ടേം ഇൻഷുറൻസ് (Term Insurance)

ശുദ്ധമായ ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ്(Term Insurance). ഇൻഷുറൻസ്  എടുത്ത ആൾ മരിച്ചാൽ അയാളുടെ നോമിനിക്ക് ടേം ഇൻഷുറൻസിൽ നിന്നുള്ള തുക ലഭിക്കും. ഇതു മാത്രമാണ് ടേം ഇൻഷുറൻസ് നൽകുന്ന നേട്ടം. ടേം ഇൻഷുറൻസ് സമ്പാദ്യം വർധിപ്പിക്കാൻ ഉള്ള ഒരു ഉപകരണമല്ല. നമ്മുടെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ സുരക്ഷ നൽകാനുള്ള ഒരു ഉപകരണമാണ്.

ടേം ഇൻഷുറൻസ് പോളിസികൾ നേരെ വാ നേരെ പോ എന്ന രീതിയിൽ പ്രവർത്തിക്കുന്നു. പ്രീമിയം അടയ്ക്കുന്ന കാലത്തോളം നിങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭിക്കും. പ്രീമിയം എന്നു നിർത്തുന്നുവോ അന്ന് സുരക്ഷ തീരും . കാലാവധി കഴിയുമ്പോൾ ഈ പോളിസികളിൽ നിന്ന് നമുക്ക് തിരിച്ച് ഒന്നും ലഭിക്കാനില്ല എന്നുള്ളതു കൊണ്ട് എന്നു വേണമെങ്കിലും നിർത്താം. വേറെ നിബന്ധനകൾ ഒന്നും ഉണ്ടാവാറില്ല.

ടേം ഇൻഷുറൻസ് പോളിസിക്ക് മറ്റു സങ്കീർണ്ണതകൾ ഒന്നും ഇല്ല. അതുകൊണ്ട് ഇവയ്ക്ക് അടവുകൾ അഥവാ പ്രീമിയം വളരെ കുറവായിരിക്കും.

പോളിസി എടുക്കുമ്പോൾ ഉള്ള ആളുടെ പ്രായം, ആരോഗ്യം, പ്രതീക്ഷിക്കുന്ന ആയുർ ദൈർഘ്യം എന്നിവ കണക്കിലെടുത്താണ് ഇൻഷുറൻസ് കമ്പനി മാസ അടവുകൾ അല്ലെങ്കിൽ പ്രീമിയം തീരുമാനിക്കുന്നത്. ഞാൻ 29 വയസ്സിൽ എടുത്ത പോളിസിക്ക് 10 ലക്ഷം രൂപയ്ക്ക് ഏകദേശം 1000  രൂപയാണ് ഒരു വർഷം അടവ് വരുന്നത്. എനിക്ക് വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എൻ്റെ ശരീര ഭാരം അല്പം കൂടുതലാണ്. അതു കൊണ്ട് പ്രീമിയം കുറച്ചു കൂടി.

ഇൻറർനെറ്റിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ഏജന്‍റ് കമ്മീഷനും കുറയ്ക്കാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പോളിസി വിൽക്കുന്ന ഏജൻറ്റ്മാർക്കു കമ്മീഷൻ കണക്കു കൂട്ടുന്നത് നിങ്ങൾ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം തുകയുടെ അനുപാതത്തിലാണ്. 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസി എടുത്താൽ വർഷത്തിൽ 1000 രൂപയേ പ്രീമിയം വരുന്നുള്ളൂ . അതേ സമയം 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസി എടുത്താൽ ഏകദേശം 60,000 രൂപ അടയ്‌ക്കേണ്ടി വരും. പ്രീമിയം അടവുകൾ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. ഒരു ശതമാനമാണ് ഏജന്‍റ് കമ്മീഷൻ എന്നു വെച്ചാൽ ടേം ഇൻഷുറൻസ് പോളിസിയിൽ നിന്ന് വെറും 10 രൂപയും ക്യാഷ് ബാക്ക് പോളിസിയിൽ നിന്ന് 600 രൂപയും കമ്മീഷൻ ലഭിക്കും. ഇതു  കൊണ്ട് ആകാം ടേം ഇൻഷുറൻസ് പോളിസി എടുക്കാൻ ഉപദേശം നൽകുന്ന ഒരൊറ്റ ഏജന്റ്റിനെയും ഞാൻ ഇന്നു വരെ കണ്ടിട്ടില്ല.

ലൈഫ് ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ അത് ടേം ഇൻഷുറൻസ് മാത്രമേ വാങ്ങാവൂ. ബാക്കിയുള്ള ഇൻഷുറൻസ് പദ്ധതികളിലെല്ലാം ഏജൻറ്റ്മാർക്കും കമ്പനികൾക്കും ലാഭമുണ്ടാക്കാൻ വേണ്ടി ഉള്ളവയാണ്. ഇൻഷുറൻസ് എടുക്കുന്ന ആൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ മറ്റു പദ്ധതികൾക്കൊന്നും സാധിക്കുകയില്ല. അതു മാത്രമല്ല തുടങ്ങുവാനും നിർത്തുവാനും അനാവശ്യമായ ഒരുപാട് നിബന്ധനകൾ ഉണ്ട് താനും. അതുകൊണ്ട് ലൈഫ് ഇൻഷുറൻസിന് വേണ്ടി ടേം പോളിസികൾ മാത്രം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.






അടുത്ത ലേഖനം: ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി