മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഒരു ചെറിയ തോതിൽ മ്യൂച്ചൽ ഫണ്ട് കമ്പനികളെയും മ്യൂച്ചൽ ഫണ്ട് മാനേജർമാരെയും കുറിച്ചുള്ള വാർത്തകൾ നമ്മൾ ശ്രദ്ധിക്കണം. കാരണം ചില സമയത്ത് ഫണ്ട് മാനേജർമാർ മാറിയാൽ ഫണ്ടിൻ്റെ പെർഫോമൻസ് വളരെ മോശമാകും. അതേ പോലെ തന്നെ കമ്പനികളും മ്യൂച്ചൽ ഫണ്ടിൻ്റെ ഫീസ് കൂട്ടി നമ്മുടെ വരുമാനത്തിൽ കുറവുണ്ടാകും. ബഹുഭൂരിപക്ഷം ആൾക്കാർക്കും ഈ വാർത്തകൾ എല്ലാ കാലവും നോക്കിയിരിക്കാൻ സാധിക്കുകയില്ല.
ഇതിനൊരു പരിഹാരമാണ് ETF ഫണ്ടുകൾ. ഒരു ഇൻഡക്സ് അഥവാ സൂചികയിലുള്ള ഓഹരികൾ അതേ അനുപാതത്തിൽ വാങ്ങി സൂക്ഷിക്കുന്ന ഒരു ഫണ്ടാണ് ETF. ഇതിൽ ഫണ്ട് മാനേജർക്ക് വലിയ റോൾ ഒന്നുമില്ല. സെൻസെക്സ്(SENSEX) ഫോളോ(follow) ചെയ്യുന്ന ETF ആണെങ്കിൽ സെൻസെക്സിൽ ഉള്ള എല്ലാ സ്റ്റോക്കും അതേ അനുപാതത്തിൽ വാങ്ങി സൂക്ഷിക്കുന്നു. ഒരു സ്റ്റോക്ക് സെൻസെക്സിൽ നിന്ന് പോകുമ്പോൾ അതു വിറ്റ് പുതുതായി ചേർത്ത സ്റ്റോക്ക് വാങ്ങുന്നു. അപ്പോൾ ഇത്തരം ETF’ ൽ ഫണ്ട് മാനേജർക്കോ കമ്പനികൾക്കോ വലിയ റോളില്ല. ഫീസും വളരെ കുറവായിരിക്കും. കാരണം ഒരു ഓഹരിയെ കുറിച്ചും റിസർച്ച് നടത്തേണ്ട കാര്യമില്ലല്ലോ.
NIFTY 500 ഇൻഡക്സ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) ഉള്ള ഏറ്റവും വലിയ 500 കമ്പനികളുടെ ശേഖരമാണ്. NIFTY 500 ETF ഈ 500 കമ്പനികളിൽ അവയുടെ മാർക്കറ്റ് വാല്യുവിൻ്റെ അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന ഫണ്ടാണ്. ഓഹരി വിപണിയിലുള്ള ഏതാണ്ട് 90% കമ്പനികളും ഈ ഇൻഡക്സിൽ വരും. ഇന്ത്യ മൊത്തത്തിൽ വളരും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ NIFTY 500 ETF വളരെ നല്ല ഒരു നിക്ഷേപമാർഗമാണ് എന്ന് എനിക്ക് തോന്നുന്നു. ഇതിൻ്റെ ചുരുങ്ങിയ ഫീസുകൾ ഒരു മ്യൂച്ചൽ ഫണ്ടിനേക്കാൾ വളരെ കുറവാണ്. അതു കൊണ്ട് വളർച്ച ഒരു ശതമാനം കുറഞ്ഞാലും അത് ലാഭത്തിൽ കുറയില്ല. അതേ പോലെ ഫണ്ട് മാനേജറെയും കമ്പനിയെയും കുറിച്ചുള്ള വാർത്തകൾ ഫോളോ ചെയ്യേണ്ട. പത്തോ ഇരുപതോ കൊല്ലത്തെ നീണ്ട കാലാവധിക്ക് നിക്ഷേപം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ NIFTY 500 ETF വളരെ നല്ല ഉപാധിയാണ്.
ഏതാണ്ട് എല്ലാ മ്യൂച്ചൽ ഫണ്ട് കമ്പനികളും NIFTY 500 ETF ഫണ്ടുകൾ നടത്തുന്നുണ്ട്. ഒരു കമ്പനിയിൽ നിന്നും മാത്രം വാങ്ങാതെ മൂന്ന് കമ്പനികളിൽ നിന്നായി വാങ്ങാൻ ശ്രമിക്കുക. അപ്പോൾ അക്കൗണ്ട് ലോക്ക്(lock) ആവുകയോ അല്ലെങ്കിൽ ഹാക്ക്(hack) ചെയ്യപ്പെടുകയോ അല്ലെങ്കിൽ കമ്പനിക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചാലോ നിങ്ങളുടെ മൊത്തം പണവും ഒറ്റയടിക്ക് ലോക്ക് ആവുകയില്ല.