കോർപ്പറേറ്റ് ബോണ്ട്(Corporate Bond) വാങ്ങുന്നതിനായി ഉള്ള പരസ്യം എനിക്ക് കുറെ കാലമായി ലഭിക്കുന്നുണ്ട്. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്(Fixed Deposit) 5% മാത്രം പലിശ തരുന്ന ഇക്കാലത്ത് പല കോർപ്പറേറ്റ് ബോണ്ടുകളും 7 മുതൽ 10 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എൻ്റെ പല സുഹൃത്തുക്കളുടെ അടുത്തു സംസാരിച്ചതിൽ നിന്ന് പലരും ഉയർന്ന പലിശ നിരക്ക് കണ്ടു ഇവ വാങ്ങുകയുണ്ടായി എന്ന് അറിഞ്ഞു. ചിലരെല്ലാം തങ്ങളുടെ മൊത്തം ഫിക്സഡ് ഡെപ്പോസിറ്റ് തുകയും ബോണ്ടുകളിലേക്ക് മാറ്റി. ഉയർന്ന പലിശനിരക്ക് ഉള്ള ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ആയിട്ടാണ് പലരും ഇവയെ കാണുന്നത്. എന്നാൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ വളരെ ഉയർന്ന റിസ്ക്(risk) ഉള്ള നിക്ഷേപ മാർഗമാണ് കോർപ്പറേറ്റ് ബോണ്ടുകൾ.
ഒരു കമ്പനി പണം ആവശ്യം വരുമ്പോൾ ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതിനു പകരം പൊതുജനത്തിൻ്റെ കയ്യിൽ നിന്നും അല്ലെങ്കിൽ ബോണ്ട് മാർക്കറ്റിൽ നിന്നും പൈസ കടം വാങ്ങാൻ വേണ്ടി ഇറക്കുന്ന ഒരു ഉപകരണമാണ് കോർപ്പറേറ്റ് ബോണ്ട്. ഫിക്സഡ് ഡെപ്പോസിറ്റിനെപ്പോലെ ബോണ്ടിന് ഒരു കാലാവധിയും പലിശനിരക്കും ഉണ്ടാകും. ഗവൺമെൻറ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ കൊടുത്താൽ മാത്രമേ കമ്പനികളുടെ ബോണ്ടുകൾ വിറ്റു പോവുകയുള്ളൂ. കാരണം ഗവൺമെന്റിനെക്കാൾ ഉറപ്പു കുറവാണല്ലോ കമ്പനികൾക്ക്. കമ്പനിയ്ക്ക് ആരോഗ്യം കുറയുന്നതനുസരിച്ച് ബോണ്ടിൻ്റെ പലിശ കൂടി വരും.
കമ്പനി നിലവിലുള്ള കാലത്തോളം പറഞ്ഞിട്ടുള്ള ഇടവേളകളിൽ കൃത്യമായി പലിശ ലഭിക്കും. ബോണ്ട് കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച മുതലും തിരികെ കിട്ടും. എന്നാൽ കമ്പനി പൊളിഞ്ഞു പോയാൽ കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ വിറ്റ് ബോണ്ട് ഉടമകൾക്ക് മുതൽ തിരികെ കൊടുക്കണം എന്നാണ് നിയമം. എങ്കിലും ഒരു കമ്പനി പൊളിഞ്ഞു പോകുന്നതിനു മുന്നേ അത് അതിൻ്റെ വിൽക്കാൻ പറ്റിയ ആസ്തികളെല്ലാം വിറ്റ് തീർത്തിട്ട് ഉണ്ടാവും എന്നുള്ളതാണ് പൊതുവേ സംഭവിക്കുന്ന കാര്യം. അതു കൊണ്ട് കമ്പനി പൊളിഞ്ഞാൽ മുതലും പലിശയും പോകും എന്നുള്ളതാണ് മനസ്സിലാക്കേണ്ട കാര്യം. വലിയ കമ്പനികൾ പൊളിയാൻ സാധ്യതയില്ല എന്ന് നിങ്ങളോട് ആരെങ്കിലും പറയുകയാണെങ്കിൽ റിലയൻസ് ക്യാപിറ്റൽ എന്ന കമ്പനിയെക്കുറിച്ച് ഓർക്കുവാൻ ശ്രമിക്കുക. ഈ കമ്പനിയുടെ ബോണ്ട് ഉടമകൾക്ക് മുതലിൻ്റെ പകുതി വരെ മാത്രമേ തിരിച്ചു കിട്ടാൻ സാധ്യതയുള്ളൂ എന്നാണ് ഈ അടുത്ത് റിപ്പോർട്ടുകൾ പറയുന്നത്. ഇതും എപ്പോൾ കിട്ടും എന്ന് പറയാൻ പറ്റില്ല.
ഗവൺമെൻറ് പദ്ധതികൾ തരുന്ന പലിശയേക്കാൾ കൂടുതൽ പലിശ ഒരു നിക്ഷേപമാർഗം തരുന്നുണ്ടെങ്കിൽ അതിനു റിസ്ക് കൂടുതലാണ് എന്ന് എപ്പോഴും മനസ്സിൽ കരുതണം. കോർപ്പറേറ്റ് ബോണ്ടുകൾ നമ്മളെ പോലെ സാധാരണക്കാരായ നിക്ഷേപകർക്ക് പറ്റിയ ഉപകരണമല്ല. സ്ഥിര വരുമാനം തരുന്ന നിക്ഷേപ പദ്ധതികളിൽ പണം ഇടണം എന്നുണ്ടെങ്കിൽ ആദ്യം പി.പി.എഫിലും(P.P.F) പിന്നെ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിലും പണം ഇടുന്നതാണ് നല്ലത്.
ഇനിയും ബോണ്ട് മാർക്കറ്റിൽ നിക്ഷേപിക്കണം എന്ന് നിർബന്ധമാണെങ്കിൽ ഒരു ബോണ്ട് മ്യൂച്ചൽ ഫണ്ട് വാങ്ങുന്നതാണ് കൂടുതൽ നല്ലത്. ഒരൊറ്റ കമ്പനിയുടെ ബോണ്ട് വാങ്ങിയാൽ, ആ കമ്പനി പൊളിഞ്ഞു പോയാൽ നമുക്ക് പണം തിരിച്ചു കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. മ്യൂച്ചൽ ഫണ്ടുകൾ ആകുമ്പോൾ പല കമ്പനികളിൽ നിന്ന് ബോണ്ട് വാങ്ങും. അതിനു പുറമേ കമ്പനി എങ്ങാനും പൊളിഞ്ഞു പോയാൽ കാശ് തിരിച്ചു വാങ്ങുന്നതിനായി മ്യൂച്ചൽഫണ്ട് ആൾക്കാരെ ഏർപ്പാടാക്കിക്കോള്ളും. നമ്മൾ ഓടി നടന്നു ബുദ്ധിമുട്ടേണ്ടി വരില്ല.