“ഒഴിവാക്കേണ്ട കാര്യങ്ങൾ”
നിങ്ങൾക്ക് ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയില്ലെങ്കിൽ ഇതു തിരിച്ചറിയാൻ പെട്ടെന്നു സാധിച്ചെന്നു വരില്ല. Amway, Herbalife എന്നിങ്ങനെ പല കമ്പനികൾ ഉണ്ട്. എല്ലാ കൊല്ലവും ചില പുതിയ കമ്പനികൾ പൊട്ടിമുളച്ചു വരുകയും ചെയ്യും. ഇവയുടെ പ്രവർത്തന രീതി എങ്ങനെ ആണ്.
ആദ്യം നിങ്ങൾ കുറച്ചു രൂപ കൊടുത്തു മെമ്പർ ആകും. അപ്പോൾ നിങ്ങൾക്കു കമ്പനി ഉണ്ടാക്കുന്ന കുറച്ചു ഉൽപ്പന്നങ്ങൾ കിട്ടും. പക്ഷേ മൊത്തം തുകക്കുള്ള ഉൽപ്പന്നങ്ങൾ കിട്ടില്ല, ഒന്നുകിൽ മെമ്പർഷിപ് ഫീ (membership fee) അല്ലെങ്കിൽ ജോയ്‌നിങ് ഫീ(joining fee) ആയി അത് പോകും. പിന്നെ ഈ ഉൽപ്പന്നങ്ങൾ വിറ്റു നിങ്ങൾക്കു ചെറിയ ലാഭം ഉണ്ടാക്കാം. പക്ഷേ പ്രധാന വരുമാന മാർഗ്ഗം ഇതല്ല.
വരുമാനം ഉണ്ടാകണം എങ്കിൽ നിങ്ങളുടെ താഴേ നിങ്ങൾ വേറെ ആൾക്കാരെ ചേർക്കണം. അവർ വിൽക്കുന്നതിന്റെ കമ്മിഷൻ നിങ്ങൾക്കും ലഭിക്കും. ഇങ്ങനെ ഒരു വലിയ പിരമിഡ് സ്റ്റൈലിൽ നിങ്ങൾ ഒരു ശൃംഖല ഉണ്ടാക്കിയാൽ ആ ശൃംഖലയിൽ ഉള്ള എല്ലാവരും നിങ്ങൾക്കു വേണ്ടി പണി എടുക്കുന്ന പോലെയാണ്. ഇതാണ് ഈ കമ്പനികളുടെ വാഗ്ദാനം.
എന്നാൽ ഈ പദ്ധതിയിൽ ചേരുമ്പോൾ സത്യത്തിൽ എന്താണ് നിങ്ങൾ ചെയ്യുന്നത്? വിപണിയിൽ ലഭ്യമായ ഒരു ഉൽപ്പന്നം വിപണി വിലയേക്കാൾ കൂടുതൽ കൊടുത്തു വാങ്ങുന്നു. ഇവ കൊണ്ട് നടന്നു വിൽക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ നേരേ കച്ചവടം തുടങ്ങാമല്ലോ? ഒരു കമ്പനിക്ക് കമ്മിഷനും ജോയിനിംഗ് ഫീസും കൊടുക്കേണ്ട കാര്യം ഇല്ലല്ലോ.
പിന്നെ നിങ്ങൾക്ക് താഴേ ആളുകളെ ചേർക്കുന്ന പരിപാടി അറു ബോറ് ആണ്. സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും തകർക്കാൻ ഇതിലും നല്ല ഒരു മാർഗ്ഗം ഇല്ല. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ ലാഭത്തിനുവേണ്ടി ഉള്ള വ്യാപാര ബന്ധങ്ങൾ അല്ല. ഇവ നശിപ്പിക്കരുത്.
ഇതിനെല്ലാം പുറമേ നമ്മുടെ പണം വാങ്ങാൻ ഈ കമ്പനികൾ വേറേ ചില നമ്പറുകളും ഇറക്കും. കുറച്ചു കൂടി സാധനങ്ങൾ വാങ്ങിയാൽ അടുത്ത ലെവൽ എത്തും. അപ്പോൾ കമ്മിഷൻ കൂടുതൽ കിട്ടും തുടങ്ങിയവ. വീണ കുഴിയുടെ ആഴം കൂട്ടുവാനേ ഇതു ഉപകരിക്കൂ.
കമ്പനി മുതലാളിയും ആദ്യം ചേർന്ന കുറച്ചു പേരും മാത്രമേ ഈ പദ്ധതികളിൽ നിന്നു പണം ഉണ്ടാക്കൂ. പൊതുവെ ഈ പദ്ധതികളിൽ ചേരുന്ന 99 % ആളുകൾക്കും പണം പോയ ചരിത്രം ആണ് ഉള്ളത്. ഇങ്ങനെ ഒരു പദ്ധതിയിൽ നിങ്ങൾ ഇതിനകം ചേർന്നിട്ടുണ്ടെങ്കിൽ പോയ തുക ഉപേക്ഷിച്ചു പുറത്തു വരുന്നതാണ് നല്ലത്.
കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ “MLM horror stories” എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി.
അടുത്ത ലേഖനം: ഓഹരികളിൽ നിക്ഷേപിക്കാൻ വായ്പ എടുക്കുന്നത്