നിങ്ങൾ എത്ര മാത്രം നിക്ഷേപിക്കുന്നു എന്നതാണ്, നിങ്ങളുടെ നിക്ഷേപം എത്ര വരുമാനം തരുന്നു എന്നതിനേക്കാൾ പ്രധാനം. എന്നു വച്ചാൽ എത്ര പലിശ കിട്ടുന്നു എന്നതിനേക്കാൾ പ്രധാനം എത്ര രൂപ നിക്ഷേപിച്ചു എന്നതാണ്. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഇതു വളരെ വ്യക്തമായ ഒരു കാര്യമാണ്.
1,000 രൂപ ഒരു പദ്ധതിയിൽ നിക്ഷേപിച്ചിട്ട്, അത് 10 ഇരട്ടി ആയി വളർന്ന് 10,000 രൂപയായാൽ നേട്ടം 9,000 രൂപ മാത്രമാണ്. എന്നാൽ 10,000 രൂപ നിക്ഷേപിച്ചിട്ട് വെറും ഇരട്ടി ആയാൽ പോലും നേട്ടം 10,000 രൂപയാണ്.
10 ഇരട്ടി ആകുന്ന ഒരു നിക്ഷേപ മാർഗ്ഗം കണ്ടുപിടിക്കുന്നതിനേക്കാൾ ഒരുപാട് എളുപ്പമാണ് തുടക്കത്തിലെ നിക്ഷേപ തുക കൂട്ടുക എന്നുള്ളത്. എന്നു വച്ചാൽ 1,000 രൂപ നിക്ഷേപിച്ച് 10,000 രൂപ ആകുന്നതിനേക്കാൾ എളുപ്പം തുടക്കത്തിലെ 10,000 രൂപ നിക്ഷേപിക്കാൻ കണ്ടെത്തുന്നതാണ്. ഇതിനായി ചിലപ്പോൾ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും സിനിമയ്ക്ക് പോകുന്നതും കുറയ്‌ക്കേണ്ടി വരും. അതുമല്ലെങ്കിൽ വാങ്ങുന്ന വണ്ടിയുടെ വലിപ്പം കുറയ്ക്കുവാനും വീടിൻ്റെ മോടി കുറയ്‌ക്കുവാനും ഒക്കെ ശ്രദ്ധിക്കേണ്ടി വരും. പക്ഷേ ഇതാണ് ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.
ഇനി 10 ഇരട്ടി ആകുന്ന ഒരു നിക്ഷേപ മാർഗം കണ്ടുപിടിച്ചു എന്നു തന്നെ വയ്ക്കൂ. അതിൽ വെറും 1,000 രൂപ മാത്രമേ നിക്ഷേപിച്ചിട്ടുള്ളൂ എങ്കിൽ പത്തിരട്ടി ആയിട്ടും നമുക്ക് വലിയ ഉപകാരം ഒന്നുമില്ല. നിക്ഷേപിക്കുമ്പോൾ എപ്പോഴും നമ്മുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ തുകയാണ് നിക്ഷേപിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. എനിക്ക് പല തവണ പറ്റിയിട്ടുള്ള അബദ്ധമാണ് ഇത്. പല മികച്ച നിക്ഷേപങ്ങളിലും തുടക്കത്തിൽ ചെറിയ തുക ഇട്ട് പരീക്ഷിക്കും. അവസാനം നിക്ഷേപം നല്ല വരുമാനം തരുമ്പോൾ കൂടുതൽ തുക നിക്ഷേപിക്കാതിരുന്നതിനെ കുറിച്ച് ഓർത്ത് വിഷമിക്കും. ഈ വിഷമം ഒഴിവാക്കാൻ ഏതു നിക്ഷേപം തുടങ്ങുമ്പോഴും ഒരു ലക്ഷ്യം മനസ്സിൽ കണ്ടു അതിനു ആവശ്യമായ തുക കണക്കുകൂട്ടി വേണം നിക്ഷേപിക്കാൻ.
അടുത്ത ലേഖനം: നിങ്ങളുടെ നിക്ഷേപങ്ങളെ വൈവിധ്യവൽക്കരിക്കുക