സേവിങ്സ് ബാങ്ക് അക്കൗണ്ട് (Savings Bank Account)

സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കിംഗ് സ്ഥാപനങ്ങളിൽ തുടങ്ങുന്ന ഒരു അക്കൗണ്ടാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ഡെബിറ്റ് കാർഡ്[Debi Card], ക്രെഡിറ്റ് കാർഡ്[Credit Card],ചെക്ക് ബുക്ക് [Cheque Book], ഇന്റർനെറ്റ് ബാങ്കിംഗ്(Internet Banking) മുതലായ മറ്റു സേവനങ്ങൾ നമുക്ക് ലഭ്യമാകും. മിക്ക ബാങ്കുകളിൽ നിന്നും ഈ സേവനങ്ങൾ ലഭിക്കുവാൻ അവിടെ ഒരു സേവിങ്സ് അക്കൗണ്ട് വേണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ വരെയുള്ള തുകക്ക് ഇൻഷുറൻസ് കവറേജ് ഉള്ളതാണ്.  ഒരു ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ, ബാങ്ക് പൊളിഞ്ഞ് പോയാൽ പണം നഷ്ടമാകും. കോഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ ബാങ്കിന് ഈ ഇൻഷുറൻസ് സുരക്ഷ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 3.5 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. ചില ബാങ്കുകൾ ഇതിൽ കൂടുതൽ പലിശ ലഭ്യമാക്കും. 

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം(A.T.M) വഴി എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം. അതേ പോലെ തന്നെ എപ്പോൾ വേണമെങ്കിലും ഇൻറർനെറ്റ് ബാങ്കിംഗ് വഴിയും പണം കൈമാറ്റം ചെയ്യാൻ സാധിക്കും. ബാങ്കിൻ്റെ പ്രവർത്തന ദിവസങ്ങളിൽ ബാങ്കിൽ നേരിട്ട് പോയും പണം പിൻവലിക്കാം. ഇതിൽ എടിഎം വഴി പിൻവലിക്കുന്നതിനും ബാങ്ക് ശാഖയിൽ പോയി നേരിട്ട് പണം പിൻവലിക്കുന്നതിനും പരിധികൾ ഉണ്ടാകും. ഓരോ ബാങ്കിനും ഈ പരിധിക്ക് വ്യത്യാസമുണ്ടാകും. പരിധിക്കു മുകളിൽ ഒരു സംവിധാനം നമ്മൾ  ഉപയോഗിച്ചാൽ അതിന് പിഴ കൊടുക്കേണ്ടി വരും.

മിക്ക ബാങ്ക് അക്കൗണ്ടുകളിലും ഒരു മിനിമം ബാലൻസ്(Minimum Balance) ഉണ്ടായിരിക്കും. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ഇത്. ഇതിൽ കുറഞ്ഞാൽ ബാങ്ക് പിഴ ഈടാക്കും. 

അതേ പോലെ തന്നെ വാർഷികമായി അക്കൗണ്ട് മെയിൻറനൻസ് ഫീസ്(Account Maintenance Fees), ഡെബിറ്റ് കാർഡ് ഫീസ്(Debit Card Fees) എന്നിങ്ങനെ പല രീതിയിൽ ചില ബാങ്കുകൾ ഫീസ് ഇടാക്കാറുണ്ട്. ഇവ എന്തൊക്കെയാണെന്ന് അക്കൗണ്ട് തുറക്കുന്നതിനു മുൻപ് ചോദിച്ചറിഞ്ഞ് ഏറ്റവും കുറഞ്ഞ ഫീസുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ദീർഘകാല നിക്ഷേപത്തിനായി ഉപയോഗിക്കരുത്. ഈ അക്കൗണ്ടിലെ പലിശ നിരക്ക് വിലക്കയറ്റത്തിന് ഒപ്പം നമ്മുടെ പണത്തെ വളർത്തില്ല. സേവിങ്സ് ബാങ്കിലെ പലിശനിരക്ക്, വിലക്കയറ്റ നിരക്കിനു താഴെ ആയതു കൊണ്ട് അക്കൗണ്ടിലെ പണത്തിന് മൂല്യം കുറഞ്ഞു കൊണ്ടിരിക്കും. മറ്റു ബാങ്കിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉള്ള ഒരു ചവിട്ടുപടി എന്ന രീതിയിലാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കേണ്ടത്.






അടുത്ത ലേഖനം: നോ ഫ്രില്സ് അക്കൗണ്ട്

Leave a Reply

Your email address will not be published. Required fields are marked *