നിക്ഷേപം നേരത്തേ ആരംഭിക്കുന്നതിൻ്റെ പ്രാധാന്യം

നിക്ഷേപിക്കുന്ന തുകയേക്കാൾ പ്രാധാനമാണ് നിക്ഷേപത്തിന് വളരാൻ കിട്ടുന്ന സമയം എന്നത് കൂട്ടുപലിശയുടെ ഒരു സവിശേഷത ആണ്. ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം

ഡാകിനിയും കുട്ടൂസനും വിരമിക്കലിനു വേണ്ടി നിക്ഷേപിക്കാൻ തീരുമാനിച്ചു. ഡാകിനി 20 വയസ്സായപ്പോൾ തുടങ്ങി 30 വയസ്സു വരെ മാസം ₹1,000  വച്ച് നിക്ഷേപിച്ചു. അതിനു ശേഷം ആ തുക വളരാൻ വിട്ടു. 60 വയസ്സായപ്പോൾ ഡാകിനി ആ അക്കൗണ്ടിൽ ഉള്ള തുക പിൻവലിച്ചു.

കുട്ടൂസൻ 30 വയസ്സായപ്പോൾ തുടങ്ങി 60 വയസ്സു വരെ മാസം ₹1,000 രൂപ വച്ച് നിക്ഷേപിച്ചു. 60  വയസ്സായപ്പോൾ കുട്ടൂസൻ ആ അക്കൗണ്ടിൽ ഉള്ള തുക പിൻവലിച്ചു.

രണ്ടു പേർക്കും എട്ടു ശതമാനം കൂട്ടുപലിശ കിട്ടി എന്ന് വിചാരിക്കുക.

ഡാകിനി നിക്ഷേപിച്ച തുക = 12 * 10  * 1,000 [ ₹1,000 വച്ച് 10 കൊല്ലം ]    = ₹ 1,20,000

ഈ തുകക്ക് 10 കൊല്ലം 8 % കൂട്ടുപലിശ കണക്കുകൂട്ടിയാൽ പത്താം കൊല്ലം ഉള്ള തുക = ₹ 1,73,838.75

ഈ തുക ആണ് അടുത്ത 30 കൊല്ലം ഡാകിനി 8 % പലിശക്ക് വളരാൻ വിട്ടത്.

₹ 173,838.75  മുപ്പത് കൊല്ലം 8 % കൂട്ടുപലിശ കണക്കുകൂട്ടിയാൽ കിട്ടുന്ന തുക = ₹ 17,49,279.70

കുട്ടൂസൻ നിക്ഷേപിച്ച തുക = 12 * 30  * 1,000 [ ₹1,000 വച്ച് 30 കൊല്ലം ]= ₹ 3,60,000

ഈ തുകക്ക് 30 കൊല്ലം 8 % കൂട്ടുപലിശ കണക്കുകൂട്ടിയാൽ മുപ്പത്  കൊല്ലം കഴിയുമ്പോൾ ഉള്ള തുക = ₹ 13,59,398.53

ഡാകിനി കുട്ടൂസനേക്കാളും കുറച്ചു രൂപയേ നിഷേപിച്ചുള്ളു എങ്കിലും 60 വയസ്സായപ്പോൾ ഡാകിനിയുടെ അക്കൗണ്ടിൽ ആണ് കൂടുതൽ പണം. ഡാകിനി നിക്ഷേപത്തിന് വളരാൻ കൂടുതൽ സമയം കൊടുത്തു എന്നതാണ് കാരണം.

ഇനി ഡാകിനി 30 വയസ്സായപ്പോൾ നിക്ഷേപം നിറുത്താതെ 60 വയസ്സു വരെ തുടർന്നു എന്ന് വിചാരിക്കുക. എങ്കിൽ അക്കൗണ്ടിലെ തുക ₹ 31,08,678.22 ആയി മാറിയേനെ.


കൂടുതൽ വിശദമായ കാൽക്കുലേറ്റർ വേണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: moneysmartcalculator

അടുത്ത ലേഖനം: ക്ഷമയുടെ പ്രാധാന്യം

Leave a Reply

Your email address will not be published. Required fields are marked *