ഇമെയിൽ ഉപയോഗിക്കുന്ന ഒരു വിധപ്പെട്ട എല്ലാവർക്കും പരിചയമുള്ള ആളാണ് നൈജീരിയയിലെ രാജകുമാരൻ. ലോകത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പു മാർഗ്ഗമാണ് നൈജീരിയയിലെ പാവം രാജകുമാരൻ.
ഏകദേശം ഇങ്ങനെയാണ് തട്ടിപ്പിൻ്റെ പ്രവർത്തന രീതി. ഒരു ഇമെയിൽ അഡ്രസ്സ്ലേക്ക് ഞാൻ നൈജീരിയയിലെ രാജകുമാരനാണ്, ശത്രുക്കളുടെ ആക്രമണം കാരണം സ്വത്ത് ഒന്നും എടുക്കാൻ പറ്റാതെ ഓടി രക്ഷപ്പെട്ടതാണ് എന്ന് സന്ദേശം അയയ്ക്കും. ഇനി സ്വത്തു പുറത്തെത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ശത്രുക്കൾ അറിയാത്ത ആളുടെ അക്കൗണ്ട് ആയാൽ മാത്രമേ പണം പുറത്തെത്തിക്കാൻ പറ്റുകയുള്ളൂ. ഇതിനു വേണ്ടി നിങ്ങൾ സഹായിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒന്നോ രണ്ടോ കോടി രൂപ ഇടും. ഇതിൽ പകുതി നിങ്ങൾക്കും പകുതി രാജകുമാരനും. പണം ഇടാനായി ഒന്നുകിൽ അക്കൗണ്ട് ഡീറ്റെയിൽസ് ചോദിക്കും അല്ലെങ്കിൽ ഫീസ് അടക്കാൻ ആയി ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ ചോദിക്കും. രണ്ടായാലും പണം നഷ്ടം. പിന്നെ രാജകുമാരൻ്റെ പൊടി പോലും ഉണ്ടാവുകയുമില്ല.
കാലാകാലങ്ങളായി ഈ തട്ടിപ്പിന് നൈജീരിയയിലെ രാജകുമാരൻ തന്നെയാണ് ഈമെയിൽ അയക്കുന്നത്. കഴിഞ്ഞ ദിവസം രാജകുമാരൻ്റെ ഈമെയിൽ കിട്ടിയപ്പോൾ ഞാൻ ആലോചിച്ചു, നൈജീരിയയിലെ രാജകുമാരനു പകരം വിജയ് മല്യയോ നീരവ് മോദിയോ ആണെന്ന് പറഞ്ഞയച്ചാൽ കുറേ കൂടി വിശ്വാസ്യത ഉണ്ടല്ലോ എന്ന്. അങ്ങനെ ഇതിനെ കുറിച്ച് സംശയം കയറി ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് ഒരു വലിയ പഠനം തന്നെ നടന്നിട്ടുണ്ട് എന്ന് അറിഞ്ഞത്. നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും രാജ്യം വിടാതെ നൈജീരിയയിൽ തന്നെ പിടിച്ചു നിൽക്കാൻ കൃത്യമായ കാരണം ഉണ്ട്.
പണം സമ്പാദിക്കാനുള്ള മറ്റെല്ലാ പരിപാടികളേയും പോലെ തന്നെ തട്ടിപ്പിനും നല്ല കാശ് ചിലവ് ഉണ്ട്. ഇമെയിൽ അഡ്രസ്സുകൾ കാശു കൊടുത്തു വാങ്ങണം. ഇമെയിൽ അയക്കാനും കാശ് ചിലവാകും. ഇനി അതിനു മറുപടി തരുന്ന ആളുകളുടെ അടുത്ത് ഭാവി കാര്യങ്ങൾ സംസാരിച്ചു ഉറപ്പിക്കാനും ആളും സമയവും ആവശ്യമാണ്. അപ്പോൾ തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ള ആൾക്കാരെ കണ്ടു പിടിച്ചു അവരുടെ അടുത്ത് മാത്രമേ മുന്നോട്ടു സംസാരിക്കേണ്ട കാര്യമുള്ളൂ.
അപ്പോൾ ചോദ്യം ഇതാണ് – തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ളവരെ എങ്ങനെ കണ്ടുപിടിക്കും?
അതിനുള്ള എളുപ്പ വഴിയാണ് നൈജീരിയയിലെ രാജകുമാരൻ. രാജകുമാരനെ കുറിച്ച് കേട്ടിട്ടുള്ളവർ ആരും ഈ സന്ദേശത്തിനു മറുപടി അയക്കുകയില്ല. നൈജീരിയയിലെ രാജകുമാരനെ കുറിച്ച് കേൾക്കാത്തവർ ഇൻറർനെറ്റ് ഉപയോഗിച്ച് അധികം പരിചയമില്ലാത്ത ആൾക്കാർ ആയിരിക്കും എന്ന് ഉറപ്പാണ്. ഇവരെ പറ്റിക്കാനും സുഖമായിരിക്കും. അപ്പോൾ വളരെ സുതാര്യമായ ഒരു തട്ടിപ്പ് തന്ത്രം ഉപയോഗിച്ച് സന്ദേശം അയച്ചാൽ അതിനു മറുപടി കൊടുക്കുന്നവർ തട്ടിപ്പിനെക്കുറിച്ച് അറിയാത്തവർ ആയിരിക്കും.
ഇതാണ് നൈജീരിയയിലെ രാജകുമാരൻ നൈജീരിയയിൽ തന്നെ തുടരാനുള്ള കാരണം.
ഈയടുത്ത് വായിച്ച ഒരു ലേഖനം എന്നെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ആ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും അതിനെക്കുറിച്ചുള്ള എൻ്റെ അഭിപ്രായങ്ങളും ആണ് ഇവിടെ പറയുന്നത്.
അമേരിക്കയിലെ ഒരു തോക്ക് നിർമ്മിക്കുന്ന കമ്പനിയുടെ കഥയാണിത്. നൂറു കൊല്ലത്തോളം പഴക്കമുള്ള കമ്പനിയാണിത്. വളരെയധികം പ്രശസ്തമായ ഒരു തോക്ക് നിർമ്മാതാവാണ് ഈ കമ്പനി. അമേരിക്കയിൽ തോക്ക് കച്ചവടം എന്നുള്ളത് നാട്ടുകാർ അരിയും വെള്ളവും വാങ്ങും എന്ന് പറയുന്നതു പോലെ ഉറപ്പുള്ള കാര്യമാണ്. ഏത് ബിസിനസ്സ് പൊളിഞ്ഞാലും തോക്ക് ഉണ്ടാക്കുന്ന കമ്പനിയും തോക്ക് വിൽക്കുന്ന കമ്പനിയും അമേരിക്കയിൽ വാങ്ങാൻ ആളില്ലാതെ പൊളിയുന്ന സംഭവം ഇല്ല. ഇങ്ങനെ നല്ല രീതിയിൽ നല്ല ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ കമ്പനി. കമ്പനിയുടെ ഓഹരികൾ മാർക്കറ്റിൽ ലഭ്യവുമാണ്.
ഇങ്ങനെയിരിക്കെ ഈ കമ്പനി ഒരു സംഘം സമ്പന്നന്മാർ ചേർന്ന് ഒരു പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ട് ഉണ്ടാക്കി, ആ ഫണ്ട് വഴി വാങ്ങി. ഇവരുടെ ലക്ഷ്യം കമ്പനിയുടെ ഓഹരിയുടെ വില കഴിവതും കൂട്ടി ഇവർ നിക്ഷേപിച്ച തുക എത്രയും വലുതാക്കി വിറ്റ് ലാഭം നേടുക എന്നത് മാത്രമാണ്.
ഇതിനായി ഇവർ ആദ്യം ചെയ്തത് കമ്പനി പുതിയ ഒരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ്. ഒരു വലിയ കമ്പനി ഒരു നഗരത്തിൽ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൽ വരുമ്പോൾ ഒരുപാട് ആളുകൾക്ക് ജോലി കിട്ടും. അതേ പോലെ തന്നെ ആ നഗരത്തിന് ഭാവിയിൽ നികുതി വരുമാനം കൂടുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മിക്ക നഗരങ്ങളും പുതുതായി വരുന്ന കമ്പനികൾക്ക് ഒരുപാട് നികുതിയിളവുകളും പിന്നെ വേറെ ഒരുപാട് ഇളവുകളും നൽകും. ഉദാഹരണത്തിന് ചില സംസ്ഥാനങ്ങൾ കമ്പനി തുടങ്ങാനായി സ്ഥലം വെറുതെ കൊടുക്കും. അതുപോലെ വെള്ളം ഉപയോഗിക്കുവാനും പെർമിറ്റ് വെറുതെ കൊടുക്കും. ഇതിനു പകരമായി കമ്പനി ഒരു നിശ്ചിത എണ്ണം ആൾക്കാർക്ക് നിശ്ചിത ശമ്പളത്തിൽ ജോലി കൊടുത്തോളാം എന്ന് കരാറിലേർപ്പെടും. ഈ കരാർ പൊതുവേ അഞ്ചോ പത്തോ വർഷത്തിനു ശേഷം ആണ് നഗരങ്ങൾ പുനഃപരിശോധിക്കുക. അപ്പോഴായിരിക്കും ഇളവുകൾ അവസാനിക്കുക. കമ്പനി കരാർ പാലിച്ചില്ലെങ്കിൽ ഈ കൊടുത്ത ഇളവുകൾക്ക് തുല്യമായ തുകയും പിന്നെ ഒരു പിഴയും ചേർത്ത് കമ്പനി തിരിച്ചു അടയ്ക്കേണ്ടി വരും.
മുതലാളിമാർ നോക്കുമ്പോൾ കമ്പനി മാറ്റി സ്ഥാപിക്കുന്നതിന് വേറൊരു ഗുണവും ഉണ്ട്. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുതിർന്ന തൊഴിലാളികൾ മിക്കവാറും പുതിയ നഗരത്തിലേക്ക് മാറാൻ തയ്യാറാവില്ല. അപ്പോൾ കമ്പനിക്ക് പുതിയ നഗരത്തിൽ പുതിയ ആൾക്കാരെ നിയമിക്കാം. പഴയ തൊഴിലാളികളെ അപേക്ഷിച്ച് കുറച്ച് ശമ്പളം കൊടുത്താലും മതിയാകും.
അങ്ങനെ നോക്കുമ്പോൾ കമ്പനിയുടെ ലാഭം കൂടും, നികുതി കൊടുക്കേണ്ട ശമ്പളം ചെലവും കുറഞ്ഞു. ഇങ്ങനെ കമ്പനിയുടെ ഓഹരി വില കുതിച്ചുയരും.
ഇപ്പോഴാണ് ഏറ്റവും വലിയ കളി. കമ്പനിയെ കൊണ്ട് ഒരു വലിയ ലോൺ എടുപ്പിച്ച് പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ടിൻ്റെ കൈയിലുള്ള കമ്പനിയുടെ ഓഹരി മൊത്തം ഇവർ കമ്പനിയെ കൊണ്ട് തന്നെ തിരിച്ചു വാങ്ങിക്കും. കമ്പനി ഇവരുടെ നിയന്ത്രണത്തിലായതു കൊണ്ട് കമ്പനിയുടെ നടത്തിപ്പുകാരും മുതിർന്ന മാനേജർമാരും എല്ലാം ഇവർ നിയമിക്കുന്ന ആൾക്കാർ ആയിരിക്കും. അതു കൊണ്ട് ഈ ലോൺ എടുക്കുന്ന കാര്യങ്ങൾ എളുപ്പം നടക്കും. അങ്ങനെ ഉയർന്ന വിലയ്ക്ക് ഓഹരി തിരിച്ചു വാങ്ങുമ്പോൾ ഇവരുടെ നിക്ഷേപം ഇരട്ടിയോ അതിലേറെയോ വർദ്ധിച്ചു കിട്ടും. വെറും മൂന്നോ നാലോ കൊല്ലത്തെ കാലാവധിക്കുള്ളിൽ.
കാശ് തിരിച്ചു കിട്ടി കഴിഞ്ഞാൽ പഴയ മുതലാളിമാർ കൈയും കഴുകി പോകും . പാവം കമ്പനിക്ക് ലോണും തിരിച്ചടയ്ക്കണം നഗരസഭ ചുമത്തുന്ന പിഴയും അടയ്ക്കണം. അതേ പോലെ തന്നെ കമ്പനിയുടെ മുതിർന്ന തൊഴിലാളികളും കമ്പനിയുടെ ഏറ്റവും നല്ല തൊഴിലാളികളും ഈ സമയത്തിനുള്ളിൽ കമ്പനി വിട്ടു പോയിട്ടുണ്ടാകും. എടുത്ത ലോൺ കമ്പനിക്ക് പുതിയ ഫാക്ടറി പണിയാനോ അല്ലെങ്കിൽ പുതിയ തൊഴിലാളികളെ നിയമിക്കാനൊ ഉപയോഗിക്കാതെ വെറുതെ ഓഹരി തിരിച്ചു വാങ്ങിയതിനാൽ കമ്പനിക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ ഒരു മാർഗ്ഗവുമില്ല താനും. ഇങ്ങനെ വരുമ്പോൾ കമ്പനി നഷ്ടം കൂടി അടച്ചു പൂട്ടേണ്ടി വരും.
വളരെ നന്നായി ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനി കുറച്ചുപേരുടെ അത്യാർത്തി മൂലം അടച്ചുപൂട്ടിയ ഒരു കഥയാണ് മുകളിൽ പറഞ്ഞത്. ഇതുകൊണ്ട് സാധാരണക്കാരായ നമുക്ക് എന്ത് ഗുണം എന്നല്ലേ ചിന്തിക്കുന്നത്. ഇതിൽ നിന്ന് പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ട്. ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന ഒരു സാധാരണക്കാരന് വെറും മൂന്നോ നാലോ കൊല്ലം കൊണ്ട് എല്ലാ പണവും നഷ്ടമായേക്കാം. എപ്പോൾ വിൽക്കണം എന്നുള്ള വിവരം നമ്മൾക്ക് വലിയ മുതലാളിമാരെ പോലെ കിട്ടില്ലല്ലോ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന തുക മൊത്തത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളത്തിനു ഒരു ഉദാഹരണമായി ഈ കഥ കണക്കാക്കണം.
ഇങ്ങനെയൊരു കള്ളക്കളി നടക്കുന്നുണ്ടെന്ന് ഒരു സാധാരണ നിക്ഷേപകന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതു കൊണ്ടാണ് ഓഹരികളിൽ നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട് ആണ് നല്ല മാർഗ്ഗം എന്ന് പറയപ്പെടുന്നത്. മ്യൂച്ചൽ ഫണ്ട് മാനേജർമാർക്ക് ഈ കളികൾ കണ്ടു പരിചയം ഉണ്ടാക്കും.
നിലവിലെ സാമ്പത്തിക രീതികളിൽ മുകളിൽ പറഞ്ഞത് നിയമത്തിന് അനുസൃതമായി ചെയ്യാവുന്ന കാര്യം ആണ്. ഇത് തടയാനായി നിയമ നിർമ്മാണം നടത്തണം എന്നുണ്ടെങ്കിൽ അതിനു പറ്റിയ നേതാവിനെ വേണം നമ്മൾ വോട്ട് ചെയ്ത് ജയിപ്പിക്കാൻ.
കുറച്ചു പേരുടെ ലാഭത്തിനു വേണ്ടി നൂറുകണക്കിന് ആൾക്കാരുടെ ഉപജീവനമാർഗം ആയ ഒരു കമ്പനി അടച്ചു പൂട്ടിയ ഒരു ഉദാഹരണം ആണ് ഇത്. ലാഭം മാത്രം ലക്ഷ്യം വച്ചാൽ ഇങ്ങനെ ഉള്ള വലിയ തെറ്റുകൾ നടക്കും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme) അഥവാ Revamped Gold Deposit Scheme (R- GDS) നമ്മുടെ കൈയിലുള്ള സ്വർണ്ണത്തിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്. ഈ പദ്ധതി പ്രകാരം നമുക്ക് ചില അംഗീകൃത ബാങ്ക് ശാഖകളിൽ ഗോൾഡ് ഡെപ്പോസിറ്റ് (Gold Deposit) അക്കൗണ്ട് തുടങ്ങാൻ പറ്റും.
ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ പണത്തിനു പകരം 995 പരിശുദ്ധിയുള്ള (995 fineness) സ്വർണ്ണത്തിൻ്റെ ഗ്രാം തൂക്കത്തിൽ ആണ് അക്കൗണ്ട് ബാലൻസ് കണക്കു കൂട്ടുക. എന്നു വെച്ചാൽ അക്കൗണ്ടിൽ ഇത്ര രൂപ ഉണ്ട് എന്ന് പറയുന്നതിന് പകരം 995 പരിശുദ്ധിയുള്ള ഇത്ര ഗ്രാം സ്വർണ്ണം ഉണ്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്, 30,000 രൂപ ഉണ്ട് എന്നതിന് പകരം 9.40 ഗ്രാം സ്വർണ്ണം ഉണ്ട് എന്ന് പറയും (1 ഗ്രാം 995 പരിശുദ്ധി ഉള്ള സ്വർണ്ണത്തിനു 3193 രൂപ ആണ് വില എന്ന് ഊഹിക്കുമ്പോൾ). 995 പരിശുദ്ധി സ്വർണ്ണം എന്നത് 24 ക്യാരറ്റ് സ്വർണത്തിന് തുല്യമാണ്.
സ്വർണ്ണം നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഈ അക്കൗണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളെ പോലെ പ്രവർത്തിക്കും.
ഇതിൽ മനസ്സിലാക്കാനുള്ള ഒരു പ്രധാന കാര്യം നമ്മൾ കൊടുക്കുന്ന സ്വർണ്ണം ബാങ്ക് ഉരുക്കി വിൽക്കും എന്നതാണ്. പകരം അക്കൗണ്ടിൻ്റെ മെച്യൂരിറ്റി ഡേറ്റ് എത്തുമ്പോൾ നമുക്ക് 995 പരിശുദ്ധിയുള്ള സ്വർണ്ണ നാണയങ്ങൾ ആയിട്ടോ അല്ലെങ്കിൽ അന്നത്തെ സ്വർണ്ണത്തിൻ്റെ വില രൂപയായോ കിട്ടും.
എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ കാലാവധി?
മൂന്നു കാലാവധിയിൽ ഉള്ള ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുടങ്ങാൻ പറ്റും.
ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് – 1 മുതൽ 3 വർഷം വരെ [STBD]
മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 5 മുതൽ 7 വർഷം വരെ [MTGD]
ലോങ്ങ് ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 12 മുതൽ 15 വർഷം വരെ [LTGD]
കാലാവധി അനുസരിച്ച് പലിശ നിരക്ക് കൂടും.
എത്രയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഈ പദ്ധതിയിൽ നിക്ഷേപിക്കണം എങ്കിൽ കുറഞ്ഞത് 30 ഗ്രാം സ്വർണ്ണം എങ്കിലും വേണം.
എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല. തുടക്കത്തിൽ ഒരു നിക്ഷേപം നടത്തിയാൽ മതി.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
എത്ര ഗ്രാം സ്വർണ്ണം വേണമെങ്കിലും നിക്ഷേപിക്കാം. ഇന്ത്യയിൽ വിവാഹിത ആയ സ്ത്രീക്ക് 500 ഗ്രാം സ്വർണ്ണം വരെ കയ്യിൽ വെയ്ക്കാം എന്നാണ് എൻ്റെ അറിവ്. ഇതിൽ ഒരുപാടു കൂടിയാൽ ചിലപ്പോൾ ആദായ നികുതി വകുപ്പ് ഉറവിടം (source) ചോദിക്കും. പാരമ്പര്യമായി കിട്ടിയ സ്വർണ്ണമാണെങ്കിൽ കുഴപ്പമില്ല എന്നാണ് എൻ്റെ അറിവ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ്റിൻ്റെ(CA) അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ(Financial Advisor) അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം എങ്ങനെ തുടങ്ങും?
ഈ അക്കൗണ്ട് തുറക്കാൻ കുറച്ചു മെനക്കെടണം. നമ്മൾ അംഗീകൃത ബാങ്ക് ശാഖകളിൽ ചെന്ന് കഴിയുമ്പോൾ അവർ നമ്മളെ കളക്ഷന്‍ & പ്യൂരിറ്റി ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് (collection and purity testing center) വിടും. ഈ കേന്ദ്രത്തിൽ നിന്ന് നമ്മുടെ കൈയിലുള്ള സ്വർണം എത്ര ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ് എന്ന സർട്ടിഫിക്കറ്റ് കിട്ടും. ഈ സർട്ടിഫിക്കറ്റിലുള്ള തൂക്കമാണ് ബാങ്കിൽ ഡെപ്പോസിറ്റ് ആയി അക്കൗണ്ടിൽ കയറുന്നത്. 22 കാരറ്റ് സ്വർണ്ണം 916 പരിശുദ്ധി ഉള്ളതാണ്. അപ്പോൾ 995 പരിശുദ്ധിയിലേക്ക് തൂക്കം മാറ്റുമ്പോൾ അതിനനുസരിച്ചുള്ള വ്യത്യാസം വരും. പിന്നെ നമ്മൾ സ്വർണം വാങ്ങിയപ്പോൾ ജ്വല്ലറി 22 കാരറ്റിന് പകരം 20 കാരറ്റ് ആണ് തന്നത് എങ്കിൽ അതിനുള്ള വ്യത്യാസവും വരും.
ആർക്കാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം തുടങ്ങാൻ കഴിയുക?
ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ആർക്കു വേണമെങ്കിലും ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങാൻ പറ്റും. അംഗീകൃത ബാങ്ക് ശാഖകളിൽ മാത്രമേ തുടങ്ങാൻ പറ്റൂ. നിങ്ങളുടെ ബാങ്കിൻ്റെ കസ്റ്റമർ കെയർ (Customer Care) നമ്പറിൽ വിളിച്ചാൽ അറിയാൻ പറ്റും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
April, 2019’ൽ SBI യുടെ നിലവിലുള്ള നിരക്കുകൾ ഇവയാണ്. Link
ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് [STBD]
1 വർഷം വരെ: 0.5%
1 മുതൽ 2 വർഷം വരെ: 0.55%
2 മുതൽ 3 വർഷം വരെ: 0.60%
മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ്[MTGD] : 2.25%
ലോങ്ങ് ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് 12 മുതൽ 15 കൊല്ലം വരെ [LTGD]: 2.50%
നികുതി കണക്കാക്കിയതിന് ശേഷം:
ഈ പദ്ധതിയുടെ പലിശയ്ക്കോ സ്വർണ്ണത്തിൻ്റെ വിലയിലുണ്ടാകുന്ന നേട്ടത്തിനോ നികുതി കൊടുക്കേണ്ടതില്ല.
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അന്നത്തെ സ്വർണ്ണത്തിൻ്റെ വില അനുസരിച്ച് നമ്മുടെ അക്കൗണ്ടിലുള്ള സ്വർണ്ണത്തിൻ്റെ തൂക്കത്തിന് അനുപാതമായ തുക അല്ലെങ്കിൽ സ്വർണ്ണം കിട്ടും. അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ സ്വർണ്ണം വേണമോ അല്ലെങ്കിൽ പൈസ വേണമോ എന്നുള്ളത് അക്കൗണ്ടിൽ ഡെപ്പോസിറ്റ് നടത്തുമ്പോൾ തന്നെ നമ്മൾ പറയേണ്ടതാണ്. സ്വർണ്ണമായി വാങ്ങുന്നതിനു ചിലപ്പോൾ ബാങ്ക് സർവീസ് ചാർജ് എടുക്കും. ഇതു എത്രയാണെന്ന് അക്കൗണ്ട് തുറക്കുമ്പോൾ ചോദിക്കണം.
മറ്റു നേട്ടങ്ങൾ
സ്വർണ്ണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപം വേണമോ ??
ഒരു ഉദാഹരണം നോക്കാം : 400 ഗ്രാം( 50 പവൻ ) 22 കാരറ്റ് സ്വർണ്ണം ലോക്കറിൽ ഉണ്ട് എന്ന് കരുതൂ. ഇത് ഏകദേശം 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ്. സ്വർണ്ണത്തിൻ്റെ വില 3193 രൂപ ആയി കണക്കു കൂട്ടിയാൽ ഈ സ്വർണത്തിന് മൊത്തം വില 11,69,915 രൂപ. 2.25% ശതമാനം പലിശ കിട്ടിയാൽ വർഷത്തിൽ 26,323 രൂപ കിട്ടും. അഞ്ചു കൊല്ലം കഴിയുമ്പോൾ സ്വർണ്ണത്തിൻ്റെ അന്നത്തെ വില കിട്ടും അല്ലെങ്കിൽ 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണം നാണയമായോ ബിസ്കറ്റ് ആയോ കിട്ടും. . അഞ്ചു കൊല്ലം കൊണ്ട് ഏകദേശം 1,31,615 രൂപ പലിശയും കിട്ടും. ഇതൊരു ഏകദേശ കണക്ക് ആണെന്ന് മറക്കല്ലേ. സ്വർണ്ണത്തിൻ്റെ വില എല്ലാ ദിവസവും മാറും. അതേ പോലെ തന്നെ നമ്മുടെ കയ്യിലുള്ള ആഭരണങ്ങൾ 995 പരിശുദ്ധിയിലേക്ക് മാറ്റുമ്പോൾ സ്വർണ്ണത്തിൻ്റെ പരിശുദ്ധി അനുസരിച്ച് ഞാൻ പറഞ്ഞ അളവിൽ നിന്ന് വ്യത്യാസം വരാം.
സ്വർണ്ണത്തിനോടും ആഭരണങ്ങളോടും ഉള്ള വൈകാരികമായ ബന്ധങ്ങൾ ഒഴിവാക്കി ചിന്തിച്ചാൽ ഈ പദ്ധതി എന്തു കൊണ്ടും നേട്ടമാണ്. സ്വർണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട. പലിശയും കിട്ടും. സ്വർണ്ണത്തിൻ്റെ വിലയും കൂടും. ഡെപ്പോസിറ്റ് കാലാവധി കഴിയുമ്പോൾ വിൽക്കാൻ ആളെ അന്വേഷിക്കേണ്ട. നേരെ പണമായി തുക സ്വീകരിക്കാം.
നിങ്ങളുടെ മൊത്തം ആസ്തിയുടെ 10 ശതമാനത്തിൽ കൂടുതൽ സ്വർണ്ണത്തിൽ സൂക്ഷിക്കുന്നത് നല്ലതല്ല. അങ്ങിനെ കൂടുതലുള്ള സ്വർണം പണമാക്കി, മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ പദ്ധതി.
ഭൂരിഭാഗം ആൾക്കാരും ആദായ നികുതി (Income Tax) കുറക്കാൻ വേണ്ടി നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിലാണ്. എന്നാൽ ഇതിന് ഏറ്റവും മികച്ച സമയം സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ്.
നിങ്ങൾക്ക് എത്ര രൂപയുടെ നികുതി ലാഭിക്കാൻ ഉള്ള അവസരം ഉണ്ട് എന്ന് കണക്ക് കൂട്ടിയതിനു ശേഷം ഏതൊക്കെ പദ്ധതിയിൽ നിക്ഷേപിക്കണം എന്ന് ഇപ്പോൾ തീരുമാനിച്ചാൽ അടുത്ത കൊല്ലം നികുതി അടയ്ക്കേണ്ട സമയമാകുമ്പോൾ നെട്ടോട്ടമോടേണ്ടി വരില്ല. പലരും ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളും അല്ലെങ്കിൽ വലിയ നേട്ടം ഇല്ലാത്ത പല പദ്ധതികളും എടുക്കുന്നത് നികുതി കുറക്കാൻ വേണ്ടി അവസാന നിമിഷം എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ച് ചെയ്യുമ്പോഴാണ്. ഇത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
80C, 80D, 80CCD തുടങ്ങി സർക്കാർ നികുതി ലാഭിക്കാൻ വേണ്ടി അനുവദിച്ചു തന്നിട്ടുള്ള ഇളവുകൾ എല്ലാം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് സംശയങ്ങൾ ഉണ്ടെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്ത് പോകുന്നതാണ് നല്ലത്.
ഉദാഹരണത്തിന് 80C സെക്ഷൻ്റെ അടിയിൽ 1,50,000 രൂപയാണ് 2019ലെ ഉയർന്ന പരിധി. പ്രോവിഡന്റ് ഫ്രണ്ട് (PF) അടയ്ക്കുന്ന ആളാണെങ്കിൽ അതു കഴിഞ്ഞ് എത്ര രൂപ വേണം ഈ ഉയർന്ന പരിധിയിൽ എത്താൻ എന്ന് കണക്കു കൂട്ടുക. ഇൻഷ്വറൻസ് അടവുകളും ഭവന വായ്പ മുതൽ അടച്ചതും(Home Loan Principal Payment) പബ്ലിക് പ്രോവിഡന്റ് ഫണ്ട്(PPF) ഇ എൽ എസ് എസ്(ELSS) മ്യൂച്ചൽ ഫണ്ടുകൾ എന്നിങ്ങനെ 80Cയുടെ അടിയിൽ വരുന്ന മറ്റു നിക്ഷേപ പദ്ധതികളിലും ആയി ഈ തുക നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. നാഷണൽ പെൻഷൻ സ്കീമിൽ 50,000 രൂപ ഇട്ടു 80CCD വഴിയുള്ള ഇളവ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി ഇതൊന്നും കണക്കു കൂട്ടാൻ താല്പര്യം ഇല്ലാത്ത ആളാണ് എന്നാൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്തു പോകാനും മടിയാണ് പക്ഷേ നികുതി ലാഭിക്കുകയും വേണമെന്നാണെങ്കിൽ ഒരു പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) അക്കൗണ്ട് തുടങ്ങി 1,50,000 രൂപ അതിലും ഒരു നാഷണൽ പെൻഷൻ സ്കീം (NPS) അക്കൗണ്ട് തുടങ്ങി 50,000 രൂപ അതിലും ഡെപ്പോസിറ്റ് ചെയ്താൽ ഏറെക്കുറെ നികുതി ലാഭിക്കാൻ കഴിയും. എന്തു ചെയ്യാൻ തീരുമാനിച്ചാലും ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം നീട്ടി വെയ്ക്കാതെ ഇപ്പോഴേ ആസൂത്രണം തുടങ്ങുക എന്നുള്ളതാണ്.
എല്ലാവർക്കും 2 ബാങ്കിൽ എങ്കിലും അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇതിനു പല കാരണങ്ങളുണ്ട്. പ്രധാനപ്പെട്ടവ താഴെ പറയാം.
ഒരു അക്കൗണ്ട് ലോക്ക് ആയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. ചിലപ്പോൾ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കളഞ്ഞു പോയ വഴിയോ അല്ലെങ്കിൽ അനധികൃതമായ ഇടപാടുകൾ നടന്നത് കാരണം കൊണ്ടോ ബാങ്ക് അക്കൗണ്ട് ലോക്ക്(Lock) ആവാം. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഇടപാടുകൾ ഒന്നും തടസ്സം മാറുന്നതു വരെ ബാങ്ക് സമ്മതിക്കുകയില്ല. ഈ കാലയളവിൽ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അത് വളരെയധികം ഉപകാരപ്പെടും. ഒരു പ്രശ്നമുണ്ടായി കഴിഞ്ഞു തുടങ്ങാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ പറ്റിയെന്നു വരില്ല . പുതിയ ബാങ്ക്, പഴയ ബാങ്കിൻ്റെ അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ നിങ്ങളെ അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കില്ല.
ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന് 1,00,000 രൂപ വരെ മാത്രം ഇൻഷുറൻസ് സുരക്ഷയുള്ളൂ. ഒരു ലക്ഷത്തിൽ കൂടുതൽ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ബാങ്കിൽ ആയി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ ബാങ്ക് പൊളിഞ്ഞു പോയാലും നിങ്ങളുടെ തുക തിരിച്ചു കിട്ടും. സഹകരണ (Co-Operative) ബാങ്കുകളിലും ചെറിയ ബാങ്കുകളിലും അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
ബാങ്ക് ഒരു സേവനം വിൽക്കുന്ന സ്ഥാപനമാണ്. മറ്റെന്തു സേവനം വാങ്ങുമ്പോൾ നമ്മൾ പല സ്ഥാപനങ്ങളുടെ അടുത്തു നിന്ന് വില വിവരങ്ങൾ ശേഖരിക്കുന്ന പോലെ തന്നെ ബാങ്കിംഗ് ആവശ്യങ്ങൾക്കും പല സ്ഥാപനങ്ങളിൽ നിന്നും വില വിവരം ശേഖരിക്കണം. ഉദാഹരണത്തിന് ഒരു വീട് പണിയാൻ വായ്പ എടുക്കുകയാണെങ്കിൽ പല ബാങ്കുകളിൽ നിന്ന് അപേക്ഷാ ഫീസ് എത്ര രൂപയാകും, എത്ര ശതമാനം പലിശ ആകും എന്നെല്ലാം കൃത്യമായി അന്വേഷിക്കണം. അര (0.5%) ശതമാനം പലിശയ്ക്ക് പോലും 20 വർഷത്തേക്ക് വായ്പ എടുക്കുമ്പോൾ വലിയ തുകയുടെ വ്യത്യാസം വരുത്താൻ പറ്റും. നമുക്ക് നിലവിൽ അക്കൗണ്ടുള്ള ബാങ്കുകൾ ആണെങ്കിൽ ഈ വിവരങ്ങൾ ലഭിക്കാൻ വളരെ എളുപ്പമാണ്. പല ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വായ്പയെടുക്കാൻ നേരത്തും ക്രെഡിറ്റ് കാർഡ് എടുക്കാൻ നേരത്തും നന്നായി ഉപകാരപ്പെടും.
ഇപ്പോൾ മൊബൈൽ പെയ്മെൻറ് ആപ്ലിക്കേഷനുകളും (Mobile Applications) സർവീസുകളും ഒരുപാട് ഉള്ളപ്പോൾ നമ്മുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൊണ്ട് നമ്മുടെ പ്രധാനപ്പെട്ട അക്കൗണ്ടിലേക്ക് ഈ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് അനുവാദം കൊടുക്കുന്നത് അപകട സാധ്യത കൂട്ടും. ഇതിനായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിൽ ഇൻറർനെറ്റ് ട്രാൻസാക്ഷനു (Internet transaction) ആവശ്യമായ തുക മാത്രം നിക്ഷേപിച്ചു മൊബൈൽ ആപ്ലിക്കേഷനുകൾ അതിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.
കർഷകരുടെ ആത്മഹത്യകളും അവരുടെ പ്രശ്നങ്ങളും അവർ നടത്തുന്ന സമരങ്ങളും ഈ അടുത്ത് വാർത്തയിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു കാര്യമാണ്.
ഒരു കടയിൽ പോയി സാധനം വാങ്ങാൻ പ്രാപ്തി ആയ പ്രായം മുതൽ പച്ചക്കറി വാങ്ങാൻ പലചരക്കു കടയിൽ പോയിട്ടുള്ള ഒരാളാണ് ഞാൻ. ഇന്നു വരെ പ്രതീക്ഷിച്ച തുകയിൽ കുറഞ്ഞ് പലചരക്ക് കടയിൽ നിന്ന് എനിക്ക് സാധനം കിട്ടിയിട്ടില്ല. പക്ഷേ കർഷകന് കൃഷിയിൽ നിന്ന് ആദായം ഒന്നും ലഭിക്കുന്നില്ല എന്നും വാർത്ത വായിക്കുന്നു. അപ്പോൾ ഉപഭോക്താവിന് വിലക്കുറവ് ഒന്നും ലഭിക്കുന്നുമില്ല കർഷകന് വില കിട്ടുന്നുമില്ല. ഇതിനർത്ഥം കർഷകനും ഉപഭോക്താവിനും ഇടയിൽ നിൽക്കുന്ന ഇടനിലക്കാരൻ കീശ വീർപ്പിക്കുന്നുണ്ട് എന്നു മാത്രമാണ്.
കർഷകനെ രക്ഷിക്കാൻ വേണ്ടി കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് എല്ലാ രാഷ്ട്രീയക്കാരുടെയും ഒരു പതിവ് തെരഞ്ഞെടുപ്പ് വാഗ്ദാനം ആണ്. ഇതു ഒരു ശാശ്വത പരിഹാരം അല്ല എന്നു മാത്രമല്ല പുതിയ കുറെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് എല്ലാ അഞ്ച് വർഷം കൂടുമ്പോൾ കാർഷിക വായ്പ എഴുതിത്തള്ളും എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
അപ്പോൾ ഏത് കർഷകനാണ് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ താല്പര്യം കാണിക്കുക?
ഇങ്ങനെ വന്നാൽ ഏതു ബാങ്കിംഗ് സ്ഥാപനമാണ് കർഷകർക്ക് പിന്നെ വായ്പ കൊടുക്കാൻ താല്പര്യം കാണിക്കുക?
കർഷകർക്ക് ഭാവിയിൽ വായ്പ കിട്ടുവാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്.
കർഷകന് അവൻ്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇടനിലക്കാരെ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഇടനിലക്കാരെ കർശനമായ നിയമങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ എങ്കിലും ശ്രമിക്കണം.
കോടിക്കണക്കിന് രൂപ ചെലവാക്കി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പകരം അടുത്ത കൊല്ലത്തെ വിളവെടുപ്പിന് ന്യായമായ വില അതേ തുകയിൽ നിന്ന് ഉറപ്പ് കൊടുത്താൽ അതല്ലേ രാജ്യത്തിന് കൂടുതൽ നല്ലത്?
കഴിഞ്ഞ കുറെ മാസങ്ങളായി ഒരുപാട് വാർത്തകൾ വായിച്ചു: ഇന്ത്യൻ ബാങ്കിംഗ് മേഖല പ്രതിസന്ധിയിലാണെന്നും അതിന് മുഖ്യ കാരണക്കാർ ആർബിഐയും(Reserve Bank of India or RBI) രഘുറാം രാജനും എല്ലാമാണെന്ന്. നോട്ട് നിരോധനത്തെ കുറിച്ചല്ല ഞാൻ പറയുന്നത്, നോൺ പെർഫോമിംഗ് അസറ്റ് (Non-performing Asset) അഥവാ എൻപിഎ(NPA) എന്ന പേരിലറിയപ്പെടുന്ന കിട്ടാക്കടങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയെ കുറിച്ചാണ്.
ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ട് മാസങ്ങളോളം പലിശ പോലും തിരിച്ചടയ്ക്കാതെ ഇരിക്കുന്ന അവസരം വരുമ്പോഴാണ് ആ വായ്പ അല്ലെങ്കിൽ ലോൺ കിട്ടാക്കടമായി ബാങ്ക് പ്രഖ്യാപിക്കുന്നത്. നിയമപ്രകാരം 90 ദിവസത്തോളം പലിശ കിട്ടാതിരുന്നാൽ കിട്ടാക്കടമായി പ്രഖ്യാപിക്കണം എന്ന് കൃത്യമായ മാർഗ്ഗ രേഖ ഉണ്ട്. അങ്ങനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ വായ്പ നഷ്ടമായി ബാങ്ക് എഴുതിത്തള്ളണം. എന്നിട്ടു വായ്പ എടുത്ത സ്ഥാപനത്തിൻ്റെ അല്ലെങ്കിൽ ആളുടെ നേരേ ജപ്തി നടപടി തുടങ്ങണം. അപ്പോൾ ബാങ്കുകളുടെ ലാഭം കുറയും. ബാങ്കിൻ്റെ മാനേജ്മെൻറ്നോട് ഓഹരി ഉടമകളുടെ ചോദ്യം വരും. അപ്പോൾ ഉത്തരങ്ങൾ കൊടുക്കാൻ ബുദ്ധിമുട്ടാകും. അങ്ങനെ വന്നപ്പോൾ ബാങ്കുകളിൽ നിയമം പാലിക്കാതെ ആയി. ഇങ്ങനെയാണ് എവർഗ്രീനിങ്(Evergreening) എന്ന പരിപാടി തുടങ്ങിയത്.
ഒരു ഉദാഹരണം ഉപയോഗിച്ച് വിശദീകരിക്കാം. ഒരു കമ്പനി ബാങ്കിൽ നിന്ന് 10 ലക്ഷം ലോൺ എടുത്തു എന്നു വിചാരിക്കുക. തിരിച്ചടക്കാൻ പറ്റാതെ വന്നപ്പോൾ അവർ ബാങ്കിൻ്റെ അടുത്തു ചെന്നു പറഞ്ഞു. അപ്പോൾ ശരിക്കും ബാങ്ക് ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ, ആ കടം കിട്ടാക്കടമായി പ്രഖ്യാപിച്ച് ആ ലോണിന് ഗ്യാരണ്ടി വെച്ച സാധനങ്ങൾ വിറ്റ് കാശ് തിരിച്ചെടുക്കാൻ നോക്കണം. പക്ഷേ ലോൺ കൊടുത്തപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്യാരണ്ടി വെച്ച സാധനത്തിന് കൃത്യമായ വില കിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെ അടുത്ത് ചോദ്യം വരും. അപ്പോൾ ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് കമ്പനിക്ക് എന്ന പോലെ തന്നെ ബാങ്ക് ഉദ്യോഗസ്ഥനും പ്രശ്നമാണ്. അപ്പോൾ അവർ രണ്ടു പേരും കൂടി ഒരു പുതിയ പദ്ധതി ഇട്ടു എന്ന് വിചാരിക്കൂ. ഒരു 5 ലക്ഷം രൂപയും കൂടി കൊടുത്താൽ കമ്പനിക്ക് മൊത്തം 15 ലക്ഷവും തിരിച്ചടയ്ക്കാൻ പറ്റും എന്നൊരു പുതിയ പ്ലാൻ ഉണ്ടാക്കും. പിന്നെ തിരിച്ചടവ് ഒരു രണ്ടു കൊല്ലം കഴിഞ്ഞ് മതി എന്ന കാലാവധി നീട്ടി കൊടുക്കണ പരിപാടിയും നടത്തും. ഇതിന് “Re-structuring” എന്ന ഒരു അടിപൊളി ഇംഗ്ലീഷ് പേരും കൊടുക്കും. അപ്പോൾ രണ്ട് കൊല്ലത്തേക്ക് ആ ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് നീണ്ട് കിട്ടുമല്ലോ. രണ്ട് കൊല്ലം കഴിയുമ്പോൾ ഇതേ പരിപാടി പിന്നെയും നടത്തും. ചിലപ്പോൾ പൈസ പിന്നെയും കൊടുക്കും. ഇല്ലെങ്കിൽ കാലാവധി നീട്ടിക്കൊടുക്കും.
ബാങ്കുകൾ പണ്ട് നല്ല അക്കൗണ്ട് പച്ച (Green) മഷിയുള്ള പേന കൊണ്ടും ചീത്ത അക്കൗണ്ടുകളിൽ ചുവന്ന മഷിയുള്ള പേന കൊണ്ടും ആണ് ബുക്കിൽ എഴുതിക്കൊണ്ടിരുന്നത്. ഇങ്ങനെ അക്കൗണ്ടിനെ എപ്പോഴും നല്ല അക്കൗണ്ടായി മാറ്റുന്ന പരിപാടി അക്കൗണ്ടിനെ എന്നും പച്ചയായി നിർത്തുന്നു എന്നതു കൊണ്ടാണ് ഈ പരിപാടിക്ക് എവർഗ്രീനിങ് എന്ന പേരു വീണത് എന്ന് തോന്നുന്നു.
എന്തായാലും ഈ പരിപാടി കൈവിട്ടു പോയി എന്ന് തോന്നിയപ്പോഴാണ് ആർബിഐ ഗവർണ്ണർ രഘുറാം രാജൻ കിട്ടാക്കടങ്ങൾ എവർഗ്രീൻ ചെയ്യുന്ന പരിപാടി കർശനമായി നിർത്തലാക്കിയത്. അങ്ങനെ വന്നപ്പോൾ ബാങ്കുകൾക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള മോശം ഉപഭോക്താക്കളുടെ വായ്പകൾ മൊത്തം കിട്ടാക്കടമായി പ്രഖ്യാപിക്കേണ്ടി വന്നു. അപ്പോഴാണ് പല ബാങ്കുകളുടെയും ശരിയായ വായ്പ നിലവാരം മനസ്സിലാകുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ കണക്ക് പത്രങ്ങളിൽ വായിക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്.
ഇതിന് ആർബിഐയേയും ആർബിഐ ഗവർണർമാരായിരുന്ന രഘുരാം രാജനെയും ഊർജിത് പട്ടേലിനേയും ഒന്നും ചീത്ത വിളിച്ചിട്ട് കാര്യമില്ല. അവർ പ്രശ്നം കണ്ടു പിടിച്ചു എന്നേയുള്ളൂ. പ്രശ്നമുണ്ടാക്കിയത് അവരല്ല. എല്ലാ കിട്ടാക്കടങ്ങളും ബാങ്കുകൾക്ക് തങ്ങളുടെ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തേണ്ടി വന്നതു കൊണ്ട് ബാങ്കുകളുടെ ലാഭം കാര്യമായി കുറഞ്ഞു. ആ വഴിക്ക് ഓഹരി വിലയും കാര്യമായി കുറഞ്ഞു. നിക്ഷേപകർക്ക് നഷ്ടമുണ്ടായി എന്ന് പറഞ്ഞിട്ടാണ് ഇവരെ ചീത്ത വിളിക്കുന്നത്. അതേ പോലെ തന്നെ ബാങ്കുകൾ പുതിയ ബിസിനസ് ലോണുകൾ കൊടുക്കുന്നതിനു മുന്നേ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി . ഇതിനും ആർബിഐ ചീത്തവിളി കേൾക്കുന്നുണ്ട്.
ഇങ്ങനെ ഒറ്റയടിക്ക് കിട്ടാക്കടങ്ങൾ അക്കൗണ്ട് ബുക്കിലേക്ക് മാറ്റാൻ ആർബിഐ നിർബന്ധിച്ച് ഇല്ലായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു, പതുക്കെ പതുക്കെ ചെയ്യാൻ ബാങ്കുകൾക്ക് സാവകാശം കൊടുത്താൽ മതിയായിരുന്നു എന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. പല തവണ മുന്നറിയിപ്പ് കൊടുത്തിട്ടും ഒന്നും സംഭവിക്കാത്ത കാരണമാണ് ആർബിഐ ഇത്ര കടുത്ത നിലപാട് എടുത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
ഇനി ബാങ്കുകൾ ഇങ്ങനെ അക്കൗണ്ട് ബുക്കിലേക്ക് കൃത്യമായി കിട്ടാക്കടമായി രേഖപ്പെടുത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് നോക്കാം. കൃത്യമായി പറയാൻ പറ്റില്ല. എങ്കിലും ഇതേ പോലെ തന്നെ ഒരു പ്രശ്നം അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ എന്തു പറ്റി എന്ന് നമുക്ക് അറിയാം. അമേരിക്കയിൽ ബാങ്കുകൾ വീട് വാങ്ങിക്കുവാൻ വേണ്ടി ഹൗസിംഗ് ലോൺ കൊടുക്കും. ഒരിടയ്ക്ക് ബാങ്കുകൾ തമ്മിൽ മത്സരം കൂടിയപ്പോൾ ബിസിനസ് പിടിക്കുവാൻ വേണ്ടി വലിയ ശ്രദ്ധയൊന്നും കൂടാത അപേക്ഷിച്ചവർക്ക് എല്ലാം ബാങ്കുകൾ ലോൺ കൊടുത്തു. 1000 രൂപ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത ആൾക്കാർക്കു 3000 രൂപ അടവിന് ലോൺ കൊടുത്തു. അങ്ങനെയങ്ങനെ കിട്ടാക്കടങ്ങൾ ഒരുപാട് ആയപ്പോൾ ഏതോ ഒരു ബാങ്ക് ഉദ്യോഗസ്ഥന് ഒരു ബുദ്ധി ഉണ്ടായി, ഈ കിട്ടാക്കടം അങ്ങ് വിറ്റാലോ എന്ന്. അപ്പോൾ കിട്ടാകടം മാത്രമായി ആരും വാങ്ങില്ലല്ലോ. അതിനു വേണ്ടി കുറെ നല്ല വായ്പകളും പിന്നെ കിട്ടാകടങ്ങളും കൂട്ടി കുഴച്ച് ഒരു സംഘം ലോണുകളുടെ ഒരു ശേഖരം ഉണ്ടാക്കി. എന്നിട്ട് ഈ ശേഖരം മൊത്തം ഒറ്റയടിക്ക് വിറ്റു. വാങ്ങുന്നവരോട് 90% നല്ല ലോണുകളും 10% കിട്ടാകടം ആവാൻ സാധ്യതയുള്ള ലോണുകളുമായി ആണ് വിൽക്കുന്നത് എന്നാണ് പറയുന്നത്. വാങ്ങുന്നവൻ നോക്കുമ്പോൾ മൊത്തം ശേഖരം നല്ല രീതിയിൽ പ്രവർത്തിക്കാനാണ് സാധ്യത. ഇങ്ങനെ വിറ്റ് കഴിഞ്ഞപ്പോൾ ബാങ്കിന് പിന്നെയും ബിസിനസ് പിടിക്കാനായി തോന്നിയവർക്കെല്ലാം ലോൺ കൊടുക്കാം. കാരണം പഴയ മോശം കടങ്ങൾ ഇപ്പോൾ ബാങ്കിൻ്റെ ബുക്കിൽ ഇല്ലല്ലോ. ഈ പരിപാടി ഭയങ്കര വിജയമായി. അങ്ങനെ വന്നപ്പോൾ എന്ത് ലോണും വാങ്ങാൻ ആളായി മാർക്കറ്റിൽ. എന്തും വിൽക്കാം എന്നായപ്പോൾ ലോൺ കൊടുക്കുന്നവരുടെ ശ്രദ്ധ അതിലും കുറഞ്ഞു, അപേക്ഷ കൊടുത്താൽ മാത്രം മതി ലോൺ കിട്ടുമെന്ന് ആയി. ഈ കളി കൈവിട്ടു പോയാണ് 2008’ലെ സാമ്പത്തിക മാന്ദ്യം ഉണ്ടായത്. ലോകത്തിലെ എല്ലാ ഓഹരി വിപണികളും കൂട്ടമായി ഇടിഞ്ഞു താഴെ പോകുന്നത് വരെ എത്താൻ കാരണം ഈ പരിപാടി മാത്രമാണ്.
അമേരിക്കയിൽ ഹോം ലോൺ’ൽ സംഭവിച്ചത് ഇന്ത്യയിൽ ബിസിനസ് ലോണിൽ സംഭവിക്കാതിരിക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. ആർബിഐ ഇപ്പോൾ ഈ കടുത്ത നിലപാട് എടുത്തില്ലായിരുന്നെങ്കിൽ മൂന്നോ നാലോ കൊല്ലത്തിനുള്ളിൽ ബാങ്കുകൾ ലോണുകൾ കൂട്ടിച്ചേർത്ത് വേറെ ഒരു വലിയ ശേഖരമായി വിറ്റു തുടങ്ങിയേനെ. ഇതു കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രശ്നം എന്ന് നിങ്ങൾ ചിന്തിക്കാം. അവിടെയാണ് ശ്രദ്ധിക്കേണ്ടത്. ആരാണ് ഈ ലോണുകൾ വാങ്ങാൻ കഴിവുള്ള സ്ഥാപനങ്ങൾ? അഞ്ച് കോടിയുടെ 10 ലോൺ കൂട്ടി വച്ച് കഴിഞ്ഞാൽ 50 കോടി രൂപയുടെ ഒരു ശേഖരമായി. ഇവ വാങ്ങാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ വളരെ കുറവാണ്. ഇൻഷുറൻസ് സ്ഥാപനങ്ങൾ (എൽഐസി(LIC), എസ് ബി ഐ ലൈഫ് (SBI Life)) പോലെയുള്ള സ്ഥാപനങ്ങൾ അല്ലെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സ്ഥാപനങ്ങൾ (അത് നമ്മുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്നതായിരിക്കും) ഇതല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ നാഷണൽ പെൻഷൻ സ്കീം(NPS) പോലെയുള്ള നിക്ഷേപ പദ്ധതികൾ. നമ്മളറിയാതെ നമ്മളുടെ അക്കൗണ്ടിലെ മ്യൂച്വൽ ഫണ്ടുകളുടെ നല്ലൊരു ഭാഗവും , എൽഐസി പോലെയുള്ള കമ്പനികളുടെ ലാഭത്തിൻ്റെ നല്ലൊരു വിഹിതവും ഈ ലോണുകളുടെ പ്രവർത്തനത്തെ അനുസരിച്ചു ഇരിക്കുമെന്ന ഒരു അവസ്ഥ സുഖമായി എത്തിയേനെ.
പിന്നെ ഒരു ദിവസം വരും. ഈ ചീഞ്ഞു നാറിയ കിട്ടാക്കടങ്ങൾ എല്ലാം മോശമായിരുന്നു എന്ന് എല്ലാവരും തിരിച്ചറിയുന്ന ഒരു ദിവസം. അന്ന് വാങ്ങിയ സാധനങ്ങൾ മറിച്ചു വിൽക്കാൻ നോക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും വാങ്ങാൻ ആരുമുണ്ടാവില്ല. അപ്പോഴാണ് 50 കോടി കൊടുത്തു വാങ്ങിയ പേപ്പറിന് ഇപ്പോൾ പത്ത് രൂപ പോലും വിലയില്ലാതെ വരുന്ന അവസരമുണ്ടാകുന്നത്. അങ്ങനെയൊരു സാഹചര്യം വന്നിരുന്നെങ്കിൽ ഇത് വാങ്ങി സൂക്ഷിച്ച വലിയ വലിയ കമ്പനികൾ എൽഐസി പോലെയുള്ള കമ്പനികളോ അല്ലെങ്കിൽ വലിയ ബാങ്കുകൾ എസ്ബിഐ(SBI) ഐസിഐസിഐ(ICICI) പോലെയുള്ള ബാങ്കുകളും കയ്യിൽ പൈസയില്ലാതെ അടച്ചു പൂട്ടേണ്ട അവസ്ഥ വരെ വന്നേനെ.
കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ അതിശയം തോന്നാം അല്ലെങ്കിൽ എന്നെ കളിയാക്കാനും തോന്നാം. എൽഐസി(LIC) പോലുള്ള ഒരു സ്ഥാപനം തകരാൻ അല്ലെങ്കിൽ ഒരു ബാങ്ക് അടച്ചുപൂട്ടാൻ സാധ്യതയോ എന്ന്. സർക്കാർ അത് എങ്ങനെ സമ്മതിക്കുമെന്ന് നിങ്ങൾക്ക് തോന്നാം.
2008 നു മുന്നേ അമേരിക്കയിൽ ഒരു ഇൻവെസ്റ്റ്മെൻറ് ബാങ്കും അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല. എന്നാൽ 2008ലെ സാമ്പത്തിക തളർച്ചയിൽ ആദ്യമായി ലേമാൻ ബ്രദേഴ്സ് ബാങ്ക് അടച്ചുപൂട്ടി. ബാക്കിയുള്ള ബാങ്കുകൾക്ക് അമേരിക്കൻ ഗവൺമെൻറ് ലോൺ കൊടുത്തത് കൊണ്ട് രക്ഷപ്പെട്ടു. ഇങ്ങനെ തന്നെ ഇന്ത്യയിൽ സംഭവിക്കും എന്നല്ല, സംഭവിക്കാൻ നല്ല സാധ്യത ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞുവരുന്നത്.
ഈ സാഹചര്യത്തിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തി തന്ന ആർബിഐയ്ക്ക് നമ്മൾ നന്ദി പറയുകയാണ് വേണ്ടത്.
എൻ്റെ ലേഖനങ്ങൾ സ്ഥിരമായി വായിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിക്ഷേപങ്ങൾ സങ്കീർണമാണ് എന്ന് ഇതിനകം അറിയാമല്ലോ. നിക്ഷേപങ്ങളെ കുറിച്ച് നല്ല വിവരമുള്ള ഒരാളാണ് എങ്കിൽ പോലും ചിലപ്പോൾ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിങ്ങൾക്ക് ആവശ്യമായി വരും. പണമുണ്ടാക്കുന്നതിൽ അഗ്രഗണ്യരായ പല ബിസിനസ് മുതലാളിമാരും ചിലപ്പോൾ നിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ പുറത്തു നിന്നുള്ള ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാറുണ്ട്.
ഇതിന് പല കാരണങ്ങളുണ്ട്. നിക്ഷേപങ്ങളിൽ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം . ചിലപ്പോൾ പെട്ടെന്ന് വിൽക്കേണ്ട സാഹചര്യം അല്ലെങ്കിൽ പെട്ടെന്ന് കൂടുതൽ നിക്ഷേപിക്കേണ്ട സാഹചര്യം ഉണ്ടാകാം. ഈ സമയത്ത് തിരക്കായി പോയാൽ ആ അവസരം നഷ്ടമാകും.
അതേ പോലെ തന്നെ, നികുതി എങ്ങനെ ലാഭിക്കാം എന്നുള്ളത് നികുതി നിയമങ്ങൾ എല്ലാ വർഷവും മാറുന്നതനുസരിച്ച് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് പഠിച്ചു നമ്മൾ സമയം കളയുന്നതിനേക്കാൾ നല്ലത് ഒരു ഉപദേഷ്ടാവിനെ നിയമിക്കുന്നതാണ്. ആ സമയം നമുക്ക് മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാം.
ബഹു ഭൂരിപക്ഷം പേർക്കും സാമ്പത്തിക കാര്യങ്ങളിൽ വിവരം കുറവാണ്. അതു കൊണ്ട് ഒരു സാമ്പത്തിക ഉപദേഷ്ടാവ് നമ്മളെ ലക്ഷ്യത്തിലെത്താൻ വളരെയധികം സഹായിക്കും. നല്ല ഇൻഷുറൻസ് കവറേജ് ഉറപ്പു വരുത്താനും നല്ല പോളിസികൾ തിരഞ്ഞെടുക്കാനും ഉപദേഷ്ടാവ് സഹായിക്കും.
ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് താഴെ പറയാം.
കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആർക്കും നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ് ആകാൻ അവസരം കൊടുക്കരുത്. കൃത്യമായി മുന്നേ പറഞ്ഞുറപ്പിച്ച ഫീസ്(fee) വാങ്ങി ഉപദേശം തരുന്ന ആൾക്കാരെ മാത്രമേ സാമ്പത്തിക ഉപദേഷ്ടാവായി സ്വീകരിക്കാവൂ. ഇതു മണിക്കൂറിനു അല്ലെങ്കിൽ ഓരോ കൂടിക്കാഴ്‌ചക്കും നിശ്ചിത തുക എന്ന നിരക്കിൽ ആണെങ്കിൽ അത്രയും നല്ലത്. നമ്മൾ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട് എസ്ഐപി(SIP) തുകയിൽ നിന്ന് ഇത്ര ശതമാനം കമ്മീഷൻ വാങ്ങുന്ന ഒരാൾ, കമ്മീഷൻ കൂടുതൽ കിട്ടുന്ന നിക്ഷേപ ഉപകരണങ്ങളേ നമ്മളോട് വാങ്ങാൻ പറയുകയുള്ളൂ. അല്ലാതെ ഏതു നിക്ഷേപമാണ് നമ്മൾക്ക് നല്ലത് എന്ന് അവർ ശ്രദ്ധിക്കില്ല. എന്നാൽ ഏതു പോളിസി അഥവാ ഫണ്ട് വാങ്ങിയാലും നിശ്ചിത തുക ഫീസ് വാങ്ങുന്ന ഉപദേഷ്ടാവ്, നമ്മുക്ക് കൂടുതൽ ഉപകാരമുള്ള ഫണ്ട് വാങ്ങാൻ പറയും. കാരണം അടുത്ത കൊല്ലം നമ്മൾ അയാളുടെ അടുത്ത് ചെന്നാൽ അല്ലേ പിന്നെയും അവർക്കു ഫീസ് കിട്ടൂ. അപ്പോൾ നമ്മളെ പറ്റിച്ചാൽ അവർക്കു ദോഷം ചെയ്യും. ഉപകാരം ഒന്നും ഇല്ല താനും.
ജോലിയിൽ നല്ല പരിചയമുള്ള ആളായിരിക്കണം നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ്. കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു 22 വയസ്സുകാരൻ്റെ കയ്യിൽ നിങ്ങളുടെ കുടുംബ സമ്പാദ്യം ഏൽപ്പിച്ചു കൊടുക്കരുത്. പഠിച്ച കോളേജ് ഐഐടി(IIT) അല്ലെങ്കിൽ ഐഐഎം(IIM) ആണെങ്കിൽ പോലും. എൻ്റെ അഭിപ്രായത്തിൽ ജീവിതാനുഭവം നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതിനു ആവശ്യമായ ഒരു വലിയ ഘടകമാണ്. ഒരു പുതുമുഖത്തിന് ജോലി പരിചയം ഉണ്ടാകാൻ വേണ്ടി നമ്മുടെ ജീവിതം പണയം വയ്ക്കരുത്. അങ്ങനെയുള്ളവർക്ക് ജോലി പരിചയം ഉണ്ടാകാൻ വേണ്ടി വലിയ കമ്പനികളും ചാർട്ടേഡ് അക്കൗണ്ടൻറ്റ്മാരും(CA) അവരുടെ അടിയിൽ ഇൻറ്റേൺഷിപ്പ്(Internship) ആയി അവസരം കൊടുക്കും. അല്ലാതെ സ്വയം സമ്പാദ്യവും നിക്ഷേപവും നടത്തി പരിചയം ഇല്ലാത്ത ഒരാളെ, നമ്മുടെ സമ്പാദ്യം നോക്കി നടത്താൻ ഏല്പിക്കരുത്.
നിങ്ങൾക്ക് ആവശ്യമായ തുകയുടെ ഇൻഷുറൻസ് കവറേജ് നിങ്ങൾ എടുത്തിട്ടുണ്ടോ എന്നാണ് ആദ്യം കണക്കുകൂട്ടേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി എത്ര തുകയുടെ ഇൻഷുറൻസ് കവറേജ് വേണം എന്ന ലേഖനം വായിക്കുക. എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം
പോളിസി നിർത്തുവാൻ എളുപ്പമാണോ എന്നുള്ളത് ശ്രദ്ധിക്കണം. ചിലപ്പോൾ നമുക്ക് ലൈഫ് ഇൻഷുറൻസ് ആവശ്യമില്ലാത്ത സാഹചര്യം വരും. ഉദാഹരണത്തിന്, കുട്ടികൾക്ക് ജോലി കിട്ടി നിങ്ങളുടെ സഹായം ആവശ്യമില്ലാത്ത സമയം വരുമ്പോൾ അവർക്കു വേണ്ടി എടുത്ത ഇൻഷുറൻസ് നിർത്താം. അന്ന് പോളിസി നിർത്തിയാൽ നമ്മൾക്ക് നഷ്ടം വരരുത്. ടേം ഇൻഷുറൻസ് പോളിസിയാണ് വാങ്ങുന്നതെങ്കിൽ ഇത് ഒരു പ്രശ്നമല്ല.
എല്ലാ കൊല്ലവും പ്രീമിയം കൂടുമോ അതോ തുടങ്ങുന്ന പ്രീമിയം തന്നെ തുടർന്നു പോവുമോ എന്നുള്ളത് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.
ഇൻഷുറൻസ് കമ്പനി നോമിനിക്ക് പണം കൊടുക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്നുള്ള കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. ഇതിന് ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ(claim settlement ratio) എന്നാണ് പറയുന്നത്. ഇൻറർനെറ്റിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഒരാളുടെ മരണശേഷം അയാളുടെ ഇൻഷുറൻസ് തുക അയാളുടെ നോമിനിക്ക് കിട്ടുവാൻ വേണ്ടി കൊടുക്കുന്ന അപേക്ഷക്കാണ് ക്ലെയിം(claim) എന്നു പറയുന്നത്. ഒരു കമ്പനിയും 100% ക്ലെയിംസ് സെറ്റിൽ ചെയ്യില്ല, കാരണം കമ്പനിയെ പറ്റിക്കാൻ ശ്രമിക്കുന്നവർ എപ്പോഴുമുണ്ടാകും. അതുകൊണ്ട് ഒരു 90% അല്ലെങ്കിൽ 95% മുകളിൽ ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ഉള്ള കമ്പനികളിൽ നിന്ന് ഇൻഷുറൻസ് വാങ്ങുന്നതാണ് നല്ലത്.
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഒരു പ്രീമിയം മുടങ്ങിയാൽ പിഴ എത്ര രൂപ വരും എന്നതാണ്. എത്ര കാലത്തിനുള്ളിൽ പിഴ ഉൾപ്പെടെ പ്രീമിയം അടച്ചാൽ ആണ് ആ പോളിസി നിന്ന് പോകാതെ തുടരാൻ സാധിക്കുക എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.
നമുക്ക് ഇൻഷുറൻസ് ഉള്ള കാര്യം നമ്മുടെ നോമിനിയും വേണ്ടപ്പെട്ടവരും എല്ലാം അറിഞ്ഞിരിക്കണം. നമ്മുടെ മരണശേഷം നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരം ഉണ്ടാവാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ അവർക്ക് അതിനെക്കുറിച്ച് അറിയില്ലെങ്കിൽ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാകും. കോടിക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനികളുടെ അടുത്ത് ആരും ക്ലെയിം ചെയ്യാതെ കിടക്കുന്നത്. ആ തുകയുടെ കൂടെ നിങ്ങളുടെ ഇൻഷുറൻസ് തുകയും കൂടി ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നുണ പറയരുത് എന്നുള്ളതാണ്. നിങ്ങൾക്ക് പ്രമേഹമോ ബ്ലഡ് പ്രഷറോ പോലെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയം കുറച്ചു കൂടും. അല്ലെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഇൻഷുറൻസ് തരാൻ പറ്റില്ല എന്നു പറയും. സിഗരറ്റ് വലി എല്ലാ ഇൻഷുറൻസ് കമ്പനികളും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ശീലമാണ്. സിഗരറ്റു വലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം പൊതുവേ വളരെ കൂടുതലായിരിക്കും. എന്നു വെച്ച് കമ്പനിയുടെ അടുത്തു നിന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ മറച്ചു വെക്കരുത്. മറച്ചു വെച്ചാൽ നിങ്ങളുടെ മരണശേഷം നോമിനിക്ക് ചിലപ്പോൾ ഇൻഷുറൻസ് തുക കിട്ടാതെ വരും. കാരണം കമ്പനിയുടെ അടുത്തു നുണ പറഞ്ഞിട്ടുണ്ടെങ്കിൽ കമ്പനിക്ക് പിന്നെ പോളിസി ക്ലെയിം (claim ) കൊടുക്കേണ്ട കാര്യമില്ല.
ലൈഫ് ഇൻഷുറൻസിനു പുറമെ സമ്പാദിക്കാനുള്ള അവസരം കൂടി തരുന്ന ഒരു പദ്ധതിയാണ് ക്യാഷ്ബാക്ക് (Cash Back) ഇൻഷുറൻസ് പോളിസി. ഇവ എൻഡോവ്മെന്റ് (Endowment) പ്ലാൻ എന്നും അറിയപ്പെടുന്നു. എൽഐസി(LIC) ജീവൻ ആനന്ദ്, എൽഐസി ജീവൻ പ്രകൃതി, എൽഐസി ജീവൻ ലക്ഷ്യ എന്നിങ്ങനെ പല പോളിസികൾ എൽഐസിക്ക് മാത്രമുണ്ട്. മറ്റ് ഇൻഷുറൻസ് കമ്പനികൾക്കും ക്യാഷ് ബാക്ക് പോളിസികൾ ഇഷ്ടം പോലെയുണ്ട്. ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിയുമ്പോൾ അടച്ച തുകയുടെ ഒരു നല്ല ഭാഗം തിരിച്ചു കിട്ടുന്ന എല്ലാ പോളിസികളെയും ഞാൻ ഈ വിഭാഗത്തിൽ പെടുത്തുന്നു. ഈ പോളിസികൾ എല്ലാം ഇൻഷുറൻസും സമ്പാദ്യവും കൂട്ടി കുറയ്ക്കുവാനുള്ള ഒരു ശ്രമമാണ്. അതിനു പുറമേ ഒരുപാട് നിബന്ധനകളും.
സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി ആയി നാട്ടിലെ ഇൻഷുറൻസ് ഏജൻറ്റ്മാർ പൊതുവേ വിൽക്കുന്നത് എല്ലാം ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളാണ്.
ഓരോ പദ്ധതികൾക്കും ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകും. എങ്കിലും പൊതുവേ ഇവയെല്ലാം പ്രവർത്തിക്കുന്നത് താഴെ പറയുന്ന പോലെയാണ്.
ഒരു നിശ്ചിത തുകയ്ക്ക് നമ്മൾ ഇൻഷുറൻസ് പോളിസി എടുക്കുന്നു. പോളിസി കാലാവധി തീരുന്നതുവരെ മാസാമാസം നമ്മൾ തവണകൾ അടയ്ക്കണം. ഇതിനെയാണ് പ്രീമിയം എന്ന് വിളിക്കുന്നത്. പോളിസിയുടെ കാലയളവിൽ നമ്മൾക്ക് മരണം സംഭവിച്ചാൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന തുക നമ്മുടെ നോമിനേഷനുള്ള ആൾക്ക് കിട്ടും. പോളിസി കാലാവധി കഴിയുമ്പോൾ നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള തുക നമുക്ക് കിട്ടും. പിന്നെ ചില പോളിസികൾ കമ്പനിയുടെ ലാഭത്തിൽ പങ്കാളികളാണ്. അതിനാൽ കമ്പനി ലാഭത്തിൽ ആണെങ്കിൽ നമുക്ക് ആ ലാഭ വിഹിതത്തിൽ ഒരു ചെറിയ ഭാഗവും കിട്ടും. എന്നാൽ ഇത് ഏജൻറ്റ്മാർ പറയുന്നപോലെ ഉറപ്പല്ല. സാധാരണ പോളിസികൾ പത്തും പതിനഞ്ചും ഇരുപതും കൊല്ലമൊക്കെ കാലാവധി ഉള്ളതാണ്. 20 കൊല്ലം കഴിഞ്ഞ് ഇൻഷുറൻസ് കമ്പനി ലാഭത്തിൽ ആയിരിക്കുമോ എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല.
എൻ്റെ അഭിപ്രായത്തിൽ ഒരു നിക്ഷേപകന് പറ്റാവുന്ന അബദ്ധങ്ങളിൽ ഏറ്റവും വലിയ അബദ്ധമാണ് ക്യാഷ് ബാക്ക് പോളിസിയിൽ ചേരുന്നത്. കാരണം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും.
എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി നിക്ഷേപത്തിൻ്റെ കാലാവധി?
സാധാരണ ഗതിയിൽ 10 കൊല്ലം 15 കൊല്ലം 20 കൊല്ലം 25 കൊല്ലം അല്ലെങ്കിൽ 30 കൊല്ലം എന്നിങ്ങനെയൊക്കെയാണ് പോളിസിയുടെ കാലാവധി.
എത്രയാണ് ക്യാഷ് ബാക്ക് ലൈഫ്ഇൻഷുറൻസ് പോളിസി നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഇത് പോളിസി എടുക്കുന്ന തുകക്ക് അനുസരിച്ച് മാറും. എൻ്റെ 10 ലക്ഷം രൂപയുടെ പോളിസിക്ക് വന്ന അടവ് ഒരു മാസം 4,538 രൂപയാണ്.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
ക്യാഷ് ബാക്ക് പോളിസിയുടെ പ്രീമിയം കൃത്യമായി അടയ്ക്കണമെന്ന് നിർബന്ധമാണ്. ഇല്ലെങ്കിൽ പിഴ ഉണ്ട്. സാധാരണ ഗതിയിൽ മാസാമാസം ആണ് അടയ്ക്കുന്നത്. വർഷത്തിൽ ഒരു തവണയായി വേണമെങ്കിൽ അടയ്ക്കാം.
ഈ പോളിസികൾ തുടങ്ങാൻ ഭയങ്കര എളുപ്പമാണെങ്കിലും നിർത്താൻ ഭയങ്കര പ്രയാസമാണ്. വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. ജീവൻ ആനന്ദ് പോളിസി മൂന്നു കൊല്ലത്തിനു ശേഷം നിർത്തുകയാണെങ്കിൽ അടച്ച തുകയുടെ 30% മാത്രമേ കമ്പനി തിരിച്ചു തരികയുള്ളൂ. ഇതിന് പോളിസി സറണ്ടർ(surrender) ചെയ്യുക എന്നാണ് പറയുന്നത്. തിരിച്ചു കിട്ടുന്ന തുകക്ക് സറണ്ടർ വാല്യു(surrender value) എന്നും.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
ഈ പോളിസിയിൽ അടയ്ക്കാവുന്ന തുക പോളിസി കമ്പനി നിശ്ചയിക്കുന്നത് പോലെയാണ്. ഇതിൽ മാറ്റമൊന്നും വരുത്താൻ പറ്റില്ല.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ തുടങ്ങും?
ഇൻറർനെറ്റിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഏജൻറ്റ്മാരുടെ അടുത്തു നിന്നു ഇത് വാങ്ങാം.
ആർക്കാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയുക?
സാധാരണ ഗതിയിൽ 60 വയസ്സിന് താഴെയുള്ള ആർക്കു വേണമെങ്കിലും ഈ പോളിസി വാങ്ങാവുന്നതാണ്.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
പോളിസികളുടെ വരുമാനം കൃത്യമായി കണക്കു കൂട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും നാല് അഞ്ച് ശതമാനത്തിൽ കൂടുതൽ ഈ പോളിസികളിൽ നിന്ന് വരുമാനം കിട്ടാൻ ബുദ്ധിമുട്ടാണ്.
പല തരം ക്യാഷ് ബാക്ക് പോളിസികൾ ഉള്ളതു കൊണ്ട് എല്ലാ പോളിസികളുടേയും വരുമാനം ഒരേ പോലെ കണക്കു കൂട്ടാൻ പറ്റില്ല. അതു കൊണ്ട് പത്തു കൊല്ലം മുൻപ് ഞാൻ വാങ്ങിയ ജീവൻ ആനന്ദ് വിത്ത് ആക്സിഡന്റ് പ്രൊട്ടക്ഷൻ (Jeevan Anand with Accident Protection Rider) പോളിസി ഉദാഹരണമായി എടുത്ത് താഴെ വിശദീകരിക്കാം.
10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയാണ് ഞാൻ എടുത്തത്. 20 കൊല്ലത്തേക്ക് ആണ് പോളിസി കാലാവധി. പോളിസി കാലാവധി കഴിയുമ്പോൾ 10 ലക്ഷം രൂപ എനിക്ക് ഉറപ്പായി തിരിച്ചു കിട്ടും. പോളിസി കാലാവധിയുടെ ഇടയ്ക്ക് എനിക്ക് മരണം സംഭവിച്ചാൽ എൻ്റെ നോമിനിക്ക് 10 ലക്ഷം രൂപ കിട്ടും. ഞാൻ ആക്സിഡൻറ് ബെനിഫിറ്റ് എടുത്തതു കൊണ്ട് അപകടത്തിൽ ആണ് മരണം സംഭവിച്ചതെങ്കിൽ 5 ലക്ഷം രൂപ കൂടുതൽ കിട്ടും.
പോളിസി കാലാവധി മുഴുവൻ ഞാൻ തെറ്റാതെ കൃത്യമായി പ്രീമിയം അടച്ചാൽ പോളിസി തീർന്നതിനു ശേഷവും എനിക്ക് 10 ലക്ഷത്തിൻ്റെ ഇൻഷുറൻസ് സുരക്ഷ ഉണ്ടാകും. എന്നു വെച്ചാൽ ഞാൻ മരിക്കുമ്പോൾ എൻ്റെ നോമിനിക്ക് പത്തു ലക്ഷം രൂപ കിട്ടും.
ഒരു മാസം അടവ് 4,538 രൂപ. ഈ തുക ഞാൻ 20 കൊല്ലവും അടക്കണം. 20 കൊല്ലം കൊണ്ട് ഞാൻ അടയ്ക്കുന്ന തുക അപ്പോൾ 10,89,120 രൂപ. തിരിച്ചു കിട്ടും എന്ന് ഇറപ്പുള്ളതു (Sum Assured) 10 ലക്ഷം രൂപ. അപ്പോൾ, ഉണ്ടാവുന്ന ലാഭം ബോണസ് തുകയെ ആശ്രയിച്ചിരിക്കും.
ഈ പോളിസിക്ക് സാധാരണ രീതിയിൽ 4% ഒക്കെയാണ് എൽഐസി ബോണസ് പ്രഖ്യാപിക്കുന്നത്. അവസാന കൊല്ലം ഫൈനൽ (final) ബോണസായി 1 ലക്ഷം രൂപ കൂടി അധികം കിട്ടി എന്ന് വിചാരിക്കുക. എങ്കിൽ 20 കൊല്ലം കഴിയുമ്പോൾ ലഭിക്കുന്ന തുക ഏകദേശം 17 ലക്ഷം രൂപയോളം ഉണ്ടാകും.
10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് (Term Insurance) 20 വർഷത്തേക്ക് വാങ്ങുകയാണെങ്കിൽ മിക്കവാറും 20,000 രൂപ (ഒരു വർഷം ഏകദേശം 1000 രൂപ) മാത്രമേ ആവുകയുള്ളു.
ഏറ്റവും സുരക്ഷിതമായ നിക്ഷേപമായ പിപിഎഫിൽ(PPF) 20 കൊല്ലം മാസാമാസം 4538 രൂപ നിക്ഷേപിച്ചു എന്നു വയ്ക്കുക. വെറും 5% പലിശ കിട്ടിയുള്ളൂ എന്നും വിചാരിക്കുക. എങ്കിൽ പോലും 20 കൊല്ലം കഴിയുമ്പോൾ ഏകദേശം 18 ലക്ഷം രൂപ നികുതിയില്ലാതെ കിട്ടും. ഇപ്പോഴത്തെ പലിശ നിരക്കായ 7% പലിശ കിട്ടിയാൽ തുക 22 ലക്ഷം ആയേനെ.
നമ്മൾ കുറച്ചു കൂടി റിസ്ക് എടുത്ത് മ്യൂച്ചൽ ഫണ്ടിൽ മറ്റോ ആണ് നിക്ഷേപിച്ചത് എന്ന് വിചാരിക്കുക. ഒരു 10% നിരക്കിൽ റിട്ടേൺ 20 കൊല്ലം കിട്ടിയിരുന്നെങ്കിൽ തുക 31 ലക്ഷത്തിനു മുകളിലാണ്. അപ്പോൾ ചോദിക്കാം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ റിട്ടേൺസ് ഉറപ്പു പറയാൻ പറ്റില്ലല്ലോ എന്ന്. അതേ പോലെ തന്നെ ഉറപ്പു പറയാൻ പറ്റാത്ത കാര്യമാണ് ഇൻഷുറൻസ് കമ്പനി 20 കൊല്ലം കഴിഞ്ഞ് ലാഭത്തിലാകുമോ എന്നുള്ളത്.
നികുതി കണക്കാക്കിയതിന് ശേഷം:
സാധാരണഗതിയിൽ പോളിസി കാലാവധി കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് നികുതി കൊടുക്കേണ്ടി വരില്ല. ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഒരു വർഷം അടയ്ക്കുന്ന മൊത്തം പ്രീമിയം, പോളിസി തുകയുടെ 20 ശതമാനത്തിൽ താഴെ ആയിരിക്കണം എന്നൊക്കെ ഇതിന് നിബന്ധനയുണ്ട്.
പൊതുവേ എല്ലാ പോളിസികളും ഈ നിബന്ധനക്ക് താഴെയേ വരാറുള്ളൂ . അതുകൊണ്ട് കിട്ടുന്ന വരുമാനത്തിനു നികുതി കൊടുക്കേണ്ട എന്ന് വിശ്വസിക്കാം.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
ഈ നിക്ഷേപത്തിന് ഫീസ് എന്ന് പറഞ്ഞ് വേറെ തുക നമ്മുടെ അടുത്തു നിന്ന് വാങ്ങുന്നില്ല. പക്ഷേ സത്യത്തിൽ വളരെ ഉയർന്ന ഫീസ് ആണ് ഈ പദ്ധതിക്ക് നമ്മൾ കൊടുക്കുന്നത്. കാരണം നിക്ഷേപിക്കുന്ന തുകയുടെ പുറമെ വെറും 4% അല്ലെങ്കിൽ 5% മാത്രമേ നമുക്ക് വരുമാനം കിട്ടുന്നുള്ളൂ. ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുക്കുന്ന തുകയുടെ നല്ലൊരു ശതമാനം ഓഹരി വിപണിയിൽ അല്ലെങ്കിൽ ഉയർന്ന വരുമാനം കിട്ടുന്ന മറ്റു മാർഗ്ഗങ്ങളിൽ സാധാരണ രീതിയിൽ നിക്ഷേപിക്കും. കമ്പനിക്ക് 15 ശതമാനവും 10 ശതമാനവും വളർച്ച കിട്ടുമ്പോഴാണ് അവർ നമുക്ക് 4 ശതമാനവും 5 ശതമാനവും ബോണസ് തരുന്നത്.
മറ്റു നേട്ടങ്ങൾ
പോളിസിയിൽ അടയ്ക്കുന്ന പ്രീമിയം തുകക്ക് നികുതി ഇളവ് ലഭിക്കും. ഇതല്ലാതെ എടുത്തു പറയത്തക്ക ഒരു നേട്ടവും ക്യാഷ് ബാക്ക് പോളിസികൾക്കു ഇല്ല.
നികുതി കുറയ്ക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് വാങ്ങരുത്. ഇൻഷുറൻസ് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക. വാങ്ങുമ്പോൾ ടേം(Term) ഇൻഷുറൻസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി നിക്ഷേപം വേണമോ ??
ഒരിക്കലും വാങ്ങരുത്താത ഒന്നാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി. അഥവാ എന്നെ പോലെ തലയിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ മൂന്ന് രീതിയിൽ കൈകാര്യം ചെയ്യാം.
3 വർഷം പോളിസി പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്തു കിട്ടുന്ന തുക പുറത്തേക്ക് എടുക്കാം. നല്ല നഷ്ടം സംഭവിക്കുമെങ്കിലും ഒരു പാമ്പ് കഴുത്തിൽ നിന്ന് ഒഴിഞ്ഞു പോയി എന്ന് വിചാരിച്ചാൽ മതി.
3 കൊല്ലം അടച്ചിട്ടുണ്ടെങ്കിൽ അടവ് നിർത്തി പോളിസി പെയ്ഡ് അപ്പ് (paid up) ആക്കാം. ഇങ്ങനെ ചെയ്താൽ പോളിസി കാലാവധി കഴിഞ്ഞ് നമ്മൾ അടച്ച തുകയ്ക്ക് അനുസരിച്ചുള്ള തുക നമുക്ക് കിട്ടും. പക്ഷെ ബോണസ് ഒന്നും കിട്ടുമെന്ന് ഉറപ്പില്ല.
ഇനി മൂന്നു കൊല്ലം അടച്ചിട്ടില്ല എങ്കിൽ, തെറ്റ് പറ്റിപ്പോയി എന്ന് മനസ്സിലാക്കി, പോയ കാശ് പോട്ടെ എന്നു വിചാരിച്ച് ഇതിൽ നിന്ന് ഊരി പോരുന്നതാണ് നല്ലത്.
കുറിപ്പ്: ഞാൻ വാങ്ങിയ ജീവൻ ആനന്ദ് പോളിസി ഇപ്പോൾ പെയ്ഡ് അപ്പ് (paid up) ആക്കി അടവ് നിർത്തി വച്ചിരിക്കുകയാണ്.