എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം?

എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് കണക്കു കൂട്ടുന്നതിന് മുന്നേ നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് വേണമോ വേണ്ടയോ എന്നുള്ളത് ആലോചിക്കണം. നമ്മളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ലൈഫ് ഇൻഷുറൻസിൻ്റെ ആവശ്യമുള്ളൂ. വിവാഹത്തിന് മുന്നുള്ള എൻ്റെ കാര്യമെടുത്താൽ – മാതാപിതാക്കൾക്ക് പെൻഷൻ ഉണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. വേറെ ആശ്രിതർ ഒന്നുമില്ല. കൊടുത്തു തീർക്കാനുള്ള വായ്പകളും ഇല്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇൻഷുറൻസിൻ്റെ ആവശ്യമില്ല.

എന്നാൽ വിവാഹത്തിന് ശേഷം ഞാൻ അമേരിക്കയിലായിരുന്നു. അവിടെ എൻ്റെ ഭാര്യക്ക് ജോലി ചെയ്യാൻ വിസ കിട്ടില്ല. അങ്ങനെ നോക്കുമ്പോൾ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരാളായി. അപ്പോൾ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക നിലവാരം ഉറപ്പാക്കാൻ എനിക്ക് ഇൻഷുറൻസ് വേണം. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ലൈഫ് ഇൻഷുറൻസ് എടുക്കണം.

ഇനി എത്ര തുകക്ക് ലൈഫ് ഇൻഷുറൻസ് എടുക്കണം എന്ന് ആലോചിക്കാം. ലൈഫ് ഇൻഷുറൻസ് എടുക്കുന്ന ആളുടെ അകാല മരണം കാരണം കുടുംബം സാമ്പത്തികമായ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ ഇൻഷുറൻസ് എടുക്കുന്ന ആളുടെ വരുമാനം ഒരു പത്തു കൊല്ലത്തേക്ക് എങ്കിലും ലൈഫ് ഇൻഷുറൻസിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് കൊടുക്കാൻ സാധിക്കണം. മൊത്തം വരുമാനം ഇല്ലെങ്കിലും ഒരു 60% എങ്കിലും വേണം കുടുംബത്തിന് വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകാൻ. അപ്പോൾ ഏറ്റവും കുറഞ്ഞത് വാർഷിക വരുമാനത്തിൻ്റെ 6 ഇരട്ടി എങ്കിലും വേണം. സുരക്ഷിതമായിരിക്കാൻ വേണ്ടി വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി രൂപ കണക്കാക്കുന്നതാണ് നല്ലത്.

പിന്നെ നമ്മൾ എടുത്ത വായ്പകളുടെ എല്ലാം ബാക്കിയുള്ള തുക ലൈഫ് ഇൻഷുറൻസ് തുക വെച്ച് അടയ്ക്കാൻ സാധിക്കണം. അപ്പോൾ നമ്മൾ എടുത്തിട്ടുള്ള ഹോം(Home) ലോൺ, പേർസണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ എല്ലാം ഇതിൽ കണക്കാക്കണം. വാഹന ലോണും ഉൾപ്പെടുത്താം.

ഇതിനു പുറമേ നമ്മൾ എന്തെങ്കിലും ലക്ഷ്യങ്ങൾക്കായി സമ്പാദിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യങ്ങൾക്ക് വേണ്ട തുകയും കൂടെ ചേർക്കണം. ഒരു ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു അഞ്ചു വയസ്സുള്ള മകൾ ഉണ്ടെന്നു വിചാരിക്കുക. അവളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനാണ് നിങ്ങൾക്ക് ആഗ്രഹം. അതിനു വേണ്ടി നിങ്ങൾ ഒരു മ്യൂച്ചൽ ഫണ്ടിൽ മാസാ മാസം 10000 രൂപ നിക്ഷേപിക്കുന്നുണ്ട്. മകൾക്ക് 15 വയസ്സ് ആകുമ്പോഴേക്കും ഒരു 25 ലക്ഷം രൂപ സമ്പാദിക്കാൻ ആണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് പെട്ടെന്ന് ഒരു ആപത്തു വന്നാൽ നിങ്ങളുടെ മകളുടെ പഠനത്തെ ബാധിക്കരുത്. അതു കൊണ്ട് ആ 25 ലക്ഷത്തിനും കൂടി ചേർത്തു വേണം നിങ്ങളുടെ ഇൻഷുറൻസ് എടുക്കേണ്ടത്.

ഒരു 50,000 രൂപ മാസ വരുമാനം( വാർഷിക വരുമാനം 6 ലക്ഷം രൂപ) ഉള്ള ഒരാളുടെ കാര്യം ഉദാഹരണമായെടുക്കാം. അദ്ദേഹത്തിൻ്റെ കല്യാണം കഴിഞ്ഞു അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട് എന്ന് വിചാരിക്കുക. 30 ലക്ഷത്തിൻ്റെ ഹോം ലോണും 5 ലക്ഷം രൂപയുടെ ഒരു കാർ ലോണും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ ഭാര്യ ജോലിക്ക് പോകുന്നില്ല എന്ന് വിചാരിക്കുക.

അപ്പോൾ നമ്മുടെ കണക്കുപ്രകാരം :

വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി എന്നു വെച്ചാൽ 60 ലക്ഷം രൂപ 
+ 
ഹൗസിംഗ് ലോൺ 30 ലക്ഷം രൂപ 
+
കാർലോൺ 5 ലക്ഷം രൂപ
+
മകളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ

ഇതിനു പുറമേ നമ്മുടെ മരണം കാരണം ഉണ്ടാകുന്ന കുറച്ചു ചെലവുകൾ ഉണ്ട്. ശവ സംസ്കാരം, അടിയന്തരം, ചാത്തം അല്ലെങ്കിൽ ഏഴ്, നാൽപതു എന്നിങ്ങനെ . ആ വഴിക്ക് ഒരു രണ്ടു മൂന്നു ലക്ഷം രൂപ സുഖമായി ചെലവാകും. അപ്പോൾ ആ ചെലവുകൾക്കായി ഒരു 5 ലക്ഷം രൂപ കൂടി.

അപ്പോൾ മൊത്തം 125 ലക്ഷം. ഒരു കോടി 25 ലക്ഷം. കേൾക്കുമ്പോൾ ഞെട്ടേണ്ട. വളരെ സുഖമായി ഇദ്ദേഹത്തിന് ചെയ്യാവുന്നതേയുള്ളൂ ഈ ഇൻഷുറൻസ്.

ഞാൻ വാങ്ങിയ ടേം(Term) ഇൻഷുറൻസ് പോളിസിക്ക് 10 ലക്ഷത്തിന് ഒരു വർഷം 1,000 രൂപയാണ് അടവ്. അപ്പോൾ ഒരു കോടി 25 ലക്ഷം എടുത്താൽ ഏകദേശം 12,000 രൂപ ഒരു കൊല്ലം അടവ്. മാസം അടവ് 1,000 രൂപ.

ടേം ഇൻഷുറൻസ് പോളിസി എന്നാൽ ഇൻഷുറൻസ് മാത്രം തരുന്ന ഒരു പദ്ധതിയാണ്. ഈ പോളിസി എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഇത്ര കൊല്ലം അടയ്ക്കണമെന്നൊന്നും നിർബന്ധമില്ല. എപ്പോൾ വേണമെങ്കിലും നിർത്താം. പക്ഷേ പോളിസി തീരുമ്പോൾ പണമൊന്നും തിരിച്ചു കിട്ടില്ല. അതു കൊണ്ടാണ് പോളിസി ഇത്ര കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്.

എന്നാൽ പിന്നെ പൈസ തിരിച്ചു കിട്ടുന്ന ക്യാഷ് ബാക്ക് പോളിസി എടുത്താലോ എന്ന ചിന്തിക്കുന്നവരുണ്ട്. എൻ്റെ തലയിൽ പണ്ട് കുടുങ്ങിയ ഒരു പത്ത് ലക്ഷത്തിൻ്റെ ക്യാഷ് ബാക്ക് പോളിസിക്ക് ഒരു മാസം അടവ് 4500 രൂപയോളമായിരുന്നു. അപ്പോൾ ഒരു കോടി 25 ലക്ഷം രൂപയ്ക്ക് ക്യാഷ് ബാക്ക് പോളിസി വാങ്ങിയാൽ 56,000 രൂപയ്ക്ക് അടുത്ത്‌ മാസ അടവ് വരും. ടേം ഇൻഷുറൻസ് പോളിസിക്ക് വെറും 1,000 രൂപ അടവ് ഉള്ളപ്പോഴാണ് ഇത്. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഉള്ള ആളിൻ്റെ മാസ വരുമാനത്തിൽ കൂടുതലാണ് ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി അടവ്.

ഇൻഷുറൻസ് വാങ്ങുന്നത്, അതിൽ നിന്ന് ലാഭം കിട്ടും എന്ന് വിചാരിച്ചിട്ടല്ല. നമ്മൾക്ക് എന്തെങ്കിലും പറ്റിയാൽ കുടുംബം കുത്തുപാള എടുക്കരുത് എന്നു വിചാരിച്ചിട്ടാണ്. ഇൻഷുറൻസ് തുക നമ്മുടെ കുടുംബത്തിന് ആവശ്യമുള്ള സുരക്ഷ നൽകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലാതെ പോളിസി സമയം കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് എന്ത് തിരിച്ചു കിട്ടും എന്നല്ല ആലോചിക്കേണ്ടത്. അതു കൊണ്ട് ടേം ഇൻഷുറൻസ് പോളിസി അല്ലാത്ത ഒരു ഇൻഷുറൻസ് പദ്ധതിയിലും ചേരുന്നതിൽ അർത്ഥമില്ല.

പ്രതീക്ഷിച്ചതിലും വളരെ വലുതായി ഈ ലേഖനം. ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.








അടുത്ത ലേഖനം: ടേം ഇൻഷുറൻസ് (Term Insurance)

Leave a Reply

Your email address will not be published. Required fields are marked *