അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ കുറിച്ചുള്ള വാർത്തകൾ എല്ലാവരും കണ്ടു കാണുമല്ലോ. വാർത്ത വായിക്കാത്തവർക്ക് വേണ്ടി ഒരു ചെറിയ വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനായി അദാനി മാറിയതിനു ശേഷം വളരെ പെട്ടെന്ന് അദ്ദേഹത്തിൻ്റെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. അമേരിക്കയിലുള്ള ഹിഡൻബർഗ് എന്ന കമ്പനി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതാണ് ഇതിന് കാരണം. ഒരു ഓഹരിയുടെ വില കുറയും എന്ന് ബെറ്റ് വെച്ച് അതിൽ നിന്ന് പണമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ എന്ന് അറിയപ്പെടുന്ന ഒരു കമ്പനിയാണ് ഈ ഹിഡൻബർഗ്. ഇങ്ങനെ വില കുറയ്ക്കുവാൻ വേണ്ടി ഈ കമ്പനിയുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് അവർ പുറത്തുവിടും. ഇങ്ങനെ വന്ന ഒരു റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ വളരെയധികം ബാധിച്ചു. കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. ഈ ആരോപണങ്ങളെ കുറിച്ച് അല്ല ഈ ലേഖനം മറിച്ച് ഒരു കമ്പനിയുടെ ഓഹരികൾ മാത്രം വാങ്ങുന്നതിൽ നിന്നുള്ള നഷ്ട സാധ്യതകളെ കുറിച്ചാണ് ഈ ലേഖനം.
ഒന്നു രണ്ടു മാസങ്ങൾ കൊണ്ട് അദാനി ഗ്രൂപ്പിൻ്റെ പല ഓഹരികളും 50% മുതൽ 80% വരെ വിലയിടിഞ്ഞു. ഒറ്റപ്പെട്ട കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്നതും മാർജിനിൽ ലോണെടുത്ത് ഡേ ട്രേഡിംഗ്(day trading) നടത്തുന്നതും വളരെയധികം നഷ്ട സാധ്യതയുള്ള കാര്യമാണെന്ന് ഞാൻ ഈ ബ്ലോഗിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. ഓഹരിക്ക് 50% നഷ്ടം സംഭവിച്ചാൽ ഒരു കമ്പനിയുടെ മാത്രം ഓഹരിയുള്ള ആൾക്ക് 50% നഷ്ടം വരുന്നത് വളരെ എളുപ്പം മനസ്സിലാക്കാം. കമ്പനിയുടെ സ്റ്റോക്ക് 50%-80% ഇടിഞ്ഞ ഈ രണ്ടു മാസത്തിൽ സെൻസെക്സ് ഇടിഞ്ഞത് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. മ്യൂച്ചൽ ഫണ്ടുകൾ വഴി പലതരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ട് വാങ്ങിയാൽ ഒരു കമ്പനി പൊട്ടിപ്പൊളിഞ്ഞു പോയാലും നമ്മൾക്ക് വരുന്ന നഷ്ടത്തിന് ഒരു പരിധിയുണ്ട്.
ആദാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് അവരുടെ ആനുവൽ(Annual Report) റിപ്പോർട്ടിൽ പറഞ്ഞ പല കാര്യങ്ങളും സംശയാസ്പദമാണ് എന്നാണ് ഹിഡൻബർഗ് റിപ്പോർട്ട് ആരോപിച്ചത്. ഇത് മറുത്ത് തെളിയിക്കാൻ കമ്പനിക്ക് സാധിക്കാത്തതാണ് ഓഹരി ഇടിയാനുള്ള കാരണം. ഒരു കമ്പനിയുടെ ആനുവൽ റിപ്പോർട്ട് നോക്കി ആ കമ്പനി പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് തിരിച്ചറിയാനും പിന്നെ കമ്പനി പറഞ്ഞ സാമ്പത്തിക നിലവാരം വെച്ച് കമ്പനിയിൽ നിക്ഷേപിച്ചാൽ ലാഭം ഉണ്ടാകുമോ എന്നെല്ലാം തിരിച്ചറിയാൻ ഒരു സാധാരണ നിക്ഷേപകന് ബുദ്ധിമുട്ടാണ്. അതേ സമയം ഒരു രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയുടെ സമ്പദ്ഘടന മുന്നോട്ടു വളരും എന്നുള്ള കാര്യം നമുക്ക് വളരെയധികം വ്യക്തമായി മനസ്സിലാക്കാം. അതു കൊണ്ട് ഇന്ത്യയുടെ വളർച്ചയിൽ നിക്ഷേപിക്കുന്നതാണ് ഒരു കമ്പനിയുടെ വളർച്ചയിൽ നിക്ഷേപിക്കുന്നതിനേക്കാൾ സുരക്ഷിതം. ഇന്ത്യയിലെ എല്ലാ സെക്ടറുകളിലും ഒരേ പോലെ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുന്നതാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മ്യൂച്ചൽ ഫണ്ടുകളുടെ ഉയർന്ന ഫീസ് താൽപര്യമില്ലെങ്കിൽ സെൻസെക്സോ(Sensex) നിഫ്റ്റിയോ(Nifty) പോലെയുള്ള സൂചികകളെ പിന്തുടരുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(Exchange Traded Fund or ETF) വാങ്ങിയാലും നല്ല നിക്ഷേപമാണ്.