ഹോം ലോൺ (Home Loan) അഥവാ ഭവന വായ്‌പ എടുത്തിട്ടുള്ളവർക്ക് അറിയാം ലോണിൻ്റെ കൂടെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ബാങ്കുകൾ നിർബന്ധിക്കും എന്ന്. ലോൺ എടുത്ത ആൾ മരിച്ചു പോയാൽ ബാങ്കിന് ലോൺ തുക തിരിച്ചു കിട്ടുവാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. മരണത്തിനു ശേഷം ഉറ്റവർക്ക് ബാധ്യത ഉണ്ടാക്കാതിരിക്കാൻ ഈ ഇൻഷുറൻസ് പോളിസി ഉപകാരപ്പെടും.
ഞാൻ 2012’ൽ എൻ്റെ മാതാപിതാക്കളുടെ വീട് പുതുക്കി പണിയാൻ ഒരു ഹോം ലോൺ എടുത്തിരുന്നു. ലോൺ കാലാവധിയായ 15 കൊല്ലത്തേക്കുള്ള ലൈഫ് ഇൻഷുറൻസ് കൂടെ ബാങ്കിൽ നിന്ന് എടുത്തു. ഈ ലോൺ 2018’ൽ മുഴുവൻ ബാധ്യത തീർത്ത് തിരിച്ചു അടയ്ക്കുകയും ചെയ്തു. 2019’ൽ എൻ്റെ കയ്യിൽ ഉള്ള ബാങ്ക് രേഖകൾ എല്ലാം ശ്രദ്ധിച്ചു നോക്കുമ്പോഴാണ് ഇതിൻ്റെ ഇൻഷുറൻസ് പോളിസി ഇപ്പോഴും ആക്റ്റീവ്[active] ആയി കിടക്കുന്നത് ശ്രദ്ധിച്ചത്. ഇപ്പോൾ ഞാൻ അത് റദ്ദാക്കുവാനുള്ള അപേക്ഷ കൊടുത്തു ബാക്കിയുള്ള പ്രീമിയം തിരിച്ചു കിട്ടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ്.
ഞാൻ ലോൺ എടുത്തപ്പോൾ, 15 കൊല്ലത്തെ മുഴുവൻ പ്രീമിയം ഒരു തവണയായി അടയ്ക്കുവാൻ ബാങ്ക് എനിക്ക് എൻ്റെ ഹോം ലോണിൻ്റെ കൂടെ ഒരു ചെറിയ തുക കൂടി ലോൺ ആയി തന്നു. ഇതിനു രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന്, മൊത്തം പ്രീമിയം ഒറ്റയടിക്ക് വാങ്ങി. അപ്പോൾ ഞാൻ ലോൺ മുന്നേ അടച്ചു തീർത്തപ്പോൾ ഇൻഷുറൻസ് പോളിസി റദ്ധാക്കി റീഫണ്ട് വാങ്ങാൻ പിന്നെയും പുറകിൽ നടക്കേണ്ടി വന്നു.
ഇൻഷുറൻസ് പോളിസി ബാങ്ക് പറഞ്ഞ കമ്പനിയിൽ നിന്ന് വാങ്ങേണ്ടി വന്നു എന്നത് അടുത്ത പ്രശ്‍നം. അതു കൊണ്ട് എനിക്ക് ഏറ്റവും നല്ല പോളിസിയാണോ ലഭിക്കുന്നത് എന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല. എൻ്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ മാർക്കറ്റിൽ ലഭ്യമായ പോളിസിയേക്കാൾ ഏകദേശം 15 ശതമാനം കൂടുതലാണ് ഞാൻ അടച്ച പ്രീമിയം തുക.
ഭാവിയിൽ ലോൺ എടുക്കുമ്പോൾ ഇതേ മണ്ടത്തരങ്ങൾ നിങ്ങൾക്കും പറ്റാതിരിക്കാൻ ശ്രദ്ധിക്കുക.ഈ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച കുറച്ച് പാഠങ്ങളുണ്ട്. ഇവ താഴെ പറയുന്നു.
- ഹോം ലോണിൻ്റെ കൂടെ ലൈഫ് ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്. തീർച്ചയായും എടുക്കാൻ ശ്രമിക്കുക.
- മുഴുവൻ പ്രീമിയവും ഒറ്റയടിക്ക് ആദ്യമേ അടയ്ക്കരുത്. എല്ലാ കൊല്ലവും പ്രീമിയം അടയ്ക്കുന്ന രീതിയിൽ പോളിസി സജ്ജീകരണങ്ങൾ ചെയ്യുക. ഇങ്ങനെ ചെയ്താൽ ഇൻഷുറൻസ് നിർത്തേണ്ട ആവശ്യം വന്നാൽ ബുദ്ധിമുട്ടേണ്ടി വരില്ല.
- ലോൺ മുന്നേ അടച്ചു തീർക്കുകയാണ് എങ്കിൽ, ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ മറക്കാതിരിക്കുക.
- ബാങ്ക് തരുന്ന ഇൻഷുറൻസ് തന്നെ വാങ്ങണം എന്നില്ല. ചിലപ്പോൾ പുറത്തു നിന്നും വാങ്ങിയാൽ പ്രീമിയം കുറവായിരിക്കും.
19-Feb-2020 : ഇൻഷുറൻസ് കമ്പനി എനിക്ക് ഏകദേശം 9,000 രൂപ തിരികെ തന്നു. ലോൺ അടച്ചു തീർത്ത അപ്പോൾ തന്നെ അപേക്ഷ കൊടുത്തിരുന്നെങ്കിൽ ഒരു 4,000 രൂപ എങ്കിലും അധികം കിട്ടേണ്ടതായിരുന്നു.
അടുത്ത ലേഖനം: ഒരു കാർ വാങ്ങുന്നതിനു മുൻപ്…