വിൽക്കാനായി വാങ്ങുമ്പോൾ കെട്ടിടങ്ങളോ വീടോ ഉള്ള സ്ഥലം വാങ്ങുന്നതും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ വിൽക്കാൻ പദ്ധതി ഇല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നത് വലിയ ബുദ്ധിയല്ല. സ്ഥലം വാങ്ങി അതിൽ വീടോ മറ്റു കെട്ടിടങ്ങളോ പണിതു വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്ഥലം കൃഷിക്ക് പാട്ടത്തിന് കൊടുക്കാനോ സ്വയം കൃഷി ചെയ്യാനോ ഉദ്ദേശിക്കുന്നവർക്കും ഇത് ബാധകമല്ല. ഇങ്ങനെ പറയാൻ കാരണം ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിൽ നിന്ന് നമുക്ക് വരുമാനം ഒന്നും ലഭിക്കില്ല എന്നുള്ളതാണ്. നികുതി ഇനത്തിൽ ചെറിയ ചെലവുകൾ ഉണ്ടാവുകയും ചെയ്യും. ഏറ്റവും വലിയ മണ്ടത്തരം വീട് വാങ്ങിയതിനു ശേഷമോ പണിതതിനു ശേഷമോ അത് വെറുതെ അടച്ചിടുന്നതാണ്. വീടിന് അറ്റകുറ്റ പണികൾ വരികയും ചെയ്യും വീടിൻ്റെ പഴക്കം കൂടുകയും ചെയ്യും. അതിൽ നിന്നും വരുമാനം കിട്ടുകയും ഇല്ല. ഇതിലും നല്ലതു പണിയാതിരിക്കുന്നതാണ്.
ഭാവിയിലെ ആവശ്യങ്ങൾക്കുള്ള നിക്ഷേപമായി റിയൽ എസ്റ്റേറ്റ് വാങ്ങുമ്പോൾ വാടക കിട്ടുവാൻ അല്ലെങ്കിൽ പാട്ടം കിട്ടുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആണ് നല്ലത്.
ആധാർ കാർഡും പാൻ കാർഡും എല്ലാം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന ഈ കാലത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ നികുതിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതേ പോലെ തന്നെ റിയൽഎസ്റ്റേറ്റ് ഇടപാടുകളിൽ പണമായി കൊടുക്കാവുന്ന തുകയ്ക്ക് ഇപ്പോൾ നിബന്ധനകളുണ്ട്. ഇവ തെറ്റിച്ചാൽ 100% പിഴ ഈടാക്കും. നമ്മുടെ മാതാപിതാക്കളുടെ കാലത്ത് ഭൂമി കച്ചവടം ചെയ്ത പോലെ ആകില്ല ഭാവിയിലെ ഭൂമി കച്ചവടങ്ങൾ. വാങ്ങിയ സ്ഥലത്ത് താമസിക്കുന്നില്ല എങ്കിൽ ആ സ്ഥലം വാങ്ങുവാനായി എടുത്ത ലോണിന് നികുതിയിളവുകൾ ലഭിക്കുകയില്ല. നികുതി കൊടുക്കേണ്ടി വരും എന്ന് കണക്കാക്കി മാത്രമേ ഭൂമി ഇടപാടുകൾ നടത്താവൂ.
ഓരോ സ്ഥലത്തിനും ലഭിക്കാവുന്ന വാടകയ്ക്കും പാട്ടത്തിനും ആ സ്ഥലത്തിന് ഉണ്ടാകുന്ന വിലവർധനയ്ക്കും, സ്ഥലത്തിൻ്റെ ചുറ്റുപാടുകളുമായി വളരെയധികം ബന്ധമുണ്ട്. എറണാകുളത്തോ തിരുവനന്തപുരത്തോ നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനം ആയിരിക്കില്ല കാസർഗോഡോ വയനാടോ നിക്ഷേപം നടത്തിയാൽ. ഇതു കൊണ്ട് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്ന് ഇത്ര രൂപ കൃത്യമായി വരുമാനം ലഭിക്കും എന്നു പറയുവാൻ ബുദ്ധിമുട്ടാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുവാൻ ഇറങ്ങുമ്പോൾ അതിനെക്കുറിച്ച് വിശദമായി നിങ്ങൾ തന്നെ പഠിക്കണം. അതേ പോലെ തന്നെ നിയമങ്ങളും ശ്രദ്ധിക്കണം. പാടത്ത് കെട്ടിടം പണിയാൻ പാടില്ല പോലുള്ള നിയമങ്ങൾ വിൽപ്പനക്ക് ശ്രമിക്കുമ്പോൾ വലിയ കെണിയായി മാറും.
റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തി ഒരുപാട് കാശുണ്ടാക്കിയ ഒരാളെയെങ്കിലും നമുക്കെല്ലാവർക്കും അറിയാം. ഇതിൻ്റെ പ്രധാന കാരണം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വലിയ തുകയാണ് എന്നുള്ളത് തന്നെ. വലിയ തുകയുടെ കാര്യങ്ങൾ ചെയ്യുമ്പോൾ റിസ്ക് കൂടും. അതേ പോലെ തന്നെ കിട്ടാവുന്ന ലാഭത്തിൻ്റെ വലിപ്പവും കൂടും. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ( മധ്യവർഗ്ഗ കുടുംബത്തിന്) റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നാൽ മൊത്ത സമ്പാദ്യത്തിൻ്റെ വലിയ ഒരു ശതമാനം ആയിരിക്കും. അപ്പോൾ അതിൽ നിന്ന് നേട്ടം കിട്ടിയാൽ അവരുടെ മൊത്തം സമ്പാദ്യം വളരെയധികം കൂടുകയും ചെയ്യും. ഇതിൻ്റെ മറു വശം കൂടി ചിന്തിക്കണം. നമ്മുടെ മൊത്ത സമ്പാദ്യത്തിൻ്റെ സിംഹഭാഗവും ഒരു നിക്ഷേപത്തിൽ കേന്ദ്രീകരിച്ചാൽ നിക്ഷേപത്തിന് എന്തെങ്കിലും പറ്റിയാൽ നമ്മൾ തകർന്നു പോകും. ഉദാഹരണത്തിന് സർക്കാർ സ്ഥലം ഏറ്റെടുത്താൽ ചിലപ്പോൾ ഉദ്ദേശിച്ച വില കിട്ടിയെന്നു വരില്ല. താമസിക്കുവാനുള്ള വീട് വാങ്ങുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് നമുക്ക് ഒരു നിക്ഷേപമായി. അപ്പോൾ നിക്ഷേപങ്ങൾക്ക് വൈവിധ്യം ലഭിക്കുവാൻ വേണ്ടി മറ്റു മാർഗങ്ങളിൽ നിക്ഷേപിച്ചതിന് ശേഷം മാത്രമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നോക്കേണ്ട കാര്യമുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം.
സ്ഥലങ്ങളോടുള്ള വൈകാരിക ബന്ധങ്ങൾ മാറ്റി വച്ചാൽ പൊതുവെ ഭൂമി ഇടപാടിൽ നിന്നുള്ള നേട്ടങ്ങൾ ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കാൾ കുറവാണ്. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.
അടുത്ത ലേഖനം: വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ?