ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട്(Mutual Fund) നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് എന്ന് ഞാൻ പറഞ്ഞല്ലോ. ഒരു ഉദാഹരണം എടുത്തു വിശിദീകരിക്കാം.
എൻ്റെ വീടിനോട് ചേർന്നു കിടക്കുന്ന ഒരു ഭൂമി 2000’ൽ കച്ചവടം ആയ്യിരുന്നു. അന്ന് ഒരു സെൻറ് ₹20,000 രൂപയ്ക്കാണ് കച്ചവടം ആയത്. ഇപ്പോൾ 2019’ൽ അവിടെ ഒരു സെന്റിന് ഏകദേശം ₹3,00,000 (മൂന്ന്) ലക്ഷം രൂപ ആണ് വില. ഈ സ്ഥലം ഒരു നല്ല ഉദാഹരണം ആയി എനിക്കു തോന്നി. വലിയ വികസനം ഒന്നും തൊട്ടടുത്തു വരാത്തത് കാരണം ഭയങ്കര വില കൂടുതൽ ഉണ്ടായിട്ടില്ല. അതേ പോലെ തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വില കുറഞ്ഞിട്ടുമില്ല. ഈ സ്ഥലം ഉദാഹരണമായി എടുത്തു ഞാൻ കണക്കുകൾ വിശിദീകരിക്കാം.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഇപ്പോൾ നികുതി ഉള്ള കാരണം ഞാൻ ഈ കണക്കുകളിൽ നിന്ന് നികുതി ഒഴിവാക്കുന്നു.ബ്രോക്കർ കമ്മീഷനും ഞാൻ ഈ കണക്കിൽ നിന്നും ഒഴിവാക്കുന്നു.
മുഴുവൻ തുകയും ഒരുമിച്ചു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:
2000’ൽ ഭൂമിയുടെ വില | ₹20,000 |
രജിസ്ട്രേഷൻ ഫീസ് [2%] | ₹400 |
സ്റ്റാമ്പ് ഡ്യൂട്ടി [8%] | ₹1,600 |
മൊത്തം നിക്ഷേപം | ₹22,000 |
നിലവിലെ [2019’ലെ] വില | ₹3,00,000 |
മൊത്തം ലാഭം | ₹2,78,000 |
ഇനി ഈ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള നേട്ടം നോക്കാം.
HDFC Equity Fund (G) ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിൽ ഒന്നാണ്. 2000’ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ നമ്മൾ തിരഞ്ഞെടുക്കാൻ സാധ്യത ഉള്ള ഫണ്ടാണ് ഇത്. ഈ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള കാര്യം നോക്കാം.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:
മൊത്തം നിക്ഷേപം | ₹22,000 |
January 01, 2000’ൽ HDFC Equity Fund (G) ഒരു യൂണിറ്റിൻ്റെ വില* | ₹ 24.91 |
അപ്പോൾ മൊത്തം വാങ്ങിയ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ [22,000/24.91] | 883.1794 |
September 21 2019’ൽ HDFC Equity Fund (G) ഒരു യൂണിറ്റിൻ്റെ വില* | ₹ 639.261 |
നിക്ഷേപത്തിൻ്റെ നിലവിലെ (2019’ലെ) വില [883.1794 * 639.261 ] | ₹ 5,64,582.2 |
മൊത്തം ലാഭം | ₹ 5,42,582.2 |
*മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.
ഈ കണക്കിൽ ഒരു രണ്ടു ചെറിയ പ്രശ്നങ്ങൾ ഉണ്ട്.
- January 01, 2000’ൽ മ്യൂച്വൽ ഫണ്ട് വാങ്ങുമ്പോൾ ഓഹരി വിപണി വില കുറഞ്ഞിരിക്കുന്ന സമയമാണോ എന്ന് നമുക്കറിയില്ല. ആണെങ്കിൽ ഈ കണക്കിലെ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ലാഭം വളരെ അധികം കൂടും.
- അതു പോലെ തന്നെ ഭൂരിഭാഗം ആൾക്കാരും ലോൺ എടുത്താണ് സ്ഥലം വാങ്ങുന്നത്. അപ്പോൾ January 01, 2000’ൽ ഒറ്റയടിക്ക് ₹22,000 നിക്ഷേപിക്കാൻ ഉണ്ടായെന്നു വരില്ല. അപ്പോൾ ലോൺ എടുത്ത് സ്ഥലം വാങ്ങിയ പോലെ ഒന്ന് കണക്കു കൂട്ടി നോക്കാം.
ലോൺ എടുത്തു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം – ലോൺ വഴി നിക്ഷേപിക്കുമ്പോൾ:
2000’ൽ ഭൂമിയുടെ വില | ₹20,000 |
രജിസ്ട്രേഷൻ ഫീസ് [2%] | ₹400 |
സ്റ്റാമ്പ് ഡ്യൂട്ടി [8%] | ₹1,600 |
മൊത്തം തുക | ₹22,000 |
₹22,000 9% പലിശക്ക് 20 വർഷത്തെ ലോൺ എടുത്താൽ വരുന്ന മാസ അടവ്** | ₹ 198 |
2019 വരെ അടച്ച തുക (20 വർഷം കൊണ്ട് അടച്ച തുക) [ 198 * 20 *12 ] | ₹ 47,520 |
നിലവിലെ [2019’ലെ] വില | ₹3,00,000 |
മൊത്തം ലാഭം | ₹2,52,480 |
**ഇന്റർനെറ്റിലെ ഹോം ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കു കൂട്ടിയതാണ്.
ഇനി ഇതേ നിക്ഷേപം, അതായതു മാസാമാസം ₹ 198 , HDFC Equity Fund (G) മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഉള്ള വരുമാനം:
September 20, 2019 വരെ ഉള്ള കണക്കു മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ.
മാസം നിക്ഷേപിക്കുന്ന തുക | ₹ 198 |
നിക്ഷേപ കാലാവധി | Jan 01, 2000 – Sep 20, 2019 |
അടവുകളുടെ എണ്ണം [19 *12 + 9] | 237 |
നിക്ഷേപിച്ച തുക | ₹ 46,926 |
മൊത്തം വാങ്ങിയ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ*** | 650.30 |
September 21 2019’ൽ HDFC Equity Fund (G) ഒരു യൂണിറ്റിൻ്റെ വില* | ₹ 639.261 |
September 20, 2019’ൽ നമ്മുടെ നിക്ഷേപത്തിൻ്റെ വില*** | ₹ 4,15,711.4 |
മൊത്തം ലാഭം | ₹ 3,68,785.4 |
***മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കിട്ടിയ കൂടുതൽ ലാഭം = ₹ 3,68,785.4 – ₹2,52,480 = ₹ 1,16,305.4 (ഏകദേശം 46% കൂടുതൽ )
സ്ഥലത്തിൻ്റെ വിലയും മ്യൂച്വൽ ഫണ്ട് നിക്ഷേപവും ഇങ്ങനെ തന്നെ ഭാവിയിൽ പോകണം എന്നില്ല. പക്ഷേ ഭൂമിക്കു വില കൂടണമെങ്കിൽ രാജ്യം വികസിക്കണം, രാജ്യം വികസിച്ചാൽ ഓഹരി വിപണിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും നല്ല നേട്ടം തരും.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പെട്ടെന്ന് വിൽക്കാൻ സാധിക്കും. അതേ പോലെ തന്നെ ആവശ്യത്തിന് അനുസരിച്ചു ചെറിയ തുകകൾ ആയി മുറിച്ചു വിൽക്കാനും സാധിക്കും.
താമസിക്കുവാനുള്ള വീട് വാങ്ങിയതിന് ശേഷം പിന്നെയും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനു മുൻപേ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും പരിഗണിക്കുക.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: ഹോം ലോൺ എടുക്കുമ്പോൾ കൂടെ എടുക്കേണ്ടി വരുന്ന ലൈഫ് ഇൻഷുറൻസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ