല്ലാ വരുമാനത്തിനും അപകടസാധ്യത ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.
പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിക്ഷേപം തുടങ്ങരുത്
ഒരു നിക്ഷേപ പദ്ധതി നിങ്ങളുടെ പണം ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കണം. നിക്ഷേപിക്കുന്ന കമ്പനിയുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയണം എന്നല്ല ഉദ്ദേശിച്ചത്. പൊതുവായി നമ്മുടെ പണം എങ്ങനെ നിക്ഷേപിച്ചാണ് കമ്പനി വരുമാനം ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാൻ പറ്റണം. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഫണ്ട് മാനേജർ ഓഹരി വിപണിയിലെ ഓഹരികളും ബോണ്ടുകളും വാങ്ങിയാണ് വരുമാനം ഉണ്ടാക്കുന്നത്. മൊത്തം തുകയുടെ എത്ര ശതമാനം ഓഹരിയിൽ നിക്ഷേപിക്കാം എന്നുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടാകും.
എന്നാൽ ഇപ്പോൾ മാർക്കറ്റിൽ ഉള്ള ചില ഉപകരണങ്ങളുടെ പിന്നാമ്പുറത്തു എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാൽ പോലും മനസ്സിലാക്കാൻ പറ്റില്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ നിക്ഷേപങ്ങളിൽ പണം ഇടാതിരിക്കുന്നതാണ് നല്ലത്. അതേ പോലെ ബിറ്റ് കോയിൻ (Bit coin) പോലെയുള്ള പുതിയ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതിന് മുന്നേ ആ പണം മൊത്തം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിൽ കണക്കു കൂട്ടണം. കാരണം എന്താണ് ബിറ്റ് കോയിൻ എന്നോ എന്തു കൊണ്ടാണ് അതിന് ഇത്ര വില വരാൻ കാരണമെന്നോ അധികമാർക്കും അറിയില്ല.
അടുത്ത ലേഖനം: സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) എങ്ങനെ തിരഞ്ഞെടുക്കണം?