രഘുറാം രാജനും ആർബിഐക്കും(RBI) നമ്മളെല്ലാവരും നന്ദിപറയണം

കഴിഞ്ഞ കുറെ മാസങ്ങളായി ഒരുപാട് വാർത്തകൾ വായിച്ചു:  ഇന്ത്യൻ ബാങ്കിംഗ് മേഖല പ്രതിസന്ധിയിലാണെന്നും അതിന് മുഖ്യ കാരണക്കാർ ആർബിഐയും(Reserve Bank of India or RBI) രഘുറാം രാജനും എല്ലാമാണെന്ന്. നോട്ട് നിരോധനത്തെ കുറിച്ചല്ല ഞാൻ പറയുന്നത്, നോൺ പെർഫോമിംഗ് അസറ്റ് (Non-performing Asset) അഥവാ എൻപിഎ(NPA) എന്ന പേരിലറിയപ്പെടുന്ന കിട്ടാക്കടങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയെ കുറിച്ചാണ്.

ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ട് മാസങ്ങളോളം പലിശ പോലും തിരിച്ചടയ്ക്കാതെ ഇരിക്കുന്ന അവസരം വരുമ്പോഴാണ് ആ വായ്പ അല്ലെങ്കിൽ ലോൺ കിട്ടാക്കടമായി ബാങ്ക് പ്രഖ്യാപിക്കുന്നത്. നിയമപ്രകാരം  90 ദിവസത്തോളം പലിശ കിട്ടാതിരുന്നാൽ കിട്ടാക്കടമായി പ്രഖ്യാപിക്കണം എന്ന് കൃത്യമായ മാർഗ്ഗ രേഖ ഉണ്ട്. അങ്ങനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ വായ്പ നഷ്ടമായി ബാങ്ക് എഴുതിത്തള്ളണം. എന്നിട്ടു വായ്പ എടുത്ത സ്ഥാപനത്തിൻ്റെ അല്ലെങ്കിൽ ആളുടെ നേരേ ജപ്തി നടപടി തുടങ്ങണം. അപ്പോൾ ബാങ്കുകളുടെ ലാഭം കുറയും. ബാങ്കിൻ്റെ മാനേജ്മെൻറ്നോട് ഓഹരി ഉടമകളുടെ ചോദ്യം വരും. അപ്പോൾ ഉത്തരങ്ങൾ കൊടുക്കാൻ ബുദ്ധിമുട്ടാകും. അങ്ങനെ വന്നപ്പോൾ ബാങ്കുകളിൽ നിയമം പാലിക്കാതെ ആയി. ഇങ്ങനെയാണ് എവർഗ്രീനിങ്(Evergreening) എന്ന പരിപാടി തുടങ്ങിയത്.

ഒരു ഉദാഹരണം ഉപയോഗിച്ച് വിശദീകരിക്കാം. ഒരു കമ്പനി ബാങ്കിൽ നിന്ന് 10 ലക്ഷം ലോൺ എടുത്തു എന്നു വിചാരിക്കുക. തിരിച്ചടക്കാൻ പറ്റാതെ വന്നപ്പോൾ അവർ ബാങ്കിൻ്റെ അടുത്തു ചെന്നു പറഞ്ഞു. അപ്പോൾ ശരിക്കും ബാങ്ക് ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ, ആ കടം കിട്ടാക്കടമായി പ്രഖ്യാപിച്ച് ആ ലോണിന് ഗ്യാരണ്ടി വെച്ച സാധനങ്ങൾ വിറ്റ് കാശ് തിരിച്ചെടുക്കാൻ നോക്കണം. പക്ഷേ ലോൺ കൊടുത്തപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്യാരണ്ടി വെച്ച സാധനത്തിന് കൃത്യമായ വില കിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെ അടുത്ത് ചോദ്യം വരും. അപ്പോൾ ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് കമ്പനിക്ക് എന്ന പോലെ തന്നെ ബാങ്ക് ഉദ്യോഗസ്ഥനും പ്രശ്നമാണ്. അപ്പോൾ അവർ രണ്ടു പേരും കൂടി ഒരു പുതിയ പദ്ധതി ഇട്ടു എന്ന് വിചാരിക്കൂ. ഒരു 5 ലക്ഷം രൂപയും കൂടി കൊടുത്താൽ കമ്പനിക്ക് മൊത്തം 15 ലക്ഷവും തിരിച്ചടയ്ക്കാൻ പറ്റും എന്നൊരു പുതിയ പ്ലാൻ ഉണ്ടാക്കും. പിന്നെ തിരിച്ചടവ് ഒരു രണ്ടു കൊല്ലം കഴിഞ്ഞ് മതി എന്ന കാലാവധി നീട്ടി കൊടുക്കണ പരിപാടിയും നടത്തും. ഇതിന്  “Re-structuring” എന്ന ഒരു അടിപൊളി ഇംഗ്ലീഷ് പേരും കൊടുക്കും. അപ്പോൾ രണ്ട് കൊല്ലത്തേക്ക് ആ ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് നീണ്ട് കിട്ടുമല്ലോ. രണ്ട് കൊല്ലം കഴിയുമ്പോൾ ഇതേ പരിപാടി പിന്നെയും നടത്തും. ചിലപ്പോൾ പൈസ പിന്നെയും കൊടുക്കും. ഇല്ലെങ്കിൽ കാലാവധി നീട്ടിക്കൊടുക്കും.

ബാങ്കുകൾ പണ്ട് നല്ല അക്കൗണ്ട് പച്ച (Green) മഷിയുള്ള പേന കൊണ്ടും ചീത്ത അക്കൗണ്ടുകളിൽ ചുവന്ന മഷിയുള്ള പേന കൊണ്ടും ആണ് ബുക്കിൽ എഴുതിക്കൊണ്ടിരുന്നത്. ഇങ്ങനെ അക്കൗണ്ടിനെ എപ്പോഴും നല്ല അക്കൗണ്ടായി മാറ്റുന്ന പരിപാടി അക്കൗണ്ടിനെ എന്നും പച്ചയായി നിർത്തുന്നു എന്നതു കൊണ്ടാണ് ഈ പരിപാടിക്ക് എവർഗ്രീനിങ് എന്ന പേരു വീണത് എന്ന് തോന്നുന്നു.

എന്തായാലും ഈ പരിപാടി കൈവിട്ടു പോയി എന്ന് തോന്നിയപ്പോഴാണ് ആർബിഐ ഗവർണ്ണർ രഘുറാം രാജൻ കിട്ടാക്കടങ്ങൾ എവർഗ്രീൻ ചെയ്യുന്ന പരിപാടി കർശനമായി നിർത്തലാക്കിയത്. അങ്ങനെ വന്നപ്പോൾ ബാങ്കുകൾക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള മോശം ഉപഭോക്താക്കളുടെ വായ്പകൾ മൊത്തം കിട്ടാക്കടമായി പ്രഖ്യാപിക്കേണ്ടി വന്നു. അപ്പോഴാണ് പല ബാങ്കുകളുടെയും ശരിയായ വായ്പ നിലവാരം മനസ്സിലാകുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ കണക്ക് പത്രങ്ങളിൽ വായിക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്.

ഇതിന് ആർബിഐയേയും ആർബിഐ ഗവർണർമാരായിരുന്ന രഘുരാം രാജനെയും ഊർജിത് പട്ടേലിനേയും ഒന്നും ചീത്ത വിളിച്ചിട്ട് കാര്യമില്ല. അവർ പ്രശ്നം കണ്ടു പിടിച്ചു എന്നേയുള്ളൂ. പ്രശ്നമുണ്ടാക്കിയത് അവരല്ല. എല്ലാ കിട്ടാക്കടങ്ങളും ബാങ്കുകൾക്ക് തങ്ങളുടെ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തേണ്ടി വന്നതു കൊണ്ട് ബാങ്കുകളുടെ ലാഭം കാര്യമായി കുറഞ്ഞു. ആ വഴിക്ക് ഓഹരി വിലയും കാര്യമായി കുറഞ്ഞു.  നിക്ഷേപകർക്ക് നഷ്ടമുണ്ടായി എന്ന് പറഞ്ഞിട്ടാണ് ഇവരെ ചീത്ത വിളിക്കുന്നത്. അതേ പോലെ തന്നെ ബാങ്കുകൾ പുതിയ ബിസിനസ് ലോണുകൾ കൊടുക്കുന്നതിനു മുന്നേ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി . ഇതിനും ആർബിഐ ചീത്തവിളി കേൾക്കുന്നുണ്ട്.

ഇങ്ങനെ ഒറ്റയടിക്ക് കിട്ടാക്കടങ്ങൾ അക്കൗണ്ട് ബുക്കിലേക്ക് മാറ്റാൻ ആർബിഐ നിർബന്ധിച്ച് ഇല്ലായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു, പതുക്കെ പതുക്കെ ചെയ്യാൻ ബാങ്കുകൾക്ക് സാവകാശം കൊടുത്താൽ മതിയായിരുന്നു എന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്‌. പല തവണ മുന്നറിയിപ്പ് കൊടുത്തിട്ടും ഒന്നും സംഭവിക്കാത്ത കാരണമാണ് ആർബിഐ ഇത്ര കടുത്ത നിലപാട് എടുത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

ഇനി ബാങ്കുകൾ ഇങ്ങനെ അക്കൗണ്ട് ബുക്കിലേക്ക് കൃത്യമായി കിട്ടാക്കടമായി രേഖപ്പെടുത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് നോക്കാം. കൃത്യമായി പറയാൻ പറ്റില്ല. എങ്കിലും ഇതേ പോലെ തന്നെ ഒരു പ്രശ്നം അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ എന്തു പറ്റി എന്ന് നമുക്ക് അറിയാം. അമേരിക്കയിൽ ബാങ്കുകൾ വീട് വാങ്ങിക്കുവാൻ വേണ്ടി ഹൗസിംഗ് ലോൺ കൊടുക്കും. ഒരിടയ്ക്ക് ബാങ്കുകൾ തമ്മിൽ മത്സരം കൂടിയപ്പോൾ ബിസിനസ് പിടിക്കുവാൻ വേണ്ടി വലിയ ശ്രദ്ധയൊന്നും കൂടാത അപേക്ഷിച്ചവർക്ക് എല്ലാം ബാങ്കുകൾ ലോൺ കൊടുത്തു. 1000 രൂപ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത ആൾക്കാർക്കു 3000 രൂപ അടവിന് ലോൺ കൊടുത്തു. അങ്ങനെയങ്ങനെ കിട്ടാക്കടങ്ങൾ ഒരുപാട് ആയപ്പോൾ ഏതോ ഒരു ബാങ്ക് ഉദ്യോഗസ്ഥന്  ഒരു ബുദ്ധി ഉണ്ടായി, ഈ കിട്ടാക്കടം അങ്ങ് വിറ്റാലോ എന്ന്. അപ്പോൾ കിട്ടാകടം മാത്രമായി ആരും വാങ്ങില്ലല്ലോ. അതിനു വേണ്ടി കുറെ നല്ല വായ്പകളും പിന്നെ കിട്ടാകടങ്ങളും കൂട്ടി കുഴച്ച് ഒരു സംഘം ലോണുകളുടെ ഒരു ശേഖരം ഉണ്ടാക്കി. എന്നിട്ട് ഈ ശേഖരം മൊത്തം ഒറ്റയടിക്ക് വിറ്റു. വാങ്ങുന്നവരോട് 90% നല്ല ലോണുകളും 10% കിട്ടാകടം ആവാൻ സാധ്യതയുള്ള ലോണുകളുമായി ആണ് വിൽക്കുന്നത് എന്നാണ് പറയുന്നത്. വാങ്ങുന്നവൻ നോക്കുമ്പോൾ മൊത്തം ശേഖരം നല്ല രീതിയിൽ പ്രവർത്തിക്കാനാണ് സാധ്യത. ഇങ്ങനെ വിറ്റ് കഴിഞ്ഞപ്പോൾ ബാങ്കിന് പിന്നെയും ബിസിനസ് പിടിക്കാനായി തോന്നിയവർക്കെല്ലാം ലോൺ കൊടുക്കാം. കാരണം പഴയ മോശം കടങ്ങൾ ഇപ്പോൾ ബാങ്കിൻ്റെ ബുക്കിൽ ഇല്ലല്ലോ. ഈ പരിപാടി ഭയങ്കര വിജയമായി. അങ്ങനെ വന്നപ്പോൾ എന്ത് ലോണും വാങ്ങാൻ ആളായി മാർക്കറ്റിൽ. എന്തും വിൽക്കാം എന്നായപ്പോൾ ലോൺ കൊടുക്കുന്നവരുടെ ശ്രദ്ധ അതിലും കുറഞ്ഞു, അപേക്ഷ കൊടുത്താൽ മാത്രം മതി ലോൺ കിട്ടുമെന്ന് ആയി. ഈ കളി കൈവിട്ടു പോയാണ് 2008’ലെ സാമ്പത്തിക മാന്ദ്യം ഉണ്ടായത്. ലോകത്തിലെ എല്ലാ ഓഹരി വിപണികളും കൂട്ടമായി ഇടിഞ്ഞു താഴെ പോകുന്നത് വരെ എത്താൻ കാരണം ഈ പരിപാടി  മാത്രമാണ്.

അമേരിക്കയിൽ ഹോം ലോൺ’ൽ സംഭവിച്ചത് ഇന്ത്യയിൽ ബിസിനസ് ലോണിൽ സംഭവിക്കാതിരിക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. ആർബിഐ ഇപ്പോൾ ഈ കടുത്ത നിലപാട് എടുത്തില്ലായിരുന്നെങ്കിൽ മൂന്നോ നാലോ കൊല്ലത്തിനുള്ളിൽ ബാങ്കുകൾ ലോണുകൾ കൂട്ടിച്ചേർത്ത് വേറെ ഒരു വലിയ ശേഖരമായി വിറ്റു തുടങ്ങിയേനെ. ഇതു കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രശ്നം എന്ന് നിങ്ങൾ ചിന്തിക്കാം. അവിടെയാണ് ശ്രദ്ധിക്കേണ്ടത്. ആരാണ് ഈ ലോണുകൾ വാങ്ങാൻ കഴിവുള്ള സ്ഥാപനങ്ങൾ? അഞ്ച് കോടിയുടെ 10 ലോൺ കൂട്ടി വച്ച് കഴിഞ്ഞാൽ 50 കോടി രൂപയുടെ ഒരു ശേഖരമായി. ഇവ വാങ്ങാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ വളരെ കുറവാണ്. ഇൻഷുറൻസ് സ്ഥാപനങ്ങൾ (എൽഐസി(LIC), എസ് ബി ഐ ലൈഫ് (SBI Life)) പോലെയുള്ള സ്ഥാപനങ്ങൾ അല്ലെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സ്ഥാപനങ്ങൾ (അത് നമ്മുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്നതായിരിക്കും) ഇതല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ നാഷണൽ പെൻഷൻ സ്കീം(NPS) പോലെയുള്ള നിക്ഷേപ പദ്ധതികൾ. നമ്മളറിയാതെ നമ്മളുടെ അക്കൗണ്ടിലെ മ്യൂച്വൽ ഫണ്ടുകളുടെ നല്ലൊരു ഭാഗവും , എൽഐസി പോലെയുള്ള കമ്പനികളുടെ ലാഭത്തിൻ്റെ നല്ലൊരു വിഹിതവും ഈ ലോണുകളുടെ പ്രവർത്തനത്തെ അനുസരിച്ചു ഇരിക്കുമെന്ന ഒരു അവസ്ഥ സുഖമായി എത്തിയേനെ.

പിന്നെ ഒരു ദിവസം വരും. ഈ ചീഞ്ഞു നാറിയ കിട്ടാക്കടങ്ങൾ എല്ലാം മോശമായിരുന്നു എന്ന് എല്ലാവരും തിരിച്ചറിയുന്ന ഒരു ദിവസം. അന്ന് വാങ്ങിയ സാധനങ്ങൾ മറിച്ചു വിൽക്കാൻ നോക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും വാങ്ങാൻ ആരുമുണ്ടാവില്ല. അപ്പോഴാണ് 50 കോടി കൊടുത്തു വാങ്ങിയ പേപ്പറിന് ഇപ്പോൾ പത്ത് രൂപ പോലും വിലയില്ലാതെ വരുന്ന അവസരമുണ്ടാകുന്നത്. അങ്ങനെയൊരു സാഹചര്യം വന്നിരുന്നെങ്കിൽ ഇത് വാങ്ങി സൂക്ഷിച്ച വലിയ വലിയ കമ്പനികൾ എൽഐസി പോലെയുള്ള കമ്പനികളോ അല്ലെങ്കിൽ വലിയ ബാങ്കുകൾ എസ്ബിഐ(SBI) ഐസിഐസിഐ(ICICI) പോലെയുള്ള ബാങ്കുകളും കയ്യിൽ പൈസയില്ലാതെ അടച്ചു പൂട്ടേണ്ട അവസ്ഥ വരെ വന്നേനെ.

കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ അതിശയം തോന്നാം അല്ലെങ്കിൽ എന്നെ കളിയാക്കാനും തോന്നാം. എൽഐസി(LIC) പോലുള്ള ഒരു സ്ഥാപനം തകരാൻ  അല്ലെങ്കിൽ ഒരു ബാങ്ക് അടച്ചുപൂട്ടാൻ സാധ്യതയോ എന്ന്. സർക്കാർ അത് എങ്ങനെ  സമ്മതിക്കുമെന്ന് നിങ്ങൾക്ക് തോന്നാം.

2008 നു മുന്നേ അമേരിക്കയിൽ ഒരു ഇൻവെസ്റ്റ്മെൻറ് ബാങ്കും അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല. എന്നാൽ 2008ലെ സാമ്പത്തിക തളർച്ചയിൽ ആദ്യമായി ലേമാൻ ബ്രദേഴ്സ് ബാങ്ക് അടച്ചുപൂട്ടി. ബാക്കിയുള്ള ബാങ്കുകൾക്ക് അമേരിക്കൻ ഗവൺമെൻറ് ലോൺ കൊടുത്തത് കൊണ്ട് രക്ഷപ്പെട്ടു. ഇങ്ങനെ തന്നെ ഇന്ത്യയിൽ സംഭവിക്കും എന്നല്ല, സംഭവിക്കാൻ നല്ല സാധ്യത ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞുവരുന്നത്.

ഈ സാഹചര്യത്തിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തി തന്ന ആർബിഐയ്ക്ക് നമ്മൾ നന്ദി പറയുകയാണ് വേണ്ടത്.






2 thoughts on “രഘുറാം രാജനും ആർബിഐക്കും(RBI) നമ്മളെല്ലാവരും നന്ദിപറയണം”

Leave a Reply

Your email address will not be published. Required fields are marked *