നമ്മൾ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ഫണ്ട് മാനേജരെ വിശ്വസിക്കുകയാണ്. നമ്മുടെ നിക്ഷേപം മൊത്തമായി ഒരാളെയോ ഒരു സ്ഥാപനത്തിനെയോ വിശ്വസിച്ച് ഏൽപ്പിക്കുന്നത് ബുദ്ധിയല്ല. ഒരേ തരം നിക്ഷേപങ്ങൾ നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ പല കമ്പനികളിൽ നിന്ന് ലഭ്യമാണ്. അതു കൊണ്ട് പല കമ്പനികളുടെ മ്യൂച്വൽ ഫണ്ടുകൾ നമ്മുടെ പോർട്ട്ഫോളിയോയിൽ വേണം .
ഇങ്ങനെ പറയാൻ കാരണമുണ്ട്. അമേരിക്കയിലെ ഒരു മ്യൂച്വൽ ഫണ്ട് മാനേജര്‍ ആയിരുന്നു ബെർണി മഡോഫ്. എല്ലാക്കൊല്ലവും പത്തു ശതമാനത്തോളം റിട്ടേൺസ് വാഗ്ദാനം ചെയ്തു മ്യൂച്ചൽ ഫണ്ട് നടത്തിയിരുന്ന ആളാണ്. പക്ഷേ പുള്ളി ഒരു തട്ടിപ്പുകാരൻ ആയിരുന്നു. മാസാ മാസം നിക്ഷേപകരിൽ നിന്ന് വാങ്ങുന്ന പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു പുള്ളിയുടെ പരിപാടി. പുതിയ നിക്ഷേപകരിൽ നിന്ന് വാങ്ങുന്ന പണം പഴയ നിക്ഷേപകർക്ക് കൊടുത്തു ഒരുപാട് കാലം ഈ തട്ടിപ്പ് തുടർന്നു. അവസാനം പിടിക്കപ്പെട്ടപ്പോൾ ജയിലിലായി. പക്ഷേ നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടു. വളരെയധികം പുരോഗമിച്ച അമേരിക്കയിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നെങ്കിൽ നമ്മൾ ഇന്ത്യയിലും ഇതിൻ്റെ ഒരു ചെറിയ പതിപ്പ് നടക്കാനുള്ള സാധ്യത പ്രതീക്ഷിക്കണം.
ഇന്ത്യയിൽ ഇങ്ങനെ ഒരു വലിയ തട്ടിപ്പ് ഇതുവരെ നടന്നിട്ടില്ല. നടക്കാനുള്ള സാധ്യത കുറവുമാണ് എന്നാൽ പൂജ്യമല്ല . എങ്കിലും നമ്മൾ ആദ്യത്തെ ഇരയാവാൻ നിന്നു കൊടുക്കേണ്ട കാര്യം ഇല്ലല്ലോ.
എന്നു വെച്ച് എല്ലാ കമ്പനികളുടെയും മ്യൂച്വൽ ഫണ്ട് വാങ്ങേണ്ട കാര്യമില്ല. ഒരു നിക്ഷേപകന് അഞ്ചു ഫണ്ടുകളിൽ കൂടുതൽ ആവശ്യം വരില്ല. ഇവ വിപണിയിൽ മുന്നിട്ടു നിൽക്കുന്ന മൂന്നോ നാലോ കമ്പനികളിൽ നിന്നും വാങ്ങിയാൽ നമ്മൾ സുരക്ഷിതരായിരിക്കും.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി(SIP)