ബഹു ഭൂരിപക്ഷം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാട് ആയിരിക്കും താമസിക്കുവാനുള്ള വീട് വാങ്ങുന്നത്. നിങ്ങളുടെ ജോലി സ്ഥലവും നിങ്ങൾക്ക് താമസിക്കുവാൻ താല്പര്യമുള്ള സ്ഥലവും ഏതാണ്ട് ഉറപ്പായാൽ താമസിക്കുവാൻ വേണ്ടി ഒരു വീട് വാങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം വിരമിക്കൽ ആവുമ്പോഴേക്കും ലോൺ അടവുകൾ തീർന്നാൽ പിന്നെ മാസ ചെലവുകൾ ഒരുപാട് കുറയും. അതേ പോലെ തന്നെ വീട് പണിയാൻ എടുക്കുന്ന ലോണിൻ്റെ അടവുകൾക്ക് നികുതിയിളവും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ താമസിക്കുവാനായി ഒരു വീട് സ്വന്തമായി വാങ്ങുന്നത് വളരെ നല്ലതാണ്.
പക്ഷേ, താമസിക്കുവാനുള്ള വീട് ഭാവിയിലെ ചിലവുകൾക്കായുള്ള ഒരു നിക്ഷേപമായി കാണുന്നത് അത്ര ബുദ്ധിയല്ല. കാരണം മക്കളെ പഠിപ്പിക്കുവാൻ വേണ്ടിയോ കല്യാണം നടത്തുവാൻ വേണ്ടിയോ ആശുപത്രി ചെലവുകൾക്ക് വേണ്ടിയോ വീട് വിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ല. അതേ പോലെ തന്നെ വാർദ്ധക്യത്തിൽ വാടക കൊടുക്കാതെ സ്വന്തം വീട്ടിൽ താമസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. വിരമിക്കലിനു ശേഷം സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറുന്ന ആൾക്കാർ വളരെ വളരെ ചുരുക്കമേ ഉള്ളൂ. അതു കൊണ്ട് നമ്മുടെ വീടിന് എന്തു മാത്രം വില കൂടിയാലും അത് നമുക്ക് അനുഭവിക്കാൻ ലഭിക്കുവാനുള്ള സാധ്യത കുറവാണ്. നമ്മുടെ മരണ ശേഷം അവകാശികൾക്ക് ഉപകാരപ്പെടും.
കാശിനു പെട്ടെന്നൊരു ആവശ്യം വന്നാൽ ഉപയോഗിക്കുവാനായി നമ്മുടെ കയ്യിൽ വേറെ നിക്ഷേപങ്ങൾ വേണം. അതു കൊണ്ട് നമ്മുടെ സമ്പാദ്യമെല്ലാം താമസിക്കുവാനുള്ള വീടിന് വേണ്ടി ചെലവഴിക്കരുത്. നമ്മുടെ മാസ വരുമാനത്തിൻ്റെ 30 ശതമാനത്തിൽ കൂടുതൽ വീടിനായി ചെലവഴിക്കുന്നത് മണ്ടത്തരമാണ്. ലോണെടുത്താണ് വീട് പണിയുന്നത് എങ്കിൽ, നമ്മുടെ വരുമാനത്തിൻ്റെ 30 ശതമാനത്തിനു ഉള്ളിൽ മാസം തിരിച്ചടവ് വരാവുന്ന രീതിയിൽ മാത്രമേ വീട് പണിയാകൂ.
കേരളത്തിൽ പൊതുവായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് വീടിനായി ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിക്കുക എന്നത്. ഒരു കാര്യം പ്രത്യേകം ഓർക്കുക എത്ര ഭംഗിയായി വീട് പണിതാലും 20 വർഷം കഴിയുമ്പോഴേക്കും ഇപ്പോഴത്തെ സാധനങ്ങളെല്ലാം പഴയതായി മാറിയിട്ടുണ്ടാകും. പുതിയ നിർമ്മാണ വസ്തുക്കളും സാങ്കേതിക വിദ്യയും വരുമ്പോൾ നമ്മുടെ വീട് പഴയത് ആകും. ഓരോ 20-25 കൊല്ലത്തിനു ശേഷം ഒരു പുതുക്കിപ്പണിയൽ ആവശ്യമായി വരും. അതു കൊണ്ട് തേക്കിൻ്റെ തടിക്കും ഈട്ടി തടിക്കും വാതിൽ പണിതു കയ്യിലുള്ള കാശ് തീർക്കാതെ അത്യാവശ്യത്തിനു മാത്രം ഉള്ള വീട് പണിയുക. കുറച്ചു തുക അടിയന്തര ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കുവാനും ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപങ്ങൾ തുടങ്ങാനും മറക്കരുത്.
അടുത്ത ലേഖനം: വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും