മ്യൂച്വൽ ഫണ്ട് മറ്റു നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഓരോ കൊല്ലവും ഇത്ര ശതമാനം പലിശ തരും എന്ന വാഗ്ദാനം ഒരു മ്യൂച്വൽ ഫണ്ടും തരില്ല. ഉദാഹരണത്തിന് ഒരു ബാങ്ക് ഫിക്സഡ് (fixed) ടെപോസിറ്റ് പലിശ നിരക്ക് ആദ്യമേ ഉറപ്പു തരും.
അപ്പോൾ കഴിഞ്ഞ 10 വർഷക്കാലത്ത് മ്യൂച്വൽ ഫണ്ടുകൾ 15 ശതമാനം മടക്കി നൽകി എന്നൊക്കെ ആളുകൾ പറയുന്നത് എന്തുകൊണ്ടാണ്? ഇതു വരുമാനത്തിൻ്റെ വാർഷിക നിരക്ക് ആണ്. എന്ന് വച്ചാൽ ഈ ഉദാഹരണത്തിൽ, 10 കൊല്ലം മുൻപ് ഒരു രൂപ നിക്ഷേപിച്ചാൽ എത്ര ശതമാനം കൂട്ടുപലിശ കിട്ടിയാലാണ് ഇന്നത്തെ വില കിട്ടുക എന്നതാണ് മ്യൂച്വൽ ഫണ്ട് വരുമാനത്തിൻ്റെ വാർഷിക നിരക്ക്.
ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ വർഷവും പലിശ എടുത്ത് മുതൽ തിരിച്ചു നിക്ഷേപിക്കാൻ പറ്റുന്ന ഒരു നിക്ഷേപ മാർഗ്ഗം അല്ല മ്യൂച്വൽ ഫണ്ട് എന്നാണ്.
HDFC Top 100 ഫണ്ടിൻ്റെ അഞ്ചു വർഷത്തെ പ്രകടനം നോക്കാം.
വർഷം | % വളർച്ച | 2013’ൽ നിക്ഷേപിച്ച 100 രൂപയുടെ വളർച്ച |
2013 | 4.05 | 104.05 |
2014 | 46.52 | 152.45 |
2015 | -6.09 | 143.17 |
2016 | 8.52 | 155.37 |
2017 | 31.97 | 205.04 |
ഈ ഫണ്ടിൻ്റെ 5 വർഷത്തെ വാർഷിക വരുമാന നിരക്ക് ഏകദേശം 15.4% ആണ്. എന്ന് വച്ച് എല്ലാ വർഷവും 15% പലിശ എടുക്കാൻ പറ്റില്ലല്ലോ. കാരണം 2013, 2015, 2016 കൊല്ലങ്ങളിൽ വരുമാനം 15 ശതമാനത്തിൽ കുറവായിരുന്നു. 2015’ൽ 6% വില ഇടിവ് വരെ ഉണ്ടായി. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നല്ല നേട്ടം ഉണ്ടാവുകയും ചെയ്തു.
2015 ആദ്യം ആണ് നിക്ഷേപം നടത്തിയതെങ്കിൽ അടുത്ത രണ്ടു കൊല്ലത്തേക്ക് ലാഭം ഇല്ല. അതുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് കുറഞ്ഞത് 5 കൊല്ലം എങ്കിലും വളരാൻ കാലാവധി കൊടുക്കണം എന്ന് പറയുന്നത്.
അതു പോലെ തന്നെ ഒറ്റ തവണ ആയി പണം നിക്ഷേപികാതെ SIP (എല്ലാ മാസവും അടക്കുന്ന രീതി) ആയി വേണം നിക്ഷേപം നടത്താൻ.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: വിവിധ തരം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ