“എനിക്ക് പറ്റില്ല” എന്ന് പറയുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം

പണം ഉണ്ടായത് കൊണ്ട് മാത്രം സന്തോഷം ഉണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സത്യമാണ്. പക്ഷേ പണം തീരെ ഇല്ലാത്ത ഒരാൾക്ക് സന്തോഷം ഉണ്ടാവാൻ വളരെ ബുദ്ധിമുട്ടാണ്. സ്വന്തം കുടുംബത്തിൻ്റെ വിശപ്പകറ്റാനും ഉറപ്പുള്ള ഒരു വീടിൻ്റെ സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള പണം ഇല്ലെങ്കിൽ പിന്നെ സന്തോഷമായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്. 

ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. താല്പര്യമുള്ള ജോലിക്ക് പോകാനും താല്പര്യം ഇല്ലാത്ത ജോലികൾ ചെയ്യാതിരിക്കാനും ഇഷ്ടമുള്ള സ്ഥലങ്ങളിൽ ജീവിക്കുവാനും എല്ലാം സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ്. 

സമ്പൂർണ സാമ്പത്തിക സ്വാതന്ത്ര്യം എന്നു വച്ചാൽ നമ്മളുടെ ചിലവിനു ആവശ്യമായ തുക നമ്മളുടെ നിക്ഷേപങ്ങളിൽ നിന്ന് പലിശയായോ വാടകയായോ ലഭിക്കുന്നതാണ്. ഇങ്ങനെയുള്ള സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതത്തിൽ സന്തോഷം നമ്മളറിയാതെ തന്നെ കൂടും. കാരണം ടെൻഷനും പേടിയും തനിയെ കുറയും.

ഇതിനു സാധിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഒരു അടിസ്ഥാന സാമ്പത്തിക സുരക്ഷ എങ്കിലും ഉറപ്പ് വരുത്തണം. വരുമാനം പെട്ടെന്ന് നിലച്ചാലും ജീവിത സാഹചര്യത്തിൽ പെട്ടെന്ന് മാറ്റം വരാതിരിക്കാനുള്ള പണം കയ്യിൽ വേണം. എന്നു വെച്ചാൽ ഇന്ന് ജോലി പോയാൽ അടുത്ത കുറെ മാസങ്ങൾക്ക് താമസിക്കുവാനും ഭക്ഷണം വാങ്ങാനുമുള്ള പണത്തിനായി എന്തു ചെയ്യും എന്ന് ആലോചിക്കേണ്ടി വരരുത്. ഇതിനായി എമർജൻസി ഫണ്ടും ഇൻഷുറൻസ് സുരക്ഷയും വേണം. എല്ലാവരുടെയും ആദ്യത്തെ ലക്ഷ്യം ഇതായിരിക്കണം. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ മറ്റു സാധനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും ജീവിതച്ചെലവ് കൂട്ടുന്നതിനെ കുറിച്ചും ആലോചിക്കാൻ പാടുള്ളൂ.

എൻ്റെ ഒരു അനുഭവം തന്നെ പറയാം. ഒരു ജോലിയുടെ ഭാഗമായി എന്നെ ഒരു വിദേശ രാജ്യത്ത് ഒരു പ്രൊജക്റ്റ് ചെയ്യുവാൻ വേണ്ടി അയച്ചു. ഒരു നഗരത്തിൽ ചെന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോൾ എന്നെ അടുത്ത സംസ്ഥാനത്തിൽ ഉള്ള വേറൊരു നഗരത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പുതിയ സ്ഥലത്ത് എനിക്ക് മുൻപരിചയമുള്ള ജോലി ആയിരുന്നില്ല. അതിനു വേണ്ട പരിശീലനം തന്നതും ഇല്ല. അവിടെ ഒരു മാസം കഴിഞ്ഞപ്പോൾ തിരിച്ച് ആദ്യത്തെ നഗരത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ നഗരത്തിലേക്ക് പിന്നെയും ട്രാൻസ്ഫർ. അപ്പോഴും പരിശീലനമോ സഹായിക്കാൻ ഒരാളൊ ഇല്ല. രാവിലെ 6 മണിക്ക് രണ്ടു മണിക്കൂർ ഫോൺ കോളിൽ തുടങ്ങിയാൽ പിന്നെ 8 മുതൽ 5 വരെ ജോലിയും പിന്നെ വീട്ടിൽ വന്നിട്ടു രാത്രി 7 മണിക്ക് തുടങ്ങി പിന്നെയും രണ്ടു മണിക്കൂർ ഫോൺ കോൾ. ശമ്പളം വെറും എട്ടു മണിക്കൂറിനു മാത്രം. ജോലി ചെയ്യുന്നത് ഏകദേശം 12 മണിക്കൂർ. ഇതും പോരാഞ്ഞിട്ട് രാത്രി 10 മണിക്ക് ഇമെയിൽ അയച്ചതിനു ശേഷം പത്തര ആകുമ്പോൾ വിളിച്ചിട്ട് മറുപടി കണ്ടില്ലല്ലോ എന്ന് പറയുന്ന ഒരു മാനേജറും. എൻ്റെ ജീവിതത്തിൽ അതിനു മുൻപും അതിനു ശേഷവും ഇത്രയും മോശമായ ഒരു ജോലി അനുഭവം വേറെ ഉണ്ടായിട്ടില്ല. ഒടുക്കം അവിടെ നിന്ന് ഞാൻ ജോലി രാജി വെച്ച് തിരികെ ഇന്ത്യയിലേക്ക് പോന്നു. ഇതിന് എന്നെ സഹായിച്ചത് അന്നത്തെ എൻ്റെ സാമ്പത്തിക സുരക്ഷ ആണ്. മാസാ മാസം അടയ്ക്കാൻ വലിയ ലോണുകളൊ വേറെ കടമോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കൊല്ലത്തോളം  എൻ്റെ ചെലവിന് ആവശ്യമായ തുക എൻ്റെ ബാങ്കിൽ ഉണ്ടായിരുന്നു താനും. അതു കൊണ്ട് ജോലി രാജിവയ്ക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ഇതേ അവസ്ഥയിൽ എൻ്റെ കൂടെ ജോലി ചെയ്തിരുന്ന  മറ്റു പലർക്കും ജോലി രാജി വയ്ക്കാൻ സാധിക്കുമായിരുന്നില്ല.  കാരണം അവരിൽ പലർക്കും നാട്ടിൽ വലിയ പറമ്പും വീടും വാങ്ങിയതിൻ്റെ ലോണും വലിയ കാർ വാങ്ങിയതിൻ്റെ ലോണും എല്ലാം തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്നു. 

നല്ല ജോലി കിട്ടുമ്പോൾ അല്ലെങ്കിൽ ഉള്ള ജോലിയിൽ പ്രൊമോഷൻ കിട്ടി കൂടുതൽ വരുമാനം വരുമ്പോൾ എല്ലാവരും സാധാരണ ചെയ്യുക സ്വപ്നത്തിലുള്ള കുറെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടും എന്നതാണ്. എൻ്റെ കാര്യവും ഇതു പോലെ തന്നെയായിരുന്നു. ജോലി കിട്ടിയ ഉടനെ കുറച്ചു കാശ് അത്യാവശ്യങ്ങൾക്ക് ആയി മാറ്റി വെക്കുന്നതിനു പകരം ഞാൻ ഏറ്റവും പുതിയ മൊബൈൽ ഫോണും എനിക്കിഷ്ടപ്പെട്ട ബൈക്കും വാങ്ങി. ബൈക്ക് വാങ്ങാൻ ലോൺ എടുക്കുകയും ചെയ്തു. അപ്പോൾ ഞാൻ ചെയ്തത് മാസാ മാസം കിട്ടുന്ന ശമ്പളത്തിനു വേണ്ടി ഞാൻ എൻ്റെ സ്വാതന്ത്ര്യം അടിമ വയ്ക്കുകയായിരുന്നു. ഭാഗ്യത്തിന് രണ്ടു മൂന്ന് വർഷങ്ങൾക്ക് ഉള്ളിൽ എൻ്റെ മണ്ടത്തരം എനിക്ക് മനസ്സിലായി. ലോൺ അടച്ചു തീർത്തു പെട്ടെന്നു തന്നെ ഞാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി. അതു കൊണ്ട് ജോലി സഹിക്കാൻ പറ്റാത്ത രീതിയിൽ ആയപ്പോൾ രാജി വെച്ചു പോകുവാൻ എനിക്ക് സാധിച്ചു. 

എൻ്റെ പല കൂട്ടുകാരും ഇതേ അബദ്ധം ഇന്നും തുടരുന്നത് ഞാൻ കാണുന്നുണ്ട്. ശമ്പളത്തിൽ നിന്ന് കാശ് മിച്ചം വയ്ക്കാതെ ഭാവി വരുമാനം വരെ മുന്നിൽ കണ്ട് ലോണെടുത്ത് സാധനങ്ങൾ വാങ്ങുന്നവരാണ് മിക്കവരും. 1,00,000 രൂപയുടെ അടുത്തു മാസ വരുമാനം ഉള്ള എൻ്റെ ഒരു സുഹൃത്തിന് 50,000 രൂപയുടെ ഹോം ലോൺ അടവും 15,000 രൂപയുടെ കാർ ലോൺ അടവും ഉണ്ട്. ഇദ്ദേഹം അക്ഷരാർത്ഥത്തിൽ ഇദ്ദേഹത്തിൻ്റെ ജോലിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മൂന്നോ നാലോ മാസത്തേക്ക് ജോലി പോയാൽ  വളരെയധികം ബുദ്ധിമുട്ടും. അതു കൊണ്ട് ജോലിയിൽ ആര് എന്ത് വഴക്ക് പറഞ്ഞാലും ഒരു പാട് തർക്കിക്കാൻ നിൽക്കാതെ അത് ചെയ്തേ പറ്റൂ. ഇനി കഷ്ടകാലത്തിന് ആറു മാസം ജോലിയില്ലാതെ ഇരിക്കേണ്ടി വന്നാൽ കാറും വീടും എല്ലാം ബാങ്കുകാർ കൊണ്ടു പോകും.

എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നതായിരിക്കണം ജോലി ചെയ്യുന്ന എല്ലാവരുടെയും ലക്ഷ്യം. അതല്ലാതെ ഏറ്റവും പുതിയ കാറും മൊബൈൽ ഫോണും വീടും എല്ലാം ആഗ്രഹിച്ചാൽ നമ്മൾ എപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്ന് അകലെയായിരിക്കും. അതു കൊണ്ട് അടുത്ത തവണ പുതിയ ജോലി കിട്ടി ശമ്പളം കൂടുമ്പോഴോ അതോ പ്രമോഷൻ കിട്ടി ശമ്പളം കൂടുമ്പോഴോ പുതിയ സാധനങ്ങൾ വാങ്ങാതെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കുവാൻ ആയി നിക്ഷേപം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. അടുത്ത തവണ നമുക്ക് ഇഷ്ടമില്ലാത്ത ജോലി വരുമ്പോഴോ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആരെങ്കിലും നിർബന്ധിക്കുമ്പോഴോ “എനിക്ക് പറ്റില്ല” എന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണമെങ്കിൽ ഈ സാമ്പത്തിക സുരക്ഷ അത്യാവശ്യമാണ്.








അടുത്ത ലേഖനം: വിരമിക്കാൻ എത്ര പണം വേണം?

One thought on ““എനിക്ക് പറ്റില്ല” എന്ന് പറയുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം”

  1. If you are financially sound you can comfortably enjoy your retired life. For tt you have to start savings from the begining of your employment. If you lavish your life at the begining you have to suffer and depend on others at old age. Spend money on the basis of your income and try to avoid loan as far as possible.

Leave a Reply

Your email address will not be published. Required fields are marked *