ഉപഭോക്താക്കൾക്ക് കടം വാങ്ങാൻ എളുപ്പത്തിനു വേണ്ടി ബാങ്കുകൾ കൊടുക്കുന്ന പ്ലാസ്റ്റിക്കോ ലോഹമോ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കാർഡ് ആണ് ക്രെഡിറ്റ് കാർഡ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നമുക്ക് സാധനങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ സേവനങ്ങൾക്കുള്ള ബിൽ അടയ്ക്കുകയോ അല്ലെങ്കിൽ ബാങ്ക് എടിഎമ്മിൽ(ATM) നിന്ന് കാശ് എടുക്കുകയോ ചെയ്യാം. ഉദാഹരണത്തിന് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കാനും ആശുപത്രിയിൽ ബില്ലടയ്ക്കാനും കാശിനു പകരം ക്രെഡിറ്റ് കാർഡ് കൊടുക്കാൻ പറ്റും..
എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുന്നത്?
ബാങ്കുകളിൽ ആണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുക. നമ്മൾക്ക് അക്കൗണ്ട് തുടങ്ങാൻ താല്പര്യം ഉള്ള ബാങ്കിൽ പോയി അപേക്ഷ കൊടുത്താൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. അപേക്ഷിക്കുന്ന എല്ലാവർക്കും അക്കൗണ്ട് തുടങ്ങാൻ പറ്റില്ല. അപേക്ഷ സ്വീകരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറും സാമ്പത്തിക നിലവാരവും എല്ലാം പരിശോധിച്ചതിനു ശേഷമാണ്.
അപ്പോൾ എന്താണ് ഈ വിസ(VISA), മാസ്റ്റർ കാർഡ്(MasterCard), അമേരിക്കൻ എക്സ്പ്രസ് (American Express), രൂപയ്(RuPay) എന്നെല്ലാം പറയുന്നത്?
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന സ്ഥലത്തെ മെഷീനും ബാങ്കിൻ്റെ സെർവറും തമ്മിൽ യോജിപ്പിക്കുന്ന ശൃംഖലകൾ ആണ് വിസ, മാസ്റ്റർ കാർഡ്, അമേരിക്കൻ എക്സ്പ്രസ് എന്ന് പറയുന്നത് എല്ലാം. നമ്മൾ കാർഡ് ഉപയോഗിക്കുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന തുക ക്രെഡിറ്റ് കാർഡിൽ ബാക്കിയുണ്ടോ എന്ന് അറിയുവാൻ വേണ്ടി ബാങ്കിൻ്റെ സെർവറിൽ പോയി നോക്കണം. ഈ സേവനം ലഭ്യമാക്കുന്ന നെറ്റ്‌വർക്ക് ആണ് വിസയും മാസ്റ്റർ കാർഡുമെല്ലാം. ഇതിനു വേണ്ടി അവർ എല്ലാ ഇടപാടിനും ഒരു വളരെ ചെറിയ ശതമാനം ഫീസായി വാങ്ങും.
ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
- ക്രെഡിറ്റ് ലിമിറ്റ് (Credit Limit): ഈ കാർഡ് ഉപയോഗിച്ച് എത്ര രൂപയുടെ സാധനം വരെ വാങ്ങാം എന്നുള്ളതാണ് ക്രെഡിറ്റ് ലിമിറ്റ് അഥവാ പരമാവധി ഉപയോഗിക്കാവുന്ന തുക.
- ക്യാഷ് ലിമിറ്റ്(Cash Limit): ഈ കാർഡ് ഉപയോഗിച്ച് എത്ര രൂപ എടിഎമ്മിൽ നിന്ന് കാശായി പിൻവലിക്കാൻ സാധിക്കും എന്നുള്ളതാണ് ആണ് ഈ പരിധി.
- ആനുവൽ ഫീസ്(Annual Fees): ഒരു വർഷം എത്ര രൂപ ഫീസ് ഉണ്ട് കാർഡിന് എന്നുള്ളതാണ് ഇത്. നല്ല കാർഡുകൾക്ക് സാധാരണ ഈ ഫീസ് ഉണ്ടാവാറില്ല.
- ഗ്രേസ് പിരീഡ്(Grace Period): ഓരോ മാസത്തെയും ബില്ല് കിട്ടിയതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ കാശ് അടച്ചാൽ പലിശയില്ലാതെ ഇരിക്കും എന്നുള്ളതാണ് ഗ്രേസ് പിരീഡ്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്രേസ് പിരീഡ് നുള്ളിൽ കാശ് അടച്ചാൽ മാത്രമേ നമ്മൾക്ക് പലിശ കൊടുക്കാതിരിക്കാൻ പറ്റുകയുള്ളൂ. സാധാരണഗതിയിൽ 15 ദിവസമോ 20 ദിവസമോ ആണ് ഗ്രേസ് പിരീഡ്. അതായത് എല്ലാ മാസവും മുപ്പതാം തിയ്യതി ബിൽ വന്നാൽ അടുത്ത മാസം പതിനഞ്ചാം തീയതിക്ക് മുൻപ് പണം അടച്ചാൽ നമുക്ക് പലിശ കൊടുക്കേണ്ട.
- പലിശ നിരക്ക്: ക്രെഡിറ്റ് കാർഡ് ബിൽ സമയത്ത് അടച്ചില്ലെങ്കിൽ എത്ര ശതമാനം പലിശ കൊടുക്കേണ്ടി വരും എന്നുള്ളതാണ് ഇത്. ഇത് എപ്പോഴും ബാങ്കിൻ്റെ മറ്റു വായ്പ പലിശ നിരക്കുകളേക്കാളും വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന് എൻ്റെ ഒരു ക്രെഡിറ്റ് കാർഡിന് ഇപ്പോൾ 24 ശതമാനമാണ് പലിശ. ഓട്ടോ ലോണിന് പത്തു ശതമാനത്തിനടുത്തും ഹൗസിംഗ് ലോണിന് 9 ശതമാനത്തിനടുത്തും പേഴ്സണൽ ലോണിന് 16 ശതമാനത്തിനടുത്തും പലിശ ഉള്ളപ്പോഴാണ് ക്രെഡിറ്റ് കാർഡിന് 24 ശതമാനം.
- ക്യാഷ് അഡ്വാൻസ് ഫീസ്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എടിഎമ്മിൽ നിന്ന് കാശ് എടുത്താൽ എത്ര രൂപ ട്രാൻസാക്ഷൻ ഫീസ്(Transaction Fees) എടുക്കും എന്നുള്ളതാണ് ഇത്.
- ഫോറിൻ ട്രാൻസാക്ഷൻ ഫീസ്: ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് സാധനം വാങ്ങിയാൽ എത്ര രൂപ അധിക ഫീസ് കൊടുക്കേണ്ടി വരും എന്നതാണ് ഇത്.
- സ്റ്റേറ്റ്മെൻറ് ഡേറ്റ് (Statement Date) : മാസത്തിലെ ഏത് ദിവസമാണ് ക്രെഡിറ്റ് കാർഡ് ബിൽ വരുന്നത് എന്നതാണ് ഇത്. ഈ ദിവസത്തിൽ നിന്ന് ഗ്രേസ് പിരീഡ് കൂട്ടിയാൽ ആണ് നമ്മൾ തിരിച്ചടയ്ക്കേണ്ട ദിവസം നമുക്ക് കിട്ടുന്നത്. ഉദാഹരണത്തിന് പത്താം തീയതി സ്റ്റേറ്റ്മെൻറ് ഡേറ്റ് ഉള്ള ക്രെഡിറ്റ് കാർഡിന് 15 ദിവസമാണ് ഗ്രേസ് പിരീഡ് എങ്കിൽ ഇരുപത്തിയഞ്ചാം തീയതിക്കുള്ളിൽ ബിൽ തുക മുഴുവൻ തിരിച്ചടക്കണം.
ക്രെഡിറ്റ് കാർഡ് ഉപയോഗികുന്നത് എങ്ങനെ?
നമ്മൾ നേരിട്ട് പോയി സാധനം വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് സ്വീകരിക്കുന്ന കടകളിൽ പണത്തിനു പകരം ക്രെഡിറ്റ് കാർഡ് കൊടുത്താൽ മതി. അപ്പോൾ തന്നെ അവർ അത് മെഷീനിൽ ഇട്ടു അതിൽ നിന്ന് വരുന്ന രസീത് നമുക്ക് തരും. ഇതിൽ ഒപ്പിട്ടു കഴിഞ്ഞാൽ നമ്മൾ കാശു കൊടുത്തതിനു തുല്യമാണ്.
ഇൻറർനെറ്റ് വഴിയാണ് വാങ്ങുന്നതെങ്കിൽ ക്രഡിറ്റ് കാർഡ് നമ്പറും [ഇത് 16 ആയിരിക്കും] കാർഡിൻ്റെ എക്സ്പെയറി ഡേറ്റ് പിന്നെ കാർഡിൻ്റെ പുറകിൽ ഉള്ള മൂന്ന് അക്ഷരമുള്ള സെക്യൂരിറ്റി കോഡ് എന്നിവ ഉപയോഗിച്ചാണ് നമ്മൾ സാധനം വാങ്ങുന്നത്. ഈ മൂന്ന് വിവരങ്ങളും കാർഡിന് പുറത്ത് കാണാൻ പാകത്തിന് എഴുതി വെച്ചിട്ടുണ്ടാകും. ഇതു കൊണ്ടാണ് ഒരു കാരണവശാലും നമ്മുടെ ക്രെഡിറ്റ് കാർഡ് ഫോട്ടോ കോപ്പി എടുക്കാൻ ആരെയും അനുവദിക്കരുത് എന്ന് പറയുന്നത് . അതേ പോലെ തന്നെ ക്രെഡിറ്റ് കാർഡ് നമ്പറും സെക്യൂരിറ്റി കോഡും ഫോണിൽ കൂടെ ആർക്കും പറഞ്ഞു കൊടുക്കരുത്.
ക്രെഡിറ്റ് കാർഡ് എടിഎമ്മിൽ ഇട്ട് അതിൻ്റെ ക്യാഷ് ലിമിറ്റ് വരെയുള്ള തുക നമുക്ക് എടുക്കാൻ പറ്റുന്നതാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുന്ന പോലെയല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം എടുത്താൽ. എന്ന് പണം എടുക്കുന്നോ അന്നു മുതൽ പലിശ കണക്കുകൂട്ടി തുടങ്ങും. ചില കാർഡ് കമ്പനികൾ കാർഡിൽ നിന്ന് പണം എടുത്താൽ പിന്നെ കാർഡിലുള്ള മൊത്തം ബാലൻസ് കടമായി കണക്കുകൂട്ടി പലിശ കൂട്ടി തുടങ്ങാറുണ്ട്. അതേ പോലെ തന്നെ ചിലപ്പോൾ കാശ് എടുക്കുന്നതിന് ക്രെഡിറ്റ് കാർഡ് സാധാരണ രീതിയിൽ ഉപയോഗിക്കുന്നതിനേക്കാൾ പലിശ നിരക്ക് കൂടുതലായിരിക്കും. ഇതുകൊണ്ട് ക്രെഡിറ്റ് കാർഡിൽ നിന്ന് പൈസ എടുക്കുന്നത് വളരെ വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിക്കണം. കാർഡിൽ നിന്ന് പണം എടുത്താൽ പിന്നെ അത് വളർന്നു വലുതാവാൻ അധികം സമയമൊന്നും വേണ്ട.
ക്രെഡിറ്റ് കാർഡ് ബിൽ വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
- പെയ്മെൻറ് ഡ്യൂ ഡേറ്റ്[Payment Due Date] അഥവാ പൈസ തിരിച്ചടയ്ക്കേണ്ട ദിവസം : ഈ ദിവസത്തിനുള്ളിൽ ബില്ലിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും അടച്ചിട്ടില്ല എങ്കിൽ പലിശ കണക്കു കൂട്ടി തുടങ്ങും.
- കഴിഞ്ഞ മാസത്തെ ബിൽ തുക അഥവാ ടോട്ടൽ എമൗണ്ട് [Total Amount] : കഴിഞ്ഞ മാസം എത്ര രൂപയ്ക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എന്നുള്ളതാണ് ഇത്. ഇത് മൊത്തം ബില്ലിൽ പറഞ്ഞ ദിവസത്തിനുള്ളിൽ അടച്ചാൽ മാത്രമേ പലിശ കണക്ക് കൂടാതിരിക്കുകയുള്ളൂ.
- മിനിമം പെയ്മെൻറ് [Minimum Payment]: എത്ര രൂപ അടച്ചാൽ ആണ് പിഴ ഇല്ലാതെ വരുന്നത് എന്നതാണ് മിനിമം പെയ്മെൻറ് അഥവാ ഏറ്റവും കുറഞ്ഞ അടവ്. സാധാരണ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ മിനിമം പെയ്മെൻറ് അടച്ചില്ലെങ്കിൽ അതിന് ഒരു പിഴ ഉണ്ടാകും ഇതിനു പുറമേ നമ്മൾക്ക് ആദ്യം തന്നിരുന്ന പലിശ നിരക്കിൽ നിന്നും മാറ്റം വരും. മിനിമം പെയ്മെൻറ് അടയ്ക്കാതെ ഇരുന്നു കഴിഞ്ഞാൽ ബാങ്കിന് പിഴയായി കൂടിയ പലിശ നിരക്കും ഈടാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മിനിമം പെയ്മെൻറ് അടച്ചത് കൊണ്ടു മാത്രം പലിശ കണക്കു കൂട്ടാതെ ഇരിക്കില്ല. മുഴുവൻ തുക അടച്ചാൽ മാത്രമേ പലിശയിൽ നിന്ന് രക്ഷപ്പെടാൻ പറ്റൂ. അതേ പോലെ തന്നെ മുഴുവൻ തുക അടച്ചില്ലെങ്കിൽ അതിനുശേഷം വാങ്ങിയ എല്ലാ സാധനങ്ങൾക്കും പലിശ കൊടുക്കേണ്ടി വരും. അതായത് ആദ്യത്തെ മാസത്തെ ബില്ല് അടച്ചിട്ട് ഇല്ലെങ്കിൽ രണ്ടാം മാസവും മൂന്നാം മാസവും വാങ്ങുന്ന സാധനങ്ങൾക്ക് എല്ലാം വാങ്ങിയ ദിവസം മുതൽ പലിശ കൊടുക്കേണ്ടി വരും.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്താണ്?
നമുക്ക് ഇപ്പോൾ ആവശ്യമുള്ള സാധനം കയ്യിൽ കാശില്ലെങ്കിലും വാങ്ങാം എന്നുള്ളതാണ് ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം. ചില കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്ന സാധനങ്ങൾക്ക് എക്സ്റ്റൻഡഡ് വാറണ്ടി [Extended Warranty] തരാറുണ്ട്. എൻ്റെ കയ്യിലുള്ള ഒരു കാർഡ് അത് ഉപയോഗിച്ചു വാങ്ങുന്ന ഇലക്ട്രോണിക് സാധനങ്ങൾക്ക് രണ്ടു വർഷം എക്സ്റ്റൻഡഡ് വാറണ്ടി തരാറുണ്ട്. ചില ക്രെഡിറ്റ് കാർഡുകൾ റെന്റൽ കാർ [Rental Car] ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.
ഇതേ പോലെ തന്നെ ഒരു അത്യാവശ്യം വന്നാൽ സാധനങ്ങൾ വാങ്ങാനും അത്യാവശ്യം ഹോസ്പിറ്റലിൽ ബിൽ അടയ്ക്കാനും ആയുള്ള ഒരു എമർജൻസി ഫണ്ട് ആയി ക്രെഡിറ്റ് കാർഡിനെ കാണാം.ചില കാർഡുകൾ ക്യാഷ് ബാക്ക് ഓഫറുകളും നല്കും. എന്നുവെച്ചാൽ ഒരു ശതമാനം ക്യാഷ് ബാക്ക് ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 10 രൂപ നമുക്ക് ബാങ്ക് തിരിച്ചു തരും.
ക്രെഡിറ്റ് കാർഡുകളുടെ ദൂഷ്യവശങ്ങൾ എന്ത്?
ഉപയോഗിക്കാനുള്ള എളുപ്പവും, അതും നമ്മുടെ കയ്യിൽ ഇല്ലാത്ത കാശ് ചെലവഴിക്കാൻ സമ്മതിക്കുന്നതും ആയതു കൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കടം കേറ്റാൻ വളരെ എളുപ്പമാണ്. നിങ്ങൾക്ക് സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് കാർഡുകൾക്കു പലിശ വളരെയധികം കൂടുതലാണ്. അതേ പോലെ തന്നെ പിഴയായി വാങ്ങുന്ന ഫീസും വളരെ കൂടുതലാണ്.
ക്രെഡിറ്റ് കാർഡ് കടം ഏറ്റവുമാദ്യം അടച്ചു തീർക്കേണ്ട കടമാണ്. ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് കടം നീട്ടി വയ്ക്കരുത്.
സൂക്ഷിച്ച് ഉപയോഗിച്ചാൽ കുറെ ഉപകാരങ്ങളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അതിൻ്റെ ഒരുപാട് ഇരട്ടി ഉപദ്രവങ്ങളും ഉണ്ടാക്കുന്നതെന്നാണ് ക്രെഡിറ്റ് കാർഡ്.
അടുത്ത ലേഖനം: ഡെബിറ്റ് കാർഡ്