എന്താണ് സുകന്യ സമൃദ്ധി യോജന?
പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ഇന്ത്യൻ ഗവൺമെൻറ് തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana or SSY) . 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി കുട്ടിയുടെ രക്ഷകർത്താവിന് മാത്രമാണ് ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുക.
21 വർഷമാണ് കാലാവധി. ആദ്യത്തെ 15 കൊല്ലം നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകക്ക് നികുതിയിളവ് കിട്ടും. പലിശയ്ക്ക് നികുതിയില്ല. അക്കൗണ്ട് 21 കൊല്ലം കഴിഞ്ഞു നിർത്തുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല. 21 വർഷത്തിനു മുൻപ് പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ് ആകും.
ഇന്ത്യൻ ഗവൺമെൻറ് ഉറപ്പു തരുന്ന നികുതി ഇല്ലാത്ത നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ പലിശ ഉള്ള അക്കൗണ്ടാണ് സുകന്യ സമൃദ്ധി യോജന.
എന്താണ് സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ കാലാവധി?
21 കൊല്ലമാണ് കാലാവധി. ആദ്യത്തെ 15 കൊല്ലം നിക്ഷേപം നടത്താം. 21 വർഷത്തിനു മുൻപ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ് ആകും.
ചികിത്സാച്ചെലവിനോ വിദ്യാഭ്യാസ ചെലവിനോ വേണ്ടി 5 കൊല്ലത്തിനു ശേഷം അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ഉള്ള സൗകര്യം ഉണ്ട്. പെൺകുട്ടി അകാല മരണത്തിന് ഇരയായാലും അക്കൗണ്ട് ക്ലോസ് ചെയ്യാൻ പറ്റും.
ഇങ്ങനെ മുൻപേ ക്ലോസ് ചെയ്തില്ല എന്നുണ്ടെങ്കിൽ 21 കൊല്ലം കഴിയുമ്പോൾ അക്കൗണ്ട് ക്ലോസ് ആയി മുതലും പലിശയും ചേർത്ത് കിട്ടും.
എത്രയാണ് സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
നിലവിൽ 250 രൂപ ആണ് കുറഞ്ഞ/മിനിമം ഡിപ്പോസിറ്റ്. ഓരോ കൊല്ലവും 250 രൂപയെങ്കിലും നിക്ഷേപിക്കണം എന്ന് നിയമമുണ്ട്.
സുകന്യ സമൃദ്ധി യോജനയിൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
ഒരു കൊല്ലം എത്ര നിക്ഷേപം വേണമെങ്കിലും നടത്താം.
സുകന്യ സമൃദ്ധി യോജനയിൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
ഏറ്റവും കുറഞ്ഞത് 250 രൂപയും ഏറ്റവും കൂടിയത് 1,50,000 രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങിയതിന് ശേഷം ആദ്യത്തെ 15 കൊല്ലം മാത്രമേ നിക്ഷേപിക്കാൻ പറ്റുകയുള്ളൂ.
സുകന്യ സമൃദ്ധി യോജന എങ്ങനെ തുടങ്ങും?
പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്ക് ബ്രാഞ്ചുകളിലും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും അഡ്രസ്സ് പ്രൂഫും വേണ്ടി വരും.
ആർക്കാണ് സുകന്യ സമൃദ്ധി യോജന വാങ്ങാൻ കഴിയുക?
10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ രക്ഷകർത്താക്കൾക്ക് മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ. ഒരു പെൺകുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളൂ. അതേ പോലെ തന്നെ ഒരു രക്ഷകർത്താവിന് രണ്ടു പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.
സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
ജൂലൈ 1 2019 പ്രഖ്യാപിച്ച നിരക്ക് 8.4 ശതമാനം ആണ്. എല്ലാ 3 മാസത്തിലും ഗവൺമെൻറ് ഈ നിരക്ക് പുതുക്കി പ്രഖ്യാപിച്ചു കൊണ്ടിരിക്കും. പി പി എഫ് അക്കൗണ്ടിനേക്കാളും 0.5 ശതമാനം പലിശ കൂടുതൽ ആണ് ഈ അക്കൗണ്ടിൽ.
നികുതി കണക്കാക്കിയതിന് ശേഷം:
സുകന്യ സമൃദ്ധി യോജനയുടെ അക്കൗണ്ടുകൾക്ക് നികുതിയില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് 80 C പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുകയും ചെയ്യും.
സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
എടുത്തു പറയത്തക്ക ഫീസ് ഒന്നുമില്ല.
മറ്റു നേട്ടങ്ങൾ
നികുതിയിളവ് ലഭിക്കുന്ന, സർക്കാർ ഉറപ്പ് തരുന്ന, മുതലിനും പലിശക്കും നികുതി കൊടുക്കേണ്ടാത്ത ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് സുകന്യ സമൃദ്ധി യോജന.
സുകന്യ സമൃദ്ധി യോജന നിക്ഷേപം വേണമോ ??
നികുതി ലാഭിക്കാനായി പി പി എഫ് (PPF) അക്കൗണ്ട് തുടങ്ങാനുദ്ദേശിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് പരിഗണിക്കേണ്ടതാണ്. നിങ്ങൾക്ക് 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടി ഉണ്ടെങ്കിൽ മാത്രമേ ഇത് തുടങ്ങാൻ സാധിക്കുകയുള്ളൂ. 21 കൊല്ലം കാലാവധിയുണ്ട് എന്നും ഓർക്കണം.
പക്ഷേ പി പി എഫ് അക്കൗണ്ടിനെക്കാളും 0.5 ശതമാനം പലിശ കൂടുതൽ കിട്ടും. ഉറപ്പുള്ള നിക്ഷേപങ്ങൾ മാത്രമേ നിങ്ങൾക്ക് താല്പര്യം ഉള്ളു എന്നുണ്ടെങ്കിൽ സുകന്യ സമൃദ്ധി യോജന ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്.
അടുത്ത ലേഖനം: കിസാൻ വികാസ് പത്ര