ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (Unit Linked Insurance Plan) അഥവാ യുലിപ് (ULIP). ULIP വാങ്ങിയ എൻ്റെ അനുഭവം ഞാൻ ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇവിടെ വായിക്കുക: “ഒരു ULIP വാങ്ങിയ കഥ“.
ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മോശം വരുമാനം തരുമ്പോൾ, എൻ്റെ അനുഭവത്തിൽ ULIP പോളിസി വാങ്ങുന്നതും പൈസ കത്തിച്ചു കളയുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.
ULIP പോളിസികളിൽ ഫീസ് വളരെ കൂടുതലാണ്. അടവ് മുടങ്ങിയാൽ കാലാവധി തീരുന്ന വരെ അക്കൗണ്ടിൽ ഉള്ള (മുൻപേ അടച്ച) തുകയിൽ നിന്ന് ഫീസ് പിടിക്കും. ULIP പോളിസി അടവ് നിർത്താൻ തീരുമാനിച്ചാൽ എത്രയും പെട്ടന്ന് പണം പിൻവലിച്ചു അക്കൗണ്ട് നിർത്തണം. ഇല്ലെങ്കിൽ വർഷാ വർഷം ഫീസ് പിടിച്ചു അടവ് നിർത്തുമ്പോൾ അക്കൗണ്ടിൽ ഉള്ള തുകയും തീരാൻ സാധ്യത ഉണ്ട്.
ഇൻഷുറൻസും നിക്ഷേപവും എപ്പോഴും വ്യത്യസ്തമായി കൈകാര്യം ചെയ്യുക. ഇവ കൂട്ടി കുഴയ്ക്കുന്ന പദ്ധതികളില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലത്.
ശുദ്ധമായ ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ്(Term Insurance). ഇൻഷുറൻസ് എടുത്ത ആൾ മരിച്ചാൽ അയാളുടെ നോമിനിക്ക് ടേം ഇൻഷുറൻസിൽ നിന്നുള്ള തുക ലഭിക്കും. ഇതു മാത്രമാണ് ടേം ഇൻഷുറൻസ് നൽകുന്ന നേട്ടം. ടേം ഇൻഷുറൻസ് സമ്പാദ്യം വർധിപ്പിക്കാൻ ഉള്ള ഒരു ഉപകരണമല്ല. നമ്മുടെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ സുരക്ഷ നൽകാനുള്ള ഒരു ഉപകരണമാണ്.
ടേം ഇൻഷുറൻസ് പോളിസികൾ നേരെ വാ നേരെ പോ എന്ന രീതിയിൽ പ്രവർത്തിക്കുന്നു. പ്രീമിയം അടയ്ക്കുന്ന കാലത്തോളം നിങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭിക്കും. പ്രീമിയം എന്നു നിർത്തുന്നുവോ അന്ന് സുരക്ഷ തീരും . കാലാവധി കഴിയുമ്പോൾ ഈ പോളിസികളിൽ നിന്ന് നമുക്ക് തിരിച്ച് ഒന്നും ലഭിക്കാനില്ല എന്നുള്ളതു കൊണ്ട് എന്നു വേണമെങ്കിലും നിർത്താം. വേറെ നിബന്ധനകൾ ഒന്നും ഉണ്ടാവാറില്ല.
ടേം ഇൻഷുറൻസ് പോളിസിക്ക് മറ്റു സങ്കീർണ്ണതകൾ ഒന്നും ഇല്ല. അതുകൊണ്ട് ഇവയ്ക്ക് അടവുകൾ അഥവാ പ്രീമിയം വളരെ കുറവായിരിക്കും.
പോളിസി എടുക്കുമ്പോൾ ഉള്ള ആളുടെ പ്രായം, ആരോഗ്യം, പ്രതീക്ഷിക്കുന്ന ആയുർ ദൈർഘ്യം എന്നിവ കണക്കിലെടുത്താണ് ഇൻഷുറൻസ് കമ്പനി മാസ അടവുകൾ അല്ലെങ്കിൽ പ്രീമിയം തീരുമാനിക്കുന്നത്. ഞാൻ 29 വയസ്സിൽ എടുത്ത പോളിസിക്ക് 10 ലക്ഷം രൂപയ്ക്ക് ഏകദേശം 1000 രൂപയാണ് ഒരു വർഷം അടവ് വരുന്നത്. എനിക്ക് വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എൻ്റെ ശരീര ഭാരം അല്പം കൂടുതലാണ്. അതു കൊണ്ട് പ്രീമിയം കുറച്ചു കൂടി.
ഇൻറർനെറ്റിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ഏജന്‍റ് കമ്മീഷനും കുറയ്ക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പോളിസി വിൽക്കുന്ന ഏജൻറ്റ്മാർക്കു കമ്മീഷൻ കണക്കു കൂട്ടുന്നത് നിങ്ങൾ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം തുകയുടെ അനുപാതത്തിലാണ്. 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസി എടുത്താൽ വർഷത്തിൽ 1000 രൂപയേ പ്രീമിയം വരുന്നുള്ളൂ . അതേ സമയം 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസി എടുത്താൽ ഏകദേശം 60,000 രൂപ അടയ്‌ക്കേണ്ടി വരും. പ്രീമിയം അടവുകൾ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. ഒരു ശതമാനമാണ് ഏജന്‍റ് കമ്മീഷൻ എന്നു വെച്ചാൽ ടേം ഇൻഷുറൻസ് പോളിസിയിൽ നിന്ന് വെറും 10 രൂപയും ക്യാഷ് ബാക്ക് പോളിസിയിൽ നിന്ന് 600 രൂപയും കമ്മീഷൻ ലഭിക്കും. ഇതു കൊണ്ട് ആകാം ടേം ഇൻഷുറൻസ് പോളിസി എടുക്കാൻ ഉപദേശം നൽകുന്ന ഒരൊറ്റ ഏജന്റ്റിനെയും ഞാൻ ഇന്നു വരെ കണ്ടിട്ടില്ല.
ലൈഫ് ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ അത് ടേം ഇൻഷുറൻസ് മാത്രമേ വാങ്ങാവൂ. ബാക്കിയുള്ള ഇൻഷുറൻസ് പദ്ധതികളിലെല്ലാം ഏജൻറ്റ്മാർക്കും കമ്പനികൾക്കും ലാഭമുണ്ടാക്കാൻ വേണ്ടി ഉള്ളവയാണ്. ഇൻഷുറൻസ് എടുക്കുന്ന ആൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ മറ്റു പദ്ധതികൾക്കൊന്നും സാധിക്കുകയില്ല. അതു മാത്രമല്ല തുടങ്ങുവാനും നിർത്തുവാനും അനാവശ്യമായ ഒരുപാട് നിബന്ധനകൾ ഉണ്ട് താനും. അതുകൊണ്ട് ലൈഫ് ഇൻഷുറൻസിന് വേണ്ടി ടേം പോളിസികൾ മാത്രം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് കണക്കു കൂട്ടുന്നതിന് മുന്നേ നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് വേണമോ വേണ്ടയോ എന്നുള്ളത് ആലോചിക്കണം. നമ്മളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ലൈഫ് ഇൻഷുറൻസിൻ്റെ ആവശ്യമുള്ളൂ. വിവാഹത്തിന് മുന്നുള്ള എൻ്റെ കാര്യമെടുത്താൽ – മാതാപിതാക്കൾക്ക് പെൻഷൻ ഉണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. വേറെ ആശ്രിതർ ഒന്നുമില്ല. കൊടുത്തു തീർക്കാനുള്ള വായ്പകളും ഇല്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇൻഷുറൻസിൻ്റെ ആവശ്യമില്ല.
എന്നാൽ വിവാഹത്തിന് ശേഷം ഞാൻ അമേരിക്കയിലായിരുന്നു. അവിടെ എൻ്റെ ഭാര്യക്ക് ജോലി ചെയ്യാൻ വിസ കിട്ടില്ല. അങ്ങനെ നോക്കുമ്പോൾ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരാളായി. അപ്പോൾ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക നിലവാരം ഉറപ്പാക്കാൻ എനിക്ക് ഇൻഷുറൻസ് വേണം. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ലൈഫ് ഇൻഷുറൻസ് എടുക്കണം.
ഇനി എത്ര തുകക്ക് ലൈഫ് ഇൻഷുറൻസ് എടുക്കണം എന്ന് ആലോചിക്കാം. ലൈഫ് ഇൻഷുറൻസ് എടുക്കുന്ന ആളുടെ അകാല മരണം കാരണം കുടുംബം സാമ്പത്തികമായ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ ഇൻഷുറൻസ് എടുക്കുന്ന ആളുടെ വരുമാനം ഒരു പത്തു കൊല്ലത്തേക്ക് എങ്കിലും ലൈഫ് ഇൻഷുറൻസിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് കൊടുക്കാൻ സാധിക്കണം. മൊത്തം വരുമാനം ഇല്ലെങ്കിലും ഒരു 60% എങ്കിലും വേണം കുടുംബത്തിന് വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകാൻ. അപ്പോൾ ഏറ്റവും കുറഞ്ഞത് വാർഷിക വരുമാനത്തിൻ്റെ 6 ഇരട്ടി എങ്കിലും വേണം. സുരക്ഷിതമായിരിക്കാൻ വേണ്ടി വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി രൂപ കണക്കാക്കുന്നതാണ് നല്ലത്.
പിന്നെ നമ്മൾ എടുത്ത വായ്പകളുടെ എല്ലാം ബാക്കിയുള്ള തുക ലൈഫ് ഇൻഷുറൻസ് തുക വെച്ച് അടയ്ക്കാൻ സാധിക്കണം. അപ്പോൾ നമ്മൾ എടുത്തിട്ടുള്ള ഹോം(Home) ലോൺ, പേർസണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ എല്ലാം ഇതിൽ കണക്കാക്കണം. വാഹന ലോണും ഉൾപ്പെടുത്താം.
ഇതിനു പുറമേ നമ്മൾ എന്തെങ്കിലും ലക്ഷ്യങ്ങൾക്കായി സമ്പാദിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യങ്ങൾക്ക് വേണ്ട തുകയും കൂടെ ചേർക്കണം. ഒരു ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു അഞ്ചു വയസ്സുള്ള മകൾ ഉണ്ടെന്നു വിചാരിക്കുക. അവളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനാണ് നിങ്ങൾക്ക് ആഗ്രഹം. അതിനു വേണ്ടി നിങ്ങൾ ഒരു മ്യൂച്ചൽ ഫണ്ടിൽ മാസാ മാസം 10000 രൂപ നിക്ഷേപിക്കുന്നുണ്ട്. മകൾക്ക് 15 വയസ്സ് ആകുമ്പോഴേക്കും ഒരു 25 ലക്ഷം രൂപ സമ്പാദിക്കാൻ ആണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് പെട്ടെന്ന് ഒരു ആപത്തു വന്നാൽ നിങ്ങളുടെ മകളുടെ പഠനത്തെ ബാധിക്കരുത്. അതു കൊണ്ട് ആ 25 ലക്ഷത്തിനും കൂടി ചേർത്തു വേണം നിങ്ങളുടെ ഇൻഷുറൻസ് എടുക്കേണ്ടത്.
ഒരു 50,000 രൂപ മാസ വരുമാനം( വാർഷിക വരുമാനം 6 ലക്ഷം രൂപ) ഉള്ള ഒരാളുടെ കാര്യം ഉദാഹരണമായെടുക്കാം. അദ്ദേഹത്തിൻ്റെ കല്യാണം കഴിഞ്ഞു അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട് എന്ന് വിചാരിക്കുക. 30 ലക്ഷത്തിൻ്റെ ഹോം ലോണും 5 ലക്ഷം രൂപയുടെ ഒരു കാർ ലോണും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ ഭാര്യ ജോലിക്ക് പോകുന്നില്ല എന്ന് വിചാരിക്കുക.
അപ്പോൾ നമ്മുടെ കണക്കുപ്രകാരം :
വാർഷിക വരുമാനത്തിൻ്റെ പത്തിരട്ടി എന്നു വെച്ചാൽ 60 ലക്ഷം രൂപ
+
ഹൗസിംഗ് ലോൺ 30 ലക്ഷം രൂപ
+
കാർലോൺ 5 ലക്ഷം രൂപ
+
മകളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ
ഇതിനു പുറമേ നമ്മുടെ മരണം കാരണം ഉണ്ടാകുന്ന കുറച്ചു ചെലവുകൾ ഉണ്ട്. ശവ സംസ്കാരം, അടിയന്തരം, ചാത്തം അല്ലെങ്കിൽ ഏഴ്, നാൽപതു എന്നിങ്ങനെ . ആ വഴിക്ക് ഒരു രണ്ടു മൂന്നു ലക്ഷം രൂപ സുഖമായി ചെലവാകും. അപ്പോൾ ആ ചെലവുകൾക്കായി ഒരു 5 ലക്ഷം രൂപ കൂടി.
അപ്പോൾ മൊത്തം 125 ലക്ഷം. ഒരു കോടി 25 ലക്ഷം. കേൾക്കുമ്പോൾ ഞെട്ടേണ്ട. വളരെ സുഖമായി ഇദ്ദേഹത്തിന് ചെയ്യാവുന്നതേയുള്ളൂ ഈ ഇൻഷുറൻസ്.
ഞാൻ വാങ്ങിയ ടേം(Term) ഇൻഷുറൻസ് പോളിസിക്ക് 10 ലക്ഷത്തിന് ഒരു വർഷം 1,000 രൂപയാണ് അടവ്. അപ്പോൾ ഒരു കോടി 25 ലക്ഷം എടുത്താൽ ഏകദേശം 12,000 രൂപ ഒരു കൊല്ലം അടവ്. മാസം അടവ് 1,000 രൂപ.
ടേം ഇൻഷുറൻസ് പോളിസി എന്നാൽ ഇൻഷുറൻസ് മാത്രം തരുന്ന ഒരു പദ്ധതിയാണ്. ഈ പോളിസി എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഇത്ര കൊല്ലം അടയ്ക്കണമെന്നൊന്നും നിർബന്ധമില്ല. എപ്പോൾ വേണമെങ്കിലും നിർത്താം. പക്ഷേ പോളിസി തീരുമ്പോൾ പണമൊന്നും തിരിച്ചു കിട്ടില്ല. അതു കൊണ്ടാണ് പോളിസി ഇത്ര കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്.
എന്നാൽ പിന്നെ പൈസ തിരിച്ചു കിട്ടുന്ന ക്യാഷ് ബാക്ക് പോളിസി എടുത്താലോ എന്ന ചിന്തിക്കുന്നവരുണ്ട്. എൻ്റെ തലയിൽ പണ്ട് കുടുങ്ങിയ ഒരു പത്ത് ലക്ഷത്തിൻ്റെ ക്യാഷ് ബാക്ക് പോളിസിക്ക് ഒരു മാസം അടവ് 4500 രൂപയോളമായിരുന്നു. അപ്പോൾ ഒരു കോടി 25 ലക്ഷം രൂപയ്ക്ക് ക്യാഷ് ബാക്ക് പോളിസി വാങ്ങിയാൽ 56,000 രൂപയ്ക്ക് അടുത്ത് മാസ അടവ് വരും. ടേം ഇൻഷുറൻസ് പോളിസിക്ക് വെറും 1,000 രൂപ അടവ് ഉള്ളപ്പോഴാണ് ഇത്. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഉള്ള ആളിൻ്റെ മാസ വരുമാനത്തിൽ കൂടുതലാണ് ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി അടവ്.
ഇൻഷുറൻസ് വാങ്ങുന്നത്, അതിൽ നിന്ന് ലാഭം കിട്ടും എന്ന് വിചാരിച്ചിട്ടല്ല. നമ്മൾക്ക് എന്തെങ്കിലും പറ്റിയാൽ കുടുംബം കുത്തുപാള എടുക്കരുത് എന്നു വിചാരിച്ചിട്ടാണ്. ഇൻഷുറൻസ് തുക നമ്മുടെ കുടുംബത്തിന് ആവശ്യമുള്ള സുരക്ഷ നൽകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലാതെ പോളിസി സമയം കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് എന്ത് തിരിച്ചു കിട്ടും എന്നല്ല ആലോചിക്കേണ്ടത്. അതു കൊണ്ട് ടേം ഇൻഷുറൻസ് പോളിസി അല്ലാത്ത ഒരു ഇൻഷുറൻസ് പദ്ധതിയിലും ചേരുന്നതിൽ അർത്ഥമില്ല.
പ്രതീക്ഷിച്ചതിലും വളരെ വലുതായി ഈ ലേഖനം. ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.
നഷ്ടത്തിൽ നിൽക്കുന്ന നിക്ഷേപം വിൽക്കാനുള്ള മടി എനിക്ക് ഒരുപാട് കാശ് നഷ്ടമുണ്ടാക്കിയ ഒന്നാണ്. ഒരു ഉദാഹരണം പറയാം. 2009’ൽ ഞാൻ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരിയിലും L&T’യുടെ ഓഹരിയിലും നിക്ഷേപം നടത്തി. 10,000 രൂപ വെച്ചാണ് നിക്ഷേപിച്ചത്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് 10,000 രൂപ ആവശ്യം വന്നു. അപ്പോൾ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരി 55 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ 4000 രൂപയോളം ആയി നിൽക്കുന്നു. ഏകദേശം ആറായിരത്തോളം രൂപ നഷ്ടം. L&T ഓഹരികൾ 200 ശതമാനത്തോളം നേട്ടത്തിൽ നിൽക്കുന്നു. ഏകദേശം 20,000 രൂപ നേട്ടം. മൊത്തം L&T’ൽ ഉള്ള തുക 30,000 രൂപയോളം വരും.
പ്രായോഗിക ബുദ്ധി ഉപയോഗിച്ച് തീരുമാനിച്ചിരുന്നെങ്കിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മോസർ ബെയർ(Moser Baer)’ലെ ഓഹരി ആദ്യം വീറ്റേനെ. രണ്ടു കൊല്ലം കൊണ്ട് 200 ശതമാനം നേട്ടം തന്ന L&T’യുടെ ഓഹരി ഒരിക്കലും വിൽക്കാതെ നോക്കിയേനെ. പക്ഷേ മോസർ ബെയർ(Moser Baer) വിറ്റാൽ 6000 രൂപ നഷ്ടം ആണല്ലോ എന്നാണ് ഞാൻ അന്ന് ചിന്തിച്ചത്. L&T വിറ്റാൽ ലാഭത്തിലെ ഒരു വിഹിതം അല്ലേ ഞാൻ എടുക്കുന്നുള്ളൂ എന്നും ചിന്തിച്ചു.
കുറച്ചുകാലം കഴിഞ്ഞ് മോസർ ബെയർ(Moser Baer) രക്ഷപ്പെട്ടാലോ എന്നാണ് അന്ന് ചിന്തിക്കുന്നത്. പക്ഷേ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന L&T മികച്ച പ്രകടനം തുടരാനാണ്, മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന മോസർ ബെയർ (Moser Baer) തിരിച്ചു വരാൻ ഉള്ളതിനേക്കാൾ കൂടുതൽ സാധ്യത എന്ന് ഞാൻ ചിന്തിച്ചില്ല. അല്ല സത്യം അതല്ല. L&T ആണ് നല്ല നിക്ഷേപം എന്ന് എനിക്കറിയാമായിരുന്നു. അന്ന് ഒരു 10,000 രൂപ ഞാൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു എങ്കിൽ ഒരിക്കലും മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരി വാങ്ങില്ലായിരുന്നു. പക്ഷേ 6,000 രൂപ നഷ്ടം സഹിക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല.
നിക്ഷേപങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ബുദ്ധിക്ക് മാത്രമേ ചെവി കൊടുക്കാവൂ. വികാരങ്ങൾക്ക് ചെവി കൊടുത്താൽ നഷ്ടം സംഭവിക്കും.
L&T’യുടെ ഓഹരികൾ ഞാൻ വിറ്റപ്പോൾ ഉള്ള വിലയുടെ രണ്ട് ഇരട്ടി പിന്നെയും വർധിച്ചു. അന്ന് വിറ്റ 10,000 രൂപയുടെ ഓഹരിക്ക് ഇന്ന് 30,000 രൂപയ്ക്ക് മുകളിൽ ആണ് വില. മോസർ ബെയർ(Moser Baer)’ൽ ബാക്കിയുണ്ടായിരുന്ന 4000 രൂപയും കൂടി പോയി ഇപ്പോൾ മൊത്തം 150 രൂപ മാത്രം വിലയായി. അപ്പോൾ അന്ന് 6,000 രൂപ നഷ്ടം സഹിക്കാന്‍ കാണിച്ച മടി കാരണം വന്ന നഷ്ടം മോസർ ബെയർ(Moser Baer)’ൽ ഉണ്ടായിരുന്ന 4000 രൂപ മാത്രമല്ല L&T ഓഹരി വിറ്റതു കൊണ്ടു വന്ന 20,000 രൂപ നഷ്ടം കൂടിയുണ്ട്. അപ്പോൾ മൊത്തം നഷ്ടം 24,000 രൂപ.
അക്കൗണ്ടിംഗ് (Accounting)’ൽ ഒരു പദ്ധതിക്ക് നിക്ഷേപിച്ചു കഴിഞ്ഞ തുകയെ Sunk Cost അല്ലെങ്കിൽ മുങ്ങി പോയ തുക എന്നാണ് പറയുക. ചെലവാക്കി കഴിഞ്ഞാൽ പിന്നെ ആ പദ്ധതി ലാഭകരമാണോ, അത് തുടരണമോ, വിൽക്കണമോ എന്നുള്ള കണക്കു കൂട്ടലുകളിൽ അതിൽ മുടക്കിയ തുകയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. ഭാവിയിൽ അതിനുള്ള ലാഭ സാധ്യത, അത് നടത്തി കൊണ്ടു പോകാൻ ഭാവിയിലുണ്ടാകുന്ന ചെലവ് എന്നുള്ളത് മാത്രമേ ഈ പദ്ധതി ഇനി എന്ത് ചെയ്യണം എന്ന തീരുമാനത്തിൽ പ്രാധാന്യമുള്ള ഘടകങ്ങൾ. ഇതു കൊണ്ടാണ് ബഹുരാഷ്ട്ര കമ്പനികൾ കോടികൾ മുടക്കി പണിത ഫാക്ടറികൾ അടച്ചു പൂട്ടാൻ ചിലപ്പോൾ തീരുമാനിക്കുന്നത്. നടത്തിക്കൊണ്ട് പോകുന്നതിനെക്കാൾ ലാഭം അടച്ചു പൂട്ടുന്നത് ആയിരിക്കും. ആ തീരുമാനത്തിൽ ഫാക്ടറി പണിയാൻ മുടക്കിയ തുകക്ക് യാതൊരു പ്രാധാന്യവുമില്ല. ഇനിയുള്ളത് ലാഭമോ നഷ്ടമോ എന്നുള്ളത് മാത്രമേ അവർ കണക്കുകൂട്ടുന്നുള്ളൂ.
ഇതു പോലെ തന്നെയായിരിക്കണം ഓരോ വ്യക്തികളുടെയും നിക്ഷേപങ്ങളോടുള്ള സമീപനം. ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന നിക്ഷേപങ്ങൾ ഏറ്റവുമവസാനമായി മാത്രമേ വിൽക്കാവൂ. ഒരു നിക്ഷേപം മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എങ്കിൽ എത്രയും പെട്ടെന്ന് അതിൽ നിന്ന് പുറത്തു കടക്കണം. ഇപ്പോൾ വിറ്റാൽ നഷ്ടത്തിൽ ആകുമോ എന്നുള്ളതല്ല ഭാവിയിൽ ഈ നിക്ഷേപത്തിൽ നിന്ന് ലാഭം കിട്ടുമോ എന്നുള്ളതാണ് വിൽക്കാൻ നേരത്ത് ആലോചിക്കേണ്ട കാര്യം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിക്ഷേപം നിലവിൽ നഷ്ടത്തിലാണ് എന്നതും മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്നതും രണ്ടും രണ്ടു കാര്യമാണ്. ഉദാഹരണത്തിന് ഓഹരി വിപണി മൊത്തം നഷ്ടത്തിൽ ആണെങ്കിൽ നമ്മളുടെ മ്യൂച്ചൽ ഫണ്ടും ഓഹരി നിക്ഷേപങ്ങളും എല്ലാം നഷ്ടത്തിൽ ആയിരിക്കും. എന്നു വെച്ച് ഇവയെല്ലാം വിൽക്കണം എന്നല്ല. ഓഹരി വിപണി 10% നഷ്ടത്തിൽ നിൽക്കുമ്പോൾ നമ്മുടെ മ്യൂച്ചൽ ഫണ്ട് 10% നഷ്ടമേ കാണിക്കുന്നുവെങ്കിൽ അത് മോശം പ്രകടനം അല്ല. എന്നാൽ വിപണി 10% നഷ്ടത്തിൽ നിൽക്കുമ്പോൾ ഫണ്ട് 15% നഷ്ടം കാണിച്ചാൽ അത് മോശം പ്രകടനമാണ്. അതേ പോലെ തന്നെ വിപണി 40% മുകളിലേക്ക് കുതിച്ച കൊല്ലം മ്യൂച്ചൽ ഫണ്ട് വെറും 20% മാത്രമേ ഉയർന്നു ഉള്ളൂവെങ്കിൽ അതും മോശം പ്രകടനമാണ്.