ഏതു പദ്ധതിയിൽ നിക്ഷേപിക്കണം എത്ര രൂപ നിക്ഷേപിക്കണം എന്നൊക്കെയാണ് ഞാൻ ഈ വെബ്സൈറ്റിൽ കൂടുതൽ പറഞ്ഞിട്ടുള്ളത്. പക്ഷേ ഭൂരിഭാഗം ആൾക്കാരും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നത് കുറച്ച് അബദ്ധങ്ങളും കടങ്ങളും ഉണ്ടാക്കി വെച്ചതിനു ശേഷമാണ് . കടം തിരിച്ചടയ്ക്കാൻ വഴി ഇല്ലാത്തപ്പോൾ എന്തു നിക്ഷേപം എന്നാണ് ചിലരൊക്കെ എന്നോട് ചോദിച്ചത്. അതു കൊണ്ടാണ് നിലവിലുള്ള കടങ്ങൾ അടച്ചു തീർക്കുന്നത് എങ്ങനെ എന്ന ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്.
ആദ്യം എത്ര രൂപ കടം ഉണ്ട് എന്ന് കണക്കു കൂട്ടണം. ഏത് സ്ഥാപനത്തിൽ നിന്നാണ് കടം, എത്ര രൂപയാണ് കടം, എത്രയാണ് പലിശ നിരക്ക്, എത്രയാണ് മാസ അടവ് എന്നുള്ള ഒരു പട്ടിക തയ്യാറാക്കുക. താമസിക്കുന്ന വീടിനുള്ള ഭവന വായ്പ (ഹോം ലോൺ/ home loan) ഒഴികെയുള്ള എല്ലാ ലോണും ഈ കണക്കിൽ ഉൾപ്പെടുത്തണം. അതേ പോലെ തന്നെ സ്വർണ വായ്പ ക്രെഡിറ്റ് കാർഡ് കടങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. കൂട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് നിന്ന് വാങ്ങിയ കടങ്ങളും ഇതിൽ ഉൾപ്പെടുത്തണം.
മൊത്തം കടം എത്രയാണ് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഇവ അടച്ചു തീർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, എല്ലാ കടങ്ങളും ഏകോപിപ്പിക്കുക എന്നതാണ്. എന്നു വെച്ചാൽ മുഴുവൻ തുകയും ചേർത്ത് ഒരു വലിയ ലോൺ എവിടെ നിന്നെങ്കിലും എടുത്തു ബാക്കി എല്ലാ കടങ്ങളും അടയ്ക്കുക. ഇങ്ങനെ ചെയ്യാൻ സാധിച്ചാൽ ഉള്ള ഗുണം എന്താണെന്ന് വെച്ചു കഴിഞ്ഞാൽ മാസമുള്ള അടവ് ഒരു സ്ഥലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. പല സ്ഥലങ്ങളിൽ നിന്നുള്ള കടക്കാരുടെ ഫോൺ വിളിയും ഭീഷണിയും എല്ലാം ഒഴിവാക്കാം. നീണ്ട കാലാവധിക്ക് ന്യായമായ നിരക്കിലുള്ള ലോൺ ആണ് കിട്ടുന്നതെങ്കിൽ മാസ അടവ് കുറയുകയും ചെയ്യും. ഭവന വായ്പ ടോപ്പ് അപ്പ് (home loan top up) ആണ് ഇതിന് ഏറ്റവും നല്ലത്. പക്ഷേ കടം കയറി നിൽക്കുന്ന ആൾക്കാർക്ക് ഇങ്ങനെ ഒരു ലോൺ ന്യായമായ ഒരു പലിശ നിരക്കിൽ ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഇതിന് വേണ്ടി ബ്ലേഡ് പലിശക്കാരുടെ അടുത്തു നിന്ന് കടം വാങ്ങിയിട്ട് കാര്യമില്ല. കുറഞ്ഞ പലിശ നിരക്കിൽ ലോൺ കിട്ടുമെങ്കിൽ മാത്രമേ ഈ പദ്ധതി നടത്തേണ്ട കാര്യമുള്ളൂ.
കടം അടച്ചു തീർക്കാൻ നല്ലത് എന്ന് പറയപ്പെടുന്ന രണ്ടു മാർഗ്ഗങ്ങളുണ്ട്. ഇവ രണ്ടും ഞാൻ താഴെ വിശദീകരിക്കാം. നിങ്ങൾക്ക് സാധിക്കും എന്ന് തോന്നുന്ന മാർഗ്ഗം തിരഞ്ഞെടുക്കാം. വിശദീകരിക്കാൻ എളുപ്പത്തിനു വേണ്ടി താഴെ കൊടുത്തിരിക്കുന്നതാണ് നിങ്ങളുടെ കടങ്ങൾ എന്ന് വിചാരിക്കുക.
കടം വാങ്ങിയ തുക | പലിശ നിരക്ക് | മാസ അടവ് | സ്ഥാപനം |
5,000 | 10% | 500 | ജോസ് ചേട്ടൻ |
20,000 | 15% | 1,500 | ക്രെഡിറ്റ് കാർഡ് |
1,00,000 | 8% | 3,000 | കാർ ലോൺ |
5,00,000 | 20 % | 15,000 | പേഴ്സണൽ ലോൺ |
ആദ്യത്തെ മാർഗ്ഗം ഏറ്റവും കുറഞ്ഞ തുകയുടെ കടം ആദ്യം അടച്ചു തീർക്കുക എന്നുള്ളതാണ്. ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നതെങ്കിൽ ഏറ്റവും കുറവുള്ള 5,000 രൂപയുടെ കടം ആദ്യം അടച്ചു തീർക്കും. അതിനു ശേഷം 20,000 രൂപയുടെ ക്രെഡിറ്റ് കാർഡ് കടവും പിന്നെ ഒരു ലക്ഷം രൂപയുടെ കാർ ലോൺ അതിനുശേഷം അഞ്ച് ലക്ഷം രൂപയുടെ പേഴ്സണൽ ലോണും അടയ്ക്കാൻ ശ്രമിക്കും. ഈ മാർഗ്ഗത്തിൻ്റെ ഗുണം എന്താണെന്ന് വെച്ചു കഴിഞ്ഞാൽ ചെറിയ കടങ്ങൾ പെട്ടെന്ന് അടഞ്ഞു തീരുന്ന കാരണം ലഭിക്കുന്ന മാനസിക സംതൃപ്തിയാണ്. കടങ്ങളുടെ എണ്ണം കുറയുന്നത് കാരണം ലഭിക്കുന്ന സംതൃപ്തി നമ്മളെ കടങ്ങൾ അടച്ചു തീർക്കാൻ ഉള്ള മാർഗ്ഗത്തിൽ തുടരാൻ പ്രേരിപ്പിക്കും. ഇതിൻ്റെ മോശം വശം എന്താണെന്നു വെച്ചാൽ നമ്മൾ പലിശ കൂടുതൽ ഉള്ള കടം അല്ല ആദ്യം അടയ്ക്കുന്നത്. അതു കൊണ്ട് പലിശയിനത്തിൽ ലാഭം അടുത്തതായി പറയുന്ന രീതിയാണ്.
ഈ രീതിയിൽ കൂടുതൽ പലിശയുള്ള കടം ആദ്യം അടച്ചു തീർക്കാൻ ശ്രമിക്കും. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് 20% പലിശയുള്ള പേഴ്സണൽ ലോൺ ആയിരിക്കും ആദ്യം അടയ്ക്കുക. അതിനു ശേഷം 15% പലിശയുള്ള ക്രെഡിറ്റ് കാർഡ് കടവും പിന്നെ 10 ശതമാനത്തിന് വാങ്ങിയ ജോസ് ചേട്ടൻ്റെ കടവും അതിനു ശേഷം മാത്രം 8% പലിശയുള്ള കാർ ലോണും അടയ്ക്കാൻ ശ്രമിക്കും. ഈ ഉദാഹരണത്തിൽ 20 ശതമാനം പലിശ ഉള്ള കടം അഞ്ച് ലക്ഷം രൂപയാണ്. അതു കൊണ്ട് അത് അടച്ചു തീർക്കാൻ ചിലപ്പോൾ വർഷങ്ങളെടുക്കും. മാസങ്ങളോളം കടങ്ങൾ അടയ്ക്കാൻ ശ്രമിച്ചിട്ടും ഒന്നും തീരുന്നില്ല എന്നൊരു തോന്നൽ ചിലരെ നിരുത്സാഹപ്പെടുത്തും.
രണ്ടാമത് പറഞ്ഞ രീതിയിൽ പലിശ കൂടുതൽ ഉള്ള കടം ആദ്യം അടക്കുന്നതു കൊണ്ട് പലിശയിനത്തിൽ കുറെ പണം ലാഭിക്കാൻ സാധിക്കും. മൊത്തം കടം ആദ്യം അടഞ്ഞു തീരുന്നതും രണ്ടാമത് പറഞ്ഞ രീതിയിൽ കൂടിയാണ്. നല്ല അച്ചടക്കത്തോടെ കടം തിരിച്ചടയ്ക്കാൻ ശ്രമിക്കാം എന്നുണ്ടെങ്കിൽ രണ്ടാമത്തെ രീതിയാണ് ലാഭം.
പദ്ധതി ഒക്കെ കൊള്ളാം പക്ഷേ തിരിച്ചടയ്ക്കാൻ പണം വേണ്ടേ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ഒരു കാര്യം മനസ്സിലാക്കിയാൽ കടം അടയ്ക്കാനുള്ള പണം നിലവിലുള്ള വരുമാനത്തിൽ നിന്ന് കണ്ടെത്താൻ പറ്റും. കടം വീട്ടേണ്ടത് ഒരു അത്യാവശ്യം ആണ് എന്നുള്ളത് ആദ്യം മനസ്സിൽ ഉറപ്പിക്കുക. കാരണം കടം ബാക്കിയുള്ളപ്പോൾ നിങ്ങൾക്ക് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പണമോ അല്ലെങ്കിൽ താല്പര്യമില്ലാത്ത ജോലിയിൽ നിന്ന് രാജി വെക്കാനോ ഉള്ള സ്വാതന്ത്ര്യമോ ഇല്ല. നിങ്ങളുടെ മാസ വരുമാനത്തിൻ്റെ നല്ല ഒരു ശതമാനം കടങ്ങൾ തിരിച്ചടയ്ക്കാനായി ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ജോലിക്ക് അടിമയാണ്. ഈ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ എത്രയും പെട്ടെന്ന് കടത്തിൽ നിന്ന് കരകയറിയേ പറ്റൂ.
ആദ്യം ചെയ്യേണ്ട കാര്യം ചെലവ് ചുരുക്കുക എന്നതാണ്. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാൻ ഇല്ലെങ്കിൽ പിന്നെ പുറത്തു നിന്ന് കാപ്പി കുടിക്കുന്നതും വിലകൂടിയ തുണികൾ വാങ്ങുന്നതും ഉല്ലാസയാത്രയ്ക്ക് പോകുന്നതും എല്ലാം ആർഭാടം ആണ്. അതേ പോലെ തന്നെ അടച്ചുതീർക്കാൻ കടങ്ങൾ ബാക്കിയുള്ളപ്പോൾ ബാങ്ക് ലോക്കറിൽ സ്വർണം സൂക്ഷിക്കുന്നതും ശുദ്ധ മണ്ടത്തരമാണ്. വിൽക്കാൻ സാധിക്കുന്നത് എല്ലാം ഉടനെ വിറ്റ് കടകൾ അടച്ചു തീർക്കാൻ ശ്രമിക്കുക. കാശ് കിട്ടുവാൻ ഉള്ളവർ നമ്മളെ അന്വേഷിച്ചു നടക്കുന്നുണ്ടെങ്കിൽ മുറ്റത്ത് കിടക്കുന്ന കാറും വീട്ടിലിരിക്കുന്ന ഫ്ലാറ്റ് സ്ക്രീൻ ടിവിയും എല്ലാം ആഡംബരം ആണ്. ഇങ്ങനെ വിൽക്കുന്നത് അഭിമാനത്തിന് കുറവാണ് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ അത് ദുരഭിമാനം ആണ് എന്ന് ആദ്യം തിരിച്ചറിയുക. കടം തിരികെ വാങ്ങാനായി വീട്ടിൽ ആളുകൾ വരുന്നത് ഇതിലും വലിയ നാണക്കേടാണ്.
കടം കേറാനുള്ള കാരണം നമ്മൾ ചില അബദ്ധങ്ങൾ കാണിച്ചു എന്നതാണ് എന്ന് ആദ്യം അംഗീകരിക്കുക. കടത്തിൽ എത്താനുള്ള പ്രധാന കാരണം വരവിൽ കൂടുതൽ ചെലവാക്കി എന്നുള്ളതാണ്. അല്ലെങ്കിൽ ഇൻഷുറൻസ് എടുക്കാതെ ചെറിയ ലാഭത്തിനു വേണ്ടി വലിയ നഷ്ടം വരുത്തി വെച്ചു എന്നുള്ളത്. അബദ്ധങ്ങൾ പറ്റാത്ത മനുഷ്യരില്ല. അവ അബദ്ധങ്ങളാണ് എന്ന് സമ്മതിച്ച് അവ തിരുത്താനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതം മുന്നോട്ടു പുരോഗമിക്കുന്നത്. മഹാനായ എനിക്ക് അബദ്ധങ്ങൾ ഒന്നും പറ്റില്ല എന്ന ദുരഭിമാനം കളഞ്ഞില്ലെങ്കിൽ കുഴിയുടെ ആഴം കൂടുകയേ ഉള്ളൂ. അത് കൊണ്ട് കഠിനമായി ശ്രമിച്ച് എല്ലാ കടങ്ങളും എത്രയും വേഗം അടച്ചു തീർത്തിട്ടു സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര എത്രയും പെട്ടെന്ന് ആരംഭിക്കുക.