ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് താഴെ പറയാം.

പോളിസി വാങ്ങുന്നതിനു മുൻപ് ഉള്ള അസുഖങ്ങൾ

എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും വാങ്ങുന്നതിനു മുമ്പ് ഉള്ള അസുഖങ്ങൾ കവർ(cover) ചെയ്യുന്നതിന്  [അസുഖങ്ങളുടെ ചികിത്സക്ക് പണം തരുന്നതിനു] മുന്നേ ഒരു വെയിറ്റിംഗ് പീരിയഡ് (waiting period) അല്ലെങ്കിൽ കാത്തിരിക്കുന്ന സമയം ഉണ്ടാകും. നിങ്ങൾക്ക് പോളിസി എടുക്കുമ്പോൾ അസുഖം ഉണ്ടായിരുന്നെങ്കിൽ ആ വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞതിനു ശേഷം മാത്രമേ ആ അസുഖത്തിൻ്റെ ചികിത്സയ്ക്ക് നിങ്ങൾക്ക് പണം കിട്ടി തുടങ്ങൂ. പോളിസി വാങ്ങുമ്പോൾ എത്ര കാലമാണ് കാത്തിരിക്കേണ്ടത് എന്ന കാര്യം കൃത്യമായി ശ്രദ്ധിക്കണം.

ക്യാഷ്‌ലെസ്സ് ഫെസിലിറ്റി (Cashless Facility)

ക്യാഷ്‌ലെസ്സ് ഫെസിലിറ്റി എന്നു വെച്ചാൽ പണം അടകേണ്ടാത്ത രീതി. ഇൻഷുറൻസ് പോളിസിയുടെ നെറ്റ്വർക്കിൽ[network] അഥവാ ശൃംഖലയിൽ കുറേ ആശുപത്രികൾ ഉണ്ടാകും. ഈ ആശുപത്രികളിൽ പോയാൽ നിങ്ങൾ പോക്കറ്റിൽ നിന്ന് പണം കൊടുക്കേണ്ട, പോളിസി വിവരങ്ങൾ കൊടുത്താൽ ആശുപത്രി ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് നേരിട്ട് പണം വാങ്ങിക്കോളും. നിങ്ങൾ സ്ഥിരമായി പോകാറുള്ള ആശുപത്രിയിലും നിങ്ങളുടെ വീടിന് അടുത്തുള്ള സ്പെഷ്യാലിറ്റി(speciality) ഹോസ്പിറ്റലുകളും ഈ നെറ്റ്വർക്കിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ഉയർന്ന തുകയ്ക്ക് കവറേജ് വാങ്ങിയതിനു ശേഷം ക്യാഷ്‌ലെസ്സ് ഫെസിലിറ്റി ഉള്ള നല്ല ചികിത്സ ലഭിക്കാൻ വേണ്ടി ഉത്തരേന്ത്യയിൽ പോകേണ്ടി വന്നു കഴിഞ്ഞാൽ പിന്നെ ഇൻഷുറൻസ് വാങ്ങിയത് വെറുതെ ആവില്ലേ.

ഹോസ്പിറ്റൽ മുറി വാടക

മിക്ക പോളിസികൾക്കും ഒരു ദിവസം കൊടുക്കാവുന്ന മുറി വാടകയ്ക്ക് പരിധി ഉണ്ടാകും. ഉദാഹരണത്തിന് ചില പോളിസികൾ ഒരു ദിവസം പരമാവധി 1,000 രൂപയേ കവർ  ചെയ്യുകയുള്ളൂ. വേറെ ചില പോളിസികൾ 5,000 രൂപ വരെ കവർ ചെയ്യും. നമ്മളുടെ ബജറ്റിനൊതുങ്ങുന്ന ഏറ്റവും ഉയർന്ന കവറേജ് വേണം വാങ്ങാൻ.

ഇൻഷുറൻസ് എടുക്കുന്നതിനുള്ള മെഡിക്കൽ എക്സാമിനേഷൻ(examination) അഥവാ പരിശോധന

ചിലപ്പോൾ കമ്പനികൾ ഇൻഷുറൻസ് തുടങ്ങുന്നതിനു മുന്നേ നിങ്ങളോട് ഒരു വൈദ്യപരിശോധന നടത്താൻ ആവശ്യപ്പെടും. ഇത് ഇൻഷുറൻസ് കമ്പനിയുടെ ചെലവിൽ ആയിരിക്കും. നിങ്ങൾക്ക് നിലവിൽ മാരകമായ അസുഖങ്ങൾ ഉണ്ടോ എന്ന് കമ്പനിക്ക് അറിയാൻ വേണ്ടിയാണ് ഇത്. നിങ്ങൾക്ക് മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ കമ്പനി ചിലപ്പോൾ നിങ്ങളെ കവർ ചെയ്യാൻ തയ്യാറായെന്നും വരില്ല. ഇവിടെ കമ്പനിയെ പറ്റിക്കാൻ നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ല. അവർ ഇത്തരം തട്ടിപ്പുകൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധരാണ്. അതു കൊണ്ട് ചെറുപ്പത്തിൽ തന്നെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തു തുടങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ ചിലപ്പോൾ പോളിസി എടുക്കേണ്ട സമയം വരുമ്പോൾ നമുക്ക് ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ പറ്റണമെന്നില്ല.

എസ്ക്ലൂഷൻസ്(Exclusions) അഥവാ കവർ ചെയ്യാത്ത ചെലവുകൾ

എല്ലാ പോളിസികൾക്കും എസ്ക്ലൂഷൻസ്(Exclusions) ഉണ്ടാകും.  എന്നു വെച്ചാൽ ചിലതരം ആശുപത്രി ചെലവുകൾ പോളിസി കവർ ചെയ്യില്ല. ഉദാഹരണത്തിന് കോസ്മെറ്റിക്(cosmetic) സർജറികൾ. അതേ പോലെ തന്നെ ചില പ്രത്യേക അസുഖങ്ങളും ചിലപ്പോൾ പോളിസി കവർ ചെയ്യില്ല. ഇവ എന്താണെന്ന് പോളിസി എടുക്കുന്നതിനു മുന്നേ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കണം. ഒരുപാട് നിബന്ധനകളില്ലാത്ത പോളിസി വാങ്ങുന്നതാണ് എപ്പോഴും നല്ലത്.

ആന്വൽ ബോണസ്(Annual Bonus) അഥവാ വാർഷിക ബോണസ്

ചില കമ്പനികൾ നമ്മൾ പണം ക്ലെയിം(Claim)  ചെയ്യാത്ത കൊല്ലങ്ങളിൽ ഒരു ബോണസ് ആയി നമ്മുടെ ഇൻഷുറൻസ് കവറേജ് കൂട്ടി തരും. ബാക്കി എല്ലാ കാര്യങ്ങളും ഒരു പോലെയാണെങ്കിൽ ബോണസ് ഓഫർ ഉള്ള ഇൻഷുറൻസ് പോളിസി എടുക്കുക.

ആശുപത്രി വാസത്തിനു ശേഷം പണം എങ്ങനെ ക്ലെയിം ചെയ്യാം

ഒരു ആശുപത്രി വാസം ഉണ്ടായാൽ എന്തൊക്കെ കടലാസുകൾ വേണം പണം തിരിച്ചു കിട്ടാൻ എന്നുള്ളത് പോളിസി എടുക്കുന്നതിനു മുന്നേ ചോദിച്ചു മനസ്സിലാക്കണം. ഞാൻ ശ്രമിച്ചപ്പോൾ എല്ലാം, പല്ല് പറിക്കുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് പണം വാങ്ങുന്നത്. പത്തു മാസത്തോളം പുറകെ നടന്നിട്ടാണ് എനിക്ക് പണം കിട്ടിയത്. ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നിന്ന് പണം കിട്ടാൻ  എന്തൊക്കെ കടലാസുകൾ വേണമോ ആവോ എന്ന് ആലോചിച്ചിട്ട് കാര്യമില്ല. അത് മുന്നേ അറിഞ്ഞിരിക്കണം. ആശുപത്രിയിൽ കിടക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയുടെ കോൾ സെൻററിൽ(call center) വിളിച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള മാനസിക അവസ്ഥ ആർക്കും ഉണ്ടാകില്ല.

പോളിസി വാങ്ങുന്ന കമ്പനിയുടെ വിശ്വാസ്യത

ഇതു വളരെ അധികം പ്രാധാന്യമുള്ള കാര്യമാണ്. ചില പ്രൈവറ്റ് കമ്പനികൾ കാശ് കൊടുക്കാൻ നേരത്ത് ഒരുപാട് ഒഴിവു കഴിവുകൾ പറയുന്നതായി കേട്ടിട്ടുണ്ട്. നല്ല വിശ്വാസ്യയോഗ്യമായ കമ്പനികളുടെ അടുത്തു നിന്ന് മാത്രമേ ഹെൽത്ത് ഇൻഷുറൻസ് വാങ്ങാവൂ. ഒരു കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുൻപേ അവർക്കെതിരെയുള്ള പരാതികൾ ഒക്കെ ഇൻറർനെറ്റിൽ നോക്കി മനസ്സിലാക്കണം. അതേ പോലെ കുറേ കാലമായി പ്രവർത്തിക്കുന്ന കമ്പനികളുടെ പോളിസി വാങ്ങുന്നതാണ് നല്ലത്. പുതിയ കമ്പനികളുടെ അടുത്തു നിന്നും വാങ്ങിയാൽ എങ്ങനെയാണ് പ്രവർത്തിക്കാൻ പോകുന്നത് എന്ന് അറിയാൻ ബുദ്ധിമുട്ടാണ്.






അടുത്ത ലേഖനം: സേവിങ്സ് ബാങ്ക് അക്കൗണ്ട്

ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ?

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് കമ്പനിയുടെ വിശ്വാസ്യതയാണ്. നമ്മൾ ഇൻഷുറൻസ് വാങ്ങിയതിനു ശേഷം നമുക്ക് അസുഖം വരുമ്പോൾ കമ്പനി കാശു തരുന്നില്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് വെറുതെ ആകും. ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇൻറർനെറ്റിൽ ലഭ്യമാണ്. ഇവ അന്വേഷിച്ചു നോക്കി ഏറ്റവും കുറവ് പരാതികൾ ഉള്ള കമ്പനിയിൽ നിന്ന് മാത്രമേ ഇൻഷുറൻസ് വാങ്ങാവൂ.

ഹെൽത്ത് ഇൻഷുറൻസ്, വ്യക്തിഗത (individual/ഇൻഡിവിജ്വൽ) പോളിസിയും ഫാമിലി ഫ്ലോട്ടർ(Family Floater) പോളിസിയും  എന്നിങ്ങനെ രണ്ടു തരത്തിൽ വിൽക്കപ്പെടുന്നു. ഇൻഡിവിജ്വൽ പോളിസി അഥവാ വ്യക്തിഗത പോളിസി എന്നു വച്ചാൽ ഓരോ വ്യക്തിക്കും വെവ്വേറെ കവറേജ് ഉള്ള പോളിസി എന്നാണർത്ഥം. ഫാമിലി ഫ്ലോട്ടർ പോളിസി എല്ലാ അംഗങ്ങൾക്കും ചേർത്ത് ഒരു തുക കവറേജ് നൽകുന്നു. എന്നു വെച്ചാൽ അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള ഒരു കുടുംബത്തിലെ എല്ലാവർക്കും 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങണമെങ്കിൽ,  വ്യക്തിഗത പോളിസി ആയി വാങ്ങിയാൽ ഓരോ വ്യക്തിക്കും ഓരോന്ന് വച്ചു 5 ലക്ഷം രൂപ കവറേജ് ഉള്ള 4 പോളിസി വാങ്ങേണ്ടി വരും. ഫാമിലി ഫ്ലോട്ടർ വാങ്ങുകയാണെങ്കിൽ ഒരു പോളിസി വാങ്ങിയാൽ മതി, കുടുംബത്തിലെ ആർക്ക് അസുഖം വന്നാലും അഞ്ചു ലക്ഷം രൂപ വരെ പോളിസി കവർ ചെയ്യും. നാല് പേർക്കും ഒരുമിച്ച് അസുഖം വന്നാൽ വ്യക്തിഗത പോളിസിയാണ് നല്ലത് പക്ഷേ അങ്ങനെ വരാനുള്ള സാധ്യത കുറവായതുകൊണ്ട് ഫാമിലി ഫ്ലോട്ടർ പോളിസി മതിയാകും. 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പ്ലാൻ എടുത്താൽ അത് കുടുംബത്തിൽ ആർക്ക് അസുഖം വന്നാലും അഞ്ച് ലക്ഷം രൂപവരെ ഇൻഷുറൻസ് കമ്പനി സഹായിക്കും.

പക്ഷേ ഇന്നത്തെ കാലത്ത്, ഇത്തിരി വലിയ ആശുപത്രി ചെലവ് എന്ന് പറഞ്ഞാൽ 20, 30 ലക്ഷം ഒക്കെ ആവുന്നുണ്ട്. 20 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസിൻ്റെ അടവുകൾ ഒരു സാധാരണ കുടുംബത്തിന് താങ്ങാൻ പറ്റില്ല. ഇവിടെയാണ് മാർക്കറ്റിൽ ലഭ്യമായ ടോപ്പ്-അപ്പ് (top-up) പ്ലാനുകൾ പ്രസക്തമാകുന്നത്. ടോപ്പ്-അപ്പ് പ്ലാനുകൾ ഒരു പരിധിക്കു മുകളിൽ തുക ചെലവ് ആയാൽ ഇൻഷുറൻസ് തരുന്ന പദ്ധതിയാണ്. ഉദാഹരണത്തിന് അഞ്ച് ലക്ഷം മുതൽ 30 ലക്ഷം വരെ തരുന്ന ടോപ് പ്ലാൻ എടുത്തു എന്ന് വിചാരിക്കു. നിങ്ങൾക്കൊരു ആശുപത്രി ചെലവ് വന്നാൽ ആദ്യത്തെ അഞ്ച് ലക്ഷം രൂപ നിങ്ങൾ തന്നെ എങ്ങനെയെങ്കിലും കൊടുക്കണം. അതിനു ശേഷം വരുന്ന തുകയിൽ 30 ലക്ഷം വരെ ടോപ്പ്-അപ്പ് പ്ലാനുകൾ കൊടുക്കും. ടോപ്പ്-അപ്പ് ഇൻഷുറൻസ് ഉയർന്ന പരിധി തുക കഴിഞ്ഞാൽ മാത്രം ഇൻഷുറൻസ് തരുന്നതു കൊണ്ട് ഇവയുടെ മാസ അടവുകൾ വളരെ കുറവായിരിക്കും.

അപ്പോൾ നമ്മുടെ കുടുംബത്തിന് ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ മൂന്നു ലക്ഷത്തിനോ അഞ്ച് ലക്ഷത്തിനോ ഫാമിലി ഫ്ലോട്ടർ പ്ലാൻ എടുത്തതിനു ശേഷം ആ പരിധിക്കു മുകളിൽ 30 ലക്ഷം വരെ അല്ലെങ്കിൽ 50 ലക്ഷം വരെയുള്ള ടോപ്പ്-അപ്പ് പ്ലാനുകൾ വാങ്ങുന്നതാണ് നല്ലതു. ഇങ്ങനെ ചെയ്താൽ നമ്മുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സാധിക്കും.

അതേ പോലെ തന്നെ ക്രിറ്റിക്കൽ ഇൽനെസ്(critical illness) കവറേജ് എന്ന പോളിസിയും മാർക്കറ്റിൽ ഉണ്ട്. ചില മാരക അസുഖങ്ങൾ വന്നാൽ നമ്മൾക്ക് അധികമായ സുരക്ഷ തരുന്നതാണ് ഈ പോളിസികൾ. ഇവ പൊതുവേ ഫാമിലി ഫ്ലോട്ടർ പ്ലാനുകളുടെ കൂടെ വലിയ ചെലവില്ലാതെ വാങ്ങുവാൻ സാധിക്കും. ചില പോളിസികൾ അതിൽ പറഞ്ഞിട്ടുള്ള അസുഖങ്ങൾ വന്നാൽ ഒരു വലിയ തുക ഒരുമിച്ചു തരികയോ അല്ലെങ്കിൽ മാസ വരുമാനമായി ഒരു നിശ്ചിത തുക തരികയോ ചെയ്യും. ഇത്തരം പോളിസികൾ വാങ്ങുമ്പോൾ ഏതെല്ലാം അസുഖങ്ങൾ അത് കവർ ചെയ്യുമെന്നും നിങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി ഉള്ള അസുഖങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൃത്യമായി ശ്രദ്ധിക്കണം.

അപ്പോൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ഒരു ഫാമിലി ഫ്ലോട്ടർ പ്ലാനും അതിൻ്റെ മുകളിൽ ഒരു ടോപ്പ്-അപ്പ്  പ്ലാനും പിന്നെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഒരു ക്രിറ്റിക്കൽ ഇൽനെസ് കവറേജും വാങ്ങുവാൻ ശ്രദ്ധിക്കുക. പ്രത്യേകം ഓർക്കുക, ഹെൽത്ത് ഇൻഷുറൻസ് പോളിസി, നിങ്ങളുടെ ആശുപത്രി ചെലവുകൾ നിങ്ങളെ ബാധിക്കാതെ നോക്കും.  എന്നാൽ നിങ്ങൾക്ക് ജോലിക്ക് പോകാൻ സാധിക്കാതെ ഇരിക്കുന്ന കാലത്ത് നിങ്ങളുടെ കുടുംബ ചെലവുകൾ നടത്തുവാൻ വേണ്ടി ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി വയ്ക്കുന്ന കാര്യം മറക്കരുത്.

ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ  പ്രീമിയത്തിൻ്റെ ഉദാഹരണമോ ഏകദേശ കണക്കോ പറയാഞ്ഞത് മനപ്പൂർവമാണ്. ഇത് ഹെൽത്ത് ഇൻഷുറൻസ് പോളിസി, ഓരോ വ്യക്തിയുടെയും ആരോഗ്യ സ്ഥിതിയും കുടുംബ സാഹചര്യവും  അനുസരിച്ച് മാറും എന്നുള്ളത് കാരണമാണ്. പോളിസി വാങ്ങുന്ന നേരത്ത് ഏറ്റവും മികച്ച രണ്ടു മൂന്നു കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തിട്ട് വേണം വാങ്ങാൻ.






അടുത്ത ലേഖനം: ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് (Health Insurance)

നമുക്ക് എന്തെങ്കിലും അസുഖമോ അപകടമോ പറ്റി ആശുപത്രി ചെലവുകൾ വന്നാൽ അത് കൊടുക്കാൻ നമ്മളെ സഹായിക്കുന്ന ഇൻഷുറൻസ് ആണ് ഹെൽത്ത് ഇൻഷുറൻസ്.

ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറയുമ്പോൾ പൊതുവേ ആരും സമ്മതിക്കാറില്ല. നല്ല ആരോഗ്യത്തിൽ ഇരിക്കുമ്പോൾ എനിക്ക് എന്തിനാണ് ഹെൽത്ത് ഇൻഷുറൻസ് എന്നാണ് എല്ലാവരും എന്നോട്  പതിവായി ചോദിക്കുന്നത്. അല്ലെങ്കിൽ എനിക്ക് ജോലിയിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് പിന്നെ എന്തിന് ഞാൻ പുറത്തു നിന്ന് എടുക്കണമെന്നും ചോദിക്കാറുണ്ട്.

ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം അല്ല ഹെൽത്ത് ഇൻഷുറൻസ്. നമ്മൾ ഉണ്ടാക്കിയ സമ്പാദ്യം നശിച്ചു പോകാതിരിക്കാനുള്ള ഒരു മുൻകരുതലാണ് ഹെൽത്ത് ഇൻഷുറൻസ്. ഒന്നോർത്തു നോക്കൂ, മുൻപ് നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്ന ഒരു കുടുംബം ഇപ്പോൾ പണത്തിന് ബുദ്ധിമുട്ടുന്ന കാര്യം നിങ്ങളുടെ പരിചയത്തിൽ ഉണ്ടോ എന്ന്.അങ്ങനെ ഉള്ള കഥകളിൽ അഞ്ചിൽ നാലു കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ആയതു ഒരു ആശുപത്രി വാസത്തിനു ശേഷം ആയിരിക്കും. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും മൂന്നോ നാലോ ആഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ആളുകൾ കുറവായിരിക്കും . ചെറിയ അസുഖങ്ങൾ ആണെങ്കിൽ വലിയ കുഴപ്പം ഉണ്ടാകില്ല പക്ഷേ ICU’ലോ അല്ലെങ്കിൽ  വിലകൂടിയ ശസ്ത്രക്രിയ വേണ്ടി വന്നാലോ ഒരുപാട് പണം ചിലവാകും. ഒരു സാധാരണ കുടുംബത്തിനും ഒരു അംഗത്തിൻ്റെ നീണ്ട ആശുപത്രി വാസം ഇൻഷുറൻസ് ഇല്ലാതെ താങ്ങാൻ കഴിയില്ല.

 ജോലിയിൽ ഇരിക്കുമ്പോൾ ഉള്ള ഹെൽത്ത് ഇൻഷുറൻസ് പോരെ എന്നു തോന്നാം. പോരാ എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ജോലി മാറുമ്പോൾ ആണ് ആശുപത്രി വാസം വേണ്ടി വരിക എന്ന് വിചാരിക്കുക അപ്പോൾ നമ്മുടെ കയ്യിൽ നിന്നും തന്നെ പണം എടുത്ത് അടയ്ക്കേണ്ടി വരും. പുതിയ ജോലിയിൽ ചേരാനും പറ്റില്ല. അല്ലെങ്കിൽ ഒരിക്കലും ജോലി മാറില്ല എന്നും കമ്പനി നമ്മളെ പറഞ്ഞു വിടില്ല എന്നും നിങ്ങൾക്ക് ഉറപ്പു വേണം. കഷ്ടകാലം വരുമ്പോൾ ഒരുമിച്ചു വരും എന്ന് പഴമക്കാർ പറയാറില്ലേ. എൻ്റെ അനുഭവത്തിൽ അത് ഏറെക്കുറെ ശരിയാണ്. നമ്മൾ ജീവിതകാലം മൊത്തം ജോലി ചെയ്ത് സമ്പാദിക്കുന്നത് എല്ലാം ഒന്നോ രണ്ടോ മാസത്തെ ആശുപത്രി വാസം കൊണ്ട് നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യമാണ് എന്ന് പറയുന്നത്.

എന്നാൽ പിന്നെ അസുഖം വന്നു കിടപ്പിലായാൽ മാത്രം എടുത്താൽ പോരേ എന്ന്  ചോദിക്കുന്നവരും ഉണ്ട്. ഇൻഷുറൻസ് കമ്പനികൾ മണ്ടന്മാരല്ലല്ലോ. ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, നിലവിൽ ഉള്ള അസുഖങ്ങൾ , പോളിസി എടുത്തു കുറച്ചു കാലത്തിനു (സാധാരണ ഒന്നോ രണ്ടോ കൊല്ലം) ശേഷം മാത്രമേ കവർ ചെയ്യുകയുള്ളൂ. അതു കൊണ്ടു എന്ന് ആവശ്യം വരും എന്ന് ഗണിച്ചു നോക്കാതെ ഇപ്പോഴേ എടുത്തു വെയ്ക്കുന്നതാണ് നല്ലത്. അതേ പോലെ തന്നെ വലിയ അസുഖങ്ങൾ വരുന്നതിനു മുന്നേ എടുത്താൽ പോളിസി പ്രീമിയം കുറഞ്ഞിരിക്കും എന്ന ഗുണവുമുണ്ട്.

പോളിസി എടുക്കുമ്പോൾ തന്നെ ആശുപത്രിയിൽ പോകേണ്ടി വന്നാൽ എങ്ങനെ പണം ക്ലെയിം (claim ) ചെയ്യും എന്നുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതിനോട് കൂടെ ഡിസ്ചാർജ് സമ്മറി(discharge summary) പോലെയുള്ള ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ആവശ്യമുള്ള ഡോക്യൂമെന്റുകൾ(documents) കൃത്യമായി വാങ്ങിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാകും.

അതേ പോലെ തന്നെ ഏതെല്ലാം അസുഖങ്ങൾക്ക് കവറേജ് കിട്ടും, ഏതെല്ലാം അസുഖങ്ങൾ കവേറെഡ്(covered) അല്ല എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.

അതു പോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇൻഷുറൻസ് തരുന്ന കമ്പനിയുടെ വിശ്വാസ്യതയും. നമ്മൾക്ക് പരിചയമുള്ള ആരെങ്കിലും ഇൻഷുറൻസ് എടുത്ത് ആശുപത്രിയിൽ ചെലവായ കാശു ക്ലെയിം(claim) ചെയ്തിട്ടുള്ള ചരിത്രം അറിയാമെങ്കിൽ ആ കമ്പനിയിൽ നിന്ന് ഇൻഷുറൻസ് എടുക്കുന്നതായിരിക്കും നല്ലത്.

ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ അത്ര വില കുറവല്ല. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ കുറെ കാശ് ലാഭിക്കാം. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.






അടുത്ത ലേഖനം: ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ?

ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിങ്ങൾക്ക് ആവശ്യമായ തുകയുടെ ഇൻഷുറൻസ് കവറേജ് നിങ്ങൾ എടുത്തിട്ടുണ്ടോ എന്നാണ് ആദ്യം കണക്കുകൂട്ടേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി എത്ര തുകയുടെ ഇൻഷുറൻസ് കവറേജ് വേണം എന്ന ലേഖനം വായിക്കുക. എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം
  • പോളിസി നിർത്തുവാൻ എളുപ്പമാണോ എന്നുള്ളത് ശ്രദ്ധിക്കണം. ചിലപ്പോൾ നമുക്ക് ലൈഫ് ഇൻഷുറൻസ് ആവശ്യമില്ലാത്ത സാഹചര്യം വരും. ഉദാഹരണത്തിന്, കുട്ടികൾക്ക് ജോലി കിട്ടി നിങ്ങളുടെ സഹായം ആവശ്യമില്ലാത്ത സമയം വരുമ്പോൾ അവർക്കു വേണ്ടി എടുത്ത ഇൻഷുറൻസ് നിർത്താം. അന്ന് പോളിസി നിർത്തിയാൽ നമ്മൾക്ക് നഷ്ടം വരരുത്. ടേം ഇൻഷുറൻസ് പോളിസിയാണ് വാങ്ങുന്നതെങ്കിൽ ഇത് ഒരു പ്രശ്നമല്ല.
  • എല്ലാ കൊല്ലവും പ്രീമിയം കൂടുമോ അതോ തുടങ്ങുന്ന പ്രീമിയം തന്നെ തുടർന്നു പോവുമോ എന്നുള്ളത് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.
  • ഇൻഷുറൻസ് കമ്പനി നോമിനിക്ക് പണം കൊടുക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്നുള്ള കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. ഇതിന് ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ(claim settlement ratio) എന്നാണ് പറയുന്നത്. ഇൻറർനെറ്റിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഒരാളുടെ മരണശേഷം അയാളുടെ ഇൻഷുറൻസ് തുക അയാളുടെ നോമിനിക്ക് കിട്ടുവാൻ വേണ്ടി കൊടുക്കുന്ന അപേക്ഷക്കാണ് ക്ലെയിം(claim) എന്നു പറയുന്നത്.  ഒരു കമ്പനിയും 100% ക്ലെയിംസ് സെറ്റിൽ ചെയ്യില്ല, കാരണം കമ്പനിയെ പറ്റിക്കാൻ ശ്രമിക്കുന്നവർ എപ്പോഴുമുണ്ടാകും. അതുകൊണ്ട് ഒരു 90% അല്ലെങ്കിൽ 95% മുകളിൽ ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ഉള്ള കമ്പനികളിൽ നിന്ന് ഇൻഷുറൻസ് വാങ്ങുന്നതാണ് നല്ലത്.
  • പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഒരു പ്രീമിയം മുടങ്ങിയാൽ പിഴ എത്ര രൂപ വരും എന്നതാണ്.  എത്ര കാലത്തിനുള്ളിൽ പിഴ ഉൾപ്പെടെ പ്രീമിയം അടച്ചാൽ ആണ് ആ പോളിസി നിന്ന് പോകാതെ തുടരാൻ സാധിക്കുക എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.
  • നമുക്ക് ഇൻഷുറൻസ് ഉള്ള കാര്യം നമ്മുടെ നോമിനിയും വേണ്ടപ്പെട്ടവരും എല്ലാം അറിഞ്ഞിരിക്കണം. നമ്മുടെ മരണശേഷം നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരം ഉണ്ടാവാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ അവർക്ക് അതിനെക്കുറിച്ച് അറിയില്ലെങ്കിൽ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാകും. കോടിക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനികളുടെ അടുത്ത് ആരും ക്ലെയിം ചെയ്യാതെ കിടക്കുന്നത്. ആ തുകയുടെ കൂടെ നിങ്ങളുടെ ഇൻഷുറൻസ് തുകയും കൂടി ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രത്യേകം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നുണ പറയരുത് എന്നുള്ളതാണ്. നിങ്ങൾക്ക് പ്രമേഹമോ ബ്ലഡ് പ്രഷറോ പോലെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയം കുറച്ചു കൂടും. അല്ലെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഇൻഷുറൻസ് തരാൻ പറ്റില്ല എന്നു പറയും. സിഗരറ്റ് വലി എല്ലാ ഇൻഷുറൻസ് കമ്പനികളും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ശീലമാണ്. സിഗരറ്റു വലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം പൊതുവേ വളരെ കൂടുതലായിരിക്കും. എന്നു വെച്ച് കമ്പനിയുടെ അടുത്തു നിന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ മറച്ചു വെക്കരുത്. മറച്ചു വെച്ചാൽ നിങ്ങളുടെ മരണശേഷം നോമിനിക്ക് ചിലപ്പോൾ ഇൻഷുറൻസ് തുക കിട്ടാതെ വരും. കാരണം കമ്പനിയുടെ അടുത്തു നുണ പറഞ്ഞിട്ടുണ്ടെങ്കിൽ കമ്പനിക്ക് പിന്നെ പോളിസി ക്ലെയിം (claim ) കൊടുക്കേണ്ട കാര്യമില്ല.





അടുത്ത ലേഖനം: ഒരു ULIP വാങ്ങിയ കഥ

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Cash Back Life Insurance Policy)

എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി?

ലൈഫ് ഇൻഷുറൻസിനു പുറമെ സമ്പാദിക്കാനുള്ള അവസരം കൂടി തരുന്ന ഒരു പദ്ധതിയാണ് ക്യാഷ്ബാക്ക് (Cash Back) ഇൻഷുറൻസ് പോളിസി. ഇവ എൻഡോവ്മെന്റ് (Endowment) പ്ലാൻ എന്നും അറിയപ്പെടുന്നു. എൽഐസി(LIC) ജീവൻ ആനന്ദ്, എൽഐസി ജീവൻ പ്രകൃതി, എൽഐസി ജീവൻ ലക്ഷ്യ എന്നിങ്ങനെ പല പോളിസികൾ എൽഐസിക്ക് മാത്രമുണ്ട്. മറ്റ് ഇൻഷുറൻസ് കമ്പനികൾക്കും ക്യാഷ് ബാക്ക് പോളിസികൾ ഇഷ്ടം പോലെയുണ്ട്. ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിയുമ്പോൾ അടച്ച തുകയുടെ ഒരു നല്ല ഭാഗം തിരിച്ചു കിട്ടുന്ന എല്ലാ പോളിസികളെയും ഞാൻ ഈ വിഭാഗത്തിൽ പെടുത്തുന്നു. ഈ പോളിസികൾ എല്ലാം ഇൻഷുറൻസും സമ്പാദ്യവും കൂട്ടി കുറയ്ക്കുവാനുള്ള ഒരു ശ്രമമാണ്. അതിനു പുറമേ ഒരുപാട് നിബന്ധനകളും.

സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി ആയി നാട്ടിലെ ഇൻഷുറൻസ് ഏജൻറ്റ്മാർ പൊതുവേ വിൽക്കുന്നത് എല്ലാം ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളാണ്.

ഓരോ പദ്ധതികൾക്കും ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകും. എങ്കിലും പൊതുവേ ഇവയെല്ലാം പ്രവർത്തിക്കുന്നത് താഴെ പറയുന്ന പോലെയാണ്.

ഒരു നിശ്ചിത തുകയ്ക്ക് നമ്മൾ ഇൻഷുറൻസ് പോളിസി എടുക്കുന്നു. പോളിസി കാലാവധി തീരുന്നതുവരെ മാസാമാസം നമ്മൾ തവണകൾ അടയ്ക്കണം. ഇതിനെയാണ് പ്രീമിയം എന്ന് വിളിക്കുന്നത്. പോളിസിയുടെ കാലയളവിൽ നമ്മൾക്ക് മരണം സംഭവിച്ചാൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന തുക നമ്മുടെ നോമിനേഷനുള്ള ആൾക്ക് കിട്ടും. പോളിസി കാലാവധി കഴിയുമ്പോൾ നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള തുക നമുക്ക് കിട്ടും. പിന്നെ ചില പോളിസികൾ കമ്പനിയുടെ ലാഭത്തിൽ പങ്കാളികളാണ്. അതിനാൽ കമ്പനി ലാഭത്തിൽ ആണെങ്കിൽ നമുക്ക് ആ ലാഭ വിഹിതത്തിൽ ഒരു ചെറിയ ഭാഗവും കിട്ടും. എന്നാൽ ഇത് ഏജൻറ്റ്മാർ പറയുന്നപോലെ ഉറപ്പല്ല. സാധാരണ പോളിസികൾ പത്തും പതിനഞ്ചും ഇരുപതും കൊല്ലമൊക്കെ കാലാവധി ഉള്ളതാണ്. 20 കൊല്ലം കഴിഞ്ഞ് ഇൻഷുറൻസ് കമ്പനി ലാഭത്തിൽ ആയിരിക്കുമോ എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല.

എൻ്റെ അഭിപ്രായത്തിൽ ഒരു നിക്ഷേപകന് പറ്റാവുന്ന അബദ്ധങ്ങളിൽ ഏറ്റവും വലിയ അബദ്ധമാണ് ക്യാഷ് ബാക്ക് പോളിസിയിൽ ചേരുന്നത്. കാരണം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും.

എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ കാലാവധി?

സാധാരണ ഗതിയിൽ 10 കൊല്ലം 15 കൊല്ലം 20 കൊല്ലം 25 കൊല്ലം അല്ലെങ്കിൽ 30 കൊല്ലം എന്നിങ്ങനെയൊക്കെയാണ് പോളിസിയുടെ കാലാവധി.

എത്രയാണ് ക്യാഷ് ബാക്ക് ലൈഫ്ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഇത് പോളിസി എടുക്കുന്ന തുകക്ക് അനുസരിച്ച് മാറും. എൻ്റെ 10 ലക്ഷം രൂപയുടെ പോളിസിക്ക് വന്ന അടവ് ഒരു മാസം 4,538 രൂപയാണ്.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

ക്യാഷ് ബാക്ക് പോളിസിയുടെ പ്രീമിയം കൃത്യമായി അടയ്ക്കണമെന്ന്  നിർബന്ധമാണ്. ഇല്ലെങ്കിൽ പിഴ ഉണ്ട്. സാധാരണ ഗതിയിൽ മാസാമാസം ആണ് അടയ്ക്കുന്നത്. വർഷത്തിൽ ഒരു തവണയായി വേണമെങ്കിൽ അടയ്ക്കാം.

ഈ പോളിസികൾ തുടങ്ങാൻ ഭയങ്കര എളുപ്പമാണെങ്കിലും നിർത്താൻ ഭയങ്കര പ്രയാസമാണ്. വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. ജീവൻ ആനന്ദ് പോളിസി മൂന്നു കൊല്ലത്തിനു ശേഷം നിർത്തുകയാണെങ്കിൽ അടച്ച തുകയുടെ 30% മാത്രമേ കമ്പനി തിരിച്ചു തരികയുള്ളൂ. ഇതിന് പോളിസി സറണ്ടർ(surrender) ചെയ്യുക എന്നാണ് പറയുന്നത്. തിരിച്ചു കിട്ടുന്ന തുകക്ക് സറണ്ടർ വാല്യു(surrender value) എന്നും.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

ഈ പോളിസിയിൽ അടയ്ക്കാവുന്ന തുക പോളിസി കമ്പനി നിശ്ചയിക്കുന്നത് പോലെയാണ്. ഇതിൽ മാറ്റമൊന്നും വരുത്താൻ പറ്റില്ല.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ തുടങ്ങും?

ഇൻറർനെറ്റിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഏജൻറ്റ്മാരുടെ അടുത്തു നിന്നു ഇത് വാങ്ങാം.

ആർക്കാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  വാങ്ങാൻ കഴിയുക?

സാധാരണ ഗതിയിൽ 60 വയസ്സിന് താഴെയുള്ള ആർക്കു വേണമെങ്കിലും ഈ പോളിസി വാങ്ങാവുന്നതാണ്.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

പോളിസികളുടെ വരുമാനം കൃത്യമായി കണക്കു കൂട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും നാല് അഞ്ച് ശതമാനത്തിൽ കൂടുതൽ ഈ പോളിസികളിൽ നിന്ന് വരുമാനം കിട്ടാൻ ബുദ്ധിമുട്ടാണ്.

പല തരം ക്യാഷ് ബാക്ക് പോളിസികൾ ഉള്ളതു കൊണ്ട് എല്ലാ പോളിസികളുടേയും വരുമാനം ഒരേ പോലെ കണക്കു കൂട്ടാൻ പറ്റില്ല. അതു കൊണ്ട് പത്തു കൊല്ലം മുൻപ് ഞാൻ വാങ്ങിയ ജീവൻ ആനന്ദ് വിത്ത് ആക്സിഡന്റ് പ്രൊട്ടക്ഷൻ (Jeevan Anand with Accident Protection Rider) പോളിസി ഉദാഹരണമായി എടുത്ത് താഴെ വിശദീകരിക്കാം.

10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയാണ് ഞാൻ എടുത്തത്. 20 കൊല്ലത്തേക്ക് ആണ് പോളിസി കാലാവധി. പോളിസി കാലാവധി കഴിയുമ്പോൾ 10 ലക്ഷം രൂപ എനിക്ക് ഉറപ്പായി തിരിച്ചു കിട്ടും. പോളിസി കാലാവധിയുടെ ഇടയ്ക്ക് എനിക്ക് മരണം സംഭവിച്ചാൽ എൻ്റെ നോമിനിക്ക് 10 ലക്ഷം രൂപ കിട്ടും. ഞാൻ ആക്സിഡൻറ് ബെനിഫിറ്റ് എടുത്തതു കൊണ്ട് അപകടത്തിൽ ആണ് മരണം സംഭവിച്ചതെങ്കിൽ 5 ലക്ഷം രൂപ കൂടുതൽ കിട്ടും.

പോളിസി കാലാവധി മുഴുവൻ ഞാൻ തെറ്റാതെ കൃത്യമായി പ്രീമിയം അടച്ചാൽ പോളിസി തീർന്നതിനു ശേഷവും എനിക്ക് 10 ലക്ഷത്തിൻ്റെ ഇൻഷുറൻസ് സുരക്ഷ ഉണ്ടാകും. എന്നു വെച്ചാൽ ഞാൻ മരിക്കുമ്പോൾ എൻ്റെ നോമിനിക്ക് പത്തു ലക്ഷം രൂപ കിട്ടും.

ഒരു മാസം അടവ് 4,538 രൂപ. ഈ തുക ഞാൻ 20 കൊല്ലവും അടക്കണം. 20 കൊല്ലം കൊണ്ട് ഞാൻ അടയ്ക്കുന്ന തുക അപ്പോൾ 10,89,120 രൂപ. തിരിച്ചു കിട്ടും എന്ന് ഇറപ്പുള്ളതു (Sum Assured) 10 ലക്ഷം രൂപ. അപ്പോൾ, ഉണ്ടാവുന്ന ലാഭം ബോണസ് തുകയെ ആശ്രയിച്ചിരിക്കും.

ഈ പോളിസിക്ക് സാധാരണ രീതിയിൽ 4% ഒക്കെയാണ് എൽഐസി ബോണസ് പ്രഖ്യാപിക്കുന്നത്. അവസാന കൊല്ലം ഫൈനൽ (final) ബോണസായി 1 ലക്ഷം രൂപ കൂടി അധികം കിട്ടി എന്ന് വിചാരിക്കുക. എങ്കിൽ 20 കൊല്ലം കഴിയുമ്പോൾ ലഭിക്കുന്ന തുക ഏകദേശം 17 ലക്ഷം രൂപയോളം ഉണ്ടാകും.

10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് (Term Insurance) 20 വർഷത്തേക്ക് വാങ്ങുകയാണെങ്കിൽ മിക്കവാറും 20,000 രൂപ (ഒരു വർഷം ഏകദേശം 1000 രൂപ) മാത്രമേ ആവുകയുള്ളു.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായ പിപിഎഫിൽ(PPF) 20 കൊല്ലം മാസാമാസം 4538 രൂപ നിക്ഷേപിച്ചു എന്നു വയ്ക്കുക. വെറും 5% പലിശ കിട്ടിയുള്ളൂ എന്നും വിചാരിക്കുക. എങ്കിൽ പോലും 20 കൊല്ലം കഴിയുമ്പോൾ ഏകദേശം 18 ലക്ഷം രൂപ നികുതിയില്ലാതെ കിട്ടും. ഇപ്പോഴത്തെ പലിശ നിരക്കായ 7% പലിശ കിട്ടിയാൽ തുക 22 ലക്ഷം ആയേനെ.

നമ്മൾ കുറച്ചു കൂടി റിസ്ക് എടുത്ത് മ്യൂച്ചൽ ഫണ്ടിൽ മറ്റോ ആണ് നിക്ഷേപിച്ചത് എന്ന് വിചാരിക്കുക. ഒരു 10% നിരക്കിൽ റിട്ടേൺ 20 കൊല്ലം കിട്ടിയിരുന്നെങ്കിൽ തുക 31 ലക്ഷത്തിനു മുകളിലാണ്. അപ്പോൾ ചോദിക്കാം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ റിട്ടേൺസ് ഉറപ്പു പറയാൻ പറ്റില്ലല്ലോ എന്ന്. അതേ പോലെ തന്നെ ഉറപ്പു പറയാൻ പറ്റാത്ത കാര്യമാണ് ഇൻഷുറൻസ് കമ്പനി 20 കൊല്ലം കഴിഞ്ഞ് ലാഭത്തിലാകുമോ എന്നുള്ളത്.

നികുതി കണക്കാക്കിയതിന് ശേഷം:

സാധാരണഗതിയിൽ പോളിസി കാലാവധി കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക്  നികുതി കൊടുക്കേണ്ടി വരില്ല. ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഒരു വർഷം അടയ്ക്കുന്ന മൊത്തം പ്രീമിയം, പോളിസി തുകയുടെ 20 ശതമാനത്തിൽ താഴെ ആയിരിക്കണം എന്നൊക്കെ ഇതിന് നിബന്ധനയുണ്ട്.

പൊതുവേ എല്ലാ പോളിസികളും ഈ നിബന്ധനക്ക് താഴെയേ വരാറുള്ളൂ . അതുകൊണ്ട് കിട്ടുന്ന വരുമാനത്തിനു  നികുതി കൊടുക്കേണ്ട എന്ന് വിശ്വസിക്കാം.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

ഈ നിക്ഷേപത്തിന് ഫീസ് എന്ന് പറഞ്ഞ് വേറെ തുക നമ്മുടെ അടുത്തു നിന്ന് വാങ്ങുന്നില്ല. പക്ഷേ സത്യത്തിൽ വളരെ ഉയർന്ന ഫീസ് ആണ് ഈ പദ്ധതിക്ക് നമ്മൾ കൊടുക്കുന്നത്. കാരണം നിക്ഷേപിക്കുന്ന തുകയുടെ പുറമെ വെറും 4% അല്ലെങ്കിൽ  5% മാത്രമേ നമുക്ക് വരുമാനം കിട്ടുന്നുള്ളൂ. ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുക്കുന്ന തുകയുടെ നല്ലൊരു ശതമാനം ഓഹരി വിപണിയിൽ അല്ലെങ്കിൽ ഉയർന്ന വരുമാനം കിട്ടുന്ന മറ്റു മാർഗ്ഗങ്ങളിൽ സാധാരണ രീതിയിൽ നിക്ഷേപിക്കും. കമ്പനിക്ക് 15 ശതമാനവും 10 ശതമാനവും വളർച്ച കിട്ടുമ്പോഴാണ് അവർ നമുക്ക് 4 ശതമാനവും 5 ശതമാനവും ബോണസ് തരുന്നത്.

മറ്റു നേട്ടങ്ങൾ

പോളിസിയിൽ അടയ്ക്കുന്ന പ്രീമിയം തുകക്ക് നികുതി ഇളവ് ലഭിക്കും. ഇതല്ലാതെ എടുത്തു പറയത്തക്ക ഒരു നേട്ടവും ക്യാഷ് ബാക്ക് പോളിസികൾക്കു ഇല്ല.

നികുതി കുറയ്ക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് വാങ്ങരുത്. ഇൻഷുറൻസ് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക. വാങ്ങുമ്പോൾ ടേം(Term) ഇൻഷുറൻസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപം വേണമോ ??

ഒരിക്കലും വാങ്ങരുത്താത ഒന്നാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി. അഥവാ എന്നെ പോലെ തലയിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ മൂന്ന് രീതിയിൽ കൈകാര്യം ചെയ്യാം.

  1. 3 വർഷം പോളിസി പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്തു കിട്ടുന്ന തുക പുറത്തേക്ക് എടുക്കാം. നല്ല നഷ്ടം സംഭവിക്കുമെങ്കിലും ഒരു പാമ്പ് കഴുത്തിൽ നിന്ന് ഒഴിഞ്ഞു പോയി എന്ന് വിചാരിച്ചാൽ മതി.
  2. 3 കൊല്ലം അടച്ചിട്ടുണ്ടെങ്കിൽ അടവ് നിർത്തി പോളിസി പെയ്ഡ് അപ്പ് (paid up) ആക്കാം. ഇങ്ങനെ ചെയ്താൽ പോളിസി കാലാവധി കഴിഞ്ഞ് നമ്മൾ അടച്ച തുകയ്ക്ക് അനുസരിച്ചുള്ള തുക നമുക്ക് കിട്ടും. പക്ഷെ ബോണസ് ഒന്നും കിട്ടുമെന്ന് ഉറപ്പില്ല.
  3. ഇനി മൂന്നു കൊല്ലം അടച്ചിട്ടില്ല എങ്കിൽ, തെറ്റ് പറ്റിപ്പോയി എന്ന് മനസ്സിലാക്കി, പോയ കാശ് പോട്ടെ എന്നു വിചാരിച്ച് ഇതിൽ നിന്ന് ഊരി പോരുന്നതാണ് നല്ലത്.

കുറിപ്പ്: ഞാൻ വാങ്ങിയ ജീവൻ ആനന്ദ് പോളിസി ഇപ്പോൾ പെയ്ഡ് അപ്പ് (paid up) ആക്കി അടവ് നിർത്തി വച്ചിരിക്കുകയാണ്.








അടുത്ത ലേഖനം: യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ് (ULIP)

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ് (ULIP)

ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (Unit Linked Insurance Plan) അഥവാ യുലിപ് (ULIP). ULIP വാങ്ങിയ എൻ്റെ അനുഭവം ഞാൻ ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇവിടെ വായിക്കുക: “ഒരു ULIP വാങ്ങിയ കഥ“.

ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മോശം വരുമാനം തരുമ്പോൾ,  എൻ്റെ അനുഭവത്തിൽ ULIP പോളിസി വാങ്ങുന്നതും പൈസ കത്തിച്ചു കളയുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

ULIP പോളിസികളിൽ ഫീസ് വളരെ കൂടുതലാണ്. അടവ് മുടങ്ങിയാൽ കാലാവധി തീരുന്ന വരെ അക്കൗണ്ടിൽ ഉള്ള (മുൻപേ അടച്ച) തുകയിൽ നിന്ന് ഫീസ് പിടിക്കും. ULIP പോളിസി അടവ് നിർത്താൻ തീരുമാനിച്ചാൽ എത്രയും പെട്ടന്ന് പണം പിൻവലിച്ചു അക്കൗണ്ട് നിർത്തണം. ഇല്ലെങ്കിൽ വർഷാ വർഷം ഫീസ് പിടിച്ചു അടവ് നിർത്തുമ്പോൾ അക്കൗണ്ടിൽ ഉള്ള തുകയും തീരാൻ സാധ്യത ഉണ്ട്.

ഇൻഷുറൻസും നിക്ഷേപവും എപ്പോഴും വ്യത്യസ്തമായി കൈകാര്യം ചെയ്യുക.  ഇവ കൂട്ടി കുഴയ്ക്കുന്ന പദ്ധതികളില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലത്.






അടുത്ത ലേഖനം: ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടേം ഇൻഷുറൻസ് (Term Insurance)

ശുദ്ധമായ ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ്(Term Insurance). ഇൻഷുറൻസ്  എടുത്ത ആൾ മരിച്ചാൽ അയാളുടെ നോമിനിക്ക് ടേം ഇൻഷുറൻസിൽ നിന്നുള്ള തുക ലഭിക്കും. ഇതു മാത്രമാണ് ടേം ഇൻഷുറൻസ് നൽകുന്ന നേട്ടം. ടേം ഇൻഷുറൻസ് സമ്പാദ്യം വർധിപ്പിക്കാൻ ഉള്ള ഒരു ഉപകരണമല്ല. നമ്മുടെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ സുരക്ഷ നൽകാനുള്ള ഒരു ഉപകരണമാണ്.

ടേം ഇൻഷുറൻസ് പോളിസികൾ നേരെ വാ നേരെ പോ എന്ന രീതിയിൽ പ്രവർത്തിക്കുന്നു. പ്രീമിയം അടയ്ക്കുന്ന കാലത്തോളം നിങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭിക്കും. പ്രീമിയം എന്നു നിർത്തുന്നുവോ അന്ന് സുരക്ഷ തീരും . കാലാവധി കഴിയുമ്പോൾ ഈ പോളിസികളിൽ നിന്ന് നമുക്ക് തിരിച്ച് ഒന്നും ലഭിക്കാനില്ല എന്നുള്ളതു കൊണ്ട് എന്നു വേണമെങ്കിലും നിർത്താം. വേറെ നിബന്ധനകൾ ഒന്നും ഉണ്ടാവാറില്ല.

ടേം ഇൻഷുറൻസ് പോളിസിക്ക് മറ്റു സങ്കീർണ്ണതകൾ ഒന്നും ഇല്ല. അതുകൊണ്ട് ഇവയ്ക്ക് അടവുകൾ അഥവാ പ്രീമിയം വളരെ കുറവായിരിക്കും.

പോളിസി എടുക്കുമ്പോൾ ഉള്ള ആളുടെ പ്രായം, ആരോഗ്യം, പ്രതീക്ഷിക്കുന്ന ആയുർ ദൈർഘ്യം എന്നിവ കണക്കിലെടുത്താണ് ഇൻഷുറൻസ് കമ്പനി മാസ അടവുകൾ അല്ലെങ്കിൽ പ്രീമിയം തീരുമാനിക്കുന്നത്. ഞാൻ 29 വയസ്സിൽ എടുത്ത പോളിസിക്ക് 10 ലക്ഷം രൂപയ്ക്ക് ഏകദേശം 1000  രൂപയാണ് ഒരു വർഷം അടവ് വരുന്നത്. എനിക്ക് വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എൻ്റെ ശരീര ഭാരം അല്പം കൂടുതലാണ്. അതു കൊണ്ട് പ്രീമിയം കുറച്ചു കൂടി.

ഇൻറർനെറ്റിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ഏജന്‍റ് കമ്മീഷനും കുറയ്ക്കാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പോളിസി വിൽക്കുന്ന ഏജൻറ്റ്മാർക്കു കമ്മീഷൻ കണക്കു കൂട്ടുന്നത് നിങ്ങൾ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം തുകയുടെ അനുപാതത്തിലാണ്. 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസി എടുത്താൽ വർഷത്തിൽ 1000 രൂപയേ പ്രീമിയം വരുന്നുള്ളൂ . അതേ സമയം 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസി എടുത്താൽ ഏകദേശം 60,000 രൂപ അടയ്‌ക്കേണ്ടി വരും. പ്രീമിയം അടവുകൾ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. ഒരു ശതമാനമാണ് ഏജന്‍റ് കമ്മീഷൻ എന്നു വെച്ചാൽ ടേം ഇൻഷുറൻസ് പോളിസിയിൽ നിന്ന് വെറും 10 രൂപയും ക്യാഷ് ബാക്ക് പോളിസിയിൽ നിന്ന് 600 രൂപയും കമ്മീഷൻ ലഭിക്കും. ഇതു  കൊണ്ട് ആകാം ടേം ഇൻഷുറൻസ് പോളിസി എടുക്കാൻ ഉപദേശം നൽകുന്ന ഒരൊറ്റ ഏജന്റ്റിനെയും ഞാൻ ഇന്നു വരെ കണ്ടിട്ടില്ല.

ലൈഫ് ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ അത് ടേം ഇൻഷുറൻസ് മാത്രമേ വാങ്ങാവൂ. ബാക്കിയുള്ള ഇൻഷുറൻസ് പദ്ധതികളിലെല്ലാം ഏജൻറ്റ്മാർക്കും കമ്പനികൾക്കും ലാഭമുണ്ടാക്കാൻ വേണ്ടി ഉള്ളവയാണ്. ഇൻഷുറൻസ് എടുക്കുന്ന ആൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ മറ്റു പദ്ധതികൾക്കൊന്നും സാധിക്കുകയില്ല. അതു മാത്രമല്ല തുടങ്ങുവാനും നിർത്തുവാനും അനാവശ്യമായ ഒരുപാട് നിബന്ധനകൾ ഉണ്ട് താനും. അതുകൊണ്ട് ലൈഫ് ഇൻഷുറൻസിന് വേണ്ടി ടേം പോളിസികൾ മാത്രം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.






അടുത്ത ലേഖനം: ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി

എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം?

എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് കണക്കു കൂട്ടുന്നതിന് മുന്നേ നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് വേണമോ വേണ്ടയോ എന്നുള്ളത് ആലോചിക്കണം. നമ്മളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ലൈഫ് ഇൻഷുറൻസിൻ്റെ ആവശ്യമുള്ളൂ. വിവാഹത്തിന് മുന്നുള്ള എൻ്റെ കാര്യമെടുത്താൽ – മാതാപിതാക്കൾക്ക് പെൻഷൻ ഉണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. വേറെ ആശ്രിതർ ഒന്നുമില്ല. കൊടുത്തു തീർക്കാനുള്ള വായ്പകളും ഇല്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇൻഷുറൻസിൻ്റെ ആവശ്യമില്ല.

എന്നാൽ വിവാഹത്തിന് ശേഷം ഞാൻ അമേരിക്കയിലായിരുന്നു. അവിടെ എൻ്റെ ഭാര്യക്ക് ജോലി ചെയ്യാൻ വിസ കിട്ടില്ല. അങ്ങനെ നോക്കുമ്പോൾ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരാളായി. അപ്പോൾ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക നിലവാരം ഉറപ്പാക്കാൻ എനിക്ക് ഇൻഷുറൻസ് വേണം. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ലൈഫ് ഇൻഷുറൻസ് എടുക്കണം.

ഇനി എത്ര തുകക്ക് ലൈഫ് ഇൻഷുറൻസ് എടുക്കണം എന്ന് ആലോചിക്കാം. ലൈഫ് ഇൻഷുറൻസ് എടുക്കുന്ന ആളുടെ അകാല മരണം കാരണം കുടുംബം സാമ്പത്തികമായ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ ഇൻഷുറൻസ് എടുക്കുന്ന ആളുടെ വരുമാനം ഒരു പത്തു കൊല്ലത്തേക്ക് എങ്കിലും ലൈഫ് ഇൻഷുറൻസിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് കൊടുക്കാൻ സാധിക്കണം. മൊത്തം വരുമാനം ഇല്ലെങ്കിലും ഒരു 60% എങ്കിലും വേണം കുടുംബത്തിന് വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകാൻ. അപ്പോൾ ഏറ്റവും കുറഞ്ഞത് വാർഷിക വരുമാനത്തിൻ്റെ 6 ഇരട്ടി എങ്കിലും വേണം. സുരക്ഷിതമായിരിക്കാൻ വേണ്ടി വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി രൂപ കണക്കാക്കുന്നതാണ് നല്ലത്.

പിന്നെ നമ്മൾ എടുത്ത വായ്പകളുടെ എല്ലാം ബാക്കിയുള്ള തുക ലൈഫ് ഇൻഷുറൻസ് തുക വെച്ച് അടയ്ക്കാൻ സാധിക്കണം. അപ്പോൾ നമ്മൾ എടുത്തിട്ടുള്ള ഹോം(Home) ലോൺ, പേർസണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ എല്ലാം ഇതിൽ കണക്കാക്കണം. വാഹന ലോണും ഉൾപ്പെടുത്താം.

ഇതിനു പുറമേ നമ്മൾ എന്തെങ്കിലും ലക്ഷ്യങ്ങൾക്കായി സമ്പാദിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യങ്ങൾക്ക് വേണ്ട തുകയും കൂടെ ചേർക്കണം. ഒരു ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു അഞ്ചു വയസ്സുള്ള മകൾ ഉണ്ടെന്നു വിചാരിക്കുക. അവളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനാണ് നിങ്ങൾക്ക് ആഗ്രഹം. അതിനു വേണ്ടി നിങ്ങൾ ഒരു മ്യൂച്ചൽ ഫണ്ടിൽ മാസാ മാസം 10000 രൂപ നിക്ഷേപിക്കുന്നുണ്ട്. മകൾക്ക് 15 വയസ്സ് ആകുമ്പോഴേക്കും ഒരു 25 ലക്ഷം രൂപ സമ്പാദിക്കാൻ ആണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് പെട്ടെന്ന് ഒരു ആപത്തു വന്നാൽ നിങ്ങളുടെ മകളുടെ പഠനത്തെ ബാധിക്കരുത്. അതു കൊണ്ട് ആ 25 ലക്ഷത്തിനും കൂടി ചേർത്തു വേണം നിങ്ങളുടെ ഇൻഷുറൻസ് എടുക്കേണ്ടത്.

ഒരു 50,000 രൂപ മാസ വരുമാനം( വാർഷിക വരുമാനം 6 ലക്ഷം രൂപ) ഉള്ള ഒരാളുടെ കാര്യം ഉദാഹരണമായെടുക്കാം. അദ്ദേഹത്തിൻ്റെ കല്യാണം കഴിഞ്ഞു അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട് എന്ന് വിചാരിക്കുക. 30 ലക്ഷത്തിൻ്റെ ഹോം ലോണും 5 ലക്ഷം രൂപയുടെ ഒരു കാർ ലോണും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ ഭാര്യ ജോലിക്ക് പോകുന്നില്ല എന്ന് വിചാരിക്കുക.

അപ്പോൾ നമ്മുടെ കണക്കുപ്രകാരം :

വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി എന്നു വെച്ചാൽ 60 ലക്ഷം രൂപ 
+ 
ഹൗസിംഗ് ലോൺ 30 ലക്ഷം രൂപ 
+
കാർലോൺ 5 ലക്ഷം രൂപ
+
മകളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ

ഇതിനു പുറമേ നമ്മുടെ മരണം കാരണം ഉണ്ടാകുന്ന കുറച്ചു ചെലവുകൾ ഉണ്ട്. ശവ സംസ്കാരം, അടിയന്തരം, ചാത്തം അല്ലെങ്കിൽ ഏഴ്, നാൽപതു എന്നിങ്ങനെ . ആ വഴിക്ക് ഒരു രണ്ടു മൂന്നു ലക്ഷം രൂപ സുഖമായി ചെലവാകും. അപ്പോൾ ആ ചെലവുകൾക്കായി ഒരു 5 ലക്ഷം രൂപ കൂടി.

അപ്പോൾ മൊത്തം 125 ലക്ഷം. ഒരു കോടി 25 ലക്ഷം. കേൾക്കുമ്പോൾ ഞെട്ടേണ്ട. വളരെ സുഖമായി ഇദ്ദേഹത്തിന് ചെയ്യാവുന്നതേയുള്ളൂ ഈ ഇൻഷുറൻസ്.

ഞാൻ വാങ്ങിയ ടേം(Term) ഇൻഷുറൻസ് പോളിസിക്ക് 10 ലക്ഷത്തിന് ഒരു വർഷം 1,000 രൂപയാണ് അടവ്. അപ്പോൾ ഒരു കോടി 25 ലക്ഷം എടുത്താൽ ഏകദേശം 12,000 രൂപ ഒരു കൊല്ലം അടവ്. മാസം അടവ് 1,000 രൂപ.

ടേം ഇൻഷുറൻസ് പോളിസി എന്നാൽ ഇൻഷുറൻസ് മാത്രം തരുന്ന ഒരു പദ്ധതിയാണ്. ഈ പോളിസി എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഇത്ര കൊല്ലം അടയ്ക്കണമെന്നൊന്നും നിർബന്ധമില്ല. എപ്പോൾ വേണമെങ്കിലും നിർത്താം. പക്ഷേ പോളിസി തീരുമ്പോൾ പണമൊന്നും തിരിച്ചു കിട്ടില്ല. അതു കൊണ്ടാണ് പോളിസി ഇത്ര കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്.

എന്നാൽ പിന്നെ പൈസ തിരിച്ചു കിട്ടുന്ന ക്യാഷ് ബാക്ക് പോളിസി എടുത്താലോ എന്ന ചിന്തിക്കുന്നവരുണ്ട്. എൻ്റെ തലയിൽ പണ്ട് കുടുങ്ങിയ ഒരു പത്ത് ലക്ഷത്തിൻ്റെ ക്യാഷ് ബാക്ക് പോളിസിക്ക് ഒരു മാസം അടവ് 4500 രൂപയോളമായിരുന്നു. അപ്പോൾ ഒരു കോടി 25 ലക്ഷം രൂപയ്ക്ക് ക്യാഷ് ബാക്ക് പോളിസി വാങ്ങിയാൽ 56,000 രൂപയ്ക്ക് അടുത്ത്‌ മാസ അടവ് വരും. ടേം ഇൻഷുറൻസ് പോളിസിക്ക് വെറും 1,000 രൂപ അടവ് ഉള്ളപ്പോഴാണ് ഇത്. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഉള്ള ആളിൻ്റെ മാസ വരുമാനത്തിൽ കൂടുതലാണ് ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി അടവ്.

ഇൻഷുറൻസ് വാങ്ങുന്നത്, അതിൽ നിന്ന് ലാഭം കിട്ടും എന്ന് വിചാരിച്ചിട്ടല്ല. നമ്മൾക്ക് എന്തെങ്കിലും പറ്റിയാൽ കുടുംബം കുത്തുപാള എടുക്കരുത് എന്നു വിചാരിച്ചിട്ടാണ്. ഇൻഷുറൻസ് തുക നമ്മുടെ കുടുംബത്തിന് ആവശ്യമുള്ള സുരക്ഷ നൽകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലാതെ പോളിസി സമയം കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് എന്ത് തിരിച്ചു കിട്ടും എന്നല്ല ആലോചിക്കേണ്ടത്. അതു കൊണ്ട് ടേം ഇൻഷുറൻസ് പോളിസി അല്ലാത്ത ഒരു ഇൻഷുറൻസ് പദ്ധതിയിലും ചേരുന്നതിൽ അർത്ഥമില്ല.

പ്രതീക്ഷിച്ചതിലും വളരെ വലുതായി ഈ ലേഖനം. ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.








അടുത്ത ലേഖനം: ടേം ഇൻഷുറൻസ് (Term Insurance)

ഒരു ULIP വാങ്ങിയ കഥ

ഈ കഥയ്ക്ക് വേണ്ടി എന്നെ പഠിപ്പിച്ച ടീച്ചറുടെ പേര് മാറ്റി റോസി മിസ് എന്ന് വിളിക്കാം.

ജോലി കിട്ടി ഒരു കൊല്ലത്തോളം കഴിഞ്ഞപ്പോഴാണ് എന്നെ പഠിപ്പിച്ച റോസി മിസ്സ് വീട്ടിൽ വരുന്നത്. മിസ്സ് ഇപ്പോൾ പഠിപ്പിക്കൽ ഒക്കെ നിർത്തി എൽഐസി(LIC) ഏജൻറ് ആണ് .

“ജോലി കിട്ടി ഒരു കൊല്ലമായില്ലേ? ഇനി കുറച്ച് പോളിസി എടുക്കണം സേവിങ്  തുടങ്ങണം” എന്ന് ഉപദേശിച്ചു. മിസ്സിൻ്റെ നിർദ്ദേശമനുസരിച്ച് ഒരു ULIP (Unit Linked Insurance Policy) പോളിസിയിൽ ഞാൻ ചേർന്നു .

ഇതാണ് മിസ്സ് പറഞ്ഞ കാര്യങ്ങൾ.

  • കഴിഞ്ഞ മൂന്നു കൊല്ലമായി 15 ശതമാനത്തോളമാണ് പോളിസി ഫണ്ടിൻ്റെ വളർച്ച.
  • ULIP എടുത്താൽ ഓഹരിവിപണി നിക്ഷേപവും നടക്കും ഇൻഷുറൻസ് കവറേജും കിട്ടും.
  • ചെറുപ്പക്കാർക്ക് പറ്റിയ ഏറ്റവും നല്ല പോളിസിയാണിത്.
  • ഈ പോളിസിയിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടും വേറെ ഓഹരി അല്ലാത്ത നിക്ഷേപങ്ങൾ ചെയ്യുന്ന ഫണ്ടും ഉണ്ട്. നമുക്ക് എപ്പോൾ വേണമെങ്കിലും ഏതു ഫണ്ടിലേക്കും മാറാം.

മാസം രണ്ടായിരം രൂപ വെച്ച് വർഷം 24,000 രൂപ അടവുള്ള പോളിസിയാണ് ഞാൻ എടുത്തത്.

അന്ന് എനിക്ക് നിക്ഷേപങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു . പോളിസി എടുത്ത പേപ്പറൊക്കെ കയ്യിൽ കിട്ടി ഒന്ന് രണ്ട് കൊല്ലം കഴിയുമ്പോൾ ആണ് എനിക്ക് ഓഹരി വിപണിയെയും നിക്ഷേപത്തെയും കുറിച്ച് വിവരം വയ്ക്കുന്നത്. അങ്ങനെ 2010 തുടക്കത്തിൽ ഓഹരി വിപണി ഇടിഞ്ഞു നിൽക്കുകയല്ലേ എല്ലാ നിക്ഷേപങ്ങളും ഓഹരിയിലേക്ക് മാറ്റണമെന്ന് വിചാരിച്ച് ഞാൻ റോസി മിസ്സിനെ വിളിച്ചു . അപ്പോഴാണ് ആദ്യത്തെ ഷോക്ക് കിട്ടിയത് . “ഇതൊന്നും നീ ഞങ്ങളോട് പറയേണ്ട , എന്താ ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കറിയാം. നീ പൈസ ഇട്ടാൽ മാത്രം മതി” എന്നാണ് മിസ്സ് അന്ന് എന്നോട് പറഞ്ഞത്. ഞാൻ അന്തിച്ചു പോയി . എൻ്റെ പൈസ എന്ത് ചെയ്യണമെന്ന് ഞാൻ പറയേണ്ടെന്ന്!!! എന്ത് ചെയ്യാൻ പറ്റും. പഠിപ്പിച്ച ടീച്ചർ അല്ലെ, ഒന്നും പറയാൻ പറ്റില്ലല്ലോ.

എന്നാൽ പിന്നെ ഈ പോളിസിയെ കുറിച്ച് കൂടുതൽ അറിയാം എന്നു വിചാരിച്ച് ഞാൻ പോളിസി രേഖകൾ എടുത്തു  വായിച്ചു . അപ്പോഴാണ് രണ്ടാമത്തെ ഷോക്ക്. ആദ്യത്തെ കൊല്ലം അടച്ച തുകയുടെ 40 ശതമാനത്തോളം, ഏകദേശം 24,000 രൂപയിൽ നിന്നും 10,000 രൂപ, ഫീസായി കമ്പനി എടുത്തു. ഇൻഷ്വറൻസ് കവറേജ് തരാനുള്ള ഫീസ് ആണിത് എന്നാണ് വെപ്പ്. ഇൻഷുറൻസ് കവറേജ് എത്രയായിരുന്നു എന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല. എന്തായാലും 2 ലക്ഷമോ 5 ലക്ഷമോ ആയിരുന്നു. അതിൽ കൂടുതൽ ഉണ്ടാവാൻ സാധ്യതയില്ല. രണ്ടാമത്തെ കൊല്ലം ഏകദേശം 6,000 രൂപയും മൂന്നാമത്തെ കൊല്ലം ഏകദേശം 4,000 രൂപയും ഈ രീതിയിൽ ഫീസായി പോയി. അപ്പോൾ മൂന്നു കൊല്ലം കൊണ്ട് നിക്ഷേപിച്ച 72,000 രൂപയിൽ നിന്നും 20,000 രൂപ ഫീസായി LIC പിടിച്ചു. ദൈവം തമ്പുരാൻ സഹായിച്ചു മൂന്നു കൊല്ലം അടച്ചാൽ പിന്നെ നിർത്താൻ പിഴ ഇല്ല. അതുകൊണ്ട് അപ്പോൾ തന്നെ അടവ് നിർത്തി. ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞ് പോളിസി ക്ലോസ് ചെയ്ത് പൈസ എടുക്കുകയും ചെയ്തു.

മൂന്നുകൊല്ലം കൊണ്ട് 72,000 രൂപ നിക്ഷേപിച്ചിട്ട് രണ്ടു കൊല്ലം കൂടി കാത്തിരുന്നതിനു ശേഷം എടുത്തപ്പോൾ കിട്ടിയത് 82,000 രൂപ. ഇതേ കാലയളവിൽ മ്യൂച്ചൽ ഫണ്ടുകൾ ഇരട്ടിയിലേറെ വളർന്നു. ഞാൻ അടച്ച അടവുകൾ ഒരെണ്ണം 2009ലും ഒരെണ്ണം 2010ലും ആയിരുന്നു. ഈ രണ്ടു കൊല്ലങ്ങളും ഓഹരി വിപണി ഇടിഞ്ഞു തള്ളി നിന്ന കാരണം കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ പറ്റി  എന്നതുകൊണ്ടു മാത്രമാണ് ഇട്ട പണമെങ്കിലും തിരിച്ചു കിട്ടിയത്. 5 ലക്ഷം രൂപയ്ക്ക് ടേം(Term) ഇൻഷുറൻസ് പോളിസി വാങ്ങണമെങ്കിൽ ഒരു കൊല്ലം 500 രൂപയെ ഉള്ളൂ. 2,500 രൂപയ്ക്ക് അഞ്ചു കൊല്ലത്തേക്ക് ഇൻഷുറൻസും ബാക്കി തുകക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപവും നടത്തിയിരുന്നെങ്കിൽ 5 കൊല്ലം കഴിയുമ്പോൾ ഒരു ഒന്നേകാൽ ലക്ഷം രൂപ എങ്കിലും കിട്ടിയേനെ. ഏകദേശം 50,000 രൂപ നഷ്ടം. എൻ്റെ മൊത്ത സമ്പാദ്യം ഒരു ലക്ഷം രൂപയിൽ താഴെയുള്ളപ്പോഴാണ് ഇത് എന്ന് ഓർക്കണം.

അന്ന് നിർത്തിയതാണ് പരിചയക്കാരിൽ നിന്ന് പോളിസി വാങ്ങുന്ന പരിപാടി. മൂന്നാലു കൊല്ലം മുന്നേ ആൻറിയും വന്നിരുന്നു ഒരു ULIP പോളിസിയുമായി. ഒരു 20,000 രൂപയുടെ പോളിസി എടുത്തിരുന്നെങ്കിൽ എനിക്ക് സഹായം ആയേനെ എന്ന് പറഞ്ഞു.  ഞാൻ പറഞ്ഞു ആൻറിക്ക് ഞാൻ 20,000 രൂപ തരാം എന്നാലും ഞാൻ പോളിസി എടുക്കില്ല.

ഒരു കാര്യം കൂടി, റോസി മിസ് എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ടീച്ചർക്ക് ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന പോളിസി ടീച്ചർ വിറ്റു എന്നേയുള്ളൂ. ടീച്ചർക്ക്, ഞാൻ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം കിട്ടുമെന്നോ 23 വയസ്സിൽ എനിക്ക് ഇൻഷ്വറൻസ് ആവശ്യമില്ല എന്നുള്ളതോ അറിയണമെന്നില്ല. പഠിപ്പിച്ച ടീച്ചർക്ക് നമ്മൾ ഒരു സംശയത്തിൻ്റെ ആനുകൂല്യം കൊടുക്കണമല്ലോ.

ഹെൽത്ത് ഇൻഷുറൻസ് (Health Insurance)