വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ?

ഇന്നേ വരെ ഞാൻ ജോലിക്ക് പോയിട്ടുള്ള എല്ലാ നഗരങ്ങളും കേരളത്തിനു പുറത്താണ്. എല്ലാ നഗരങ്ങളിലും ഞാൻ വാടകയ്ക്കാണ് താമസിച്ചിട്ടുള്ളത്. എല്ലാത്തവണയും ഞാൻ ആലോചിക്കാറുണ്ട് വാടകയ്ക്ക് താമസിക്കുന്നത് ആണോ വീട് വാങ്ങി താമസിക്കുന്നതാണോ ലാഭം എന്ന്. 

നാട്ടിൽ പോയാൽ കാരണവന്മാർ പറയും വാടക കൊടുത്തു വെറുതെ കാശ് കളയാതെ സ്വന്തമായി ഒരു വീട് വാങ്ങി കൂടെ എന്ന്. ഇതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചപ്പോൾ അവരുടെ ജീവിത സാഹചര്യങ്ങളും എൻ്റെ ജീവിത സാഹചര്യവും വളരെ വ്യത്യസ്തമാണ് എന്ന് എനിക്ക് മനസ്സിലായി. എൻ്റെ അച്ചാച്ചൻമാർക്ക് ബേക്കറി ബിസിനസ് ആണ്. അപ്പോൾ അവർ ഏത് സ്ഥലത്താണ് ജോലി ചെയ്യുന്നതെന്നും എവിടെയാണ് ജീവിക്കാൻ ഉദ്ദേശിക്കുന്നത് എന്നും അവർക്ക് കൃത്യമായി അറിയാം. എൻ്റെ പപ്പയുടെ കാര്യമെടുത്താൽ ട്രാൻസ്ഫർ ആയാലും എറണാകുളം ജില്ലയിലെ എവിടെയെങ്കിലും ആകും എന്ന് ഉറപ്പാണ് അപ്പോൾ ഏത് ജില്ലയിൽ ആണ് താമസിക്കുന്നത് എന്ന് ഉറപ്പിക്കാം. ഇപ്പോൾ വീട് വാങ്ങാനുദ്ദേശിക്കുന്ന 25 മുതൽ 40 വരെ പ്രായമുള്ള ആൾക്കാരുടെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന കാലത്ത് ഇപ്പോഴത്തെ അവസ്ഥ അല്ല. 

എൻ്റെ തലമുറയിലെ ആളുകൾക്ക് അടുത്ത ട്രാൻസ്ഫർ ഏത് നഗരത്തിലേക്ക് ആണ് എന്നോ ഏത് രാജ്യത്തേക്ക് ആണോ എന്ന് പോലും പറയാൻ പറ്റില്ല. അതേ പോലെ ഉന്നത പഠനം കഴിഞ്ഞു കേരളത്തിൽ ജോലി ചെയ്യാൻ അവസരം കിട്ടുന്നവരും വളരെ കുറവാണ്.  ഈ സാഹചര്യത്തിൽ ഉള്ള ഭൂരിഭാഗം ആൾക്കാരുടെയും ആഗ്രഹം വിരമിക്കലിനു ശേഷം കേരളത്തിൽ നമ്മൾ വളർന്നു വന്ന സ്ഥലത്ത്   പോയി ജീവിക്കണം എന്നതായിരിക്കും. അപ്പോൾ ശരിക്കും ചോദിക്കേണ്ട ചോദ്യം ഇതാണ്. ഇപ്പോൾ ജോലി ചെയ്യുന്ന നഗരത്തിൽ വാടകയ്ക്ക് താമസിച്ചു ബാക്കിയുള്ള പണം സൂക്ഷിച്ചു വെച്ച് വിരമിച്ചതിനു ശേഷം കേരളത്തിൽ പോയി വീട് വാങ്ങുന്നത് ആണോ അല്ലെങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്ന നഗരത്തിൽ വീടു വാങ്ങിയതിനു ശേഷം വിരമിക്കലിന് ശേഷം അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് കേരളത്തിൽ പോയി വീട് വാങ്ങുന്നതാണോ നല്ലത് എന്ന്. 

ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഏതാണ് പണം ലാഭം എന്ന് മാത്രം നോക്കിയാൽ പോരാ. അതിനു മുന്നേ സ്വന്തം വീട്ടിൽ താമസിക്കുന്നതും വാടകയ്ക്ക് താമസിക്കുന്നതും തമ്മിലുള്ള വ്യത്യാസങ്ങളും ഗുണവും ദോഷവും തിരിച്ചറിയണം. 

സ്വന്തം വീട്ടിൽ താമസിക്കുന്നത്തിൻ്റെ ഏറ്റവും വലിയ ഗുണം അതിൽ നിന്നു ലഭിക്കുന്ന സ്വാതന്ത്ര്യമാണ്. ബെഡ്റൂമിന് ചുവന്ന പെയിൻറ് അടിക്കണം ചുമരിൽ 70 ഇഞ്ച് ടിവി ഫിക്സ് ചെയ്യണം കുളിമുറിയിൽ  പ്രഷർ ഷവർ പിടിപ്പിക്കണം എന്നൊക്കെ തോന്നിയാൽ നമ്മുടെ ഇഷ്ടത്തിന് ചെയ്യാം. വീട് വൃത്തികേടാക്കി എന്ന് പറഞ്ഞു ഒച്ചപ്പാടുണ്ടാക്കാൻ ആരും വരില്ല. ലോൺ അടച്ചു കഴിഞ്ഞാൽ വീട് നമ്മുടെ സ്വന്തം ആകും എന്നുള്ളത് മറ്റൊരു വലിയ വശം. ഹോം ലോൺ അടവുകൾ പലിശ നിരക്ക് മാറുന്നതനുസരിച്ച് മാറാൻ സാധ്യതയുണ്ടെങ്കിലും തുടക്കം മുതൽ അവസാനത്തെ അടവ് വരെ ഏകദേശം ഒരേ തുകയായിരിക്കും.

പക്ഷേ വേറെ കുറച്ചു ദൂഷ്യവശങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം നമുക്ക് വേറൊരു നഗരത്തിൽ നല്ലൊരു ജോലി കിട്ടിയാൽ വീട്  വിറ്റ്‌ പോകുവാൻ വലിയ പൊല്ലാപ്പാണ് എന്നുള്ളത് ഒന്ന്. നിങ്ങൾക്ക് വേറെ ഒരു നഗരത്തിൽ പ്രമോഷൻ ഉള്ള ജോലി കിട്ടിയാൽ വീട് മാറുവാനുള്ള മനോവിഷമം ചിലപ്പോൾ നിങ്ങളെ പുറകോട്ട് വലിക്കും. മറ്റൊരു പ്രശ്നം കയ്യിൽ ഒതുങ്ങുന്ന വീട് മിക്കവാറും നഗരത്തിനു പുറത്തായിരിക്കും എന്നുള്ളതാണ്. വാടകയ്ക്ക് ജോലിക്ക് അരികിൽ താമസിച്ചാൽ യാത്രാ സമയം പത്തോ ഇരുപതോ മിനിറ്റ് എന്നുള്ളതിൽ നിന്ന് സ്വന്തമായി വീട് വാങ്ങുമ്പോൾ യാത്ര ഒന്നും രണ്ടു മണിക്കൂർ ആകുന്ന ആൾക്കാർ ഒരുപാടുണ്ട്. മറ്റൊരു പ്രശ്നം വീട് വാങ്ങുമ്പോൾ നികുതി ഇനത്തിൽ വരുന്ന ചെലവുകൾ ആണ്. വാങ്ങുമ്പോൾ രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും വകയായി 6% മുതൽ 10% ശതമാനം വരെയും പിന്നെ വർഷാവർഷം സ്ക്വയർഫീറ്റിന്(Per Square feet ) നൂറും അമ്പതും വെച്ച് നികുതി വേറെയും. പിന്നെ അറ്റകുറ്റപ്പണികളും. ചുമരിനു വിള്ളൽ വീണാലും 5 കൊല്ലം കൂടി പെയിൻറിങ് ചെയ്യേണ്ടി വന്നാലും നമ്മൾ തന്നെ പണം നൽകണം. ഇതിനു  പുറമേ അഞ്ചുകൊല്ലം താമസിച്ചതിനു ശേഷം രണ്ട് ബെഡ് റൂമുകൾ കൂടി വേണമെന്ന് തോന്നിയാൽ പിന്നെയും പണം കയ്യിൽ നിന്ന് തന്നെ ഇറക്കണം. അതേപോലെതന്നെ അയൽവക്കകാർ ഒച്ചപ്പാടും ബഹളവും ആണെങ്കിൽ മാറി താമസിക്കുവാനും നമുക്ക് അവസരം ഇല്ല. ഇതിനു പുറമേ ഹോം ലോൺ ഉള്ളടത്തോളം കാലം ഒന്നു രണ്ടു വർഷത്തേക്ക് ശമ്പളം ഇല്ലാതെ ഇരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വാടകയ്ക്ക് ആണെങ്കിൽ വാടക കുറഞ്ഞ വീട്ടിലേക്ക് മാറാനുള്ള അവസരം കിട്ടും.

വാടകയ്ക്ക് താമസിക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രശ്നം വാടകയായി കൊടുക്കുന്ന പണത്തിൽ നിന്ന് നമുക്ക് നിലനിൽപ്പുള്ള ആസ്തികൾ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ്. അതേപോലെ താമസിക്കുന്ന വീടുകളിൽ അറ്റകുറ്റപ്പണി നടത്താനും നമുക്ക് അവകാശമില്ല. എല്ലാ കൊല്ലവും വാടക കൂടുവാനുള്ള സാധ്യതയുമുണ്ട്.

പക്ഷേ വാടകയ്ക്ക് താമസിക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും വീട് മാറുവാനും ഇഷ്ടമുള്ള പരിസരത്തേക്ക് മാറി താമസിക്കുവാനും ജോലി കിട്ടി വേറെ നഗരത്തിലേക്ക് പോകുവാനും ഉള്ള സൗകര്യം കൂടുതലാണ്. 

അപ്പോൾ സ്വന്തം വീട് എന്നുള്ള മാനസിക സംതൃപ്തിയും ആ വീട്ടിലുള്ള സ്വാതന്ത്ര്യവുമാണ് നിങ്ങൾക്ക് പ്രധാനം എങ്കിൽ വീട് വാങ്ങുന്നത് ആയിരിക്കും നിങ്ങൾക്ക് കൂടുതൽ മനഃസംതൃപ്തി തരുക. ജോലിയിൽ എങ്ങോട്ട് വിട്ടാലും പോകുവാനുള്ള സ്വാതന്ത്ര്യവും മാസ ചെലവുകൾ കൃത്യമായി മുൻകൂട്ടി കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ വാടകയാണ് നിങ്ങൾക്ക് ഉത്തമം. സ്വന്തമായി വാങ്ങിയ വീടാണെങ്കിൽ പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ നമ്മളുടെ മാസ ബഡ്ജറ്റിനെ തകിടം മറിക്കും.

ഇതുവരെ പണത്തിൻ്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ എന്നല്ലെ ചിന്തിക്കുന്നത്. അതിലേക്കാണ് വരുന്നത്. 

കൈയിലിരിക്കുന്ന കാശ് വളരാൻ നിക്ഷേപിച്ച് വാടകയ്ക്ക് താമസിക്കുന്നത് ആണോ അതോ വീട് വാങ്ങുന്നതാണോ നല്ലത് എന്ന് കണ്ടുപിടിക്കാൻ മാന്ത്രിക ഫോർമുല ഒന്നുമില്ല. ഒരു പുസ്തകം എടുത്ത് അല്ലെങ്കിൽ ഒരു എക്സൽ ഷീറ്റ്(excel sheet) തുറന്നു കണക്കു കൂട്ടി തന്നെ നോക്കണം. സാധാരണ കാണാറുള്ള ഒരു കുടുംബത്തിൻ്റെ ഉദാഹരണം ഉപയോഗിച്ച് ഞാൻ വിശദീകരിക്കാം.

ഞാൻ കുറെക്കാലം ബാംഗ്ലൂർ നഗരത്തിൽ താമസിച്ചിട്ടുള്ളതു കൊണ്ടും എൻ്റെ കൂട്ടുകാർ അവിടെ ഉള്ളതു കൊണ്ടും ബാംഗ്ലൂർ നഗരത്തിലെ ഉദാഹരണം ആണ് എടുക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ മൂന്ന് ബെഡ്റൂം ഉള്ള ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെങ്കിൽ ഇന്ന് ഏകദേശം 30,000 രൂപയാകും. ഇതേ ഫ്ലാറ്റ് ഇന്ന് വാങ്ങണം എങ്കിൽ ഒരു കോടി രൂപയോളം ആകും. 35 വയസ്സുള്ള ഒരാൾ 55 വയസ്സു വരെ ജോലി ചെയ്തതിനു ശേഷം തിരിച്ചു നാട്ടിലേക്ക് പോവാനാണ് ഉദ്ദേശം എന്ന് വിചാരിക്കുക. 20 ലക്ഷം രൂപയാണ് ഡൗൺ പെയ്മെൻറ്(down payment) ആയി കൊടുക്കാൻ ഉദ്ദേശിക്കുന്നത്.

ബാങ്കിൽ നിന്ന് 20 കൊല്ലത്തെ ലോണെടുത്ത് ഈ ഫ്ലാറ്റ് വാങ്ങുന്നതാണോ കൈയിലുള്ള പണം നിക്ഷേപിച്ചിട്ട് വാടകയ്ക്ക് താമസിക്കുന്നതാണോ ലാഭം എന്ന് ആണ് താഴെ കണക്കുകൂട്ടുന്നത്. 

എല്ലാ വർഷവും വാടക 6% (വിലക്കയറ്റ നിരക്ക്/Inflation rate അനുസരിച്ചു) കൂടും എന്ന ഒരു അനുമാനം ഈ കണക്കുകൂട്ടൽ നടത്താൻ വേണ്ടി ഞാൻ എടുത്തിട്ടുണ്ട്. വീടിൻ്റെ വിലയും 6% (വിലക്കയറ്റ നിരക്ക്/Inflation rate അനുസരിച്ച്) കൂടും എന്നും കൂട്ടാം. 

അതേ പോലെ തന്നെ ഒരു വീടിന് വർഷാവർഷം അടയ്‌ക്കേണ്ട നികുതിയും റസിഡൻസ് അസോസിയേഷൻ ഫീസും പിന്നെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കേണ്ട കാശും ഈ കണക്കിൽ കൂട്ടേണ്ടതുണ്ട്. ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വീടിൻ്റെ വിലയുടെ 1% ഒരു വർഷം ആവശ്യം വരുമെന്ന് കണക്കാണ് എടുക്കാറ്. എന്നു വച്ചാൽ ഒരു കോടി രൂപയുടെ വീടിൻ്റെ വിലയുടെ ഒരു ശതമാനമായ 1,00,000 രൂപ  എല്ലാ വർഷവും ആ വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി വേണ്ടിവരും എന്നാണ് പറയുന്നത്. എന്ന് വെച്ച് എല്ലാ കൊല്ലവും ഒരു ലക്ഷം രൂപയാകും എന്നല്ല ചില കൊല്ലങ്ങളിൽ ഒന്നും ആകില്ല വേറെ ചില കൊല്ലങ്ങളിൽ മൂന്നും നാലും ലക്ഷം രൂപ ആകും എന്നാണ്. വിദഗ്ധർ ഇതാണ് പറയുന്നതെങ്കിലും കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്ന നമ്മളെല്ലാവരും വീട് വാങ്ങുമ്പോൾ വീട്ടിലെ കുറെ പണികൾ നമ്മൾ തന്നെ സൂക്ഷിച്ചു ചെയ്യുന്നത് കാരണം കുറവ് ചെലവ് ആവുകയുള്ളൂ എന്ന് വിചാരിക്കാം. അപ്പോൾ ഒരു വർഷം 75,000 രൂപ വീടിൻ്റെ നികുതിക്കും റസിഡൻസ് അസോസിയേഷൻ ഫീസിനും അറ്റകുറ്റപ്പണികൾക്കും ആയി നീക്കിവയ്ക്കണം. ഈ കണക്കനുസരിച്ച് ഒരു കോടി രൂപയുടെ വീടിന് 20 കൊല്ലത്തേക്ക് എല്ലാം ചേർത്ത് 15 ലക്ഷം രൂപ ചെലവാകുമെന്നാണ് എടുക്കുന്നത്.

കർണാടകത്തിൽ ഒരു കോടി രൂപയുടെ വീട് വാങ്ങിയാൽ ഏകദേശം ആറ് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ആയി കൊടുക്കേണ്ടിവരും. അപ്പോൾ ഒരു കോടിയുടെ 6 ശതമാനമായ 6,00,000 രൂപ ആയിനത്തിൽ കണക്കിൽ വരണം. 

ആദ്യം നമുക്ക് ഇന്ന് ഒരു കോടി വില വരുന്ന ഫ്ലാറ്റ് 20 കൊല്ലം കഴിഞ്ഞു വിൽക്കുമ്പോൾ എത്ര രൂപ കിട്ടും എന്ന ഒരു കണക്ക് ഉണ്ടാകണം. കാരണം 20 കൊല്ലം കഴിയുമ്പോഴേക്കും മിക്ക കോൺക്രീറ്റ് കെട്ടിടങ്ങൾക്കും അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. പുതിയ ഫ്ലാറ്റിന് കിട്ടുന്ന വില 20 കൊല്ലം പഴക്കമുള്ള ഫ്ലാറ്റിനു കിട്ടണമെന്നില്ല. ഇന്ന് ഒരു കോടി രൂപക്ക് പുതിയ ഫ്ലാറ്റ് കിട്ടുന്ന അതേ സ്ഥലത്ത്  20 കൊല്ലം പഴക്കമുള്ള ഒരു ഫ്ളാറ്റ് വാങ്ങാൻ എത്ര രൂപ നമ്മൾ കൊടുക്കും. 75 ലക്ഷത്തിൽ കൂടുതൽ കൊടുക്കില്ല എന്ന ഒരു ഊഹ കണക്ക് ഇവിടെ എടുക്കാം. അപ്പോൾ ഭാവിയിൽ നമ്മുടെ ഫ്ലാറ്റ് വിറ്റാൽ എത്ര രൂപ കിട്ടുമെന്ന് കണക്ക് കൂട്ടാൻ വേണ്ടി നമുക്ക് 6% വിലക്കയറ്റ നിരക്ക് വച്ച്  75 ലക്ഷം രൂപയ്ക്ക് 20 കൊല്ലം കഴിഞ്ഞുണ്ടാകുന്ന വ്യത്യാസം കണക്കുകൂട്ടണം. ഇതിനു വേണ്ടി ഭാവിയിലെ തുക കണക്കുകൂട്ടുന്ന ഒരു കാൽകുലേറ്റർ(future value calculator) ഉപയോഗിക്കാം.

75,00,000 രൂപ 20 കൊല്ലത്തേക്കു 6% വിലക്കയറ്റ നിരക്ക് വെച്ചു നോക്കുമ്പോൾ ഉള്ള ഭാവി മൂല്യം  = 2,40,53,516

ഈ തുകയാണ് വാടകയ്ക്ക് താമസിച്ചതിനു ശേഷം കയ്യിലുള്ള തുക നിക്ഷേപിച്ചാൽ നമുക്ക് കിട്ടുമോ എന്ന് അറിയേണ്ടത്. ഇത് കണക്ക് കൂട്ടാൻ മൈക്രോസോഫ്ട് എക്സൽ (MS Excel) പ്രോഗ്രാം ആണ് ഞാൻ ഉപയോഗിച്ചത്. ഒരു നിക്ഷേപത്തിൻ്റെ ഭാവിയിലെ മൂല്യം അറിയാൻ എക്സൽ പ്രോഗ്രാമിലെ ഫ്യൂച്ചർ വാല്യൂ ഫംഗ്ഷൻ(Future Value Function or FV) ഉപയോഗിക്കാം.

ഒരു മാസം വാടകയായി കൊടുക്കുന്ന തുകയും വീടു വാങ്ങിയാൽ ഒരു മാസം ചെലവ് വരുന്ന തുകയും തമ്മിലുള്ള വ്യത്യാസം എല്ലാ മാസവും നമ്മൾ കൃത്യമായി നിക്ഷേപിക്കുന്നു എന്നാണ് ഞാൻ കണക്കാക്കുന്നത്. അതേ പോലെ തന്നെ വീട് വാങ്ങാനുള്ള ഡൗൺ പെയ്മെൻറ്(Down Payment) തുകയും കൃത്യമായി നിക്ഷേപിക്കുന്നു. നിക്ഷേപങ്ങൾക്ക് 8 ശതമാനം വളർച്ച കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യൂച്ചൽ ഫണ്ട് അധിഷ്ഠിതമായ നിക്ഷേപങ്ങൾക്ക് ഈ വളർച്ച നിരക്ക് കിട്ടേണ്ടതാണ്.

ഫ്ലാറ്റിൻ്റെ വില1,00,00,000
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും (6%)6,00,000
മൊത്തം ചിലവ്1,06,00,000
ഡൗൺ പെയ്മെൻറ്(Down Payment) തുക26,00,000
ലോൺ എടുക്കുന്ന തുക (വിലയുടെ 80% )80,00,000
ലോൺ കാലാവധി (വർഷം)20 
ലോൺ പലിശ നിരക്ക് (July 21, 2020’ൽ SBI വെബ്‌സൈറ്റിൽ നിന്നും)7.35%
ഒരു മാസത്തെ അടവ് (EMI)
[Using MS excel Loan Amortization Schedule template] 
63,716
നികുതിക്കും റസിഡൻസ് അസോസിയേഷൻ ഫീസിനും അറ്റകുറ്റപ്പണികൾക്കും ആയി മാറ്റി വയ്ക്കുന്ന വാർഷിക തുക (Annual Maintenance Amount)75,000
ഒരു മാസത്തേക്കുള്ള തുക (Monthly Maintenance Amount)6,250
ഒരു മാസത്തേക്കുള്ള മൊത്തം ചിലവ് (EMI + (Monthly Maintenance Amount)69,966

നിലവിൽ വാടക 30,000 രൂപ ആയതുകൊണ്ട് എല്ലാ മാസവും കുറച്ചു തുക ലാഭം ഉണ്ട്. ഈ തുക കൃത്യമായി നിക്ഷേപിച്ചു എന്ന് ആണ് ഞാൻ കണക്കുകൂട്ടുന്നത്. എല്ലാ മാസവും നിക്ഷേപിക്കുന്ന രീതിയിൽ കണക്കുകൂട്ടാൻ പ്രയാസം ആയതുകൊണ്ട് ഒരു വർഷത്തെ ലാഭം മുഴുവൻ ഒരുമിച്ച് ഒരു നിക്ഷേപിക്കുന്നതാണ് താഴത്തെ കണക്കിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു എക്സൽ ഷീറ്റ് ഉപയോഗിച്ചാണ് ഞാൻ ഈ കണക്ക് ചെയ്തിരിക്കുന്നത്. അതിൽ ഉപയോഗിച്ച ഫോർമുല ഞാൻ എല്ലാ കോളത്തിന്റെയും മുകളിൽ കൊടുത്തിട്ടുണ്ട്.

വാടകക്ക് താമസിച്ചത്‌ കൊണ്ടുള്ള ലാഭം നിക്ഷേപിച്ചാൽ കിട്ടുന്ന തുക1,22,52,589
വീട് വാങ്ങുമ്പോൾ കൈയിൽ നിന്ന് കൊടുക്കേണ്ടി വരുന്ന 26,00,000 രൂപ 8% നിരക്കിൽ നിക്ഷേപിച്ചാൽ 20 വർഷം കഴിഞ്ഞു കിട്ടുന്ന തുക1,21,18,489
20 വർഷം കഴിയുമ്പോൾ കൈയിൽ ഉള്ള തുക (1,22,52,589 + 1,21,18,489)2,43,71,078

അപ്പോൾ ഫ്ലാറ്റ് വാങ്ങി വിറ്റാൽ 2,40,53,516 രൂപ കിട്ടും.
അതല്ല വാടകയ്ക്ക് താമസിച്ചു ബാക്കി തുക നിക്ഷേപിച്ചാൽ 2,43,71,078 രൂപ കിട്ടും.

വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെ അല്ല എന്നുള്ളത് മുകളിൽ നിന്നുള്ള കണക്കിൽ നിന്ന് വ്യക്തമാണ്. അപ്പോൾ നിങ്ങളുടെ സന്തോഷത്തിനും ജീവിത സുഖത്തിനും അനുയോജ്യമായ മാർഗ്ഗം തെരഞ്ഞെടുക്കുക.

ഈ കണക്കിൽ പറയുന്നതിൽ കൂടുതൽ ഫ്ലാറ്റിന്  വില കൂടുമെന്ന് തർക്കിക്കുന്നവരോട് അതേ പോലെ തന്നെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്ക് എട്ടു ശതമാനത്തിൽ കൂടുതൽ വളർച്ച കിട്ടാനും സാധ്യതയുണ്ട് എന്നേ എനിക്ക് പറയാനുള്ളൂ. ഈ കണക്കിൽ 8 ശതമാനത്തിനു പകരം 9 ശതമാനമാണ് എടുത്തിരുന്നെങ്കിൽ 40 ലക്ഷത്തോളം രൂപയുടെ വ്യത്യാസം ഉണ്ടാകും അവസാനത്തെ തുകയിൽ. ഇത് കൃത്യമായി പ്രവചിക്കാൻ പറ്റാത്തതു കൊണ്ട് ഉള്ളതിൽ കുറവുള്ള നിരക്കുകൾ എടുത്തിട്ടാണ്  കണക്ക് കൂട്ടിയിരിക്കുന്നത്. കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കുക: റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട്

വാടകയ്ക്ക് താമസിക്കുമ്പോൾ ചെലവ് കുറയ്ക്കാൻ പിന്നെയും മാർഗ്ഗങ്ങളുണ്ട്. ചെറിയ കുടുംബം ആണെങ്കിൽ ഇതിൽ ചെറിയ വീടുകളിൽ താമസിക്കാം ആവശ്യം വരുമ്പോൾ മാത്രം വലിയ വീടുകളിലേക്ക് മാറിയാൽ മതി. 20 കൊല്ലവും മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റിൽ ജീവിക്കണം എന്നില്ല.  ഇങ്ങനെ വാടക ലാഭിക്കാം. അതേ പോലെ തന്നെ ജോലി മാറുന്നതനുസരിച്ച് വാടകയ്ക്ക് താമസിക്കുന്ന വീട് ജോലിക്ക് അടുത്തേക്ക് മാറ്റാം. അങ്ങനെ യാത്രാച്ചെലവും സമയവും ലാഭിക്കാം.

ഈ കണക്കുകളിൽ വിൽക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന നികുതി ഞാൻ കണക്കാക്കിയിട്ടില്ല. കാരണം 20 കൊല്ലം കഴിഞ്ഞുള്ള നികുതിനിരക്ക് പ്രവചിക്കാൻ സാധിക്കുകയില്ല. നിലവിലെ സാഹചര്യത്തിൽ ഒരു വീടു വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് വേറൊരു വീട് വാങ്ങുവാൻ ആണെങ്കിൽ നികുതി കൊടുക്കേണ്ടി വരില്ല. നിലവിലെ സാഹചര്യത്തിൽ മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്ക് വിൽക്കുമ്പോൾ ലാഭത്തിൻ്റെ 10% നികുതി കൊടുക്കേണ്ടി വരും. ഇരുപത് വർഷത്തിനു ശേഷം മിക്കവാറും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ നികുതി വിലക്കയറ്റ നിരക്ക് കൂടി കണക്കിലെടുത്തായിരിക്കും കണക്കുകൂട്ടുക. അപ്പോൾ നികുതി നിരക്ക് ഇതിലും കുറവായിരിക്കാൻ ആണ് സാധ്യത.

ഇപ്പോൾ ജോലി ചെയ്യുന്ന നഗരത്തിൽ തന്നെയാണ് വിരമിച്ചതിന് ശേഷവും താമസിക്കാൻ താൽപര്യമെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ബാധകമല്ല. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു അതിനുള്ള ലേഖനം വായിക്കുക: താമസിക്കുവാനുള്ള വീട്








അടുത്ത ലേഖനം: റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട്

റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട്

ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട്(Mutual Fund) നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് എന്ന് ഞാൻ പറഞ്ഞല്ലോ. ഒരു ഉദാഹരണം എടുത്തു വിശിദീകരിക്കാം.

എൻ്റെ വീടിനോട് ചേർന്നു കിടക്കുന്ന ഒരു ഭൂമി 2000’ൽ കച്ചവടം ആയ്യിരുന്നു. അന്ന് ഒരു സെൻറ് ₹20,000 രൂപയ്ക്കാണ് കച്ചവടം ആയത്. ഇപ്പോൾ 2019’ൽ അവിടെ ഒരു സെന്റിന് ഏകദേശം ₹3,00,000 (മൂന്ന്) ലക്ഷം രൂപ ആണ് വില. ഈ സ്ഥലം ഒരു നല്ല ഉദാഹരണം ആയി എനിക്കു തോന്നി. വലിയ വികസനം ഒന്നും തൊട്ടടുത്തു വരാത്തത് കാരണം ഭയങ്കര വില കൂടുതൽ ഉണ്ടായിട്ടില്ല. അതേ പോലെ തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വില കുറഞ്ഞിട്ടുമില്ല. ഈ സ്ഥലം ഉദാഹരണമായി എടുത്തു ഞാൻ കണക്കുകൾ വിശിദീകരിക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഇപ്പോൾ നികുതി ഉള്ള കാരണം ഞാൻ ഈ കണക്കുകളിൽ നിന്ന് നികുതി ഒഴിവാക്കുന്നു.ബ്രോക്കർ കമ്മീഷനും ഞാൻ ഈ കണക്കിൽ നിന്നും ഒഴിവാക്കുന്നു.

മുഴുവൻ തുകയും ഒരുമിച്ചു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:

2000’ൽ ഭൂമിയുടെ വില₹20,000
രജിസ്ട്രേഷൻ ഫീസ് [2%]₹400
സ്റ്റാമ്പ് ഡ്യൂട്ടി [8%]₹1,600
മൊത്തം നിക്ഷേപം₹22,000
നിലവിലെ [2019’ലെ] വില₹3,00,000
മൊത്തം ലാഭം₹2,78,000

ഇനി ഈ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള നേട്ടം നോക്കാം.

HDFC Equity Fund (G) ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിൽ ഒന്നാണ്. 2000’ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ നമ്മൾ തിരഞ്ഞെടുക്കാൻ സാധ്യത ഉള്ള ഫണ്ടാണ് ഇത്. ഈ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള കാര്യം നോക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:

മൊത്തം നിക്ഷേപം₹22,000
January 01, 2000’ൽ HDFC Equity Fund (G)
ഒരു യൂണിറ്റിൻ്റെ വില*
₹ 24.91
അപ്പോൾ മൊത്തം വാങ്ങിയ മ്യൂച്വൽ
ഫണ്ട് യൂണിറ്റുകൾ [22,000/24.91]
883.1794
September 21 2019’ൽ HDFC Equity Fund (G) ഒരു
യൂണിറ്റിൻ്റെ വില*
₹ 639.261
നിക്ഷേപത്തിൻ്റെ നിലവിലെ (2019’ലെ) വില
[883.1794 * 639.261 ]
₹ 5,64,582.2
മൊത്തം ലാഭം₹ 5,42,582.2

 *മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.

ഈ കണക്കിൽ ഒരു രണ്ടു ചെറിയ പ്രശ്നങ്ങൾ ഉണ്ട്.

  1. January 01, 2000’ൽ മ്യൂച്വൽ ഫണ്ട് വാങ്ങുമ്പോൾ ഓഹരി വിപണി വില കുറഞ്ഞിരിക്കുന്ന സമയമാണോ എന്ന് നമുക്കറിയില്ല. ആണെങ്കിൽ ഈ കണക്കിലെ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ലാഭം വളരെ അധികം കൂടും.
  2. അതു പോലെ തന്നെ ഭൂരിഭാഗം ആൾക്കാരും ലോൺ എടുത്താണ് സ്ഥലം വാങ്ങുന്നത്. അപ്പോൾ January 01, 2000’ൽ ഒറ്റയടിക്ക് ₹22,000 നിക്ഷേപിക്കാൻ ഉണ്ടായെന്നു വരില്ല. അപ്പോൾ ലോൺ എടുത്ത് സ്ഥലം വാങ്ങിയ പോലെ ഒന്ന് കണക്കു കൂട്ടി നോക്കാം.

ലോൺ എടുത്തു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം – ലോൺ വഴി നിക്ഷേപിക്കുമ്പോൾ:

2000’ൽ ഭൂമിയുടെ വില₹20,000
രജിസ്ട്രേഷൻ ഫീസ് [2%]₹400
സ്റ്റാമ്പ് ഡ്യൂട്ടി [8%]₹1,600
മൊത്തം തുക₹22,000
₹22,000 9% പലിശക്ക് 20 വർഷത്തെ ലോൺ എടുത്താൽ വരുന്ന മാസ അടവ്**₹ 198
2019  വരെ അടച്ച തുക (20 വർഷം കൊണ്ട് അടച്ച തുക)
[ 198 * 20 *12 ]
₹ 47,520
നിലവിലെ [2019’ലെ] വില₹3,00,000
മൊത്തം ലാഭം₹2,52,480

**ഇന്റർനെറ്റിലെ ഹോം ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കു കൂട്ടിയതാണ്.

ഇനി ഇതേ നിക്ഷേപം, അതായതു മാസാമാസം ₹ 198 ,  HDFC Equity Fund (G) മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഉള്ള വരുമാനം:

September 20, 2019 വരെ ഉള്ള കണക്കു മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ.

മാസം നിക്ഷേപിക്കുന്ന തുക₹ 198
നിക്ഷേപ കാലാവധിJan 01, 2000 – Sep 20, 2019
അടവുകളുടെ എണ്ണം [19 *12 + 9]237
നിക്ഷേപിച്ച തുക₹ 46,926
മൊത്തം വാങ്ങിയ മ്യൂച്വൽ ഫണ്ട്
യൂണിറ്റുകൾ***
650.30
September 21 2019’ൽ HDFC Equity Fund (G)
ഒരു യൂണിറ്റിൻ്റെ വില*
₹ 639.261
September 20, 2019’ൽ നമ്മുടെ
നിക്ഷേപത്തിൻ്റെ വില***
₹ 4,15,711.4
മൊത്തം ലാഭം₹ 3,68,785.4

***മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കിട്ടിയ കൂടുതൽ ലാഭം = ₹ 3,68,785.4 – ₹2,52,480 = ₹ 1,16,305.4 (ഏകദേശം 46% കൂടുതൽ )

സ്ഥലത്തിൻ്റെ വിലയും മ്യൂച്വൽ ഫണ്ട് നിക്ഷേപവും ഇങ്ങനെ തന്നെ ഭാവിയിൽ പോകണം എന്നില്ല. പക്ഷേ ഭൂമിക്കു വില കൂടണമെങ്കിൽ രാജ്യം വികസിക്കണം, രാജ്യം വികസിച്ചാൽ ഓഹരി വിപണിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും നല്ല നേട്ടം തരും.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പെട്ടെന്ന് വിൽക്കാൻ സാധിക്കും. അതേ  പോലെ തന്നെ ആവശ്യത്തിന് അനുസരിച്ചു ചെറിയ തുകകൾ ആയി മുറിച്ചു വിൽക്കാനും സാധിക്കും.

താമസിക്കുവാനുള്ള വീട് വാങ്ങിയതിന് ശേഷം പിന്നെയും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനു മുൻപേ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും പരിഗണിക്കുക.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.








അടുത്ത ലേഖനം: ഹോം ലോൺ എടുക്കുമ്പോൾ കൂടെ എടുക്കേണ്ടി വരുന്ന ലൈഫ് ഇൻഷുറൻസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും

വിൽക്കാനായി വാങ്ങുമ്പോൾ കെട്ടിടങ്ങളോ വീടോ ഉള്ള സ്ഥലം വാങ്ങുന്നതും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ വിൽക്കാൻ പദ്ധതി ഇല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നത് വലിയ ബുദ്ധിയല്ല. സ്ഥലം വാങ്ങി അതിൽ വീടോ മറ്റു കെട്ടിടങ്ങളോ പണിതു വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്ഥലം കൃഷിക്ക് പാട്ടത്തിന് കൊടുക്കാനോ സ്വയം കൃഷി ചെയ്യാനോ ഉദ്ദേശിക്കുന്നവർക്കും ഇത് ബാധകമല്ല. ഇങ്ങനെ പറയാൻ കാരണം ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിൽ നിന്ന് നമുക്ക് വരുമാനം ഒന്നും ലഭിക്കില്ല എന്നുള്ളതാണ്. നികുതി ഇനത്തിൽ ചെറിയ ചെലവുകൾ ഉണ്ടാവുകയും ചെയ്യും. ഏറ്റവും വലിയ മണ്ടത്തരം വീട് വാങ്ങിയതിനു ശേഷമോ പണിതതിനു ശേഷമോ അത് വെറുതെ അടച്ചിടുന്നതാണ്. വീടിന് അറ്റകുറ്റ പണികൾ വരികയും ചെയ്യും വീടിൻ്റെ പഴക്കം കൂടുകയും ചെയ്യും. അതിൽ നിന്നും വരുമാനം കിട്ടുകയും ഇല്ല. ഇതിലും നല്ലതു പണിയാതിരിക്കുന്നതാണ്.

ഭാവിയിലെ ആവശ്യങ്ങൾക്കുള്ള നിക്ഷേപമായി റിയൽ എസ്റ്റേറ്റ് വാങ്ങുമ്പോൾ വാടക കിട്ടുവാൻ അല്ലെങ്കിൽ പാട്ടം കിട്ടുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആണ് നല്ലത്.

ആധാർ കാർഡും പാൻ കാർഡും എല്ലാം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന ഈ കാലത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ നികുതിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതേ പോലെ തന്നെ റിയൽഎസ്റ്റേറ്റ് ഇടപാടുകളിൽ പണമായി കൊടുക്കാവുന്ന തുകയ്ക്ക് ഇപ്പോൾ നിബന്ധനകളുണ്ട്. ഇവ തെറ്റിച്ചാൽ 100% പിഴ ഈടാക്കും. നമ്മുടെ മാതാപിതാക്കളുടെ കാലത്ത് ഭൂമി കച്ചവടം ചെയ്ത പോലെ ആകില്ല ഭാവിയിലെ ഭൂമി കച്ചവടങ്ങൾ. വാങ്ങിയ സ്ഥലത്ത് താമസിക്കുന്നില്ല എങ്കിൽ ആ സ്ഥലം വാങ്ങുവാനായി എടുത്ത ലോണിന് നികുതിയിളവുകൾ ലഭിക്കുകയില്ല. നികുതി കൊടുക്കേണ്ടി വരും എന്ന് കണക്കാക്കി മാത്രമേ ഭൂമി ഇടപാടുകൾ നടത്താവൂ.

ഓരോ സ്ഥലത്തിനും ലഭിക്കാവുന്ന വാടകയ്ക്കും പാട്ടത്തിനും ആ സ്ഥലത്തിന് ഉണ്ടാകുന്ന വിലവർധനയ്ക്കും, സ്ഥലത്തിൻ്റെ ചുറ്റുപാടുകളുമായി വളരെയധികം ബന്ധമുണ്ട്. എറണാകുളത്തോ തിരുവനന്തപുരത്തോ നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനം ആയിരിക്കില്ല കാസർഗോഡോ വയനാടോ നിക്ഷേപം നടത്തിയാൽ. ഇതു കൊണ്ട് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്ന് ഇത്ര രൂപ കൃത്യമായി വരുമാനം ലഭിക്കും എന്നു പറയുവാൻ ബുദ്ധിമുട്ടാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുവാൻ ഇറങ്ങുമ്പോൾ അതിനെക്കുറിച്ച് വിശദമായി നിങ്ങൾ തന്നെ പഠിക്കണം. അതേ പോലെ തന്നെ നിയമങ്ങളും ശ്രദ്ധിക്കണം. പാടത്ത് കെട്ടിടം പണിയാൻ പാടില്ല പോലുള്ള നിയമങ്ങൾ വിൽപ്പനക്ക് ശ്രമിക്കുമ്പോൾ വലിയ കെണിയായി മാറും.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തി ഒരുപാട് കാശുണ്ടാക്കിയ ഒരാളെയെങ്കിലും നമുക്കെല്ലാവർക്കും അറിയാം. ഇതിൻ്റെ പ്രധാന കാരണം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വലിയ തുകയാണ് എന്നുള്ളത് തന്നെ. വലിയ തുകയുടെ കാര്യങ്ങൾ ചെയ്യുമ്പോൾ റിസ്ക് കൂടും. അതേ പോലെ തന്നെ കിട്ടാവുന്ന ലാഭത്തിൻ്റെ വലിപ്പവും കൂടും. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ( മധ്യവർഗ്ഗ കുടുംബത്തിന്) റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നാൽ മൊത്ത സമ്പാദ്യത്തിൻ്റെ വലിയ ഒരു ശതമാനം ആയിരിക്കും. അപ്പോൾ അതിൽ നിന്ന് നേട്ടം കിട്ടിയാൽ അവരുടെ മൊത്തം സമ്പാദ്യം വളരെയധികം കൂടുകയും ചെയ്യും. ഇതിൻ്റെ മറു വശം കൂടി ചിന്തിക്കണം. നമ്മുടെ മൊത്ത സമ്പാദ്യത്തിൻ്റെ സിംഹഭാഗവും ഒരു നിക്ഷേപത്തിൽ കേന്ദ്രീകരിച്ചാൽ നിക്ഷേപത്തിന് എന്തെങ്കിലും പറ്റിയാൽ നമ്മൾ തകർന്നു പോകും. ഉദാഹരണത്തിന് സർക്കാർ സ്ഥലം ഏറ്റെടുത്താൽ ചിലപ്പോൾ ഉദ്ദേശിച്ച വില കിട്ടിയെന്നു വരില്ല. താമസിക്കുവാനുള്ള വീട് വാങ്ങുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് നമുക്ക് ഒരു നിക്ഷേപമായി. അപ്പോൾ നിക്ഷേപങ്ങൾക്ക് വൈവിധ്യം ലഭിക്കുവാൻ വേണ്ടി മറ്റു മാർഗങ്ങളിൽ നിക്ഷേപിച്ചതിന് ശേഷം മാത്രമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നോക്കേണ്ട കാര്യമുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം.

സ്ഥലങ്ങളോടുള്ള വൈകാരിക ബന്ധങ്ങൾ മാറ്റി വച്ചാൽ പൊതുവെ ഭൂമി ഇടപാടിൽ നിന്നുള്ള നേട്ടങ്ങൾ ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കാൾ കുറവാണ്. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം. 








അടുത്ത ലേഖനം: വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ?

താമസിക്കുവാനുള്ള വീട്

ബഹു ഭൂരിപക്ഷം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാട് ആയിരിക്കും താമസിക്കുവാനുള്ള വീട് വാങ്ങുന്നത്. നിങ്ങളുടെ ജോലി സ്ഥലവും നിങ്ങൾക്ക് താമസിക്കുവാൻ താല്പര്യമുള്ള സ്ഥലവും ഏതാണ്ട് ഉറപ്പായാൽ താമസിക്കുവാൻ വേണ്ടി ഒരു വീട് വാങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം വിരമിക്കൽ ആവുമ്പോഴേക്കും ലോൺ അടവുകൾ തീർന്നാൽ പിന്നെ മാസ ചെലവുകൾ ഒരുപാട് കുറയും. അതേ പോലെ തന്നെ വീട് പണിയാൻ എടുക്കുന്ന ലോണിൻ്റെ അടവുകൾക്ക് നികുതിയിളവും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ താമസിക്കുവാനായി ഒരു വീട് സ്വന്തമായി വാങ്ങുന്നത് വളരെ നല്ലതാണ്.

പക്ഷേ, താമസിക്കുവാനുള്ള വീട് ഭാവിയിലെ ചിലവുകൾക്കായുള്ള ഒരു നിക്ഷേപമായി കാണുന്നത് അത്ര ബുദ്ധിയല്ല. കാരണം മക്കളെ പഠിപ്പിക്കുവാൻ വേണ്ടിയോ കല്യാണം നടത്തുവാൻ വേണ്ടിയോ ആശുപത്രി ചെലവുകൾക്ക് വേണ്ടിയോ വീട് വിൽക്കാൻ  ആർക്കും താല്പര്യം ഉണ്ടാവില്ല. അതേ പോലെ തന്നെ വാർദ്ധക്യത്തിൽ വാടക കൊടുക്കാതെ സ്വന്തം വീട്ടിൽ താമസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. വിരമിക്കലിനു ശേഷം സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറുന്ന ആൾക്കാർ വളരെ വളരെ ചുരുക്കമേ ഉള്ളൂ. അതു കൊണ്ട് നമ്മുടെ വീടിന് എന്തു മാത്രം വില കൂടിയാലും അത് നമുക്ക് അനുഭവിക്കാൻ ലഭിക്കുവാനുള്ള സാധ്യത കുറവാണ്. നമ്മുടെ മരണ ശേഷം അവകാശികൾക്ക് ഉപകാരപ്പെടും.

കാശിനു പെട്ടെന്നൊരു ആവശ്യം വന്നാൽ ഉപയോഗിക്കുവാനായി നമ്മുടെ കയ്യിൽ വേറെ നിക്ഷേപങ്ങൾ വേണം. അതു കൊണ്ട് നമ്മുടെ സമ്പാദ്യമെല്ലാം താമസിക്കുവാനുള്ള വീടിന് വേണ്ടി ചെലവഴിക്കരുത്. നമ്മുടെ മാസ വരുമാനത്തിൻ്റെ 30 ശതമാനത്തിൽ കൂടുതൽ വീടിനായി ചെലവഴിക്കുന്നത് മണ്ടത്തരമാണ്. ലോണെടുത്താണ് വീട് പണിയുന്നത് എങ്കിൽ, നമ്മുടെ വരുമാനത്തിൻ്റെ 30 ശതമാനത്തിനു ഉള്ളിൽ മാസം തിരിച്ചടവ് വരാവുന്ന രീതിയിൽ മാത്രമേ വീട് പണിയാകൂ.

കേരളത്തിൽ പൊതുവായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് വീടിനായി ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിക്കുക എന്നത്. ഒരു കാര്യം പ്രത്യേകം ഓർക്കുക എത്ര ഭംഗിയായി വീട് പണിതാലും 20 വർഷം കഴിയുമ്പോഴേക്കും ഇപ്പോഴത്തെ സാധനങ്ങളെല്ലാം പഴയതായി മാറിയിട്ടുണ്ടാകും. പുതിയ നിർമ്മാണ വസ്തുക്കളും സാങ്കേതിക വിദ്യയും വരുമ്പോൾ നമ്മുടെ വീട് പഴയത് ആകും. ഓരോ 20-25 കൊല്ലത്തിനു ശേഷം ഒരു പുതുക്കിപ്പണിയൽ ആവശ്യമായി വരും. അതു കൊണ്ട് തേക്കിൻ്റെ തടിക്കും ഈട്ടി തടിക്കും വാതിൽ പണിതു കയ്യിലുള്ള കാശ് തീർക്കാതെ അത്യാവശ്യത്തിനു മാത്രം ഉള്ള വീട് പണിയുക. കുറച്ചു തുക അടിയന്തര ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കുവാനും ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപങ്ങൾ തുടങ്ങാനും മറക്കരുത്.






അടുത്ത ലേഖനം: വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും

റിയൽ എസ്റ്റേറ്റ്(Real Estate)

കേരളത്തിൽ ഒരുപാട് കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ് റിയൽ എസ്റ്റേറ്റ് അഥവാ സ്ഥല കച്ചവടം. വിജയിച്ചാൽ വൻ ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ആണ് ഇത്. 10% ടോക്കൺ (token) കൊടുത്തു കരാർ എഴുതി ദിവസങ്ങൾക്കുള്ളിൽ അത് ലക്ഷങ്ങളും കോടികളും ലാഭത്തിൽ മറിച്ചു വിൽക്കുന്നവരും, 20  കൊല്ലത്തെ ലോൺ എടുത്തു സ്ഥലം വാങ്ങുന്ന ആളുകളും എല്ലാം കേരളത്തിൽ ഉണ്ട്.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ എനിക്ക് വലിയ പ്രവൃത്തി പരിചയം ഇല്ല. എൻ്റെ മാതാപിതാക്കൾ പണിത വീട് പുതുക്കി പണിതതാണ് എൻ്റെ  ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്. സ്ഥലങ്ങളും ഫ്ലാറ്റുകളും ഒന്നും വാങ്ങി മറിച്ചു വിറ്റുള്ള പരിചയം എനിക്കില്ല. അത് കൊണ്ട് സ്ഥലമിടപാടുകളിലെ ആശാന്മാർക്കും വിദഗ്ധർക്കും വേണ്ടി അല്ല ഈ ലേഖനം. 10 സെൻ്റ്  സ്ഥലം വാങ്ങുന്നതിനു 10 മാസം ടെൻഷൻ അടിച്ചു ഉറക്കം കളയുന്ന എന്നെ പോലെ ഉള്ള സാധാരണക്കാർക്കു വേണ്ടി ആണ് താഴെ എഴുതുന്നത്.

ഞാൻ സ്ഥലങ്ങൾ വാങ്ങാത്തതും, വാങ്ങി വിൽക്കാൻ ശ്രമിക്കാത്തതും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

  1. ഒരു സ്ഥലം കണ്ട് അതിൻ്റെ വില നിശ്ചയിക്കാൻ എനിക്ക് ഒരു കഴിവുമില്ല. ഇത് പറഞ്ഞു തരാൻ സ്ഥലമിടപാടുകളിൽ പരിചയമുള്ള ആരും ഇല്ലായിരുന്നു താനും. സ്വയം ചെയ്തു പഠിക്കാൻ ഉള്ള സമ്പാദ്യം ആയപ്പോഴേക്കും ഞാൻ കൂടുതൽ നേട്ടങ്ങൾ  തരുന്ന നിക്ഷേപങ്ങളിലേക്കു തിരിഞ്ഞു.
  2. കച്ചവടത്തിൽ ഞാൻ പുറകോട്ടാണ്. ഒരു സാധനം വില പേശി വാങ്ങാൻ എനിക്കു ഒരു കഴിവുമില്ല. വിൽക്കാൻ അതിലും മോശം ആണ്. അങ്ങനെയുള്ളപ്പോൾ, ഞാൻ ഉറച്ച വില നിലവാരം ഒന്നും ഇല്ലാത്ത സ്ഥല കച്ചവടത്തിൽ ഇറങ്ങിയാൽ ഏറ്റവും കൂടിയ വിലയ്ക്ക് വാങ്ങി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കും. അല്ലെങ്കിൽ ഭയങ്കര ഭാഗ്യം വേണം. എൻ്റെ അനുഭവത്തിൽ പണമിടപാടുകളിൽ കഴിവ് കുറഞ്ഞവർക്കു ഭാഗ്യം ഇല്ല.
  3. ഒരു സ്ഥലം കിട്ടിയാൽ അതിൽ കൃഷി ചെയ്തു വരുമാനമുണ്ടാക്കാൻ ഉള്ള കൃഷി പരിചയം എനിക്കില്ല. അപ്പോൾ വാടക കിട്ടുന്ന കെട്ടിടം അല്ലെങ്കിൽ എൻ്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപം എനിക്ക് പലിശ തരികയില്ല. നേട്ടങ്ങൾ സ്ഥലത്തിൻ്റെ വിലയിൽ ഉണ്ടാകുന്ന വർധനവിൽ മാത്രമായി ഒതുങ്ങും. ശരാശരി ഭൂമി വിലകൾ പണപ്പെരുപ്പ നിരക്കിന് ഒരുപാട് മുകളിൽ പോകാറില്ല. ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് താനും[അടുത്ത ലേഖനത്തിൽ ഞാൻ വിശദീകരിക്കാം].

അതിനാൽ, എൻ്റെ കാഴ്ചപ്പാട് ഒരു സാധാരണ മലയാളിയുടെ കാഴ്ചപ്പാടുകൾക്ക് പോതുവേ എതിരാണ്. വായിച്ചു നോക്കിയിട്ടു സ്വയം വിലയിരുത്തുക.

എല്ലാ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കും മറ്റു നിക്ഷേപ മാർഗ്ഗങ്ങളെ അപേക്ഷിച്ച് കുറച്ച് സവിശേഷതകളുണ്ട്. ഇവയെക്കുറിച്ച് താഴെ പറയാം.

  1. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് ലിക്വിഡിറ്റി (liquidity) കുറവാണ്. ഒരു ആവശ്യം വന്നാൽ ബാങ്ക് നിക്ഷേപങ്ങളോ മ്യൂച്ചൽ ഫണ്ടുകളോ പോലെ പെട്ടെന്ന് വിൽക്കാൻ പറ്റില്ല. അതേ പോലെ തന്നെ മുറിച്ചു വിൽക്കാനും പ്രയാസമാണ്. ഉദാഹരണത്തിന്, രണ്ടു മക്കളുടെ പഠനം ആവശ്യങ്ങൾക്കു വേണ്ടി 5 സെൻ്റ്  സ്ഥലം വാങ്ങി ഇട്ടാൽ ആദ്യത്തെ കുട്ടിയുടെ പഠന ആവശ്യം വരുമ്പോൾ 2.5 സെൻ്റ് സ്ഥലവും രണ്ടാമത്തെ കുട്ടിയുടെ ആവശ്യത്തിന് അടുത്ത 2.5 സെൻ്റ് സ്ഥലവും എന്നിങ്ങനെ മുറിച്ചു വിൽക്കാൻ പ്രയാസമാണ്.
  2. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നമ്മുടെ കയ്യിൽ വയ്ക്കുന്നതിന് ചെലവ് കൂടുതലാണ്. ഉദാഹരണത്തിന്, ഒരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് ആണെങ്കിൽ അതിൻ്റെ അറ്റകുറ്റപ്പണികളും പെയിന്റിംഗും, സ്ഥലമാണെങ്കിൽ പറമ്പ് വൃത്തിയായി സൂക്ഷിക്കുന്നതിലും എല്ലാം കാശ് കയ്യിൽ നിന്ന് ഇറങ്ങും.
  3. കേരളത്തിലെ വീടുകളിൽ നിന്നുള്ള വാടക വരുമാനം വളരെ കുറവാണ്. സ്ഥലം വാങ്ങിയ തുക ലോൺ എടുക്കുകയാണെങ്കിൽ അതിൻ്റെ മാസ അടവ് തീർത്ത് അടക്കാനുള്ള തുക വാടകയിൽ നിന്ന് ലഭിക്കണം. എങ്കിൽ മാത്രമേ വാടകക്ക് കൊടുക്കുവാൻ വേണ്ടിയുള്ള നിക്ഷേപത്തിൽ നിന്നും ലാഭമുള്ളു.
  4. മറ്റു നിക്ഷേപങ്ങൾക്ക് പൊതുവേ ഇല്ലാത്ത ബ്രോക്കർ ഫീസും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് ബാധകമാണ്. നാട്ടു നടപ്പനുസരിച്ച് വാങ്ങുന്നവൻ വിലയുടെ 1 ശതമാനവും, വിൽക്കുന്നവൻ വിലയുടെ 2 ശതമാനവുമാണ് ബ്രോക്കർ ഫീസ് കൊടുക്കേണ്ടത്. അപ്പോൾ വാങ്ങി വിറ്റ് കഴിയുമ്പോൾ 3% നമ്മുടെ കയ്യിൽ നിന്ന് പോകും.അതേ പോലെ തന്നെ 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്ട്രേഷൻ ഫീസും ഉണ്ട്. ഇതെല്ലാം വെച്ച് കണക്കു കൂട്ടുമ്പോൾ വില 13% കൂടിയാൽ മാത്രമേ ബ്രോക്കർ ഫീസും രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും മുതൽ ആവുകയുള്ളൂ. സെന്റിന് ₹10,00,000 [പത്തു ലക്ഷം] ഉള്ള സ്ഥലം വാങ്ങിയാൽ വില കൂടി ₹ 11,30,000 [പതിനൊന്നു ലക്ഷത്തി മുപ്പതിനായിരം] ആയാൽ മാത്രമേ നമ്മൾക്കു മുടക്കു മുതൽ തിരിച്ചു കിട്ടൂ. 

ഇതിനു പുറമേ സ്ഥല കച്ചവടങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗൈൻസ് നികുതി അഥവാ മൂലധന നേട്ടത്തിന് നികുതി കൊടുക്കേണ്ടി വരും.

ഇവയെല്ലാം കണക്കു കൂട്ടിയിട്ടു മാത്രമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താവൂ.

പൊതുവായി രണ്ടു തരത്തിൽ ആണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടക്കുക.

  1. താമസിക്കാനുള്ള വീട്.
  2. മറിച്ചു വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും.

ഈ രണ്ടു വിഭാഗത്തെ കുറിച്ചും വിശദമായി അടുത്ത ലേഖനങ്ങളിൽ പറയാം.






അടുത്ത ലേഖനം: താമസിക്കുവാനുള്ള വീട്