സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) എങ്ങനെ തിരഞ്ഞെടുക്കണം?

എൻ്റെ ലേഖനങ്ങൾ സ്ഥിരമായി വായിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിക്ഷേപങ്ങൾ  സങ്കീർണമാണ് എന്ന് ഇതിനകം അറിയാമല്ലോ. നിക്ഷേപങ്ങളെ കുറിച്ച് നല്ല വിവരമുള്ള ഒരാളാണ് എങ്കിൽ പോലും ചിലപ്പോൾ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിങ്ങൾക്ക് ആവശ്യമായി വരും. പണമുണ്ടാക്കുന്നതിൽ അഗ്രഗണ്യരായ പല ബിസിനസ് മുതലാളിമാരും ചിലപ്പോൾ നിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ പുറത്തു നിന്നുള്ള ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാറുണ്ട്.

ഇതിന് പല കാരണങ്ങളുണ്ട്. നിക്ഷേപങ്ങളിൽ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം . ചിലപ്പോൾ പെട്ടെന്ന് വിൽക്കേണ്ട സാഹചര്യം അല്ലെങ്കിൽ പെട്ടെന്ന് കൂടുതൽ നിക്ഷേപിക്കേണ്ട സാഹചര്യം ഉണ്ടാകാം. ഈ സമയത്ത് തിരക്കായി പോയാൽ ആ അവസരം നഷ്ടമാകും.

അതേ പോലെ തന്നെ, നികുതി എങ്ങനെ ലാഭിക്കാം എന്നുള്ളത് നികുതി നിയമങ്ങൾ എല്ലാ വർഷവും മാറുന്നതനുസരിച്ച് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് പഠിച്ചു നമ്മൾ സമയം കളയുന്നതിനേക്കാൾ നല്ലത് ഒരു ഉപദേഷ്ടാവിനെ നിയമിക്കുന്നതാണ്. ആ സമയം നമുക്ക് മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാം.

ബഹു ഭൂരിപക്ഷം പേർക്കും സാമ്പത്തിക കാര്യങ്ങളിൽ വിവരം കുറവാണ്. അതു കൊണ്ട് ഒരു സാമ്പത്തിക ഉപദേഷ്ടാവ് നമ്മളെ ലക്ഷ്യത്തിലെത്താൻ വളരെയധികം സഹായിക്കും. നല്ല ഇൻഷുറൻസ് കവറേജ് ഉറപ്പു വരുത്താനും നല്ല പോളിസികൾ തിരഞ്ഞെടുക്കാനും ഉപദേഷ്ടാവ് സഹായിക്കും.

ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് താഴെ പറയാം.

കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആർക്കും നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ് ആകാൻ അവസരം കൊടുക്കരുത്. കൃത്യമായി മുന്നേ പറഞ്ഞുറപ്പിച്ച ഫീസ്(fee) വാങ്ങി ഉപദേശം തരുന്ന ആൾക്കാരെ മാത്രമേ സാമ്പത്തിക ഉപദേഷ്ടാവായി സ്വീകരിക്കാവൂ. ഇതു മണിക്കൂറിനു അല്ലെങ്കിൽ ഓരോ കൂടിക്കാഴ്‌ചക്കും നിശ്ചിത തുക എന്ന നിരക്കിൽ ആണെങ്കിൽ അത്രയും നല്ലത്. നമ്മൾ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട് എസ്ഐപി(SIP) തുകയിൽ നിന്ന് ഇത്ര ശതമാനം കമ്മീഷൻ വാങ്ങുന്ന ഒരാൾ, കമ്മീഷൻ കൂടുതൽ കിട്ടുന്ന നിക്ഷേപ ഉപകരണങ്ങളേ നമ്മളോട് വാങ്ങാൻ പറയുകയുള്ളൂ. അല്ലാതെ ഏതു നിക്ഷേപമാണ് നമ്മൾക്ക് നല്ലത് എന്ന് അവർ ശ്രദ്ധിക്കില്ല. എന്നാൽ ഏതു പോളിസി അഥവാ ഫണ്ട് വാങ്ങിയാലും നിശ്ചിത തുക ഫീസ് വാങ്ങുന്ന ഉപദേഷ്ടാവ്, നമ്മുക്ക് കൂടുതൽ ഉപകാരമുള്ള ഫണ്ട് വാങ്ങാൻ പറയും. കാരണം അടുത്ത കൊല്ലം നമ്മൾ അയാളുടെ അടുത്ത് ചെന്നാൽ അല്ലേ പിന്നെയും അവർക്കു ഫീസ് കിട്ടൂ. അപ്പോൾ നമ്മളെ പറ്റിച്ചാൽ അവർക്കു ദോഷം ചെയ്യും. ഉപകാരം ഒന്നും ഇല്ല താനും.

ജോലിയിൽ നല്ല പരിചയമുള്ള ആളായിരിക്കണം നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ്. കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു 22 വയസ്സുകാരൻ്റെ കയ്യിൽ നിങ്ങളുടെ കുടുംബ സമ്പാദ്യം ഏൽപ്പിച്ചു കൊടുക്കരുത്. പഠിച്ച കോളേജ് ഐഐടി(IIT)  അല്ലെങ്കിൽ ഐഐഎം(IIM) ആണെങ്കിൽ പോലും. എൻ്റെ അഭിപ്രായത്തിൽ ജീവിതാനുഭവം നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതിനു ആവശ്യമായ ഒരു വലിയ ഘടകമാണ്. ഒരു പുതുമുഖത്തിന് ജോലി പരിചയം ഉണ്ടാകാൻ വേണ്ടി നമ്മുടെ ജീവിതം പണയം വയ്ക്കരുത്. അങ്ങനെയുള്ളവർക്ക് ജോലി പരിചയം ഉണ്ടാകാൻ വേണ്ടി വലിയ കമ്പനികളും ചാർട്ടേഡ് അക്കൗണ്ടൻറ്റ്മാരും(CA) അവരുടെ അടിയിൽ ഇൻറ്റേൺഷിപ്പ്(Internship) ആയി അവസരം കൊടുക്കും. അല്ലാതെ സ്വയം സമ്പാദ്യവും നിക്ഷേപവും നടത്തി പരിചയം ഇല്ലാത്ത ഒരാളെ, നമ്മുടെ സമ്പാദ്യം നോക്കി നടത്താൻ ഏല്പിക്കരുത്.

അടുത്ത ലേഖനം: ഒഴിവാക്കേണ്ട കാര്യങ്ങൾ






Leave a Reply

Your email address will not be published. Required fields are marked *