മ്യൂച്വൽ ഫണ്ട് (Mutual Funds)

എന്താണ് മ്യൂച്വൽ ഫണ്ട്?

നിങ്ങളുടെ പണം വേറെ നിക്ഷേപകരുടെ പണവുമായി കൂട്ടിച്ചേർത്തു ആ തുക കൊണ്ട് ഓഹരികളും ബോണ്ടുകളും മറ്റു നിക്ഷേപങ്ങളും നടത്തുന്ന ഒരു നിക്ഷേപ വാഹനമാണ് മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടിൽ ഉള്ള എല്ലാ നിക്ഷേപങ്ങളുടെയും ശേഖരത്തെ പോർട്ട്ഫോളിയോ എന്ന് വിളിക്കും. സാധാരണ ഒരു പോർട്ട്ഫോളിയൊ മാനേജർ ആണ് മ്യൂച്വൽ ഫണ്ട് നടത്തുന്നത്. മ്യൂച്വൽ ഫണ്ടുകൾക്കു ഒരു ചെറിയ ശതമാനം ഫീസ് (നടത്തിപ്പ് ചെലവിനായി) ഉണ്ടാകും.

വിവിധ തരം മ്യൂച്ചൽ ഫണ്ടുകൾ വിപണയിൽ ഉണ്ട് : ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്നവ, നികുതി ലാഭിക്കാൻ ഉള്ളവ എന്നിങ്ങനെ.

മികച്ച ഫണ്ട് തിരഞ്ഞെടുക്കാൻ ഫണ്ടിനെ കുറിച്ച് നന്നായി പഠിക്കണം. കുറഞ്ഞത് പത്ത് വർഷം എങ്കിലും നല്ല പ്രകടനം കാഴ്ചവച്ച ഫണ്ടുകൾ മാത്രം പരിഗണിച്ചാൽ മതി. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനെ കുറിച്ച് പഠിക്കാനും നല്ല ഫണ്ടുകൾ തിരഞ്ഞെടുക്കാനും ഈ ലേഖനം വായിക്കുക: ഒരു നല്ല മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം?

മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ ഇവയാണ്:

പ്രൊഫഷണൽ മാനേജർ (Professional Manager) : സ്വന്തമായി ഒരു പ്രൊഫഷണൽ മാനേജരെ നിയമിക്കണമെങ്കിൽ സാധാരണ വേണ്ട ഏറ്റവും കുറഞ്ഞ തുക ഇരുപതു ലക്ഷവും അതിനു മുകളിലേക്കും ആണ്. അപ്പോൾ ഒരു സാധാരണ നിക്ഷേപകന് പ്രൊഫഷണൽ മാനേജർ  വേണം എങ്കിൽ മ്യൂച്വൽ ഫണ്ടാണ് വഴി.

നിക്ഷേപത്തിലെ  വൈവിധ്യം: ഒരു കമ്പനിയിലെ ഓഹരി മാത്രം വാങ്ങുമ്പോൾ നഷ്ടത്തിനുള്ള സാധ്യത വളരെ അധികം ആണ്. അപ്പോൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല കമ്പനികളുടെ ഓഹരി വാങ്ങണം. പക്ഷേ ഇതിനു ഒരുപാട് പണം വേണം. ചില മികച്ച കമ്പനികളുടെ ഓഹരികൾക്ക് ₹20,000’തിന് മുകളിൽ ആണ് വില. അപ്പോൾ മാസം രണ്ടായിരവും മൂവ്വായിരവും നിക്ഷേപിക്കുന്നവർക്ക്‌ ഇവ വാങ്ങാൻ സാധിക്കില്ല. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ കുറേ നിക്ഷേപകർ ഉള്ളത് കാരണം ഫണ്ടിന് ഇവ വാങ്ങാൻ കഴിയും.

ദ്രവ്യത (Liquidity): മ്യൂച്വൽ ഫണ്ടുകൾ എപ്പോൾ വേണമെങ്കിലും വാങ്ങാനും വിൽക്കാനും കഴിയും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രൂപ അക്കൗണ്ടിൽ വരുകയും ചെയ്യും.

നിക്ഷേപം വളരാൻ ഉള്ള സാധ്യത : ഇന്ത്യ വികസിച്ചു വരുന്ന ഒരു രാജ്യമാണ്. വളരുന്ന സമ്പദ്വ്യവസ്ഥ ഉള്ളപ്പോൾ പൊതുവേ  ഓഹരി വിപണി നിക്ഷേപങ്ങൾ വളരെ നല്ല വളർച്ച കാഴ്ചവെക്കും. ഈ വളർച്ചയിൽ പങ്കുചേരാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം മ്യൂച്വൽ ഫണ്ടാണ്. 2013 മുതൽ 2017 വരെ ഉള്ള 5 വർഷകാലത്തു വിപണിയിലെ മികച്ച മ്യൂച്വൽ ഫണ്ടുകൾ 15% നിക്ഷേപ വളർച്ച കാണിച്ചു. ഈ കാലയളവിലെ ഏറ്റവും നല്ല നിക്ഷേപമാർഗം മ്യൂച്വൽ ഫണ്ടുകൾ ആയിരുന്നു.

പ്രത്യേക ശ്രദ്ധക്ക് : കഴിഞ്ഞ കാല പ്രകടനം ഭാവിയിലെ പ്രകടനത്തിന് ഒരു ഗ്യാരന്റി അല്ല. എങ്കിലും 10 വർഷത്തിനു മുകളിലേക്കുള്ള എല്ലാ നിക്ഷേപ മാർഗ്ഗങ്ങളും താരതമ്യം ചെയ്താൽ മ്യൂച്വൽ ഫണ്ടുകൾ ആണ് ഏറ്റവും നല്ല വളർച്ച തരാൻ സാധ്യത.


നെറ്റ് അസറ്റ് മൂല്യം (Net Asset Value or  NAV )

ഒരു പുതിയ മ്യൂച്വൽ ഫണ്ട് തുടങ്ങുമ്പോൾ അതിൻ്റെ യൂണിറ്റുകൾ ഒരു  പ്രാഥമിക വില ഇട്ടു വിൽക്കും. സാധാരണ 10 ആണ് വില. ഇങ്ങനെ പിരിഞ്ഞു കിട്ടുന്ന തുക കൊണ്ട് ഓഹരികളും മറ്റു നിക്ഷേപവും വാങ്ങിക്കും. ഈ നിക്ഷേപങ്ങളുടെ വില കൂടുന്നതനുസരിച്ചു ഓരോ യൂണിറ്റിനും വില കൂടും. ഒരു യൂണിറ്റിന് ഓരോ ദിവസവും ഉള്ള വില ആണ് NAV.

ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാൽ ₹15 രൂപ NAV ഉള്ള മ്യൂച്വൽ ഫണ്ട്  ₹1500 രൂപ NAV ഉള്ള മ്യൂച്വൽ ഫണ്ടിനെക്കാൾ ലാഭം അല്ല. NAV കുറവുള്ള ഫണ്ടിൽ വാങ്ങിയ നിക്ഷേപങ്ങക്ക് കൂടുതൽ ഉള്ള ഫണ്ടിലെ നിക്ഷേപങ്ങളെക്കാളും വില കുറവാണ് എന്ന് മാത്രം. സാധാരണ ഓരോ കൊല്ലം കഴിയും തോറും NAV കൂടി കൂടി വരും. മ്യൂച്വൽ ഫണ്ടിന്റെ പോർട്ട്ഫോളിയോയിൽ  ഉള്ള നിക്ഷേപങ്ങളുടെ മൂല്യം കൂടുന്നത് കൊണ്ടാണ് ഇതു. അതുകൊണ്ടു ₹15 രൂപ NAV ഉള്ള മ്യൂച്വൽ ഫണ്ട് വാങ്ങിയാൽ ₹1500 രൂപ NAV ഉള്ള മ്യൂച്വൽ ഫണ്ടിനെക്കാൾ കൂടുതൽ വളർച്ച ഉണ്ടാവണം എന്നില്ല.

എന്താണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാലാവധി?

പൊതുവേ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു കാലാവധി ഇല്ല. എപ്പോൾ വേണമെങ്കിലും വിൽക്കാനും വാങ്ങാനും കഴിയും. പക്ഷേ ചില ഫണ്ടുകൾക്ക് ലോക്ക് ഇൻ (lock in) പീരീഡ് ഉണ്ടാകും. അങ്ങനെ ഉണ്ടെങ്കിൽ അത് കഴിഞ്ഞു മാത്രമേ വിൽക്കാൻ പറ്റൂ.

എത്രയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഇത് ഓരോ ഫണ്ടിനും ഓരോ തുക ആണ്. മ്യൂച്വൽ  ഫണ്ട് വെബ്‌സൈറ്റിൽ വളരെ കൃത്യം ആയി വിവരം ഉണ്ടാകും. മിക്ക ഫണ്ടുകളും 1000 രൂപയുടെ മാസ നിക്ഷേപം സമ്മതിക്കും.

മ്യൂച്വൽ ഫണ്ടിൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

എത്ര തവണ വേണമെങ്കിലും നടത്താം. ഒറ്റ തവണ പോലും നടത്തിയില്ലെങ്കിലും കുഴപ്പമില്ല.

മ്യൂച്വൽ ഫണ്ട്’ൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

ഇതിന് നിയന്ത്രണങ്ങൾ ഇല്ല.

മ്യൂച്വൽ ഫണ്ട് എങ്ങനെ വാങ്ങും?

ഡീമാറ്റ് അക്കൗണ്ട് വഴിയോ ഏജന്റ്മാർ വഴിയോ ബാങ്കിൽ നിന്നോ മ്യൂച്വൽ ഫണ്ട് കമ്പനി വെബ്‌സൈറ്റിൽ നിന്ന് നേരിട്ടോ വാങ്ങാം. മ്യൂച്വൽ ഫണ്ട് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഡയറക്റ്റ് പ്ലാൻ (Direct Plan ) വാങ്ങാൻ പറ്റും. Direct  Plan വാങ്ങിയാൽ ഫീസ് കുറവായിരിക്കും. ഡീമാറ്റ് അക്കൗണ്ടും ഏജന്റുമാരും വഴി വാങ്ങുമ്പോൾ റെഗുലർ പ്ലാൻ (Regular Plan) ആണ് കിട്ടുക. ഇവക്ക് കമ്മീഷൻ ഉള്ളതിനാല്‍ ഫീസ് കൂടും.

മ്യൂച്വൽ ഫണ്ട് വാങ്ങുമ്പോൾ ഒറ്റ നിക്ഷേപം നടത്താതെ മാസം മാസം നിശ്ചിത തുക ആയി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇങ്ങനെ തവണകൾ ആയി അടക്കുന്നതിനെ വ്യവസ്ഥാപിത നിക്ഷേപ പദ്ധതി (Systematic Investment Plan or SIP)  എന്ന്‌ പറയും. ഓഹരി വിപണി എപ്പോൾ പൊങ്ങുമെന്നും താഴുമെന്നും ആർക്കും പറയാൻ പറ്റില്ല. പറ്റുമായിരുന്നുവെങ്കിൽ കോടീശ്വരന്മാർ ഒരുപാട് ഉണ്ടായേനെ. അത് കൊണ്ട് ഒറ്റ നിക്ഷേപം നടത്തി അടുത്ത മാസം ഓഹരി വിപണി 50% ഇടിഞ്ഞാൽ വൻ നഷ്ടം സംഭവിക്കും. അത്  കൊണ്ട് SIP ആയി മാസം മാസം വാങ്ങിയാൽ ശരാശരി വിലക്കു കിട്ടും (അക്കൗണ്ടിലുള്ള ഫണ്ടിൻ്റെ NAV).

ആർക്കാണ് മ്യൂച്വൽ ഫണ്ട് വാങ്ങാൻ കഴിയുക?

പാൻ കാർഡും (PAN Card), ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉള്ള എല്ലാവർക്കും വാങ്ങാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

നമുക്ക് മ്യൂച്വൽ ഫണ്ട് വരുമാനം പ്രവചിക്കാൻ കഴിയില്ല. നിശ്ചിത നിരക്ക് ഇല്ല. പക്ഷേ ഇന്ത്യ വളരും തോറും ഓഹരി വിപണി വളരും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ അതിനനുസരിച്ച് വളരും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലും ഏറ്റവും അധികം വളർച്ച ഉണ്ടായിട്ടുള്ളത് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കാളും ബാങ്ക് ഡെപ്പോസിറ്റുകളേക്കാളും എല്ലാം അധികം നിക്ഷേപങ്ങൾ വളർന്നത് മ്യൂച്വൽ ഫണ്ട്  വഴിയാണ്.

നികുതി കണക്കാക്കിയതിന് ശേഷം:

2018 – 2019  നിരക്കുകൾ

ഓഹരി അധിഷ്ഠിത ഫണ്ട് വാങ്ങിയതിന് ശേഷം 12 മാസത്തിനുള്ളിൽ വിറ്റാൽ അത് ഹ്രസ്വകാല മൂലധന നേട്ടം (Short Term Capital Gains) ആണ്. ഇതിന് നികുതി നിരക്ക് 15 % ആണ്. 12 മാസത്തിനു ശേഷം വിറ്റാൽ അത് ദീർഘകാല മൂലധന നേട്ടം (Long Term Capital Gains or LTCG ) ആണ്. ഇതിന് നികുതി നിരക്ക് 10 % ആണ്. നിലവിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ഇന്ഡക്സേഷൻ (indexation) സാധ്യമല്ല.

ഓഹരി അധിഷ്ഠിതമല്ലാത്ത ഫണ്ടുകൾ (ഉദാഹരണത്തിന് ബോണ്ട് അധിഷ്ഠിത ഫണ്ട്) 36 മാസത്തിനുള്ളിൽ വിറ്റാൽ അത് ഹ്രസ്വകാല മൂലധന നേട്ടം (Short Term Capital Gains) ആണ്. 36 മാസത്തിനു ശേഷം വിറ്റാൽ അത് ദീർഘകാല മൂലധന നേട്ടം (Long Term Capital Gains or LTCG ) ആണ്. ഹ്രസ്വകാല മൂലധന നേട്ടം (Short Term Capital Gains) നിങ്ങളുടെ മറ്റു വരുമാനത്തിന്റെ കൂടെ കൂട്ടി ആദായ നികുതി നിരക്കിൽ നികുതി കൊടുക്കേണ്ടി വരും. ദീർഘകാല മൂലധന നേട്ടത്തിന് (Long Term Capital Gains or LTCG ) ഇന്ഡക്സേഷന്(indexation) ശേഷം 20% ആണ് നികുതി നിരക്ക്.

ഇന്ഡക്സേഷൻ (indexation) എന്ന് പറഞ്ഞാൽ സർക്കാർ പ്രഖ്യാപിച്ച പണപ്പെരുപ്പ നിരക്കു വച്ചു ലാഭം കണക്കു കൂട്ടുന്നതാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

ഒരോ മ്യൂച്വൽ ഫണ്ടിനും വ്യത്യസ്തമായ ഫീസ് ആണ്. ഇത് എക്സ്പെൻസ്  റേഷ്യോ (expense ratio) എന്നാണ് അറിയപ്പെടുന്നത്. ഒരേ പോലെ പ്രകടനം കാഴ്ചവയ്ക്കുന്ന ഫണ്ടുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കണം എങ്കിൽ ഫീസ് കുറഞ്ഞ ഫണ്ട് തിരഞ്ഞെടുക്കക.

മ്യൂച്വൽ ഫണ്ട് നിക്ഷേപം വേണമോ ??

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ വളർച്ചാ സാധ്യത വളരെ കൂടുതൽ ആണ്. അത് കൊണ്ട് എല്ലാ ദീർഘകാല ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള നിക്ഷേപങ്ങളുടെ ഒരു നല്ല ശതമാനം മ്യൂച്വൽ ഫണ്ടുകളിൽ വേണം നിക്ഷേപിക്കാൻ.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.

അടുത്ത ലേഖനം: മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ കൂട്ടുപലിശ തരുന്നു






Leave a Reply

Your email address will not be published. Required fields are marked *