നഷ്ടം വരുത്തിയ നിക്ഷേപങ്ങൾ വിൽക്കുന്നതിൻ്റെ മനഃശാസ്ത്രം

നഷ്ടത്തിൽ നിൽക്കുന്ന നിക്ഷേപം വിൽക്കാനുള്ള മടി എനിക്ക് ഒരുപാട് കാശ് നഷ്ടമുണ്ടാക്കിയ ഒന്നാണ്.  ഒരു ഉദാഹരണം പറയാം. 2009’ൽ ഞാൻ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരിയിലും L&T’യുടെ ഓഹരിയിലും നിക്ഷേപം നടത്തി. 10,000 രൂപ വെച്ചാണ് നിക്ഷേപിച്ചത്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് 10,000 രൂപ  ആവശ്യം വന്നു. അപ്പോൾ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരി 55 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ 4000 രൂപയോളം ആയി നിൽക്കുന്നു. ഏകദേശം ആറായിരത്തോളം രൂപ നഷ്ടം. L&T ഓഹരികൾ 200 ശതമാനത്തോളം നേട്ടത്തിൽ നിൽക്കുന്നു. ഏകദേശം 20,000 രൂപ നേട്ടം.  മൊത്തം L&T’ൽ ഉള്ള തുക 30,000 രൂപയോളം വരും.

പ്രായോഗിക ബുദ്ധി ഉപയോഗിച്ച് തീരുമാനിച്ചിരുന്നെങ്കിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മോസർ ബെയർ(Moser Baer)’ലെ ഓഹരി ആദ്യം വീറ്റേനെ. രണ്ടു കൊല്ലം കൊണ്ട് 200 ശതമാനം നേട്ടം തന്ന L&T’യുടെ ഓഹരി ഒരിക്കലും വിൽക്കാതെ നോക്കിയേനെ. പക്ഷേ മോസർ ബെയർ(Moser Baer) വിറ്റാൽ 6000 രൂപ നഷ്ടം ആണല്ലോ എന്നാണ് ഞാൻ അന്ന് ചിന്തിച്ചത്. L&T വിറ്റാൽ ലാഭത്തിലെ ഒരു വിഹിതം അല്ലേ ഞാൻ എടുക്കുന്നുള്ളൂ എന്നും ചിന്തിച്ചു.

കുറച്ചുകാലം കഴിഞ്ഞ് മോസർ ബെയർ(Moser Baer) രക്ഷപ്പെട്ടാലോ എന്നാണ് അന്ന് ചിന്തിക്കുന്നത്. പക്ഷേ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന L&T മികച്ച പ്രകടനം തുടരാനാണ്, മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന മോസർ ബെയർ (Moser Baer) തിരിച്ചു വരാൻ ഉള്ളതിനേക്കാൾ കൂടുതൽ സാധ്യത എന്ന് ഞാൻ ചിന്തിച്ചില്ല. അല്ല സത്യം അതല്ല. L&T ആണ് നല്ല നിക്ഷേപം എന്ന് എനിക്കറിയാമായിരുന്നു. അന്ന് ഒരു 10,000 രൂപ ഞാൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു എങ്കിൽ ഒരിക്കലും മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരി വാങ്ങില്ലായിരുന്നു. പക്ഷേ 6,000 രൂപ നഷ്ടം സഹിക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല.

നിക്ഷേപങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ബുദ്ധിക്ക് മാത്രമേ ചെവി കൊടുക്കാവൂ. വികാരങ്ങൾക്ക് ചെവി കൊടുത്താൽ നഷ്ടം സംഭവിക്കും.

L&T’യുടെ ഓഹരികൾ ഞാൻ വിറ്റപ്പോൾ ഉള്ള വിലയുടെ രണ്ട് ഇരട്ടി പിന്നെയും വർധിച്ചു. അന്ന് വിറ്റ 10,000 രൂപയുടെ ഓഹരിക്ക് ഇന്ന് 30,000 രൂപയ്ക്ക് മുകളിൽ ആണ് വില. മോസർ ബെയർ(Moser Baer)’ൽ ബാക്കിയുണ്ടായിരുന്ന 4000 രൂപയും കൂടി പോയി ഇപ്പോൾ മൊത്തം 150 രൂപ മാത്രം വിലയായി. അപ്പോൾ അന്ന് 6,000 രൂപ നഷ്ടം സഹിക്കാന്‍ കാണിച്ച മടി കാരണം വന്ന നഷ്ടം മോസർ ബെയർ(Moser Baer)’ൽ ഉണ്ടായിരുന്ന 4000 രൂപ മാത്രമല്ല L&T  ഓഹരി വിറ്റതു കൊണ്ടു വന്ന 20,000 രൂപ നഷ്ടം കൂടിയുണ്ട്. അപ്പോൾ മൊത്തം നഷ്ടം 24,000 രൂപ.

അക്കൗണ്ടിംഗ് (Accounting)’ൽ ഒരു പദ്ധതിക്ക് നിക്ഷേപിച്ചു കഴിഞ്ഞ തുകയെ Sunk Cost അല്ലെങ്കിൽ മുങ്ങി പോയ തുക എന്നാണ് പറയുക. ചെലവാക്കി കഴിഞ്ഞാൽ പിന്നെ ആ പദ്ധതി ലാഭകരമാണോ, അത് തുടരണമോ, വിൽക്കണമോ എന്നുള്ള കണക്കു കൂട്ടലുകളിൽ അതിൽ മുടക്കിയ തുകയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. ഭാവിയിൽ അതിനുള്ള  ലാഭ സാധ്യത, അത് നടത്തി കൊണ്ടു പോകാൻ ഭാവിയിലുണ്ടാകുന്ന ചെലവ് എന്നുള്ളത് മാത്രമേ ഈ പദ്ധതി ഇനി എന്ത് ചെയ്യണം എന്ന തീരുമാനത്തിൽ പ്രാധാന്യമുള്ള ഘടകങ്ങൾ. ഇതു കൊണ്ടാണ് ബഹുരാഷ്ട്ര കമ്പനികൾ കോടികൾ മുടക്കി പണിത ഫാക്ടറികൾ അടച്ചു പൂട്ടാൻ ചിലപ്പോൾ തീരുമാനിക്കുന്നത്. നടത്തിക്കൊണ്ട് പോകുന്നതിനെക്കാൾ ലാഭം അടച്ചു പൂട്ടുന്നത് ആയിരിക്കും. ആ തീരുമാനത്തിൽ ഫാക്ടറി പണിയാൻ മുടക്കിയ തുകക്ക് യാതൊരു പ്രാധാന്യവുമില്ല. ഇനിയുള്ളത് ലാഭമോ നഷ്ടമോ എന്നുള്ളത് മാത്രമേ അവർ കണക്കുകൂട്ടുന്നുള്ളൂ.

ഇതു പോലെ തന്നെയായിരിക്കണം ഓരോ വ്യക്തികളുടെയും നിക്ഷേപങ്ങളോടുള്ള സമീപനം. ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന നിക്ഷേപങ്ങൾ ഏറ്റവുമവസാനമായി മാത്രമേ വിൽക്കാവൂ. ഒരു നിക്ഷേപം മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എങ്കിൽ എത്രയും പെട്ടെന്ന് അതിൽ നിന്ന് പുറത്തു കടക്കണം. ഇപ്പോൾ വിറ്റാൽ നഷ്ടത്തിൽ ആകുമോ എന്നുള്ളതല്ല ഭാവിയിൽ ഈ നിക്ഷേപത്തിൽ നിന്ന് ലാഭം കിട്ടുമോ എന്നുള്ളതാണ് വിൽക്കാൻ നേരത്ത് ആലോചിക്കേണ്ട കാര്യം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിക്ഷേപം നിലവിൽ നഷ്ടത്തിലാണ് എന്നതും മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്നതും രണ്ടും രണ്ടു കാര്യമാണ്. ഉദാഹരണത്തിന് ഓഹരി വിപണി മൊത്തം നഷ്ടത്തിൽ ആണെങ്കിൽ നമ്മളുടെ മ്യൂച്ചൽ ഫണ്ടും ഓഹരി നിക്ഷേപങ്ങളും എല്ലാം നഷ്ടത്തിൽ ആയിരിക്കും. എന്നു വെച്ച് ഇവയെല്ലാം വിൽക്കണം എന്നല്ല. ഓഹരി വിപണി 10% നഷ്ടത്തിൽ നിൽക്കുമ്പോൾ നമ്മുടെ മ്യൂച്ചൽ ഫണ്ട് 10% നഷ്ടമേ കാണിക്കുന്നുവെങ്കിൽ അത് മോശം പ്രകടനം അല്ല. എന്നാൽ വിപണി 10% നഷ്ടത്തിൽ നിൽക്കുമ്പോൾ ഫണ്ട് 15% നഷ്ടം കാണിച്ചാൽ അത് മോശം പ്രകടനമാണ്. അതേ പോലെ തന്നെ വിപണി 40% മുകളിലേക്ക് കുതിച്ച കൊല്ലം മ്യൂച്ചൽ ഫണ്ട് വെറും 20% മാത്രമേ ഉയർന്നു ഉള്ളൂവെങ്കിൽ അതും മോശം പ്രകടനമാണ്.

3 thoughts on “നഷ്ടം വരുത്തിയ നിക്ഷേപങ്ങൾ വിൽക്കുന്നതിൻ്റെ മനഃശാസ്ത്രം”

  1. Good Article, I learned it the hard way….. The strategy of stop loss is very important.. If an investment is going in to debt, we need to cut it off at some stage than dragging that along.

  2. Sir
    I am holding following stocks
    Anantraj 1200 Nos @ 26.58
    Graphite 40 @280.50
    HPCL 900 @297.56
    Tata Motors 100 @257.60
    Kitex 200 @176
    ITC 325 @206
    Please inform the quality of the above stocks for holding long term or sell at current market rate?

Leave a Reply

Your email address will not be published. Required fields are marked *