എൻ്റെ പപ്പ ഗവൺമെൻറ് ഉദ്യോഗസ്ഥനായിരുന്നു. പുള്ളിക്കാരൻ ഒരിക്കൽ പോലും വിരമിക്കലിനെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്ന് വിരമിക്കണമെന്നോ വിരമിച്ചതിനു ശേഷം എങ്ങനെ വരുമാനം ഉണ്ടാകും എന്നോ തീരുമാനിക്കാൻ പപ്പയ്ക്ക് വലിയ വിഷമം ഉണ്ടായിട്ടില്ല. കാരണം കേന്ദ്ര സർക്കാർ ജോലി ആയതു കൊണ്ട് പെൻഷൻ സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ജോലികളിൽ പലതിനും പെൻഷൻ ഇല്ല. എന്നെപ്പോലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അല്ലെങ്കിൽ സ്വന്തമായി ബിസിനസ് നടത്തുന്നവരും വിരമിച്ചതിനു ശേഷം എങ്ങനെ ജീവിക്കും എന്ന് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു.
എത്ര രൂപയുടെ സമ്പാദ്യം ഉണ്ടായാൽ വിരമിക്കാൻ സാധിക്കും എന്ന് ചിന്തിച്ചു ഒരുപാട് സമയം ഞാൻ ചിലവഴിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരുപാട് ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചിട്ടുമുണ്ട്. 30 വയസ്സിലും 35 വയസ്സിലും വിരമിച്ച ഒരുപാട് ആൾക്കാരുടെ ബ്ലോഗുകൾ ഇൻറർനെറ്റിൽ ഉണ്ട്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് റിട്ടയറിങ് ഏർലി അഥവാ ഫയർ(Financial Independence and Retiring Early or FIRE)* എന്ന ഗൂഗിൾ സെർച്ച്(google search) ചെയ്താൽ ഇതേ പോലെ ചെറുപ്പത്തിൽ റിട്ടയർ ചെയ്ത ഒരുപാട് ആൾക്കാരുടെ അനുഭവങ്ങൾ വായിക്കാം.
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പുരോഗതി അനുസരിച്ച് മനുഷ്യൻ്റെ ആയുസ്സ് വർദ്ധിച്ചു വരുന്ന കാലമാണിത്. വിരമിച്ച ശേഷം അഞ്ചോ പത്തോ കൊല്ലത്തേക്കുള്ള ചെലവിനുള്ള വകുപ്പ് കണ്ടു വെച്ചാൽ പോരെ എന്ന് ചിന്തിച്ചാൽ ചിലപ്പോൾ ബാക്കി കാലം അന്യരുടെ ഔദാര്യത്തിൽ ജീവിക്കേണ്ടി വരും.
പെൻഷനോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്ത ഒരാൾ വിരമിക്കാൻ തയ്യാറാകുമ്പോൾ അയാളുടെ ഭാവി ചെലവുകൾക്കുള്ള തുക അയാൾ വിരമിക്കുമ്പോൾ ഉള്ള സമ്പാദ്യത്തിൽ നിന്ന് വേണം എടുക്കാൻ. ഇങ്ങനെ എടുക്കുമ്പോൾ കുറച്ചു വർഷങ്ങൾക്കുള്ളിൽ പണം തീർന്നു പോകാനും പാടില്ല. എന്നാൽ എല്ലാ കൊല്ലവും എടുക്കുന്നത് വിലക്കയറ്റത്തിന് അനുസരിച്ച് കൂടുവാനും സാധിക്കണം. അപ്പോൾ എത്ര രൂപ നിക്ഷേപിച്ചാൽ ആണ് തുടക്കത്തിലെ മുതൽ ഒട്ടും കുറയാതെ എല്ലാ വർഷവും ജീവിക്കാനുള്ള തുക നമുക്ക് എടുക്കാൻ സാധിക്കുക എന്നതാണ് ചോദ്യം. ഇതിനെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സമ്മതിക്കുന്നത് 4% പിൻവലിക്കാമെന്ന നിയമത്തിലാണ്. ഒരു കൊല്ലം ജീവിക്കാനുള്ള തുക മൊത്തം സമ്പാദ്യത്തിൻ്റെ 4% ആണെങ്കിൽ വിരമിക്കാനുള്ള സാമ്പത്തിക സുരക്ഷ ആയി എന്നാണ് ഇതിനർത്ഥം.
എന്താണ് ഈ 4 ശതമാനത്തിൻ്റെ പുറകിലുള്ള കണക്കുകൂട്ടൽ എന്ന് വിശദീകരിക്കാം. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകളും സ്ഥിര നിക്ഷേപ പദ്ധതികളും എല്ലാം മിശ്രിതമായ ഒരു നിക്ഷേപത്തിന് ഏകദേശം എട്ട് ശതമാനം വാർഷിക വരുമാനം പ്രതീക്ഷിക്കാം. അതു കൊണ്ട് എല്ലാ കൊല്ലവും 4% മാത്രം എടുത്താൽ ബാക്കി 4% (8% – 4%) തിരിച്ചു നിക്ഷേപത്തിൽ കൂട്ടാം. അപ്പോൾ അടുത്ത കൊല്ലം നാല് ശതമാനം എടുക്കുമ്പോൾ കൂടുതൽ തുക എടുക്കാം. എല്ലാ കൊല്ലവും ഉണ്ടാവുന്ന വിലക്കയറ്റത്തിന് അനുസരിച്ച് നമ്മുടെ വാർഷിക വരുമാനം കൂടുകയും ചെയ്യും.
ഒരു ഉദാഹരണത്തിന്, വിരമിച്ചതിനു ശേഷം ഒരു മാസം ജീവിക്കാൻ 30,000 രൂപ വേണമെന്ന് കരുതുക, ഒരു വർഷത്തേക്ക് 3,60,000 രൂപ. 90 ലക്ഷം രൂപയുടെ നാല് ശതമാനമാണ് 3,60,000 രൂപ. അപ്പോൾ സമ്പാദ്യം 90 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ ധൈര്യമായി വിരമിക്കാം. വിരമിക്കുമ്പോൾ ഇതിൽ കുറവ് സമ്പാദ്യം ഉള്ളൂ എങ്കിൽ ചിലപ്പോൾ നമ്മൾ മരിക്കുന്നതിനു മുന്നേ തന്നെ നമ്മുടെ കയ്യിലുള്ള പണം തീർന്നു പോകാൻ സാധ്യതയുണ്ട്. ഏകദേശം 17,000 രൂപ ഒരു മാസം വെച്ച് നിക്ഷേപിച്ചാൽ 20 കൊല്ലം കൊണ്ട് നിങ്ങളുടെ സമ്പാദ്യം 90 ലക്ഷം ആകും. ഈ കണക്കിൽ 8% വളർച്ച നിരക്കാണ് എടുത്തിരിക്കുന്നത്. 30,000 രൂപയാണ് മാസം നിക്ഷേപിക്കുന്നത് എങ്കിൽ ഏകദേശം 15 കൊല്ലത്തിനുള്ളിൽ സമ്പാദ്യം 90 ലക്ഷത്തിൽ എത്തിക്കാൻ സാധിക്കും.
താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കിയാൽ 4 ശതമാനത്തിൻ്റെ പുറകിലുള്ള കണക്കുകൂട്ടൽ കൂടുതൽ വ്യക്തമാകും. കണക്കുകൂട്ടൽ എളുപ്പമാക്കാൻ വേണ്ടി എല്ലാ കൊല്ലവും ജനുവരി 1’ന് 4% പുറത്തെടുക്കുകയും എല്ലാ കൊല്ലവും ഡിസംബർ 31’ന് ആ കൊല്ലത്തെ വരുമാനം തിരിച്ചു കൂട്ടുകയും ചെയ്യും. 3,60,000 രൂപ വാർഷിക ചിലവും 90 ലക്ഷം രൂപ നിക്ഷേപവുമായി തുടങ്ങുന്ന ഒരാളുടെ ഉദാഹരണം ആണ് താഴെ എടുത്തിരിക്കുന്നത്.
വർഷം | തുടങ്ങുമ്പോൾ ഉള്ള തുക | ചെലവിനായി എടുക്കുന്ന 4% | ബാക്കി ഉള്ള തുക | 8% വരുമാനം കിട്ടിയാൽ | വർഷാവസാനം ഉള്ള തുക |
1 | 90,00,000 | 3,60,000 | 86,40,000 | 6,91,200 | 9,3,31,200 |
2 | 93,31,200 | 3,73,248 | 89,57,952 | 7,16,636 | 9,6,74,588 |
3 | 96,74,588 | 3,86,984 | 92,87,605 | 7,43,008 | 1,00,30,613 |
4 | 1,00,30,613 | 4,01,225 | 96,29,388 | 7,70,351 | 1,03,99,740 |
5 | 1,03,99,740 | 4,15,990 | 99,83,750 | 7,98,700 | 1,07,82,450 |
6 | 1,07,82,450 | 4,31,298 | 1,03,51,152 | 8,28,092 | 1,11,79,244 |
7 | 1,11,79,244 | 4,47,170 | 1,07,32,074 | 8,58,566 | 1,15,90,640 |
8 | 1,15,90,640 | 4,63,626 | 1,11,27,015 | 8,90,161 | 1,20,17,176 |
9 | 1,20,17,176 | 4,80,687 | 1,15,36,489 | 9,22,919 | 1,24,59,408 |
10 | 1,24,59,408 | 4,98,376 | 1,19,61,032 | 9,56,883 | 1,29,17,914 |
ഈ കണക്ക് നോക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകും 4% വെച്ച് മാത്രം പിൻവലിച്ചു കൊണ്ടിരുന്നാൽ എന്നും വരുമാനം ഉണ്ടാകും എന്ന്. മ്യൂച്ചൽ ഫണ്ട് പോലെയുള്ള ഓഹരി അധിഷ്ഠിത മാർഗങ്ങളിൽ ആണ് നിക്ഷേപിക്കുന്നത് എങ്കിൽ എല്ലാ കൊല്ലവും 8% കൃത്യമായി കിട്ടണമെന്നില്ല. പക്ഷേ അഞ്ചു കൊല്ലം അല്ലെങ്കിൽ പത്തു കൊല്ലം ഉള്ള ഇടവേളകളിൽ നോക്കുമ്പോൾ എട്ടു ശതമാനത്തിൽ കൂടുതൽ വരുമാനം കിട്ടാൻ സാധ്യതയുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിച്ചാൽ മ്യൂച്ചൽ ഫണ്ടിൽ നിന്നുള്ള വരുമാനം എങ്ങനെയെന്ന് കൂടുതൽ മനസ്സിലാകും.
65 വയസ്സിൽ വിരമിക്കുന്ന ഒരാൾക്ക് 20 കൊല്ലം ജീവിക്കാനുള്ള തുക കണക്കാക്കിയാൽ പോരെ എന്ന് തോന്നാം. കാരണം 85 വയസ്സിനു പുറത്തേക്ക് ജീവിക്കുന്ന എത്ര പേരുണ്ട് ലോകത്തിൽ? പക്ഷേ ഞാൻ എഴുതുന്ന ഈ ലേഖനം 65 വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി മാത്രമല്ല. നിങ്ങളുടെ മാസ വരുമാനത്തിനുള്ള തുകയ്ക്കുള്ള നിക്ഷേപം എത്തിയാൽ ഏത് വയസ്സിൽ വേണമെങ്കിലും വിരമിക്കാം കാരണം ബാക്കിയുള്ള ജീവിത കാലത്തേക്കുള്ള വരുമാനം നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. 65 വയസ്സിന് ഒരുപാട് മുന്നേ എങ്ങനെ വിരമിക്കാൻ സാധിക്കും എന്നാണ് ഈ ലേഖനം എഴുതുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഇപ്പോൾ 25 വയസ്സാണ്, നാൽപതാം വയസ്സിൽ വിരമിക്കാൻ ആണ് താല്പര്യം എങ്കിൽ ഈ ലേഖനത്തിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് എത്ര രൂപ വേണം എന്ന് കണക്കുകൂട്ടാം.
വിരമിക്കലിനു വേണ്ടി എത്ര തുക ഇപ്പോൾ നിക്ഷേപിക്കണം എന്ന് കണ്ടുപിടിക്കാൻ വേണ്ടി ഒരു ചെറിയ കാൽക്കുലേറ്റർ ഞാൻ താഴെ കൊടുക്കുന്നു.
ആദ്യമായി നിങ്ങളുടെ വിരമിക്കലിന് ശേഷം ഉണ്ടാകാവുന്ന ചെലവുകൾ എന്തൊക്കെ എന്ന് കണ്ടുപിടിക്കുക. പൊതുവേ ജോലിക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ ചിലവ് കുറവായിരിക്കും വിരമിച്ചതിനു ശേഷം. തുണിത്തരങ്ങൾക്കും മറ്റുമുള്ള ചെലവും ഇന്ധന ചെലവുകളും എല്ലാം കുറയും. പക്ഷെ ഇൻഷുറൻസ് തുകയും ആശുപത്രി ചെലവുകളും ചിലപ്പോൾ കൂടും. ഇത് കൃത്യമായി കണ്ടു പിടിക്കാൻ സാധിക്കാത്ത കാരണം ഇപ്പോഴത്തെ ചിലവു വച്ച് കണക്കുകൂട്ടൽ തുടങ്ങാം. ഉദാഹരണത്തിന് പലചരക്കു സാധനങ്ങളും മൊബൈൽ ബില്ല് വൈദ്യുതി ബില്ല് വാട്ടർ ബില്ല് എല്ലാം അന്നും ഉണ്ടാകും. പക്ഷേ ഹൗസിംഗ് ലോൺ ചിലപ്പോൾ ഉണ്ടാവുകയില്ല. കാരണം വിരമിക്കുന്നതിന് മുമ്പ് ലോൺ അടച്ചു തീർത്തിട്ട് ഉണ്ടാകും. ഈ ആവശ്യങ്ങൾക്കായി മാസാമാസം ഇപ്പോൾ ചെലവാകുന്ന തുക കണ്ടുപിടിക്കുക. ഒരു മാസത്തെ ചെലവ് 12 കൊണ്ട് ഗുണിച്ച് ഒരു കൊല്ലത്തെ ചെലവ് കണ്ടുപിടിക്കുക. ഈ തുക താഴത്തെ കാൽക്കുലേറ്ററിൽ “നിലവിലെ വാർഷിക ചെലവ്” എന്ന കോളത്തിൽ ഇടുക. ഇന്ത്യയിലെ കണക്കുകൾക്കു പണപ്പെരുപ്പ നിരക്ക് 6% തന്നെ വയ്ക്കുന്നതാണ് നല്ലത്. എത്ര വർഷം കഴിഞ്ഞാണ് വിരമിക്കാൻ ആഗ്രഹിക്കുന്നത് എന്നത് “എത്ര വർഷം കഴിഞ്ഞാണ് വിരമിക്കേണ്ടത്?” എന്ന കോളത്തിൽ ഇടുക. അപ്പോൾ “വിരമിക്കുമ്പോൾ പ്രതീക്ഷിക്കുന്ന വാർഷിക ചെലവ്” എന്ന കോളത്തിൽ കിടക്കുന്നതാണ് നിങ്ങൾക്ക് വിരമിക്കലിനു ശേഷം വേണ്ട വാർഷിക വരുമാനം. എത്ര രൂപ നിക്ഷേപിച്ചാൽ ആണ് 4% എടുത്താൽ ഈ തുക കിട്ടുക എന്നത് “4% നിരക്കിൽ ഈ വാർഷിക വരുമാനം ലഭിക്കാൻ എത്ര രൂപ നിക്ഷേപം വേണം” എന്ന കോളത്തിൽ ഉണ്ടാക്കും.
പലർക്കും ഈ കണക്ക് ഒരു അപ്രതീക്ഷിത ഞെട്ടൽ ഉണ്ടാക്കും. ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിച്ച അത്ര നല്ലതായിരിക്കില്ല ഭാവിയിലേക്കുള്ള തയാറെടുപ്പ്. ഞാൻ ആദ്യമായി ഇതു ചെയ്തു നോക്കിയപ്പോൾ ഞെട്ടി പോയി. ഞാൻ പ്രതീഷിച്ചതിലും മോശമായിരുന്നു എൻ്റെ തയാറെടുപ്പ്. പക്ഷേ വളരെ വേഗം എൻ്റെ ചിലവുകൾ ചുരുക്കി നിക്ഷേപങ്ങൾ കൂട്ടുവാൻ ഇതു എന്നെ സഹായിച്ചു. ഭാവി സുരക്ഷിതമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം എന്ന് മനസ്സിലാക്കുമ്പോഴാണ് പലപ്പോഴും നിലവിലെ ജീവിതത്തിൽ എത്ര രൂപ നമ്മൾ അനാവശ്യ ആഡംബരങ്ങൾക്ക് ചെലവാക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നത്. എൻ്റെ ജീവിതത്തിലെ ഒരുപാട് ചെലവുകൾ ചുരുക്കാനും ഭാവിയിലേക്കുള്ള സമ്പാദ്യം തുടങ്ങുവാനും ഈ കണക്കുകൂട്ടൽ എന്നെ സഹായിച്ചു.
നിങ്ങൾ എത്രമാത്രം പണം ഇപ്പോൾ നിക്ഷേപിക്കണം എന്നറിയാൻ ചുവടെയുള്ള കാൽക്കുലേറ്റർ ഉപയോഗിക്കുക. ഇതിലെ പ്രതിമാസം നിക്ഷേപിക്കുന്ന തുകയും എത്ര വർഷം ആണ് കാലാവധി എന്നതും മാറ്റി നോക്കിയാൽ ഇനി വിരമിക്കാൻ എത്ര വർഷം കഴിയണം എന്ന് അറിയാം.
ചിലപ്പോൾ ഈ കണക്കുകളുടെ അവസാനം കിട്ടുന്ന തുക വളരെ വലുതാണ് എന്ന് തോന്നാം. നിലവിലെ ജോലിയിൽ നിന്ന് വിരമിക്കലിന് ശേഷം നിങ്ങളുടെ ജീവിതശൈലി നിലനിർത്തുവാനുള്ള തുക സമ്പാദിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്താൻ സമയമായി എന്ന് മനസ്സിലാക്കണം. ഒന്നുകിൽ വരുമാനം കൂട്ടണം അല്ലെങ്കിൽ ചെലവുകൾ കുറയ്ക്കണം. വരുമാനം കൂട്ടാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല പക്ഷേ ചിലവുകൾ കുറയ്ക്കാൻ എല്ലാവർക്കും സാധിക്കും.
ഇങ്ങനെ കണക്കുകൾ ചെയ്യുന്നത് നിക്ഷേപം തുടങ്ങാൻ വേണ്ടി മാത്രമല്ല പക്ഷേ ജീവിതശൈലിയിൽ മാറ്റം വരുത്താനും കൂടി ഉപയോഗിക്കാം.
ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് റിട്ടയറിങ് ഏർലി അഥവാ ഫയർ(Financial Independence and Retiring Early or FIRE) എന്ന ആശയത്തെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ താഴേ ഉള്ള വെബ്സൈറ്റുകൾ ഉപയോഗിക്കാം.
അടുത്ത ലേഖനം: നിക്ഷേപം എങ്ങനെ തുടങ്ങും ?
Good one
Great article.
Very helpful and informative article