മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താനുള്ള ഒരു മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (Systematic Investment Plan) അഥവാ എസ് ഐ പി (SIP). മാസാ മാസം ഒരു കൃത്യ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ആണ് SIP എന്നു പറയുക.
ഓഹരി വിപണി നമുക്ക് പ്രവചിക്കാൻ പറ്റില്ല. ഓഹരി വിപണി മുകളിലേക്ക് ഉയരും തോറും മ്യൂച്ചൽഫണ്ട് യൂണിറ്റുകളുടെ വില കൂടും. അതേ പോലെ തന്നെ താഴോട്ട് വീഴുമ്പോൾ മ്യൂച്ചൽഫണ്ട് യൂണിറ്റുകളുടെ വില കുറയും . എപ്പോഴാണ് വില കുറയുന്നത് എന്നു വെച്ച് വാങ്ങാൻ ഇരുന്നാൽ ചിലപ്പോൾ വളരെയധികം വളർച്ച നൽകുന്ന ഒന്നു രണ്ട് കൊല്ലങ്ങൾ നമുക്ക് നഷ്ടമാകും. അതുകൊണ്ട് ഒരു സാധാരണ നിക്ഷേപകന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം എല്ലാ മാസവും കുറച്ചു തുക നിക്ഷേപിക്കുക എന്നതാണ്.
വില കുറയുമ്പോൾ കൂടുതൽ യൂണിറ്റുകൾ കിട്ടും. വില കൂടുമ്പോൾ കുറച്ചു യൂണിറ്റുകളേ കിട്ടൂ. ഇങ്ങനെ ചെയ്താൽ നമ്മൾ വാങ്ങുന്ന യൂണിറ്റുകളുടെ വില വാങ്ങുന്ന കാലയളവിലെ യൂണിറ്റ് വിലകളുടെ ശരാശരിയായിരിക്കും. അപ്പോൾ മാർക്കറ്റ് എപ്പോൾ പൊങ്ങും എന്നും താഴും എന്നും ആലോചിച്ചു ബുദ്ധിമുട്ടേണ്ട. മ്യൂച്ചൽ ഫണ്ടിൻ്റെ വളർച്ച നമ്മുടെ മൊത്തം നിക്ഷേപത്തിൻ്റെ വില കൂട്ടിക്കൊണ്ടിരിക്കും.
അഞ്ചു വർഷങ്ങളിൽ കൂടുതൽ കാലാവധിയുള്ള SIP നിക്ഷേപങ്ങൾ എല്ലാം വളരെയധികം നേട്ടം തന്നിട്ടുണ്ട്. ഭാവിയിലും അങ്ങനെ തന്നെ തരാനാണ് സാധ്യത. ഒരു മ്യൂച്ചൽഫണ്ട് തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ ഉടനെ തന്നെ SIP തുടങ്ങുന്നതാണ് നല്ലത്. മാർക്കറ്റ് ഇടിഞ്ഞു നിൽക്കുകയാണ് എന്ന് തോന്നിയാൽ കൂടുതൽ പൈസ ഇടുകയും ആവാം.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: ഇൻഡക്സ് ഫണ്ടുകളും മറ്റു മ്യൂച്വൽ ഫണ്ടുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ