എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം?
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme) അഥവാ Revamped Gold Deposit Scheme (R- GDS) നമ്മുടെ കൈയിലുള്ള സ്വർണ്ണത്തിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്. ഈ പദ്ധതി പ്രകാരം നമുക്ക് ചില അംഗീകൃത ബാങ്ക് ശാഖകളിൽ ഗോൾഡ് ഡെപ്പോസിറ്റ് (Gold Deposit) അക്കൗണ്ട് തുടങ്ങാൻ പറ്റും.
ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ പണത്തിനു പകരം 995 പരിശുദ്ധിയുള്ള (995 fineness) സ്വർണ്ണത്തിൻ്റെ ഗ്രാം തൂക്കത്തിൽ ആണ് അക്കൗണ്ട് ബാലൻസ് കണക്കു കൂട്ടുക. എന്നു വെച്ചാൽ അക്കൗണ്ടിൽ ഇത്ര രൂപ ഉണ്ട് എന്ന് പറയുന്നതിന് പകരം 995 പരിശുദ്ധിയുള്ള ഇത്ര ഗ്രാം സ്വർണ്ണം ഉണ്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്, 30,000 രൂപ ഉണ്ട് എന്നതിന് പകരം 9.40 ഗ്രാം സ്വർണ്ണം ഉണ്ട് എന്ന് പറയും (1 ഗ്രാം 995 പരിശുദ്ധി ഉള്ള സ്വർണ്ണത്തിനു 3193 രൂപ ആണ് വില എന്ന് ഊഹിക്കുമ്പോൾ). 995 പരിശുദ്ധി സ്വർണ്ണം എന്നത് 24 ക്യാരറ്റ് സ്വർണത്തിന് തുല്യമാണ്.
സ്വർണ്ണം നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഈ അക്കൗണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളെ പോലെ പ്രവർത്തിക്കും.
ഇതിൽ മനസ്സിലാക്കാനുള്ള ഒരു പ്രധാന കാര്യം നമ്മൾ കൊടുക്കുന്ന സ്വർണ്ണം ബാങ്ക് ഉരുക്കി വിൽക്കും എന്നതാണ്. പകരം അക്കൗണ്ടിൻ്റെ മെച്യൂരിറ്റി ഡേറ്റ് എത്തുമ്പോൾ നമുക്ക് 995 പരിശുദ്ധിയുള്ള സ്വർണ്ണ നാണയങ്ങൾ ആയിട്ടോ അല്ലെങ്കിൽ അന്നത്തെ സ്വർണ്ണത്തിൻ്റെ വില രൂപയായോ കിട്ടും.
എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ കാലാവധി?
മൂന്നു കാലാവധിയിൽ ഉള്ള ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുടങ്ങാൻ പറ്റും.
- ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് – 1 മുതൽ 3 വർഷം വരെ [STBD]
- മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 5 മുതൽ 7 വർഷം വരെ [MTGD]
- ലോങ്ങ് ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 12 മുതൽ 15 വർഷം വരെ [LTGD]
കാലാവധി അനുസരിച്ച് പലിശ നിരക്ക് കൂടും.
എത്രയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഈ പദ്ധതിയിൽ നിക്ഷേപിക്കണം എങ്കിൽ കുറഞ്ഞത് 30 ഗ്രാം സ്വർണ്ണം എങ്കിലും വേണം.
എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല. തുടക്കത്തിൽ ഒരു നിക്ഷേപം നടത്തിയാൽ മതി.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
എത്ര ഗ്രാം സ്വർണ്ണം വേണമെങ്കിലും നിക്ഷേപിക്കാം. ഇന്ത്യയിൽ വിവാഹിത ആയ സ്ത്രീക്ക് 500 ഗ്രാം സ്വർണ്ണം വരെ കയ്യിൽ വെയ്ക്കാം എന്നാണ് എൻ്റെ അറിവ്. ഇതിൽ ഒരുപാടു കൂടിയാൽ ചിലപ്പോൾ ആദായ നികുതി വകുപ്പ് ഉറവിടം (source) ചോദിക്കും. പാരമ്പര്യമായി കിട്ടിയ സ്വർണ്ണമാണെങ്കിൽ കുഴപ്പമില്ല എന്നാണ് എൻ്റെ അറിവ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ്റിൻ്റെ(CA) അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ(Financial Advisor) അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം എങ്ങനെ തുടങ്ങും?
ഈ അക്കൗണ്ട് തുറക്കാൻ കുറച്ചു മെനക്കെടണം. നമ്മൾ അംഗീകൃത ബാങ്ക് ശാഖകളിൽ ചെന്ന് കഴിയുമ്പോൾ അവർ നമ്മളെ കളക്ഷന്‍ & പ്യൂരിറ്റി ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് (collection and purity testing center) വിടും. ഈ കേന്ദ്രത്തിൽ നിന്ന് നമ്മുടെ കൈയിലുള്ള സ്വർണം എത്ര ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ് എന്ന സർട്ടിഫിക്കറ്റ് കിട്ടും. ഈ സർട്ടിഫിക്കറ്റിലുള്ള തൂക്കമാണ് ബാങ്കിൽ ഡെപ്പോസിറ്റ് ആയി അക്കൗണ്ടിൽ കയറുന്നത്. 22 കാരറ്റ് സ്വർണ്ണം 916 പരിശുദ്ധി ഉള്ളതാണ്. അപ്പോൾ 995 പരിശുദ്ധിയിലേക്ക് തൂക്കം മാറ്റുമ്പോൾ അതിനനുസരിച്ചുള്ള വ്യത്യാസം വരും. പിന്നെ നമ്മൾ സ്വർണം വാങ്ങിയപ്പോൾ ജ്വല്ലറി 22 കാരറ്റിന് പകരം 20 കാരറ്റ് ആണ് തന്നത് എങ്കിൽ അതിനുള്ള വ്യത്യാസവും വരും.
ആർക്കാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം തുടങ്ങാൻ കഴിയുക?
ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ആർക്കു വേണമെങ്കിലും ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങാൻ പറ്റും. അംഗീകൃത ബാങ്ക് ശാഖകളിൽ മാത്രമേ തുടങ്ങാൻ പറ്റൂ. നിങ്ങളുടെ ബാങ്കിൻ്റെ കസ്റ്റമർ കെയർ (Customer Care) നമ്പറിൽ വിളിച്ചാൽ അറിയാൻ പറ്റും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
April, 2019’ൽ SBI യുടെ നിലവിലുള്ള നിരക്കുകൾ ഇവയാണ്. Link
ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് [STBD]
1 വർഷം വരെ: 0.5%
1 മുതൽ 2 വർഷം വരെ: 0.55%
2 മുതൽ 3 വർഷം വരെ: 0.60%
മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ്[MTGD] : 2.25%
ലോങ്ങ് ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് 12 മുതൽ 15 കൊല്ലം വരെ [LTGD]: 2.50%
നികുതി കണക്കാക്കിയതിന് ശേഷം:
ഈ പദ്ധതിയുടെ പലിശയ്ക്കോ സ്വർണ്ണത്തിൻ്റെ വിലയിലുണ്ടാകുന്ന നേട്ടത്തിനോ നികുതി കൊടുക്കേണ്ടതില്ല.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അന്നത്തെ സ്വർണ്ണത്തിൻ്റെ വില അനുസരിച്ച് നമ്മുടെ അക്കൗണ്ടിലുള്ള സ്വർണ്ണത്തിൻ്റെ തൂക്കത്തിന് അനുപാതമായ തുക അല്ലെങ്കിൽ സ്വർണ്ണം കിട്ടും. അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ സ്വർണ്ണം വേണമോ അല്ലെങ്കിൽ പൈസ വേണമോ എന്നുള്ളത് അക്കൗണ്ടിൽ ഡെപ്പോസിറ്റ് നടത്തുമ്പോൾ തന്നെ നമ്മൾ പറയേണ്ടതാണ്. സ്വർണ്ണമായി വാങ്ങുന്നതിനു ചിലപ്പോൾ ബാങ്ക് സർവീസ് ചാർജ് എടുക്കും. ഇതു എത്രയാണെന്ന് അക്കൗണ്ട് തുറക്കുമ്പോൾ ചോദിക്കണം.
മറ്റു നേട്ടങ്ങൾ
സ്വർണ്ണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപം വേണമോ ??
ഒരു ഉദാഹരണം നോക്കാം :
400 ഗ്രാം( 50 പവൻ ) 22 കാരറ്റ് സ്വർണ്ണം ലോക്കറിൽ ഉണ്ട് എന്ന് കരുതൂ. ഇത് ഏകദേശം 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ്. സ്വർണ്ണത്തിൻ്റെ വില 3193 രൂപ ആയി കണക്കു കൂട്ടിയാൽ ഈ സ്വർണത്തിന് മൊത്തം വില 11,69,915 രൂപ. 2.25% ശതമാനം പലിശ കിട്ടിയാൽ വർഷത്തിൽ 26,323 രൂപ കിട്ടും. അഞ്ചു കൊല്ലം കഴിയുമ്പോൾ സ്വർണ്ണത്തിൻ്റെ അന്നത്തെ വില കിട്ടും അല്ലെങ്കിൽ 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണം നാണയമായോ ബിസ്കറ്റ് ആയോ കിട്ടും. . അഞ്ചു കൊല്ലം കൊണ്ട് ഏകദേശം 1,31,615 രൂപ പലിശയും കിട്ടും.
ഇതൊരു ഏകദേശ കണക്ക് ആണെന്ന് മറക്കല്ലേ. സ്വർണ്ണത്തിൻ്റെ വില എല്ലാ ദിവസവും മാറും. അതേ പോലെ തന്നെ നമ്മുടെ കയ്യിലുള്ള ആഭരണങ്ങൾ 995 പരിശുദ്ധിയിലേക്ക് മാറ്റുമ്പോൾ സ്വർണ്ണത്തിൻ്റെ പരിശുദ്ധി അനുസരിച്ച് ഞാൻ പറഞ്ഞ അളവിൽ നിന്ന് വ്യത്യാസം വരാം.
സ്വർണ്ണത്തിനോടും ആഭരണങ്ങളോടും ഉള്ള വൈകാരികമായ ബന്ധങ്ങൾ ഒഴിവാക്കി ചിന്തിച്ചാൽ ഈ പദ്ധതി എന്തു കൊണ്ടും നേട്ടമാണ്. സ്വർണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട. പലിശയും കിട്ടും. സ്വർണ്ണത്തിൻ്റെ വിലയും കൂടും. ഡെപ്പോസിറ്റ് കാലാവധി കഴിയുമ്പോൾ വിൽക്കാൻ ആളെ അന്വേഷിക്കേണ്ട. നേരെ പണമായി തുക സ്വീകരിക്കാം.
നിങ്ങളുടെ മൊത്തം ആസ്തിയുടെ 10 ശതമാനത്തിൽ കൂടുതൽ സ്വർണ്ണത്തിൽ സൂക്ഷിക്കുന്നത് നല്ലതല്ല. അങ്ങിനെ കൂടുതലുള്ള സ്വർണം പണമാക്കി, മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ പദ്ധതി.
അടുത്ത ലേഖനം: ഓഹരി (Stocks)
This is restricted to resident Indians as per the website, which means NRI’s and OCI’s are not eligible.
Yes, You are right. One need to be a resident Indian to avail the scheme.