ഓഹരി വിപണി വഴി സമ്പന്നരായവർ ഒരുപാടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നവരാണ്. എന്നു വെച്ചാൽ ഒരു ഓഹരി വാങ്ങി മൂന്നു കൊല്ലത്തിനു മുകളിൽ സമയം കഴിഞ്ഞ് മാത്രം വിൽക്കുന്ന ആൾക്കാർ.
ഇതേ പോലെ തന്നെ ഓഹരി വിപണി വഴി സമ്പത്ത് മുഴുവൻ നഷ്ടമായ ആൾക്കാരും ഒരുപാടുണ്ട്. ഇവരിൽ ബഹു ഭൂരിപക്ഷവും ഹ്രസ്വകാല നിക്ഷേപകർ അഥവാ ഷോർട്ട് ടേം(short term) ട്രേഡേഴ്സ് ആണ്. വാങ്ങി ഒരു കൊല്ലത്തിനുള്ളിൽ വിൽക്കുന്നതിന് ആണ് ഹ്രസ്വകാല ട്രേഡിങ് എന്ന് പറയുന്നത്. ഇതിൽ ഭൂരിപക്ഷം പേരും ഡേ ട്രേഡേഴ്സ് (day traders) ആണ് എന്ന് വെച്ചാൽ ഒരു ദിവസത്തിനുള്ളിൽ വാങ്ങി വിൽക്കുന്നവർ.
നിങ്ങൾ ഓഹരി വ്യാപാരം തുടങ്ങിയതേ ഉള്ളെങ്കിൽ മുഴുവൻ സമ്പത്തും എങ്ങനെ ഓഹരിയിൽ നശിച്ചു പോകും എന്ന സംശയം ന്യായമായും തോന്നാം. ഒരു ലക്ഷം രൂപ ആസ്തിയുള്ള ഒരാൾ 1,000 രൂപ എടുത്ത് ഓഹരി വാങ്ങിയാൽ ഏറ്റവും കൂടിയാൽ 1,000 രൂപ അല്ലേ നഷ്ടം വരുകയുള്ളൂ. അപ്പോൾ മുഴുവൻ സമ്പാദ്യം നശിച്ചു പോകും എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ഇവിടെയാണ് ഓഹരി വ്യാപാരത്തിലെ ഏറ്റവും വലിയ ചതിക്കുഴി ആയ മാർജിൻ ട്രേഡിങ് (margin trading) കടന്നു വരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ഡീമാറ്റ് അക്കൗണ്ട് നടത്തുന്ന ബ്രോക്കറുടെ കയ്യിൽ നിന്ന് പണം കടം വാങ്ങി ട്രേഡിങ് നടത്തുന്നതിനെയാണ് മാർജിൻ ട്രേഡിങ് എന്നു പറയുന്നത്. ഒരു ഉദാഹരണത്തിന്, നമ്മുടെ അക്കൗണ്ടിൽ മൊത്തം ബാലൻസ് 10,000 രൂപ ഉണ്ടെന്നു വയ്ക്കുക. ബ്രോക്കർ 10% മാർജിൻ ആണ് ആവശ്യപ്പെടുന്നതെങ്കിൽ നമ്മൾക്ക് ഒരു ലക്ഷം രൂപയുടെ ട്രേഡിങ് നടത്താൻ സാധിക്കും, കാരണം ഒരു ലക്ഷം രൂപയുടെ 10% ആയ 10,000 രൂപ നമ്മുടെ അക്കൗണ്ടിൽ ഉണ്ടല്ലോ. എന്നു വെച്ചാൽ നമുക്ക് ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങാൻ സാധിക്കും. ബ്രോക്കറുടെ നിയമങ്ങളനുസരിച്ച് ഇത്ര ദിവസത്തിനുള്ളിൽ ഈ പണം തിരിച്ചു കൊടുക്കുകയോ അല്ലെങ്കിൽ നമ്മൾ വാങ്ങിയ ഓഹരി വിറ്റ് പണം തിരിച്ച് അടയ്ക്കുകയോ വേണം.
എല്ലാ ബ്രോക്കർമാരും മാർജിൻ ട്രേഡിങ് പ്രോത്സാഹിപ്പിക്കും. കാരണം അവർക്ക് പലതാണ് നേട്ടം. 10,000 രൂപയ്ക്ക് ഓഹരി വാങ്ങുമ്പോൾ 100 രൂപയാണ് ഫീസ് കിട്ടുന്നതെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങിയാൽ 1,000 രൂപ ഫീസ് കിട്ടുമല്ലോ. അതേ പോലെ തന്നെ ഒരു ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങുമ്പോൾ നമ്മൾ 90,000 രൂപ കടം വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് പലിശ എന്തെങ്കിലും പേരിൽ അവർ ഈടാക്കും. അതു കൊണ്ട് എല്ലാ കമ്പനികളും മാർജിൻ ട്രേഡിങ് വളരെയധികം പ്രോത്സാഹിപ്പിക്കും.
ഇനി നമ്മുടെ ഉപഭോക്താവിൻ്റെ കാര്യം നോക്കാം. 10,000 രൂപയുടെ ഈട് വെച്ച് ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങുമ്പോൾ 90,000 രൂപ ബാങ്കിൽ നിന്ന് കടം എടുക്കുക ആണ്. ഓഹരിയുടെ വില കൂടിയാലും കുറഞ്ഞാലും 90,000 രൂപ നമ്മൾ തിരിച്ചടച്ചേ പറ്റൂ. കണക്കു കൂട്ടാൻ എളുപ്പത്തിന് 1,000 രൂപയുടെ 100 ഓഹരിയാണ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയത് എന്ന് വിചാരിക്കുക*. ബാങ്ക് ഒരാഴ്ചയ്ക്കുള്ളിൽ കാശ് അടക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരാഴ്ച കൊണ്ട് ഓഹരി വില കൂടി 1,200 ആയാൽ ലാഭം =(1200-1000)×100= 20,000 രൂപ.
ഇനി ഒരാഴ്ച കൊണ്ട് വില കുറഞ്ഞ് 800 ആയിരുന്നെങ്കിൽ, നഷ്ടം = (1000-800)×100 = 20,000. അപ്പോൾ അക്കൗണ്ടിൽ വെറും 10,000 രൂപ ഉണ്ടായിരുന്ന ആൾ 20,000 രൂപയുടെ നഷ്ടം വരുത്തി വെച്ചു. പതിനായിരം രൂപയ്ക്കു പകരം ഒരു ലക്ഷം രൂപയ്ക്കാണ് മാർജിൻ ട്രേഡിങ് തുടങ്ങിയിരുന്നെങ്കിൽ നഷ്ടം രണ്ടു ലക്ഷം ആയിരുന്നേനെ.
മിക്കവാറും എല്ലാവരും ഓഹരി വ്യാപാരം തുടങ്ങുന്നത് കൂട്ടുകാരും ബന്ധുക്കളും ഓഹരിയിൽ നിന്ന് പണമുണ്ടാക്കിയ കഥ കേൾക്കുമ്പോഴാണ്. ഓഹരി വിപണിയിൽ പൊതുവേ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന വളർച്ചയുടെ കാലങ്ങളും(Bull Market) പിന്നെ കുറച്ചുകാലം നീണ്ടു നിൽക്കുന്ന തളർച്ചയുടെ കാലങ്ങളും(Bear Market) ആണ് പൊതുവെ സംഭവിക്കാറ്. മിക്കവാറും ആൾക്കാർ കാശുണ്ടാക്കിയ കഥകൾ കേൾക്കുന്നത് വിപണി വളർച്ചയുടെ കാലയളവിൻ്റെ നടുക്ക് ആയിരിക്കും. അപ്പോൾ വിപണിയിൽ വ്യാപാരം തുടങ്ങുമ്പോൾ വളർച്ചയുടെ കാലമാണെങ്കിൽ ആദ്യത്തെ കുറെ വ്യാപാരങ്ങളിൽ നേട്ടമുണ്ടാകും. അങ്ങനെ നേട്ടം കിട്ടുമ്പോൾ 10,000 രൂപയ്ക്ക് വാങ്ങി 2,000 രൂപയുടെ ലാഭമുണ്ടാക്കുന്ന അതേ സമയത്ത് മാർജിൻ ട്രേഡിങ് ഉപയോഗിച്ച് 20,000 രൂപയുടെ ലാഭം ഉണ്ടാക്കാമായിരുന്നല്ലോ എന്നു തോന്നും. അങ്ങനെയാണ് ഭൂരിഭാഗം ആൾക്കാരും മാർജിൻ ട്രേഡിങ്ങിൽ എത്തിപ്പെടുന്നത്. അങ്ങനെ 10,000 രൂപ വളർത്തി ഒരു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും ആകും. അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഉപയോഗിച്ച് മാർജിൻ ട്രേഡ് നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ആയിരിക്കും മാർക്കറ്റ് തകർച്ച തുടങ്ങുന്നത്. മുഴുവൻ മാർജിൻ ഉപയോഗിച്ച് ട്രേഡിങ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് മാർക്കറ്റ് തകരുതുന്നതെങ്കിൽ ആദ്യത്തെ ദിവസം തന്നെ അക്കൗണ്ട് കാലിയാകും. മിക്കവാറും പണം തിരിച്ചു ബാങ്കിന് കൊടുക്കേണ്ട അവസ്ഥയും വരും. ഇങ്ങനെയാണ് ബഹുഭൂരിപക്ഷം ആൾക്കാരും ഓഹരി വിപണി വഴി കയ്യിലുള്ള സ്വത്ത് മൊത്തം നശിപ്പിക്കുന്നത്.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില സജ്ജീകരണങ്ങൾ ചെയ്യാം. ഉദാഹരണത്തിന്, 10% വില കുറഞ്ഞാൽ ഉടനെ ഓഹരി വിറ്റ് നഷ്ടം നിയന്ത്രിക്കാൻ ഉള്ള നിർദേശം നൽകാൻ സാധിക്കും. പക്ഷേ അക്കൗണ്ടിൽ ഉള്ള തുകയുടെ പല ഇരട്ടി തുകക്ക് മാർജിൻ ട്രേഡിങ്ങ് നടത്തുമ്പോൾ ഈ നഷ്ടവും വലുതാണ്. ഒറ്റ അടിക്കു മുഴുവൻ തുകയും പോകുന്നതിനു പകരം പലപ്പോഴയായി പോകും എന്നെ ഉള്ളൂ.
സാധാരണ നിക്ഷേപകർ മാർജിൻ ട്രേഡിങ് നടത്താതെ ഇരിക്കുന്നതാണ് നല്ലത്. കിട്ടുന്ന ലാഭം വലുതാണെങ്കിലും നഷ്ടത്തിനുള്ള സാധ്യത അതിഭീകരമാണ്.
*മുകളിലെ കണക്കുകളിൽ ഫീസും നികുതിയും മനസിലാകാൻ എളുപ്പത്തിന് വേണ്ടി മനപൂർവം ഒഴിവാക്കിയതാണ്.
മുന്നറിയിപ്പ്: ഓഹരി വിപണി നിക്ഷേപം അപകടസാധ്യതയ്ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനിയുടെ വിവരങ്ങളും അനുബന്ധ രേഖകളും വായിക്കുക. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: രണ്ട് ഓഹരികളുടെ കഥ