എന്താണ് ചിട്ടി?
പങ്കു ചേരുന്ന എല്ലാവരുടേയും അടുത്ത് നിന്ന് തുല്യമായ തുക പിരിച്ചെടുത്ത് ആവശ്യം ഉള്ള ആളിനു ലേലം ചെയ്തു കൊടുക്കുന്നതാണ് ചിട്ടി. 10 പേർ ചേർന്നിട്ടുണ്ടെങ്കിൽ ഉണ്ടെങ്കിൽ 10 തവണ പിരിവും ലേലം വെപ്പും ഉണ്ടാവും. എല്ലാ ചിട്ടികൾക്കും ഒരു ചിട്ടി നടത്തിപ്പുകാരൻ അല്ലെങ്കിൽ ചിട്ടി നടത്തുന്ന ഒരു സ്ഥാപനം ഉണ്ടാകും. ഇവർ ഒരു ചിട്ടി തുടങ്ങുമ്പോൾ കുറെ പേരെ അതിൽ ചേർക്കും. ഉദാഹരണത്തിന് കെഎസ്എഫ്ഇ(KSFE) ഒരു ചിട്ടി തുടങ്ങുകയാണ് എന്നു വിചാരിക്കൂ. 20 അംഗങ്ങളാണ് ചിട്ടിയിൽ ചേരേണ്ടത്. മാസം 1000 രൂപ വച്ച് ഇവർ ചിട്ടി അടയ്ക്കും. അപ്പോൾ ഒരു മാസത്തെ ചിട്ടി തുക ഇരുപതിനായിരം രൂപ. ഇതിൽ 5% KSFE നടത്തിപ്പ് ഫീസായി എടുക്കും. ബാക്കിയുള്ള 19,000 രൂപ മാസാ മാസം ഒരാൾക്ക് നറുക്കിട്ടു കൊടുക്കും. പക്ഷേ ഒന്നിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ നറുക്കെടുപ്പിന് പകരം ലേലം നടത്തും. ഏറ്റവും കുറഞ്ഞ തുകക്ക് ലേലം വിളിക്കുന്ന ആൾക്ക് ചിട്ടി കിട്ടും . 19000 രൂപയ്ക്കാണ് ചിട്ടി കൊടുക്കുന്നതെങ്കിൽ എല്ലാവരും 1000 രൂപ അടയ്ക്കണം . പകരം 15,000 രൂപയ്ക്കാണ് ചിട്ടി പോയതെന്നു വെക്കുക. അപ്പോൾ 15,000 രൂപയുടെ കൂടെ 1000 രൂപ KSFE’യുടെ ഫീസ് കൂടി ചേർത്ത് 16,000 രൂപ പിരിച്ചെടുത്താൽ മതി. ഇങ്ങനെ ലേലത്തിൽ പോകുമ്പോഴാണ് ചിട്ടിയിൽ നിന്ന് നേട്ടമുണ്ടാക്കുക. 20 മാസത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ മാസം 1000 രൂപ അടയ്ക്കേണ്ടി വരും. ബാക്കിയുള്ള മാസങ്ങളിൽ അതിൽ കുറവ് രൂപ അടച്ചാൽ മതിയാകും.
ശരാശരി ഒരു മാസം 800 രൂപ അടയ്ക്കേണ്ടി വന്നുള്ളൂ എന്ന് വിചാരിക്കുക. അങ്ങനെയാണെങ്കിൽ അവസാനത്തെ തവണ ചിട്ടി കിട്ടുന്ന ആൾക്ക് 19,000 രൂപ വരുമാനം ഉണ്ടാകും. അടവ് 16,000 (20 x 800 ) രൂപ മാത്രമേ ഉണ്ടായുള്ളൂ. അപ്പോൾ 3,000 (19,000-16,000) രൂപ വരുമാനം.
എൻ്റെ അഭിപ്രായത്തിൽ ചിട്ടി ശരിക്കുമൊരു നിക്ഷേപമാർഗം അല്ല ഒരു വായ്പ മാർഗമാണ്. അത്യാവശ്യ കാര്യങ്ങൾക്കായി പണം മാറ്റിവയ്ക്കാന്‍ പറ്റാത്തവർക്കും ബാങ്കിൽ നിന്നും മറ്റും പെട്ടെന്ന് ലോൺ എടുക്കാൻ പറ്റാത്തവർക്കും മാത്രമേ ചിട്ടി കൊണ്ട് ഉപകാരമുള്ളൂ. ഒരു നിക്ഷേപമെന്ന രീതിയിൽ വളരെ മോശം പ്രകടനമാണ് കാണിക്കുന്നത്.
- വരുമാനം ഉറപ്പ് പറയാൻ പറ്റില്ല. ആരും ലേലം വിളിച്ചില്ലെങ്കിൽ അടച്ച തുകയിൽ കുറവേ ഒടുവിൽ തിരിച്ചു കിട്ടുകയുള്ളൂ.
- ചിട്ടി വിളിച്ച തുക എടുക്കാൻ നേരത്ത് ഗ്യാരണ്ടി വയ്ക്കേണ്ടി വരും. പൊതുവേ സ്ഥിര നിക്ഷേപ (Fixed Deposit) സർട്ടിഫിക്കറ്റോ ആധാരമോ ഒക്കെ വയ്ക്കേണ്ടി വരും. ചിട്ടിയുടെ കാലാവധി കഴിഞ്ഞേ ഇത് തിരിച്ചെടുക്കാൻ പറ്റുള്ളൂ. നിങ്ങൾക്ക് ആദ്യമാസങ്ങളിൽ ആണ് ചിട്ടി വിളിച്ചു കിട്ടുന്നതെങ്കിൽ നിങ്ങൾ ബാക്കിയുള്ള തവണകൾ അടയ്ക്കുമെന്ന് ഉറപ്പു വരുത്താനാണ് ഇത്. ഇങ്ങനെ നോക്കുമ്പോൾ ശരിക്കും ആധാരം പണയം വെച്ച് വായ്പ എടുക്കുന്ന പോലെ തന്നെയായി ചിട്ടി.
- വിശ്വാസമുള്ള സ്ഥാപനങ്ങൾ അല്ലെങ്കിൽ, ഉദാഹരണത്തിന് നിങ്ങളുടെ ബന്ധു നടത്തുന്ന ചിട്ടി ആണെങ്കിൽ, നടത്തിപ്പുകാരൻ നിങ്ങളെ പറ്റിച്ചിട്ട് പോകാനുള്ള സാധ്യതയും ഉണ്ട്. ചില സ്ഥാപനങ്ങളും പൊളിഞ്ഞു പോയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.
എന്താണ് ചിട്ടി നിക്ഷേപത്തിൻ്റെ കാലാവധി?
ചിട്ടി നിക്ഷേപത്തിൻ്റെ കാലാവധി ഓരോ ചിട്ടികൾക്കും വ്യത്യസ്തമായിരിക്കും. പൊതുവേ ചിട്ടിക്ക് ഓരോ മാസവും ആണ് അടവ്. അപ്പോൾ 20 പേരുള്ള ചിട്ടിക്ക് 20 മാസം അടവും 50 പേരുള്ള ചിട്ടിക്ക് 50 മാസം അടവും എന്നിങ്ങനെയായിരിക്കും.
ചിട്ടി വിളിക്കുമ്പോഴും നറുക്കു വീണു കിട്ടുമ്പോഴും പണം ചുമ്മാ എടുക്കാൻ പറ്റില്ല. അതിന് ഗ്യാരണ്ടി കൊടുക്കണം. പൊതുവേ സ്ഥിര നിക്ഷേപ (Fixed Deposit) സർട്ടിഫിക്കറ്റോ ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി(Cash Back Policy) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാരമോ ഒക്കെ നൽകേണ്ടി വരും.
എത്രയാണ് ചിട്ടി നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ചിട്ടിയുടെ കുറഞ്ഞ നിക്ഷേപം ഓരോ ചിട്ടിക്കും വ്യത്യസ്തമാണ്. നമുക്ക് താല്പര്യമുള്ള ചിട്ടി നിക്ഷേപങ്ങൾ നമുക്ക് തെരഞ്ഞെടുക്കാനുള്ള അവസരം സാധാരണ രീതിയിൽ കിട്ടും.
ചിട്ടിയിൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
സാധാരണ രീതിയിൽ മാസത്തിൽ ഒരു തവണയാണ് ചിട്ടിയിൽ നിക്ഷേപിക്കേണ്ടി വരിക. ആഴ്ചയിൽ അടവുകള്‍ ഉള്ള ചിട്ടികളും ഉണ്ട്.
ചിട്ടിയിൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
ചിട്ടിയിൽ നിക്ഷേപിക്കാവുന്ന തുക നമ്മൾ ചേരുന്ന ചിട്ടിയുടെ നിബന്ധനകൾ അനുസരിച്ചിരിക്കും.
ചിട്ടി എങ്ങനെ തുടങ്ങും?
കെഎസ്എഫ്ഇ (KSFE) പോലെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ചിട്ടി തുടങ്ങുന്നതാണ് നല്ലത്. ഒറ്റപ്പെട്ട ആൾക്കാർ നടത്തുന്ന ചിട്ടി വളരെ അധികം നഷ്ട സാധ്യതയുള്ളതാണ്.
ആർക്കാണ് ചിട്ടി വാങ്ങാൻ കഴിയുക?
ചിട്ടിയിൽ ചേരുന്നതിന് തടസ്സങ്ങളൊന്നും സാധാരണ പറയാറില്ല. ആർക്കു വേണമെങ്കിലും ചേരാവുന്നതാണ്.
ചിട്ടി നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
ആളുകൾ കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ച് എടുത്താൽ മാത്രമേ ചിട്ടിയിൽ നിന്ന് ലാഭമുള്ളൂ. ഇത് പ്രവചിക്കാൻ സാധ്യമല്ല.
നികുതി കണക്കാക്കിയതിന് ശേഷം:
ചിട്ടി വിളിച്ചു കിട്ടുന്ന പണത്തിന് നികുതി കൊടുക്കേണ്ടി വരാറില്ല.
ചിട്ടി നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
ചിട്ടി നടത്തുന്ന സ്ഥാപനം അല്ലെങ്കിൽ ചിട്ടി നടത്തുന്ന ആൾ ചിട്ടി യുടെ എല്ലാ മാസവും ഒരു ശതമാനം ഫീസായി എടുക്കും. അഞ്ച് ശതമാനമാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ള ഫീസ്. വ്യക്തികൾ നടത്തുന്ന ചിട്ടികളിൽ ചിലപ്പോൾ ആദ്യത്തെ ചിട്ടി തുക നടത്തുന്ന ആൾ കമ്മിഷൻ ആയി എടുക്കും.
മറ്റു നേട്ടങ്ങൾ
നിക്ഷേപകർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് ചിട്ടി. എന്നാൽ ഇവയ്ക്ക് മറ്റു വലിയ നേട്ടങ്ങൾ ഒന്നുമില്ല. ഒരു ബിസിനസുകാരന് പെട്ടന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഉപകരണമാണ് ചിട്ടി. അല്ലാതെ സമ്പാദ്യം സൂക്ഷിക്കാനോ വളർത്താനോ പറ്റിയ ഒരു നിക്ഷേപ മാർഗ്ഗമല്ല ചിട്ടി.
ചിട്ടി നിക്ഷേപം വേണമോ ??
ഭാവിയിലെ ആവശ്യങ്ങൾക്കായി നിക്ഷേപിക്കാൻ പറ്റിയ ഒരു ഉപകരണമല്ല ചിട്ടി. ബാങ്കുകളുമായി ബന്ധമില്ലാത്ത ആൾക്കാർക്കും ക്രെഡിറ്റ് സ്കോർ ഇല്ലാത്തവരുമായ ആളുകൾക്കും പെട്ടെന്നൊരു വായ്പയെടുക്കാനുള്ള ഉപകരണമായി മാത്രമേ ചിട്ടിയെ കാണാവൂ.
ഭാവിയിലെ ആവശ്യങ്ങൾക്കായി പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) നിക്ഷേപങ്ങളും മ്യൂച്വൽ ഫണ്ട് (Mutual Funds) നിക്ഷേപങ്ങളും ആയിരിക്കും നിങ്ങൾക്ക് കൂടുതൽ നേട്ടം തരുക.
അടുത്ത ലേഖനം: സ്വർണ്ണം