“ഒഴിവാക്കേണ്ട കാര്യങ്ങൾ”
ലൈഫ് ഇൻഷുറൻസ് എടുത്തു വയ്ക്കേണ്ട പോലെ തന്നെ ചെയ്യേണ്ട കാര്യമാണ് വിൽപ്പത്രം എഴുതി വയ്ക്കുന്നതും. എൻ്റെ ജീവിതത്തിൽ രണ്ടു തവണ വിൽ പത്രത്തിൻ്റെ ആവശ്യകത ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
ഒന്ന് എൻ്റെ ബന്ധുവീട്ടിൽ ആണ്. അച്ഛനും അമ്മയും വിൽപത്രം എഴുതി വയ്ക്കാത്ത കാരണം അവരുടെ മരണശേഷം സ്വത്തുക്കൾ ഭാഗം വെക്കുവാനായി മക്കൾ തമ്മിൽ വലിയ അടിയായി. വർഷങ്ങൾ ഏറെ കഴിഞ്ഞു എങ്കിലും ഇപ്പോഴും ചില സഹോദരങ്ങൾ പരസ്പരം സംസാരിക്കുവാൻ മടിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി സ്വത്തുക്കൾ ഒരുപാട് ഉണ്ടാക്കിയെങ്കിലും വിൽപത്രം എഴുതാത്ത കാരണം അത് കുടുംബത്തെ തകരാറിലാക്കി.
മറ്റൊന്ന് എൻ്റെ സുഹൃത്തിൻ്റെ അച്ഛൻ മരിച്ചതിനു ശേഷം അവർക്ക് വന്ന ബുദ്ധിമുട്ടുകളാണ്. അദ്ദേഹം വിവാഹത്തിനു മുൻപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ആയിരുന്നു മിക്കതും. അതുകൊണ്ട് അക്കൗണ്ട് തുടങ്ങിയപ്പോൾ ഭാര്യയെയോ മക്കളെയോ അവകാശികൾ ആയി നോമിനേറ്റ് ചെയ്തിട്ടുണ്ടായില്ല. പിന്നീട് നോമിനി കൂട്ടിച്ചേർക്കാൻ മറന്നു പോയി. ഒരുപാട് സ്വത്തുള്ള കുടുംബത്തിൻ്റെ എല്ലാ ബാങ്ക് അക്കൗണ്ടും അങ്ങനെ മരവിച്ചു പോയി. ഇതു പിന്നെ ഭാര്യയുടെയും മക്കളുടെയും പേരിലാക്കാൻ ഒരുപാട് കാലത്തെ പ്രയത്നം വേണ്ടി വന്നു. വിൽപത്രം ഇല്ലാത്ത കാരണം വേറെ അവകാശികൾ ഇല്ല എന്ന് തെളിയിക്കുവാൻ വേണ്ടി പത്രത്തിൽ പരസ്യം വരെ കൊടുക്കേണ്ടി വന്നു.
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി അവകാശികളും സ്വത്തുക്കളും ഉള്ള എല്ലാവരും വിൽപത്രം എഴുതി വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് എല്ലാ അക്കൗണ്ടുകളിലും നോമിനി ഉണ്ടെന്ന് എങ്കിലും ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്വത്തുക്കളും സമ്പാദ്യവും നമ്മൾ കൊടുക്കുവാൻ ഉദ്ദേശിച്ച ആൾക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്താൻ പറ്റില്ല.
അടുത്ത ലേഖനം: കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത്