“ഒഴിവാക്കേണ്ട കാര്യങ്ങൾ”
ഓഹരികൾ വളരെ പെട്ടെന്ന് വലിയ നേട്ടങ്ങളും അതേ വേഗത്തിൽ തന്നെ നഷ്ടങ്ങളും തരാൻ സാധ്യതയുള്ള ഒരു നിക്ഷേപ മാർഗമാണ്. വലിയ നേട്ടങ്ങൾ ആദ്യം ലഭിക്കുന്ന പുതിയ നിക്ഷേപകർക്ക് പറ്റുന്ന അബദ്ധമാണ് ലോണെടുത്തും കടം വാങ്ങിച്ചും നിക്ഷേപിക്കുക എന്നത്.
ഒറ്റ ദിവസം കൊണ്ട് 50 ശതമാനവും 100 ശതമാനവും നേട്ടം വരുന്ന സാഹചര്യം ഓഹരികളിൽ ഉണ്ടായിട്ടുണ്ട്. ഇത് കണ്ട് പലിശക്ക് പണമെടുത്തു ഓഹരിയിൽ നിക്ഷേപിച്ചാൽ അതേ പോലെ തന്നെ 50 ശതമാനവും 100 ശതമാനവും നഷ്ടം വരുന്ന ദിവസങ്ങളും ഉണ്ടാകും. മുതൽ നഷ്ടമാകും. പിന്നെ ലോണിൻ്റെ മുതലും പലിശയും തിരിച്ചു അടയ്‌ക്കേണ്ടി വരികയും ചെയ്യും.
ഇതേ പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ ബ്രോക്കർമാർ തരുന്ന മാർജിൻ(Margin) സംവിധാനവും. നമ്മുടെ അക്കൗണ്ടിലുള്ള തുകയുടെ അനവധി ഇരട്ടി തുകക്ക് ഓഹരി കച്ചവടം (ട്രേഡിങ്/trading) നടത്താൻ ബ്രോക്കർ സമ്മതിക്കും . ഉദാഹരണത്തിന് അക്കൗണ്ടിൽ 1 ലക്ഷം രൂപയുണ്ടെങ്കിൽ പത്തിരട്ടി രൂപയ്ക്ക് ട്രേഡിങ് നടത്താൻ സമ്മതിക്കും. എന്ന് വച്ചാൽ 10 ലക്ഷം രൂപയുടെ ട്രേഡിങ് നടത്താം. പക്ഷേ അവർ പറയുന്ന സമയത്തിനുള്ളിൽ കാശ് അടയ്ക്കണം അല്ലെങ്കിൽ ഓഹരി വിറ്റ് തിരിച്ചു രൂപ അക്കൗണ്ടിൽ എത്തിക്കണം. ഒരു ദിവസമാണ് കാലാവധി എന്ന് വിചാരിക്കു. രാവിലെ 10 ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങിച്ച് വൈകിട്ട് 11 ലക്ഷം രൂപയ്ക്ക് വിറ്റാൽ നമുക്ക് ഒരു ലക്ഷം രൂപ ലാഭം. ഒരു ലക്ഷത്തിന് വാങ്ങി 1.1 ലക്ഷത്തിന് ആണ് വിറ്റിരുന്നത് എങ്കിൽ വെറും 10,000 രൂപയാണ് ലാഭം. ബ്രോക്കർക്ക് ഒരു ലക്ഷം രൂപയുടെ കമ്മീഷൻ ലഭിക്കുന്നതിന് പകരം പത്തു ലക്ഷം രൂപയുടെ കച്ചവടത്തിന് കമ്മീഷൻ ലഭിക്കും.
ഇനി വൈകിട്ട് വിൽക്കാൻ നേരത്തു 11 ലക്ഷത്തിന് പകരം വിലയിടിഞ്ഞു 5 ലക്ഷം രൂപയെ വിലയുള്ളു എന്ന് വിചാരിക്കൂ. അപ്പോൾ കാലാവധി കഴിഞ്ഞതു കൊണ്ട് നമുക്ക് മൊത്തം ഓഹരി വാങ്ങിയ തുക ആയ 10 ലക്ഷം അക്കൗണ്ടിൽ എത്തിക്കണം[10 -1 = 9 ലക്ഷം ]. ഇതിനു പുറമെ 10 ലക്ഷം രൂപയുടെ ട്രേഡിങ്ങ് കമ്മിൻഷൻ തുകയും. ഇതിനു പറ്റിയില്ലെങ്കിൽ വാങ്ങിയ ഓഹരികൾ വിൽക്കേണ്ടി വരും. 5 ലക്ഷം രൂപ മാത്രം കിട്ടിയ കാരണം ബാക്കി അഞ്ച് ലക്ഷം രൂപ കൂടി കൊടുക്കേണ്ടി വരും. അപ്പോഴും ബ്രോക്കർക്ക് 10 ലക്ഷം രൂപയുടെ കച്ചവടത്തിന് കമ്മീഷൻ ലഭിക്കും.
ഓഹരി വിപണിയിൽ കളിച്ചു സ്വത്തുക്കൾ നശിച്ചു പോയ ആൾക്കാരുടെ ചരിത്രം വായിക്കുമ്പോൾ ലോണെടുത്ത് നിക്ഷേപിച്ചവരും മാർജിൻ ഉപയോഗിച്ച് ട്രേഡിങ് നടത്തിയവരും ആണ് ഏറ്റവും കൂടുതൽ.അതു കൊണ്ട് നിങ്ങളുടെ മുഴുവൻ സമയ ജോലി ഇത് അല്ലെങ്കിൽ ഓഹരി ട്രേഡിങ്ങ് ഒഴിവാക്കുന്നത് ആണ് നല്ലത്.
അടുത്ത ലേഖനം: വിൽപത്രം എഴുതാത്തത്