ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് താഴെ പറയാം.
പോളിസി വാങ്ങുന്നതിനു മുൻപ് ഉള്ള അസുഖങ്ങൾ
എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും വാങ്ങുന്നതിനു മുമ്പ് ഉള്ള അസുഖങ്ങൾ കവർ(cover) ചെയ്യുന്നതിന് [അസുഖങ്ങളുടെ ചികിത്സക്ക് പണം തരുന്നതിനു] മുന്നേ ഒരു വെയിറ്റിംഗ് പീരിയഡ് (waiting period) അല്ലെങ്കിൽ കാത്തിരിക്കുന്ന സമയം ഉണ്ടാകും. നിങ്ങൾക്ക് പോളിസി എടുക്കുമ്പോൾ അസുഖം ഉണ്ടായിരുന്നെങ്കിൽ ആ വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞതിനു ശേഷം മാത്രമേ ആ അസുഖത്തിൻ്റെ ചികിത്സയ്ക്ക് നിങ്ങൾക്ക് പണം കിട്ടി തുടങ്ങൂ. പോളിസി വാങ്ങുമ്പോൾ എത്ര കാലമാണ് കാത്തിരിക്കേണ്ടത് എന്ന കാര്യം കൃത്യമായി ശ്രദ്ധിക്കണം.
ക്യാഷ്‌ലെസ്സ് ഫെസിലിറ്റി (Cashless Facility)
ക്യാഷ്‌ലെസ്സ് ഫെസിലിറ്റി എന്നു വെച്ചാൽ പണം അടകേണ്ടാത്ത രീതി. ഇൻഷുറൻസ് പോളിസിയുടെ നെറ്റ്വർക്കിൽ[network] അഥവാ ശൃംഖലയിൽ കുറേ ആശുപത്രികൾ ഉണ്ടാകും. ഈ ആശുപത്രികളിൽ പോയാൽ നിങ്ങൾ പോക്കറ്റിൽ നിന്ന് പണം കൊടുക്കേണ്ട, പോളിസി വിവരങ്ങൾ കൊടുത്താൽ ആശുപത്രി ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് നേരിട്ട് പണം വാങ്ങിക്കോളും. നിങ്ങൾ സ്ഥിരമായി പോകാറുള്ള ആശുപത്രിയിലും നിങ്ങളുടെ വീടിന് അടുത്തുള്ള സ്പെഷ്യാലിറ്റി(speciality) ഹോസ്പിറ്റലുകളും ഈ നെറ്റ്വർക്കിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ഉയർന്ന തുകയ്ക്ക് കവറേജ് വാങ്ങിയതിനു ശേഷം ക്യാഷ്‌ലെസ്സ് ഫെസിലിറ്റി ഉള്ള നല്ല ചികിത്സ ലഭിക്കാൻ വേണ്ടി ഉത്തരേന്ത്യയിൽ പോകേണ്ടി വന്നു കഴിഞ്ഞാൽ പിന്നെ ഇൻഷുറൻസ് വാങ്ങിയത് വെറുതെ ആവില്ലേ.
ഹോസ്പിറ്റൽ മുറി വാടക
മിക്ക പോളിസികൾക്കും ഒരു ദിവസം കൊടുക്കാവുന്ന മുറി വാടകയ്ക്ക് പരിധി ഉണ്ടാകും. ഉദാഹരണത്തിന് ചില പോളിസികൾ ഒരു ദിവസം പരമാവധി 1,000 രൂപയേ കവർ ചെയ്യുകയുള്ളൂ. വേറെ ചില പോളിസികൾ 5,000 രൂപ വരെ കവർ ചെയ്യും. നമ്മളുടെ ബജറ്റിനൊതുങ്ങുന്ന ഏറ്റവും ഉയർന്ന കവറേജ് വേണം വാങ്ങാൻ.
ഇൻഷുറൻസ് എടുക്കുന്നതിനുള്ള മെഡിക്കൽ എക്സാമിനേഷൻ(examination) അഥവാ പരിശോധന
ചിലപ്പോൾ കമ്പനികൾ ഇൻഷുറൻസ് തുടങ്ങുന്നതിനു മുന്നേ നിങ്ങളോട് ഒരു വൈദ്യപരിശോധന നടത്താൻ ആവശ്യപ്പെടും. ഇത് ഇൻഷുറൻസ് കമ്പനിയുടെ ചെലവിൽ ആയിരിക്കും. നിങ്ങൾക്ക് നിലവിൽ മാരകമായ അസുഖങ്ങൾ ഉണ്ടോ എന്ന് കമ്പനിക്ക് അറിയാൻ വേണ്ടിയാണ് ഇത്. നിങ്ങൾക്ക് മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ കമ്പനി ചിലപ്പോൾ നിങ്ങളെ കവർ ചെയ്യാൻ തയ്യാറായെന്നും വരില്ല. ഇവിടെ കമ്പനിയെ പറ്റിക്കാൻ നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ല. അവർ ഇത്തരം തട്ടിപ്പുകൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധരാണ്. അതു കൊണ്ട് ചെറുപ്പത്തിൽ തന്നെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തു തുടങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ ചിലപ്പോൾ പോളിസി എടുക്കേണ്ട സമയം വരുമ്പോൾ നമുക്ക് ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ പറ്റണമെന്നില്ല.
എസ്ക്ലൂഷൻസ്(Exclusions) അഥവാ കവർ ചെയ്യാത്ത ചെലവുകൾ
എല്ലാ പോളിസികൾക്കും എസ്ക്ലൂഷൻസ്(Exclusions) ഉണ്ടാകും. എന്നു വെച്ചാൽ ചിലതരം ആശുപത്രി ചെലവുകൾ പോളിസി കവർ ചെയ്യില്ല. ഉദാഹരണത്തിന് കോസ്മെറ്റിക്(cosmetic) സർജറികൾ. അതേ പോലെ തന്നെ ചില പ്രത്യേക അസുഖങ്ങളും ചിലപ്പോൾ പോളിസി കവർ ചെയ്യില്ല. ഇവ എന്താണെന്ന് പോളിസി എടുക്കുന്നതിനു മുന്നേ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കണം. ഒരുപാട് നിബന്ധനകളില്ലാത്ത പോളിസി വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
ആന്വൽ ബോണസ്(Annual Bonus) അഥവാ വാർഷിക ബോണസ്
ചില കമ്പനികൾ നമ്മൾ പണം ക്ലെയിം(Claim) ചെയ്യാത്ത കൊല്ലങ്ങളിൽ ഒരു ബോണസ് ആയി നമ്മുടെ ഇൻഷുറൻസ് കവറേജ് കൂട്ടി തരും. ബാക്കി എല്ലാ കാര്യങ്ങളും ഒരു പോലെയാണെങ്കിൽ ബോണസ് ഓഫർ ഉള്ള ഇൻഷുറൻസ് പോളിസി എടുക്കുക.
ആശുപത്രി വാസത്തിനു ശേഷം പണം എങ്ങനെ ക്ലെയിം ചെയ്യാം
ഒരു ആശുപത്രി വാസം ഉണ്ടായാൽ എന്തൊക്കെ കടലാസുകൾ വേണം പണം തിരിച്ചു കിട്ടാൻ എന്നുള്ളത് പോളിസി എടുക്കുന്നതിനു മുന്നേ ചോദിച്ചു മനസ്സിലാക്കണം. ഞാൻ ശ്രമിച്ചപ്പോൾ എല്ലാം, പല്ല് പറിക്കുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് പണം വാങ്ങുന്നത്. പത്തു മാസത്തോളം പുറകെ നടന്നിട്ടാണ് എനിക്ക് പണം കിട്ടിയത്. ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് പണം കിട്ടാൻ എന്തൊക്കെ കടലാസുകൾ വേണമോ ആവോ എന്ന് ആലോചിച്ചിട്ട് കാര്യമില്ല. അത് മുന്നേ അറിഞ്ഞിരിക്കണം. ആശുപത്രിയിൽ കിടക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയുടെ കോൾ സെൻററിൽ(call center) വിളിച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള മാനസിക അവസ്ഥ ആർക്കും ഉണ്ടാകില്ല.
പോളിസി വാങ്ങുന്ന കമ്പനിയുടെ വിശ്വാസ്യത
ഇതു വളരെ അധികം പ്രാധാന്യമുള്ള കാര്യമാണ്. ചില പ്രൈവറ്റ് കമ്പനികൾ കാശ് കൊടുക്കാൻ നേരത്ത് ഒരുപാട് ഒഴിവു കഴിവുകൾ പറയുന്നതായി കേട്ടിട്ടുണ്ട്. നല്ല വിശ്വാസ്യയോഗ്യമായ കമ്പനികളുടെ അടുത്തു നിന്ന് മാത്രമേ ഹെൽത്ത് ഇൻഷുറൻസ് വാങ്ങാവൂ. ഒരു കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുൻപേ അവർക്കെതിരെയുള്ള പരാതികൾ ഒക്കെ ഇൻറർനെറ്റിൽ നോക്കി മനസ്സിലാക്കണം. അതേ പോലെ കുറേ കാലമായി പ്രവർത്തിക്കുന്ന കമ്പനികളുടെ പോളിസി വാങ്ങുന്നതാണ് നല്ലത്. പുതിയ കമ്പനികളുടെ അടുത്തു നിന്നും വാങ്ങിയാൽ എങ്ങനെയാണ് പ്രവർത്തിക്കാൻ പോകുന്നത് എന്ന് അറിയാൻ ബുദ്ധിമുട്ടാണ്.
അടുത്ത ലേഖനം: സേവിങ്സ് ബാങ്ക് അക്കൗണ്ട്