തിരക്കിലായിരുന്ന കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ എൻ്റെ ഒരു മ്യൂച്ചൽ ഫണ്ട് അക്കൗണ്ടിൻ്റെ ബാലൻസ് പരിശോധിച്ചത്. അവസാനം നോക്കിയപ്പോൾ 3.5 ലക്ഷത്തിന് മുകളിൽ ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോൾ 2.2 ലക്ഷം മാത്രമേ ബാലൻസ് കാണിക്കുന്നുള്ളൂ. രണ്ടു മൂന്നാഴ്ച കൊണ്ട് ഏകദേശം 1.3 ലക്ഷം രൂപ നഷ്ടം. 37.14 % നഷ്ടം.
ഈ അക്കൗണ്ടിൽ ഞാൻ നിക്ഷേപങ്ങൾ നിർത്തിയിട്ട് ഒന്ന് രണ്ട് കൊല്ലമായി. തുടർച്ചയായി നിക്ഷേപം നടത്തിയിരുന്ന അക്കൗണ്ട് ആയിരുന്നെങ്കിൽ നഷ്ടത്തിൻ്റെ ശതമാനം ഇനിയും കൂടിയേനെ.
ഓഹരി വിപണിയിൽ മ്യൂച്ചൽ ഫണ്ടായോ അല്ലെങ്കിൽ നേരിട്ട് ഓഹരികൾ ആയിട്ടോ നിക്ഷേപം നടത്തിയ എല്ലാവരുടെയും അക്കൗണ്ട് ബാലൻസിൻ്റെ അവസ്ഥ ഇത് തന്നെ ആവാനാണ് സാധ്യത. ആദ്യമായാണ് ഇത്തരമൊരു തകർച്ച നേരിടുന്നതെങ്കിൽ, ഇപ്പോൾ ഉള്ള നഷ്ടം സഹിച്ച് കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ടി കൈയിലുള്ളതെല്ലാം വിറ്റു ബാങ്കിൽ സ്ഥിര നിക്ഷേപമാക്കിയാലോ (Fixed Deposit) എന്നു തോന്നാം. സ്ഥിര നിക്ഷേപങ്ങൾ ഒരിക്കലും ഇട്ട തുകയിൽ കുറയുന്നത് കാണേണ്ടി വരില്ലല്ലോ. പക്ഷെ ഇപ്പോൾ വിറ്റാൽ അത് വൻ മണ്ടത്തരം ആകും.
ഇപ്പോഴത്തെ ഈ ഓഹരി വിപണി തകർച്ച കൊറോണ വൈറസ് കാരണമാണ്. ഇത് എത്ര കാലം നീണ്ടു നിൽക്കും എന്നോ വിപണി ഇനിയും എത്രയധികം താഴോട്ടു പോകും എന്നോ നമുക്ക് പ്രവചിക്കാൻ സാധിക്കുകയില്ല. പക്ഷേ ഒരു കാര്യം പ്രവചിക്കാൻ സാധിക്കും, വിപണി ഇനിയും പഴയ നിരക്കുകളേക്കാൾ മുകളിലേക്ക് ഉയരും. ഇത് ഒരു വർഷത്തിനുള്ളിൽ നടക്കുമോ, അതോ 2 വർഷം എടുക്കുമോ 5 വർഷം എടുക്കുമോ അതോ 10 വർഷം എടുക്കുമോ എന്നാണ് നമുക്ക് പറയാൻ പറ്റാത്തത്. ഇന്ത്യ എന്ന രാജ്യം കൊറോണ വൈറസ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു മുന്നോട്ടു പുരോഗമിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ സാധ്യതയില്ല. അങ്ങനെ സംഭവിക്കുമ്പോൾ ഓഹരി വിപണിയും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും എന്ന കാര്യത്തിലും സംശയമില്ല.
അക്കൗണ്ടിലെ വൻ നഷ്ടങ്ങൾ കണ്ട് പേടിച്ച് ഇപ്പോൾ തന്നെ ഓഹരി വിറ്റാൽ, നിങ്ങൾ ചെയ്യുന്നത് വില കൂടിയ അവസരങ്ങളിൽ വാങ്ങിയിട്ട് ഏറ്റവും വില കുറഞ്ഞ അവസ്ഥയിൽ വിൽക്കുന്ന മണ്ടത്തരം ആണ്. നാടോടുമ്പോള്‍ നടുവേ ഓടുന്നത് ഓഹരി വിപണി നിക്ഷേപകന് ചേർന്ന സ്വഭാവമല്ല.
ഈ സാഹചര്യത്തിൽ എന്ത് ചെയ്യും എന്ന് എല്ലാവർക്കും സംശയം തോന്നാം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ഞാൻ താഴെ പറയാം. 2008’ൽ ഇതു പോലെ ഒരു ഭീകരമായ ഓഹരി വിപണി തകർച്ചയിൽ പങ്കെടുത്തതിൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്.
ചെയ്യേണ്ട കാര്യങ്ങൾ
- നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങൾ തുടർന്ന് പോവുക.
- നിങ്ങളുടെ കയ്യിൽ ഉടനെ ആവശ്യമില്ലാത്ത പണം ഉണ്ടെങ്കിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക കൂട്ടുക.
- എല്ലാ ദിവസവും അക്കൗണ്ട് ബാലൻസ് പരിശോധിച്ച് ബ്ലഡ് പ്രഷർ കൂട്ടാതെ ഇരിക്കുക.
- പണത്തിന് ആവശ്യം വന്നാൽ മറ്റ് നിക്ഷേപങ്ങൾ വിൽക്കാൻ ശ്രമിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ വിൽക്കുവാൻ പറ്റിയ സമയമല്ല ഇത്.
- ഓഹരി വിപണിയിൽ പുതുതായി നിക്ഷേപം തുടങ്ങാൻ ഇതിലും നല്ല സമയം കിട്ടുവാൻ സാധ്യത കുറവാണ്. അതു കൊണ്ട് ഏതെങ്കിലും നല്ല മ്യൂച്ചൽ ഫണ്ടുകൾ നോക്കി നിക്ഷേപം തുടങ്ങാൻ ശ്രദ്ധിക്കുക. മ്യൂച്ചൽ ഫണ്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കുക.
- എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്.ഐ.പി (SIP or Systematic Investment Plan) മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പക്ഷേ, ഒരു വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ഓഹരികൾ വില കുറഞ്ഞിരിക്കുന്ന ഈ അവസരമാണ് അതിന് ഏറ്റവും നല്ലത്.
ചെയ്യരുതാത്ത കാര്യങ്ങൾ
- കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ടി നിലവിലുള്ള നിക്ഷേപങ്ങൾ വിൽക്കരുത്.
- നടന്നു കൊണ്ടിരിക്കുന്ന എസ്.ഐ.പി’ൽ നിന്ന് പിൻവാങ്ങരുത്. ഇതു വരെ നിക്ഷേപിച്ചു കൊണ്ടിരുന്ന പോലെ തന്നെ തുടർച്ചയായി നിക്ഷേപിക്കണം. വിപണി ഉയർന്ന് നിൽക്കുമ്പോഴും താഴ്ന്ന് നിൽക്കുമ്പോഴും ഒരേ പോലെ നിക്ഷേപിക്കുന്നത് കൊണ്ടാണ് എസ്.ഐ.പി ‘ൽ നിന്നും ഉയർന്ന നേട്ടങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ വില കുറഞ്ഞ സമയത്ത് നിക്ഷേപം നിർത്തിയാൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കും.
- പണം പലിശക്ക് എടുത്തു ഓഹരിയിൽ നിക്ഷേപിക്കരുത്. വില കുറഞ്ഞ കാരണം പണം പലിശക്ക് എടുത്തത് ഓഹരിയിൽ നിക്ഷേപിച്ചു പെട്ടെന്ന് ലാഭം ഉണ്ടാക്കാം എന്ന് ചിന്തിക്കരുത്. കാരണം ഓഹരി വിപണി തിരിച്ചു കയറി വരാൻ എത്ര കാലം എടുക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല. അതേ പോലെ തന്നെ ഇനി എത്ര മാത്രം ഇടിയും എന്നും പ്രവചിക്കാനാവില്ല.
- വാങ്ങുന്ന കമ്പനികളെ കുറിച്ച് പൂർണമായ വിവരം ഇല്ലെങ്കിൽ ഒറ്റപ്പെട്ട ഓഹരികൾ വാങ്ങാതിരിക്കുക. ഓരോ വിപണി തകർച്ചയിലും ചില കമ്പനികൾ പൂർണമായി നശിച്ചു പോവാറുണ്ട് നിങ്ങൾ വാങ്ങുന്ന കമ്പനി പൂർണ്ണമായും നശിച്ചു പോയാൽ മുഴുവൻ തുകയും നഷ്ടം വരും.
ഇതു പോലത്തെ ഉയർച്ച താഴ്ചകൾ ഓഹരി നിക്ഷേപത്തിൻ്റെ ഭാഗമാണ്. ശാന്തമായിരിക്കുക. ക്ഷമയോടെ കുറച്ചു കാലം കാത്തിരിക്കുക.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.