അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുക്കാൻ നേരത്ത് ഒരു വ്യക്തിയുടെ ലോൺ തിരിച്ചടക്കാൻ ഉള്ള കഴിവിനെ അളക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അളവുകോൽ ആണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 ഇടയിൽ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്കോർ. തൊള്ളായിരത്തിനടുത്ത് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്കോർ ആണെന്നും 300 നടുത്ത് ആണെങ്കിൽ വളരെ മോശമാണെന്നും ആണ് വെപ്പ്. ക്രെഡിറ്റ് സ്കോർ കൂടുന്നതനുസരിച്ച് ലോൺ കിട്ടാനും ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന ബാലൻസ് കിട്ടുവാനും സാധ്യത കൂടും. ക്രെഡിറ്റ് സ്കോർ താഴുന്നതനുസരിച്ച് ലോൺ കിട്ടുന്ന തുകയും കുറയും.
ഇന്ത്യയിൽ പൊതുവേ പാൻകാർഡ് നമ്പർ വെച്ചാണ് ക്രെഡിറ്റ് സ്കോർ കണക്കുകൂട്ടുന്നത്. ലോൺ അടവുകൾ കൃത്യമായി തിരിച്ചടയ്ക്കുകയും ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങൾ മിതമായി നടത്തുമ്പോഴും ക്രെഡിറ്റ് സ്കോർ കൂടും. എന്നാൽ അടവുകൾ മുടങ്ങിയാലും ക്രെഡിറ്റ് കാർഡുകളിലെ മുഴുവൻ തുകയും ഉപയോഗിക്കുമ്പോഴും എല്ലാം ക്രെഡിറ്റ് സ്കോർ കുറയും. അതുപോലെ എത്രകൊല്ലം മുൻപ് അക്കൗണ്ട് തുടങ്ങി എന്നുള്ളത് ക്രെഡിറ്റ് സ്കോറിന് ബാധിക്കും.
നല്ല ക്രെഡിറ്റ് സ്കോർ കാത്തുസൂക്ഷിക്കുന്നത് സാമ്പത്തികമായി വളരെ നല്ലകാര്യമാണ് . അത്യാവശ്യങ്ങൾക്ക് വായ്പ കിട്ടുവാനും വായ്പയ്ക്ക് കിട്ടുന്ന തുകയുടെ വലിപ്പം കൂട്ടുവാനും ക്രെഡിറ്റ് സ്കോർ ഉപകരിക്കും. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ബാങ്കിൽനിന്ന് പേർസണൽ ലോൺ കിട്ടുവാൻ വളരെയധികം സാധ്യതയുണ്ട് . അപ്പോൾ പെട്ടെന്ന് കാശിനു ആവശ്യം വന്നാൽ ബ്ലേഡ് പലിശയ്ക്ക് പോകാതെ ബാങ്കിൽനിന്ന് മിതമായ നിരക്കിൽ ലോൺ കിട്ടും.
അപ്പോൾ കൊള്ളപ്പലിശയ്ക്ക് കാശ് എടുക്കാതെയും ഉള്ള നിക്ഷേപങ്ങൾ വിറ്റ് കാര്യങ്ങൾ നടത്താതിരിക്കാനും നല്ല ക്രെഡിറ്റ് സ്കോർ ആവശ്യമാണ് . ഇതിനായി എത്രയും നേരത്തെ അക്കൗണ്ട് തുടങ്ങുകയും തുടങ്ങിയ അക്കൗണ്ടുകൾ കൃത്യമായി തിരിച്ചടച്ച് നല്ല ഉപഭോക്താവ് ആണെന്ന് നമ്മൾ തെളിയിക്കുകയും വേണം.
അടുത്ത ലേഖനം: “എനിക്ക് പറ്റില്ല” എന്ന് പറയുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം
Good