പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (Public Provident Fund) അഥവാ പിപിഎഫ് (PPF ) എൻ്റെ പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗ്ഗം ആണ്.

എന്താണ് PPF?

സർക്കാർ പിന്തുണ ഉള്ള, നിക്ഷേപത്തിന് പലിശ തരുന്ന ഒരു പദ്ധതിയാണ് PPF. PPF നിക്ഷേപത്തിന്റെ പലിശ നിരക്ക് എല്ലാ 3 മാസം കൂടുമ്പോഴും സർക്കാർ നിശ്ചയിക്കുന്നതാണ്. ഈ നിക്ഷേപത്തിന് ഓഹരി വിപണി ആയി ബന്ധം ഇല്ല. PPF നിക്ഷേപത്തിന്‌ സർക്കാർ ഗ്യാരണ്ടി ഉണ്ട്.

PPF’ൽ നിക്ഷേപിച്ച തുക ഇൻകം ടാക്സ് ആക്‌ടിൻ്റെ സെക്ഷൻ 80 സി (80C) പ്രകാരം കിഴിവ് ലഭിക്കാൻ അർഹമാണ്. PPF നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശക്ക്  നികുതി കൊടുക്കേണ്ട.

എന്താണ് PPF  നിക്ഷേപത്തിൻ്റെ കാലാവധി?

15 വർഷത്തെ കാലാവധി ആണ്  PPF നിക്ഷേപത്തിന്‌ ഉള്ളത്. 15 വർഷം കഴിയുമ്പോൾ പിന്നെ 5 വർഷം വച്ചുള്ള ബ്ലോക്കായി അനിശ്ചിതമായി നീട്ടാൻ കഴിയും.

താഴേ  പറയുന്ന രണ്ടു കാരണങ്ങൾക്ക് വേണ്ടി PPF അക്കൗണ്ട് കാലാവധിക്ക് മുൻപേ ക്ലോസ് ചെയ്യാൻ പറ്റും.

1 . നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഒരു ആരോഗ്യ പ്രശ്‌നം വന്നാൽ അതിന്റെ ചികിൽസക്കായി
2 . നിങ്ങളുടെ പഠന ആവശ്യങ്ങൾക്കു വേണ്ടി

ഇവ രണ്ടിനും രേഖകൾ വേണ്ടി വരും.

PPF നിക്ഷേപത്തിൽ നിന്ന് ചില വ്യവസ്ഥകൾക്കു വിധേയമായി വായ്പകളും ഭാഗിക പിൻവലിക്കലുകളും അനുവദിക്കും.

എത്രയാണ് PPF നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

2019’ൽ  വെറും ₹ 500 മാത്രം ആണ് PPF നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക. ഇതു  വളരെ നല്ല ഒരു കാര്യം ആണ്. പൈസക്കു ബുദ്ധിമുട്ടുള്ള കൊല്ലങ്ങളിൽ വെറും ₹ 500 ഇട്ടു അക്കൗണ്ട് തുടരാം. ഒരു പിഴയും ഉണ്ടാകില്ല.

PPF’ൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

എത്ര തവണ വേണമെങ്കിലും PPF അക്കൗണ്ടിൽ നിക്ഷേപം നടത്താം. കുറഞ്ഞത് ഒരു തവണ എങ്കിലും ₹ 500 രൂപയുടെ നിക്ഷേപം നടത്തണം.

മാസത്തിൽ അഞ്ചാം (5th)  തീയതിക്ക് മുൻപ് നിക്ഷേപം നടത്തിയാൽ ആ മാസത്തെ പലിശ മുഴുവനായും  ലഭിക്കും.

PPF’ൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.

PPF അക്കൗണ്ട് എവിടെ തുടങ്ങും?

ഒരു അംഗീകൃത പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ ഇത് തുറക്കാൻ കഴിയും. SBI, ICICI പോലുള്ള ബാങ്കുകളിൽ PPF  അക്കൗണ്ട് തുറക്കാൻ സാധിക്കും.

ആർക്കാണ് PPF അക്കൗണ്ട് തുറക്കാൻ കഴിയുക?

ഏത് പ്രായത്തിലുമുള്ള വ്യക്തിക്കും ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ.

PPF നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

July 1, 2020 മുതൽ September 30, 2020 വരെ ഉള്ള കാലയളവിൽ 7.1% ആണ് പലിശ നിരക്ക്.

ഇതു എല്ലാ 3 മാസം കൂടുമ്പോഴും സർക്കാർ നിശ്ച്ചയിക്കും.

നികുതി കണക്കാക്കിയതിന് ശേഷം: PPF നിക്ഷേപവും പലിശക്കും നികുതി ഇല്ല. അത് കൊണ്ട് ഒരു രൂപ പോലും നികുതി കൊടുക്കേണ്ടി വരില്ല.

നമ്മൾ ബാങ്കിൽ ഫിക്സഡ് ടെപോസിറ്റ് (Fixed Deposit) ഇടുന്ന തുകക്ക് നികുതി കൊടുക്കണം.

നിങ്ങൾ 5 % നികുതി കൊടുക്കുന്ന ആൾ ആണെങ്കിൽ PPF നിന്നുള്ള 8% വരുമാനം കിട്ടണമെങ്കില്‍ ബാങ്ക് 8.4 % പലിശ തരണം

നിങ്ങൾ 20 % നികുതി കൊടുക്കുന്ന ആൾ ആണെങ്കിൽ PPF നിന്നുള്ള 8% വരുമാനം കിട്ടണമെങ്കില്‍ ബാങ്ക് 10 % പലിശ തരണം

നിങ്ങൾ 30 % നികുതി കൊടുക്കുന്ന ആൾ ആണെങ്കിൽ PPF നിന്നുള്ള 8% വരുമാനം കിട്ടണമെങ്കില്‍ ബാങ്ക് 11.4 % പലിശ തരണം.

മറ്റു നേട്ടങ്ങൾ

PPF  അക്കൗണ്ടും അതിന്റെ ബാലൻസും  ഒരു കോടതിക്കും ജപ്തി ചെയ്യാൻ അധികാരമില്ല, അതിനാൽ ഒരു കുടിശികയും അടയ്ക്കാൻ PPF അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എന്നാൽ ഈ നിയമം ആദായ നികുതിക്കു  (Income Tax) മാത്രം ബാധകം അല്ല. നികുതി പിടിക്കാൻ സർക്കാരിനു നിങ്ങളുടെ PPF അക്കൗണ്ട് പിടിച്ചുവെക്കാൻ സാധിക്കും.

PPF  നിക്ഷേപം വേണമോ ??

എൻ്റെ അഭിപ്രായത്തിൽ PPF ഒരു നല്ല നിക്ഷേപം ആണ്. നമ്മുടെ മൊത്ത സമ്പാദ്യത്തിൻ്റെ 10% വരെ PPF നിക്ഷേപം ആയി സൂക്ഷിക്കാം. ഇതു മൊത്തം നിക്ഷേപത്തെ വൈവിധ്യവൽക്കരിക്കാനും സഹായിക്കും.

മാർച്ച് മാസം ആദായ നികുതി ലാഭിക്കാൻ വേണ്ടി ഓടി നടക്കുമ്പോൾ ഓർക്കുക. PPF ആണ് ഏറ്റവും സുരക്ഷിതം. അതു പോലെ അടുത്ത കൊല്ലം നിറുത്തേണ്ടി വന്നാൽ ഒരു പിഴയും ഉണ്ടാവില്ല.








അടുത്ത ലേഖനം: സുകന്യ സമൃദ്ധി യോജന