എല്ലാവർക്കും 2 ബാങ്കിൽ എങ്കിലും അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇതിനു പല കാരണങ്ങളുണ്ട്. പ്രധാനപ്പെട്ടവ താഴെ പറയാം.
- ഒരു അക്കൗണ്ട് ലോക്ക് ആയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. ചിലപ്പോൾ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കളഞ്ഞു പോയ വഴിയോ അല്ലെങ്കിൽ അനധികൃതമായ ഇടപാടുകൾ നടന്നത് കാരണം കൊണ്ടോ ബാങ്ക് അക്കൗണ്ട് ലോക്ക്(Lock) ആവാം. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഇടപാടുകൾ ഒന്നും തടസ്സം മാറുന്നതു വരെ ബാങ്ക് സമ്മതിക്കുകയില്ല. ഈ കാലയളവിൽ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അത് വളരെയധികം ഉപകാരപ്പെടും. ഒരു പ്രശ്നമുണ്ടായി കഴിഞ്ഞു തുടങ്ങാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ പറ്റിയെന്നു വരില്ല . പുതിയ ബാങ്ക്, പഴയ ബാങ്കിൻ്റെ അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ നിങ്ങളെ അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കില്ല.
- ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന് 1,00,000 രൂപ വരെ മാത്രം ഇൻഷുറൻസ് സുരക്ഷയുള്ളൂ. ഒരു ലക്ഷത്തിൽ കൂടുതൽ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ബാങ്കിൽ ആയി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ ബാങ്ക് പൊളിഞ്ഞു പോയാലും നിങ്ങളുടെ തുക തിരിച്ചു കിട്ടും.
സഹകരണ (Co-Operative) ബാങ്കുകളിലും ചെറിയ ബാങ്കുകളിലും അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. - ബാങ്ക് ഒരു സേവനം വിൽക്കുന്ന സ്ഥാപനമാണ്. മറ്റെന്തു സേവനം വാങ്ങുമ്പോൾ നമ്മൾ പല സ്ഥാപനങ്ങളുടെ അടുത്തു നിന്ന് വില വിവരങ്ങൾ ശേഖരിക്കുന്ന പോലെ തന്നെ ബാങ്കിംഗ് ആവശ്യങ്ങൾക്കും പല സ്ഥാപനങ്ങളിൽ നിന്നും വില വിവരം ശേഖരിക്കണം. ഉദാഹരണത്തിന് ഒരു വീട് പണിയാൻ വായ്പ എടുക്കുകയാണെങ്കിൽ പല ബാങ്കുകളിൽ നിന്ന് അപേക്ഷാ ഫീസ് എത്ര രൂപയാകും, എത്ര ശതമാനം പലിശ ആകും എന്നെല്ലാം കൃത്യമായി അന്വേഷിക്കണം. അര (0.5%) ശതമാനം പലിശയ്ക്ക് പോലും 20 വർഷത്തേക്ക് വായ്പ എടുക്കുമ്പോൾ വലിയ തുകയുടെ വ്യത്യാസം വരുത്താൻ പറ്റും. നമുക്ക് നിലവിൽ അക്കൗണ്ടുള്ള ബാങ്കുകൾ ആണെങ്കിൽ ഈ വിവരങ്ങൾ ലഭിക്കാൻ വളരെ എളുപ്പമാണ്. പല ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വായ്പയെടുക്കാൻ നേരത്തും ക്രെഡിറ്റ് കാർഡ് എടുക്കാൻ നേരത്തും നന്നായി ഉപകാരപ്പെടും.
- ഇപ്പോൾ മൊബൈൽ പെയ്മെൻറ് ആപ്ലിക്കേഷനുകളും (Mobile Applications) സർവീസുകളും ഒരുപാട് ഉള്ളപ്പോൾ നമ്മുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൊണ്ട് നമ്മുടെ പ്രധാനപ്പെട്ട അക്കൗണ്ടിലേക്ക് ഈ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് അനുവാദം കൊടുക്കുന്നത് അപകട സാധ്യത കൂട്ടും. ഇതിനായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിൽ ഇൻറർനെറ്റ് ട്രാൻസാക്ഷനു (Internet transaction) ആവശ്യമായ തുക മാത്രം നിക്ഷേപിച്ചു മൊബൈൽ ആപ്ലിക്കേഷനുകൾ അതിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.
അടുത്ത ലേഖനം: ക്രെഡിറ്റ് കാർഡ്