എന്താണ് കിസാൻ വികാസ് പത്ര?
ഇന്ത്യൻ ഗവൺമെൻറ് നിക്ഷേപകർക്ക് വേണ്ടി നടത്തുന്ന ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക 113 മാസം അല്ലെങ്കിൽ 9 വർഷവും 5 മാസവും കഴിഞ്ഞാൽ ഇരട്ടിയാകുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര.
ഓരോ പാദത്തിലും [3 മാസത്തിലും] പലിശ നിരക്ക് പുതുക്കി പ്രഖ്യാപിക്കുന്നതാണ്. പക്ഷേ നിക്ഷേപിക്കുന്ന സമയത്തെ പലിശ നിക്ഷേപത്തിൻ്റെ കാലാവധി മൊത്തം നിശ്ചിതമായി തുടരുന്നതാണ് . പുതിയ നിക്ഷേപം നടത്തുകയാണെങ്കിൽ ആ പാദത്തിലെ പലിശ ആണ് ലഭിക്കുക എന്ന് മാത്രം.
ഇന്ത്യൻ ഗവൺമെൻറ് ഉറപ്പു നൽകുന്ന പദ്ധതി ആയതിനാൽ നിക്ഷേപത്തിന് ഒരിക്കലും നഷ്ടം സംഭവിക്കുകയില്ല.
എന്താണ് കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ കാലാവധി?
ജൂലൈ 1, 2019’ൽ 9 വർഷവും 5 മാസവും അഥവാ 113 മാസം.
30 മാസം കഴിഞ്ഞാൽ കിസാൻ വികാസ് പത്ര കാലാവധിക്ക് മുൻപേ വിൽക്കാൻ സാധിക്കും. പിഴ കൊടുക്കേണ്ടി വരും എന്നു മാത്രം. നിലവിലെ കണക്കനുസരിച്ച് 30 മാസം കഴിഞ്ഞ് വിൽക്കുകയാണെങ്കിൽ 1000 രൂപയ്ക്ക് 1173 രൂപ ലഭിക്കും. മൂന്ന് കൊല്ലം കഴിഞ്ഞ് ആണെങ്കിൽ 1211 രൂപയും മൂന്നരക്കൊല്ലം കഴിഞ്ഞു ആണെങ്കിൽ 1251 രൂപയും ലഭിക്കും. എങ്ങനെ കാലാവധി കൂടുന്നതനുസരിച്ച് തുക കൂടി കൊണ്ടിരിക്കും 9 കൊല്ലം 5 മാസം കഴിയുമ്പോൾ ഇരട്ടി ലഭിക്കും.
എത്രയാണ് കിസാൻ വികാസ് പത്ര നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഏറ്റവും കുറഞ്ഞത് ആയിരം രൂപ . പരമാവധി നിക്ഷേപിക്കാവുന്ന തുകക്ക് പരിധിയില്ല. എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര’യിൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
ഒരിക്കൽ നിക്ഷേപം നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയാൽ പിന്നെ മാസാമാസം നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. അടുത്തമാസം നിക്ഷേപിച്ചാൽ അന്നത്തെ പലിശ അനുസരിച്ച് അടുത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
കിസാൻ വികാസ് പത്ര’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര എങ്ങനെ തുടങ്ങും?
പോസ്റ്റ് ഓഫീസുകളിലോ SBI പോലെയുള്ള നാഷണലൈസ്ഡ് ബാങ്കുകളിലോ കിസാന് വികാസ് പത്ര വാങ്ങുവാൻ പറ്റും.
ആർക്കാണ് കിസാൻ വികാസ് പത്ര വാങ്ങാൻ കഴിയുക?
ഇന്ത്യയിൽ സ്ഥിരം താമസിക്കുന്ന ആർക്കുവേണമെങ്കിലും കിസാൻ വികാസ് പത്ര വാങ്ങാവുന്നതാണ്.
കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
നിലവിലെ വാർഷിക പലിശ നിരക്ക് 7.6 ശതമാനം ആണ്. 9 കൊല്ലം 5 മാസം കൊണ്ട് ഇടുന്ന തുകയുടെ ഇരട്ടി ആയി തിരിച്ചു കിട്ടും. ഇത് ജൂലൈ 1 2019 ൽ ഉള്ള നിരക്കാണ്.
നികുതി കണക്കാക്കിയതിന് ശേഷം:
കിസാൻ വികാസ് പത്ര നിക്ഷേപത്തിന് നികുതി നേട്ടങ്ങൾ ഒന്നുമില്ല. പലിശയ്ക്ക് നികുതി കൊടുക്കുകയും വേണം.
നിങ്ങൾ 5 % നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 7.22 ശതമാനമായി മാറും.
നിങ്ങൾ 20% നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 6.08 ശതമാനമായി മാറും.
നിങ്ങൾ 30% നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 5.32 ശതമാനമായി മാറും.
കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
വേറെ ഫീസ് ഒന്നുമില്ല.
മറ്റു നേട്ടങ്ങൾ
വളരെ ഉറപ്പുള്ള നിക്ഷേപം എന്നുള്ളത് കഴിഞ്ഞാൽ പലിശയിനത്തിലോ നികുതിയിനത്തിലോ വലിയ നേട്ടങ്ങൾ ഒന്നുമില്ല.
കിസാൻ വികാസ് പത്ര നിക്ഷേപം വേണമോ ??
നികുതി കണക്കാക്കുമ്പോൾ കിസാൻ വികാസ് പത്ര നിക്ഷേപത്തിനേക്കാൾ നല്ലത് പബ്ലിക് പ്രൊവിഡൻസ് ഫണ്ട് (PPF) നിക്ഷേപമാണ്.
നിക്ഷേപിക്കാവുന്ന തുകക്ക് ഉയർന്ന പരിധി ഇല്ലാത്തതിനാൽ ഉറപ്പുള്ള നിക്ഷേപം മാത്രം ആവശ്യമുള്ളവർക്ക് കിസാൻ വികാസ് പത്ര ഒരു മാർഗ്ഗം ആണ്. വിലക്കയറ്റം നിക്ഷേപത്തിൻ്റെ വളർച്ചയെക്കാൾ കൂടുവാൻ സാധ്യത ഉണ്ട് എന്നത് മറക്കരുത് എന്ന് മാത്രം.
അടുത്ത ലേഖനം: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്