ഈ കഥയ്ക്ക് വേണ്ടി എന്നെ പഠിപ്പിച്ച ടീച്ചറുടെ പേര് മാറ്റി റോസി മിസ് എന്ന് വിളിക്കാം.
ജോലി കിട്ടി ഒരു കൊല്ലത്തോളം കഴിഞ്ഞപ്പോഴാണ് എന്നെ പഠിപ്പിച്ച റോസി മിസ്സ് വീട്ടിൽ വരുന്നത്. മിസ്സ് ഇപ്പോൾ പഠിപ്പിക്കൽ ഒക്കെ നിർത്തി എൽഐസി(LIC) ഏജൻറ് ആണ് .
“ജോലി കിട്ടി ഒരു കൊല്ലമായില്ലേ? ഇനി കുറച്ച് പോളിസി എടുക്കണം സേവിങ് തുടങ്ങണം” എന്ന് ഉപദേശിച്ചു. മിസ്സിൻ്റെ നിർദ്ദേശമനുസരിച്ച് ഒരു ULIP (Unit Linked Insurance Policy) പോളിസിയിൽ ഞാൻ ചേർന്നു .
ഇതാണ് മിസ്സ് പറഞ്ഞ കാര്യങ്ങൾ.
- കഴിഞ്ഞ മൂന്നു കൊല്ലമായി 15 ശതമാനത്തോളമാണ് പോളിസി ഫണ്ടിൻ്റെ വളർച്ച.
- ULIP എടുത്താൽ ഓഹരിവിപണി നിക്ഷേപവും നടക്കും ഇൻഷുറൻസ് കവറേജും കിട്ടും.
- ചെറുപ്പക്കാർക്ക് പറ്റിയ ഏറ്റവും നല്ല പോളിസിയാണിത്.
- ഈ പോളിസിയിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടും വേറെ ഓഹരി അല്ലാത്ത നിക്ഷേപങ്ങൾ ചെയ്യുന്ന ഫണ്ടും ഉണ്ട്. നമുക്ക് എപ്പോൾ വേണമെങ്കിലും ഏതു ഫണ്ടിലേക്കും മാറാം.
മാസം രണ്ടായിരം രൂപ വെച്ച് വർഷം 24,000 രൂപ അടവുള്ള പോളിസിയാണ് ഞാൻ എടുത്തത്.
അന്ന് എനിക്ക് നിക്ഷേപങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു . പോളിസി എടുത്ത പേപ്പറൊക്കെ കയ്യിൽ കിട്ടി ഒന്ന് രണ്ട് കൊല്ലം കഴിയുമ്പോൾ ആണ് എനിക്ക് ഓഹരി വിപണിയെയും നിക്ഷേപത്തെയും കുറിച്ച് വിവരം വയ്ക്കുന്നത്. അങ്ങനെ 2010 തുടക്കത്തിൽ ഓഹരി വിപണി ഇടിഞ്ഞു നിൽക്കുകയല്ലേ എല്ലാ നിക്ഷേപങ്ങളും ഓഹരിയിലേക്ക് മാറ്റണമെന്ന് വിചാരിച്ച് ഞാൻ റോസി മിസ്സിനെ വിളിച്ചു . അപ്പോഴാണ് ആദ്യത്തെ ഷോക്ക് കിട്ടിയത് . “ഇതൊന്നും നീ ഞങ്ങളോട് പറയേണ്ട , എന്താ ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കറിയാം. നീ പൈസ ഇട്ടാൽ മാത്രം മതി” എന്നാണ് മിസ്സ് അന്ന് എന്നോട് പറഞ്ഞത്. ഞാൻ അന്തിച്ചു പോയി . എൻ്റെ പൈസ എന്ത് ചെയ്യണമെന്ന് ഞാൻ പറയേണ്ടെന്ന്!!! എന്ത് ചെയ്യാൻ പറ്റും. പഠിപ്പിച്ച ടീച്ചർ അല്ലെ, ഒന്നും പറയാൻ പറ്റില്ലല്ലോ.
എന്നാൽ പിന്നെ ഈ പോളിസിയെ കുറിച്ച് കൂടുതൽ അറിയാം എന്നു വിചാരിച്ച് ഞാൻ പോളിസി രേഖകൾ എടുത്തു വായിച്ചു . അപ്പോഴാണ് രണ്ടാമത്തെ ഷോക്ക്. ആദ്യത്തെ കൊല്ലം അടച്ച തുകയുടെ 40 ശതമാനത്തോളം, ഏകദേശം 24,000 രൂപയിൽ നിന്നും 10,000 രൂപ, ഫീസായി കമ്പനി എടുത്തു. ഇൻഷ്വറൻസ് കവറേജ് തരാനുള്ള ഫീസ് ആണിത് എന്നാണ് വെപ്പ്. ഇൻഷുറൻസ് കവറേജ് എത്രയായിരുന്നു എന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല. എന്തായാലും 2 ലക്ഷമോ 5 ലക്ഷമോ ആയിരുന്നു. അതിൽ കൂടുതൽ ഉണ്ടാവാൻ സാധ്യതയില്ല. രണ്ടാമത്തെ കൊല്ലം ഏകദേശം 6,000 രൂപയും മൂന്നാമത്തെ കൊല്ലം ഏകദേശം 4,000 രൂപയും ഈ രീതിയിൽ ഫീസായി പോയി. അപ്പോൾ മൂന്നു കൊല്ലം കൊണ്ട് നിക്ഷേപിച്ച 72,000 രൂപയിൽ നിന്നും 20,000 രൂപ ഫീസായി LIC പിടിച്ചു. ദൈവം തമ്പുരാൻ സഹായിച്ചു മൂന്നു കൊല്ലം അടച്ചാൽ പിന്നെ നിർത്താൻ പിഴ ഇല്ല. അതുകൊണ്ട് അപ്പോൾ തന്നെ അടവ് നിർത്തി. ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞ് പോളിസി ക്ലോസ് ചെയ്ത് പൈസ എടുക്കുകയും ചെയ്തു.
മൂന്നുകൊല്ലം കൊണ്ട് 72,000 രൂപ നിക്ഷേപിച്ചിട്ട് രണ്ടു കൊല്ലം കൂടി കാത്തിരുന്നതിനു ശേഷം എടുത്തപ്പോൾ കിട്ടിയത് 82,000 രൂപ. ഇതേ കാലയളവിൽ മ്യൂച്ചൽ ഫണ്ടുകൾ ഇരട്ടിയിലേറെ വളർന്നു. ഞാൻ അടച്ച അടവുകൾ ഒരെണ്ണം 2009ലും ഒരെണ്ണം 2010ലും ആയിരുന്നു. ഈ രണ്ടു കൊല്ലങ്ങളും ഓഹരി വിപണി ഇടിഞ്ഞു തള്ളി നിന്ന കാരണം കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ പറ്റി എന്നതുകൊണ്ടു മാത്രമാണ് ഇട്ട പണമെങ്കിലും തിരിച്ചു കിട്ടിയത്. 5 ലക്ഷം രൂപയ്ക്ക് ടേം(Term) ഇൻഷുറൻസ് പോളിസി വാങ്ങണമെങ്കിൽ ഒരു കൊല്ലം 500 രൂപയെ ഉള്ളൂ. 2,500 രൂപയ്ക്ക് അഞ്ചു കൊല്ലത്തേക്ക് ഇൻഷുറൻസും ബാക്കി തുകക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപവും നടത്തിയിരുന്നെങ്കിൽ 5 കൊല്ലം കഴിയുമ്പോൾ ഒരു ഒന്നേകാൽ ലക്ഷം രൂപ എങ്കിലും കിട്ടിയേനെ. ഏകദേശം 50,000 രൂപ നഷ്ടം. എൻ്റെ മൊത്ത സമ്പാദ്യം ഒരു ലക്ഷം രൂപയിൽ താഴെയുള്ളപ്പോഴാണ് ഇത് എന്ന് ഓർക്കണം.
അന്ന് നിർത്തിയതാണ് പരിചയക്കാരിൽ നിന്ന് പോളിസി വാങ്ങുന്ന പരിപാടി. മൂന്നാലു കൊല്ലം മുന്നേ ആൻറിയും വന്നിരുന്നു ഒരു ULIP പോളിസിയുമായി. ഒരു 20,000 രൂപയുടെ പോളിസി എടുത്തിരുന്നെങ്കിൽ എനിക്ക് സഹായം ആയേനെ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ആൻറിക്ക് ഞാൻ 20,000 രൂപ തരാം എന്നാലും ഞാൻ പോളിസി എടുക്കില്ല.
ഒരു കാര്യം കൂടി, റോസി മിസ് എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ടീച്ചർക്ക് ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന പോളിസി ടീച്ചർ വിറ്റു എന്നേയുള്ളൂ. ടീച്ചർക്ക്, ഞാൻ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം കിട്ടുമെന്നോ 23 വയസ്സിൽ എനിക്ക് ഇൻഷ്വറൻസ് ആവശ്യമില്ല എന്നുള്ളതോ അറിയണമെന്നില്ല. പഠിപ്പിച്ച ടീച്ചർക്ക് നമ്മൾ ഒരു സംശയത്തിൻ്റെ ആനുകൂല്യം കൊടുക്കണമല്ലോ.