നമുക്ക് എന്തെങ്കിലും അസുഖമോ അപകടമോ പറ്റി ആശുപത്രി ചെലവുകൾ വന്നാൽ അത് കൊടുക്കാൻ നമ്മളെ സഹായിക്കുന്ന ഇൻഷുറൻസ് ആണ് ഹെൽത്ത് ഇൻഷുറൻസ്.
ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറയുമ്പോൾ പൊതുവേ ആരും സമ്മതിക്കാറില്ല. നല്ല ആരോഗ്യത്തിൽ ഇരിക്കുമ്പോൾ എനിക്ക് എന്തിനാണ് ഹെൽത്ത് ഇൻഷുറൻസ് എന്നാണ് എല്ലാവരും എന്നോട് പതിവായി ചോദിക്കുന്നത്. അല്ലെങ്കിൽ എനിക്ക് ജോലിയിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് പിന്നെ എന്തിന് ഞാൻ പുറത്തു നിന്ന് എടുക്കണമെന്നും ചോദിക്കാറുണ്ട്.
ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം അല്ല ഹെൽത്ത് ഇൻഷുറൻസ്. നമ്മൾ ഉണ്ടാക്കിയ സമ്പാദ്യം നശിച്ചു പോകാതിരിക്കാനുള്ള ഒരു മുൻകരുതലാണ് ഹെൽത്ത് ഇൻഷുറൻസ്. ഒന്നോർത്തു നോക്കൂ, മുൻപ് നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്ന ഒരു കുടുംബം ഇപ്പോൾ പണത്തിന് ബുദ്ധിമുട്ടുന്ന കാര്യം നിങ്ങളുടെ പരിചയത്തിൽ ഉണ്ടോ എന്ന്.അങ്ങനെ ഉള്ള കഥകളിൽ അഞ്ചിൽ നാലു കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ആയതു ഒരു ആശുപത്രി വാസത്തിനു ശേഷം ആയിരിക്കും. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും മൂന്നോ നാലോ ആഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ആളുകൾ കുറവായിരിക്കും . ചെറിയ അസുഖങ്ങൾ ആണെങ്കിൽ വലിയ കുഴപ്പം ഉണ്ടാകില്ല പക്ഷേ ICU’ലോ അല്ലെങ്കിൽ വിലകൂടിയ ശസ്ത്രക്രിയ വേണ്ടി വന്നാലോ ഒരുപാട് പണം ചിലവാകും. ഒരു സാധാരണ കുടുംബത്തിനും ഒരു അംഗത്തിൻ്റെ നീണ്ട ആശുപത്രി വാസം ഇൻഷുറൻസ് ഇല്ലാതെ താങ്ങാൻ കഴിയില്ല.
ജോലിയിൽ ഇരിക്കുമ്പോൾ ഉള്ള ഹെൽത്ത് ഇൻഷുറൻസ് പോരെ എന്നു തോന്നാം. പോരാ എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ജോലി മാറുമ്പോൾ ആണ് ആശുപത്രി വാസം വേണ്ടി വരിക എന്ന് വിചാരിക്കുക അപ്പോൾ നമ്മുടെ കയ്യിൽ നിന്നും തന്നെ പണം എടുത്ത് അടയ്ക്കേണ്ടി വരും. പുതിയ ജോലിയിൽ ചേരാനും പറ്റില്ല. അല്ലെങ്കിൽ ഒരിക്കലും ജോലി മാറില്ല എന്നും കമ്പനി നമ്മളെ പറഞ്ഞു വിടില്ല എന്നും നിങ്ങൾക്ക് ഉറപ്പു വേണം. കഷ്ടകാലം വരുമ്പോൾ ഒരുമിച്ചു വരും എന്ന് പഴമക്കാർ പറയാറില്ലേ. എൻ്റെ അനുഭവത്തിൽ അത് ഏറെക്കുറെ ശരിയാണ്. നമ്മൾ ജീവിതകാലം മൊത്തം ജോലി ചെയ്ത് സമ്പാദിക്കുന്നത് എല്ലാം ഒന്നോ രണ്ടോ മാസത്തെ ആശുപത്രി വാസം കൊണ്ട് നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യമാണ് എന്ന് പറയുന്നത്.
എന്നാൽ പിന്നെ അസുഖം വന്നു കിടപ്പിലായാൽ മാത്രം എടുത്താൽ പോരേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇൻഷുറൻസ് കമ്പനികൾ മണ്ടന്മാരല്ലല്ലോ. ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, നിലവിൽ ഉള്ള അസുഖങ്ങൾ , പോളിസി എടുത്തു കുറച്ചു കാലത്തിനു (സാധാരണ ഒന്നോ രണ്ടോ കൊല്ലം) ശേഷം മാത്രമേ കവർ ചെയ്യുകയുള്ളൂ. അതു കൊണ്ടു എന്ന് ആവശ്യം വരും എന്ന് ഗണിച്ചു നോക്കാതെ ഇപ്പോഴേ എടുത്തു വെയ്ക്കുന്നതാണ് നല്ലത്. അതേ പോലെ തന്നെ വലിയ അസുഖങ്ങൾ വരുന്നതിനു മുന്നേ എടുത്താൽ പോളിസി പ്രീമിയം കുറഞ്ഞിരിക്കും എന്ന ഗുണവുമുണ്ട്.
പോളിസി എടുക്കുമ്പോൾ തന്നെ ആശുപത്രിയിൽ പോകേണ്ടി വന്നാൽ എങ്ങനെ പണം ക്ലെയിം (claim ) ചെയ്യും എന്നുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതിനോട് കൂടെ ഡിസ്ചാർജ് സമ്മറി(discharge summary) പോലെയുള്ള ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ആവശ്യമുള്ള ഡോക്യൂമെന്റുകൾ(documents) കൃത്യമായി വാങ്ങിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാകും.
അതേ പോലെ തന്നെ ഏതെല്ലാം അസുഖങ്ങൾക്ക് കവറേജ് കിട്ടും, ഏതെല്ലാം അസുഖങ്ങൾ കവേറെഡ്(covered) അല്ല എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.
അതു പോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇൻഷുറൻസ് തരുന്ന കമ്പനിയുടെ വിശ്വാസ്യതയും. നമ്മൾക്ക് പരിചയമുള്ള ആരെങ്കിലും ഇൻഷുറൻസ് എടുത്ത് ആശുപത്രിയിൽ ചെലവായ കാശു ക്ലെയിം(claim) ചെയ്തിട്ടുള്ള ചരിത്രം അറിയാമെങ്കിൽ ആ കമ്പനിയിൽ നിന്ന് ഇൻഷുറൻസ് എടുക്കുന്നതായിരിക്കും നല്ലത്.
ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ അത്ര വില കുറവല്ല. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ കുറെ കാശ് ലാഭിക്കാം. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.
അടുത്ത ലേഖനം: ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ?