ഈ അക്കൗണ്ടുകളെ ചിലപ്പോൾ മൾട്ടിപ്ലൈയർ (Multiplier) അക്കൗണ്ട് എന്നും വിളിക്കും. ഈ അക്കൗണ്ടുകൾ ഒരു സേവിങ്സ് അക്കൗണ്ടിൻ്റെ ദ്രവ്യതയും (liquidity) ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപത്തിൻ്റെ (Fixed Deposit) ഉയർന്ന പലിശ വരുമാനവും നൽകുന്നു.
ഇതിനു വേണ്ടി ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് നമ്മൾ നിശ്ചയിക്കുന്ന പരിധിക്കു കൂടുതൽ ആയാൽ കൂടുതൽ ഉള്ള തുക ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കു മാറ്റും.
പണം പിൻവലിക്കുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റിയ തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ സാധിക്കും. അവസാനം ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റിയ തുകയായിരിക്കും ആദ്യം പിൻവലിക്കുക. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ആദ്യം നിക്ഷേപിച്ച തുകയ്ക്ക് കൂടുതൽ കാലം പലിശ കിട്ടും.
ഉദാഹരണത്തിന്, 5,000 രൂപയാണ് അക്കൗണ്ട് ബാലൻസ് പരിധി എന്ന് വിചാരിക്കുക. നമ്മൾ ഒരു 10,000 രൂപ കൂടി നിക്ഷേപിച്ച് അക്കൗണ്ടിൽ ബാലൻസ് 15,000 ആക്കിയാൽ 5,000 രൂപയ്ക്ക് മുകളിലുള്ള തുക അതായത് 10,000 രൂപ ഫിക്സഡ് ടെപോസിറ്റ് അക്കൗണ്ടിലേക്ക് മാറ്റും. ഇങ്ങനെ 5,000 രൂപയ്ക്ക് മുകളിൽ വരുന്ന എല്ലാ തുകയും ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റി കൊണ്ടിരിക്കും.
ഇനി പണം പിൻവലിക്കുമ്പോൾ, 5000 രൂപയിൽ കൂടുതൽ വേണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ കിടക്കുന്ന തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ പറ്റും. ഇതിന് പിഴ ഉണ്ടാവുകയില്ല.
എമർജൻസി ഫണ്ട്(Emergency Fund) സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല അക്കൗണ്ടാണിത്.
അടുത്ത ലേഖനം: ബാങ്ക് സ്ഥിര നിക്ഷേപം