മലയാളിയുടെ പ്രിയപ്പെട്ട നിക്ഷേപ മാർഗ്ഗമാണ് സ്വർണ്ണ ആഭരണങ്ങൾ. 100 പവൻ സ്വർണ്ണം ഉണ്ടെങ്കില്‍ സമ്പന്നൻ ആയി എന്നാണ് ഒരു ശരാശരി മലയാളിയുടെ മനോഭാവം. എന്നാൽ സ്വർണ്ണ ആഭരണങ്ങൾ അത്ര നല്ല ഒരു നിക്ഷേപം അല്ല. കാരണം താഴെ പറയാം.
സ്വർണ്ണം വാങ്ങുമ്പോൾ തന്നെ നഷ്ടം തുടങ്ങും
ഭൂരിഭാഗം ആൾക്കാരും സ്വർണ്ണം ആഭരണങ്ങൾ ആയിട്ടാണ് വാങ്ങുന്നത്. അപ്പോൾ തന്നെ 5 ശതമാനം [5 %] മുതൽ 20 ശതമാനം [20 %] വരെ പണിക്കൂലി പോകും. ചിലപ്പോൾ അതിൽ കൂടുതൽ ആവും. പിന്നെ ആഭരണങ്ങളിൽ ഉള്ള കല്ലുകൾക്ക് സ്വർണ്ണത്തിൻ്റെ വില തന്നെ കൊടുക്കേണ്ടി വരും. പിന്നെ നികുതിയും. ഇതിനെല്ലാം പുറമേ ജ്വല്ലറി ഷോപ്പിൻ്റെ ലാഭവിഹിതവും സ്വർണ്ണ ആഭരണത്തിൻ്റെ വിലയിൽ ഉണ്ടാകും.
സ്വർണ്ണം സൂക്ഷിക്കാൻ പ്രയാസം ആണ് , നഷ്ടപ്പെടാൻ എളുപ്പവും.
സ്വർണ്ണം മോഷണം പോകാനും അല്ലെങ്കിൽ കളഞ്ഞു പോകാനും സാധ്യതയുണ്ട് . അത് പോലെ ബാങ്ക് ലോക്കറിൽ ഉള്ള സ്വർണ്ണത്തിനു ഇൻഷുറൻസ് എടുക്കാനും പറ്റില്ല. ലോക്കറിന്റെ ഫീസ് വേറെയും. കള്ളന്മാരെ വീട്ടിലേക്ക് ആകർഷിക്കും എന്ന ഒരു പ്രശ്നവും ഉണ്ട്.
സ്വർണ്ണം വിൽക്കാനും നല്ല വില കിട്ടാനും ബുദ്ധിമുട്ടാണ്
ഏത് നിക്ഷേപവും അവശ്യ സമയത്തു വിൽക്കാൻ പറ്റണം. വിൽക്കുമ്പോൾ ന്യായ വിലയും കിട്ടണം. സ്വർണ്ണം പണയം വെക്കാൻ എളുപ്പം ആണെങ്കിലും വിൽക്കാൻ പ്രയാസം ആണ്. സ്വർണ്ണം മാറ്റി വാങ്ങാൻ കടക്കാർ തയാറാകുമെങ്കിലും പണമായി തരാൻ വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉണ്ടാവുകയുള്ളു. അതും 90 ശതമാനം [90 %] വരെ വില കിട്ടാനേ സാധ്യത ഉള്ളൂ.
100 gm സ്വർണ്ണം ആഭരണം വാങ്ങി 10 വർഷം സൂക്ഷിക്കുമ്പോൾ വരുന്ന ലാഭ/നഷ്ട കണക്കു 2007 – 2017
2007’ൽ 1 gm സ്വർണ്ണം വാങ്ങാൻ ₹ 1250 ആയിരുന്നു
വാങ്ങുമ്പോൾ :
സ്വർണ്ണ വില 100 gm = ₹ 1,25,000.
പണിക്കൂലി 10 % = 125000* 10 / 100 = ₹ 12,500.
നികുതി [1.2 % 2007’ൽ ] = 125000 * 1.2 / 100 = ₹ 1,500.
മൊത്തം = ₹ 1,39,000.
10 വർഷം സൂക്ഷിക്കുന്ന ചിലവ്:
ഇടത്തരം ലോക്കർ വാടക = ₹2,000 ഓരോ വർഷവും [ഏകദേശം]
10 വർഷ വാടക = ₹2000 * 10 = ₹ 20,000.
മൊത്തം = ₹ 20,000.
വിൽക്കുമ്പോൾ :
2017’ൽ 1 gm സ്വർണ്ണം വാങ്ങാൻ ₹ 3000 ആയിരുന്നു.
പക്ഷെ വിൽക്കുമ്പോൾ 90% മാത്രമേ കിട്ടുകയുള്ളു.
1 gm വിറ്റാൽ കിട്ടുന്നത് = 3000* 90/100 = ₹ 2,700.
100 gm വിറ്റാൽ കിട്ടുന്നത് = 2700 * 100 = ₹ 2,70,000.
മൊത്തം = ₹ 2,70,000.
ലാഭം = 270000 – [139000 + 20000 ] = ₹ 1,11,000/-
ദീർഘകാല ക്യാപിറ്റൽ ഗെയ്ൻസ് നികുതി
ആദ്യം സർക്കാർ പ്രഖ്യാപിച്ച പണപ്പെരുപ്പ നിരക്കിനു അനുസരിച്ചു സ്വർണ്ണം വാങ്ങിയ വില കണക്കു കൂട്ടണം.
സ്വർണ്ണം വാങ്ങിയ വില = ₹ 1,25,000.
2007- 2008 സാമ്പത്തിക വർഷത്തിൻ്റെ CII (Cost Inflation Index ) സംഖ്യ = 129
2017- 2018 സാമ്പത്തിക വർഷത്തിൻ്റെ CII (Cost Inflation Index ) സംഖ്യ = 272
സ്വർണ്ണം വാങ്ങിയ വില പണപ്പെരുപ്പ നിരക്കിനു അനുസരിച്ചു കണക്കു കൂട്ടുമ്പോൾ = (272/129) * 1,25,000 = ₹ 2,63,566
നികുതി ബാധകം ആകുന്ന നേട്ടം = 2,70,000 – 2,63,566 = ₹ 6,434
ക്യാപിറ്റൽ ഗെയ്ൻസ് നികുതി 20 % = 6,434 * 20 /100 = ₹ 1,287
അപ്പോൾ, നേട്ടം = 111000 – 1,287= ₹ 1,09,713/-
മറ്റു നിക്ഷേപങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ:
PPF ആണ് ഞാൻ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന അളവുകോൽ. നികുതി ഇല്ലാത്ത ഉറച്ച നിക്ഷേപം. PPF പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിന് ഏകദേശം പൊരുത്തപ്പെടുത്തും.
PPF 15 വർഷത്തെ നിക്ഷേപം ആണെങ്കിലും ഒരു നല്ല അളവുകോല്‍ ആണ്. 2007 മുതൽ 2017 വരെ ഉള്ള PPF പലിശ നിരക്ക് താഴെ കൊടുക്കുന്നു.
കണക്കുകൂട്ടാന്‍ എളുപ്പത്തിനു 8% ശരാശരി എടുക്കുന്നു.
2007’ൽ 100 gm സ്വർണ്ണവില = ₹ 1,25,000
ഈ തുക 10 വർഷം PPF’ൽ നിക്ഷേപിച്ചിരുന്നെകിൽ, 8% കൂട്ടുപലിശ , കിട്ടുന്ന മൊത്തം തുക = ₹ 2,69,866
നേട്ടം = 2,69,866 – 1,25,000 = ₹ 1,44,866
സ്വർണ്ണ നിക്ഷേപം വരുത്തിയ നഷ്ടം = 1,44,866 – 1,09,713 = ₹ 35,153
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ 10 വർഷം കൂടുമ്പോഴും സ്വർണ്ണത്തിൻ്റെ വില ഇങ്ങനെ തന്നെ പെരുമാറണം എന്നില്ല. ചിലപ്പോൾ കൂടാനും കുറയാനും സാധ്യതയുണ്ട്. പക്ഷെ അത് നമുക്ക് പ്രവചിക്കാൻ കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നതെന്താണ് – ലഭ്യമായ ഏറ്റവും മികച്ച വിവരങ്ങൾ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുക എന്നതാണ്.
അടുത്ത ലേഖനം: സ്വർണ്ണ ഖനന (Mining) കമ്പനികളുടെ ഓഹരി