വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്. 

ഞാൻ നിലവിൽ വിദേശത്ത് താമസിക്കുന്ന ആൾ ആയതു കൊണ്ടും എൻ്റെ ഭാര്യ വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി(Masters Degree) എടുത്തതു കൊണ്ടും എൻ്റെ അനിയത്തി വിദേശത്ത് ഒരു കോളേജിൽ ഇപ്പോൾ പഠിക്കുന്നത് കൊണ്ടും ഈ വിഷയത്തെകുറിച്ചു അഭിപ്രായം പറയുവാനുള്ള വിവരം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു.

ഈ ലേഖനം വിദേശത്ത് പഠിക്കാൻ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളതിനെ കുറിച്ചുള്ള എൻ്റെ അഭിപ്രായമാണ്.

എന്തിനാണ് വിദേശത്തേക്ക് പോകുന്നത്?

വിദേശ രാജ്യങ്ങളിൽ ഉള്ള കോളേജുകളിൽ പഠിക്കാൻ നല്ല ചെലവാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് പഠിച്ചിറങ്ങുന്ന കോഴ്സുകൾ വിദേശത്ത് പഠിച്ചിറങ്ങുമ്പോൾ ചിലപ്പോൾ 20 ലക്ഷമാകും. പഠിച്ചതിനു ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരുവാൻ ആണെങ്കിൽ ഫുൾ സ്കോളർഷിപ്പിൽ(full scholarship) അല്ലാതെ പോകുന്നത് വൻ മണ്ടത്തരമാണ്. പഠിച്ചതിനു ശേഷം വിദേശത്ത് തന്നെ തുടരാൻ ആണെങ്കിൽ പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് (Return of Investment) എത്രയാണെന്ന് കണക്കാക്കണം. ഇതിനെക്കുറിച്ച് താഴെ എഴുതുന്നു.

പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻ്റ് 

ചില ഡിഗ്രികൾ പഠിച്ചാൽ ജോലി കിട്ടാനും കിട്ടുന്ന ജോലിക്ക് ഉയർന്ന ശമ്പളം ലഭിക്കുവാനും ഉള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ് മാസ്റ്റേഴ്സ് ഡിഗ്രി (Electronics/Electrical Engineering Masters degree) അല്ലെങ്കിൽ നഴ്സിംഗ് ഡിഗ്രി. നഴ്സിംഗ് ഡിഗ്രി എടുത്തതിനു ശേഷം ക്വാളിഫിക്കേഷൻ  എക്സാം (qualification exam) പാസായാൽ ഒരുമാതിരി എല്ലാ വിദേശരാജ്യങ്ങളിലും ജോലി കിട്ടാൻ എളുപ്പമായിരിക്കും. ഇതേപോലെ തന്നെ വെസ്റ്റേൺ കൺട്രീസിൽ ഇലക്ട്രോണിക് എൻജിനീയേഴ്സിനെല്ലാം നല്ല ഡിമാൻഡ് ആണ്. ജോലി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ജോലി കിട്ടിയാൽ ശമ്പളം വളരെ കൂടുതലായിരിക്കും. കമ്പ്യൂട്ടർ സയൻസ് എൻജിനീയർമാർക്കും ജോലി കിട്ടാൻ പൊതുവേ എളുപ്പമാണ് ശമ്പളവും ഉണ്ടാകും. ഈ പറഞ്ഞ ജോലികളെല്ലാം മിക്കവാറും പ്രൈവറ്റ് കമ്പനികളിൽ ആയിരിക്കും. ഈ കമ്പനികൾ നമുക്ക് വേണ്ട വിസയും ഇമിഗ്രേഷൻ (immigration paperwork) പേപ്പർ വർക്കും ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

നേഴ്സിങ് ഡിഗ്രി പഠിക്കുവാനും എൻജിനീയറിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി (മാസ്റ്റേഴ്സ് ഡിഗ്രികൾക് പൊതുവേ രണ്ടു കൊല്ലം മതി) എടുക്കുവാനും പൊതുവേ മറ്റു നാലുവർഷ കോഴ്സുകളെ  വച്ച് ചെലവ് വളരെ കുറവാണ്. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടുവാനുള്ള സാധ്യത കൂടുതലുമാണ്.

അതേ സമയം ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ(English language literature) മാസ്റ്റേഴ്സ് എടുത്ത ഒരാൾക്ക് ജോലി സാധ്യതകൾ കുറച്ചു കുറവാണ്. കാരണം സ്കൂളുകളിലോ കോളേജുകളിലോ അധ്യാപകരായിട്ടോ അല്ലെങ്കിൽ ചില കമ്പനികൾ അവരുടെ ക്രിയേറ്റീവ് റൈറ്റിങ്ങിനു(creative writing) അല്ലെങ്കിൽ അവരുടെ ഒഫീഷ്യൽ മെമ്മോസ് (official memos)എഴുതുവാനോ ഒക്കെയാണ് ഈ ഡിഗ്രി ഉള്ളവരെ ജോലിക്ക് എട്ക്കുന്നത്. ഇങ്ങനെയുള്ള കമ്പനികൾ നമുക്ക് വിസയോ അല്ലെങ്കിൽ വേറെ ഇമിഗ്രേഷൻ പേപ്പർ വർക്കോ ചെയ്യുവാനുള്ള സാധ്യത വളരെ കുറവാണ്.

ഇനി നാലുവർഷത്തേക്കുള്ള എൻജിനീയറിങ് ഡിഗ്രി വിദേശത്ത് പോയി ചെയ്യാൻ തീരുമാനിച്ചാൽ നമ്മൾ പഠിക്കുന്ന സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ ജോലി ഉറപ്പു പറയാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ എല്ലാം ഭാഗ്യം പോലെ ഇരിക്കും. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്ക കാനഡ ജർമ്മനി ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ മിക്കവാറും എൻജിനീയറിങ് കോഴ്സുകളിൽ ആ രാജ്യത്തെ പൗരന്മാരായ ചെറുപ്പക്കാർ ഒരുപാടുണ്ടാകും. വിദേശത്തു നിന്നുള്ള ഒരാൾക്ക് വർക്ക് വിസയും(work visa) ഇമിഗ്രേഷൻ പേപ്പർ വർക്കും ചെയ്യേണ്ട സമയത്ത് ഈ വിദ്യാർത്ഥികളെ ഇതൊന്നും ചെയ്യാണ്ട് അതേ ജോലിക്ക് വേണ്ടി എടുക്കാം. അപ്പോൾ നമ്മൾ ഒരു ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ നമ്മൾക്ക് വേണ്ടി ഒരു കമ്പനി ഇതെല്ലാം ചെയ്യാൻ തയ്യാറാവുകയുള്ളൂ. അതേസമയം വിദേശരാജ്യങ്ങളിൽ മാസ്റ്റർ ഡിഗ്രിക്ക് പോകുന്നവർ വളരെ കുറവാണ്. കാരണം പ്രൊഫഷണൽ കോഴ്സുകളിൽ ബാച്ചിലേഴ്സ് ഡിഗ്രിക്ക് (bachelor’s degree) ശേഷം മിക്കവാറും എല്ലാവർക്കും ജോലി കിട്ടും. അപ്പോൾ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞിട്ട് ജോലി കിട്ടുവാൻ മത്സരം കുറവായിരിക്കും. അതേ പോലെ ഇമിഗ്രേഷൻ പേപ്പർ വർക്ക് ചെയ്യുവാനും മാസ്റ്റർ ഡിഗ്രി പലപ്പോഴും സഹായകരമാണ്.

പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ ഡോക്ടർ ആവാൻ ഒരു കോളേജിൽ കയറിയാൽ ഏകദേശം 7-8 കൊല്ലം കഴിയുമ്പോഴാണ് ഡോക്ടർ ആയി ഉള്ള ലൈസൻസ് കിട്ടുക. ഇന്ത്യയിൽ നിന്ന് നേരെ പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ വന്ന് ഡോക്ടറാവാൻ ചേർന്നാൽ കോഴ്സ് കഴിയുമ്പോഴേക്കും കോടിക്കണക്കിന് രൂപ കടം വരും. അതേ സമയം എംബിബിഎസ് (MBBS) നാട്ടിൽ നിന്ന് എടുത്തിട്ട് അമേരിക്കയിലെ ക്വാളിഫിക്കേഷൻ എക്സാം (qualification exam) പാസായി എംഡിക്ക്(MD) കയറുകയാണെങ്കിൽ ചിലപ്പോൾ മൂന്നു കൊല്ലത്തിനുള്ളിൽ ലൈസൻസ് കിട്ടും. 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന രീതിയിൽ അംഗീകൃതമായ കോഴ്സുകളെ ഇന്ത്യയിൽ എടുക്കാവൂ എന്നുള്ളതാണ്.

ഇനി മാസ്റ്റേഴ്സ് ഡിഗ്രിക്ക് പകരം പിഎച്ച്ഡി എടുക്കുവാനാണ് വിദേശത്തേക്ക് പോകുന്നതെങ്കിൽ മിക്കവാറും സ്റ്റൈപ്പൻഡ് (stipend) ആയി ഒരു തുക ഇങ്ങോട്ട് കിട്ടും. പൊതുവേ നമ്മുടെ ഫീസും ജീവിതചലവും അതുകൊണ്ട് കഴിഞ്ഞുപോകാം.

പഠിച്ചതിനുശേഷം ജോലി ചെയ്യുവാൻ ഉള്ള വിസ കിട്ടുമോ?

അമേരിക്കയിൽ രണ്ടു കൊല്ലം ദൈർഘ്യമുള്ള STEM (Science Technology Engineering Mathematics) കാറ്റഗറിയിൽ വരുന്ന കോഴ്സുകൾ എടുക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്കുള്ള വർക്ക് വിസ കിട്ടും. ഇതിന് OPT എന്നാണ് പറയുക. കോഴ്സ് കഴിഞ്ഞു OPT കിട്ടിയാൽ 90 ദിവസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കണം. ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഇനി ജോലി കിട്ടിയാൽ തന്നെ മൂന്നു കൊല്ലത്തിനുള്ളിൽ വേറെ ഏതെങ്കിലും വിസയിലേക്ക് മാറണം. അല്ലെങ്കിൽ മൂന്നു കൊല്ലത്തിനു ശേഷം തിരിച്ചുപോണം. അമേരിക്കയിലെ നിലവിലെ സാഹചര്യത്തിൽ ഈ വിസക്ക് H1B എന്നാണ് പറയുക. H1B വിസ ഒരു ലോട്ടറി ആണ്. വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. അതിനുശേഷം മൂന്നു കൊല്ലത്തിനുള്ളിൽ രണ്ട് ചാൻസ് മാത്രമേ കിട്ടുകയുള്ളൂ വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുക്കാൻ. അതിനുള്ളിൽ കിട്ടിയാൽ അമേരിക്കയിൽ തുടരാം ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഈ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ മുടക്കി അമേരിക്കയിൽ പഠിക്കാൻ വരുന്നത് വൻ റിസ്കാണ്.

ഇതെ ഡിഗ്രി കാനഡയിലോ ഓസ്ട്രേലിയയിലോ എടുത്താൽ വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിച്ചാൽ മതി. പിന്നെ അവിടെ വിസ അപ്ലിക്കേഷനിൽ ഒരു ലോട്ടറി സമ്പ്രദായമോ ഭാഗ്യത്തിൻ്റെ കളിയോ ഒന്നുമില്ല. അതുകൊണ്ട് പഠിക്കാൻ സ്വീകരിക്കുന്ന രാജ്യം വളരെ പ്രധാനമാണ്.

എന്നാൽ ഡോക്ടറേറ്റ് ചെയ്യാൻ വളരെ നല്ല ഒരു രാജ്യമാണ് അമേരിക്ക. PhD ചെയ്താൽ EB1 എന്ന ഒരു കാറ്റഗറിയിൽ പെർമനന്റ് റെസിഡൻസി(permanent residency) അല്ലെങ്കിൽ ഗ്രീൻ കാർഡ്(green card) കിട്ടുന്ന ഒരു പ്രോഗ്രാം അമേരിക്കയിൽ ഉണ്ട്. അതുകൊണ്ട് PhD ഉള്ളവർക്ക് ഈ വിസയുടെ ടെൻഷൻ പൊതുവേ ഉണ്ടാവാറില്ല.

പല രാജ്യങ്ങളിലും അവിടെ പഠിച്ചു കഴിഞ്ഞാൽ എത്ര കാലം ജോലി ചെയ്യാം എന്നുള്ളതിന് വളരെ കൃത്യമായ നിയമമുണ്ട്. ഇത് അന്വേഷിച്ചിട്ട് മനസ്സിലാക്കിയിട്ട് മാത്രമേ കോളേജിൽ അഡ്മിഷൻ എടുക്കാവൂ.

ബാച്ചിലർ ഡിഗ്രി പഠിക്കണോ അതോ മാസ്റ്റേഴ്സ് ഡിഗ്രി  പഠിക്കണോ?

എൻ്റെ അഭിപ്രായത്തിൽ നഴ്സിംഗ് ആണ് ബാച്ചിലർ ഡിഗ്രി പഠിക്കുവാനായി വിദേശത്ത് പോകുവാൻ മുതൽ ആകുന്ന ഒരേ ഒരു പ്രൊഫഷൻ. എൻജിനീയറിങ് ഡിഗ്രിയും ഫിസിക്സും(physics) കെമിസ്ട്രിയും(chemistry) എല്ലാം മാസ്റ്റേഴ്സ് പഠിക്കുവാനാണ് പോകാൻ നല്ലത്. ആനിമേഷൻ(animation) ക്രിയേറ്റീവ് റൈറ്റിംഗ്(creative writing) എന്നിവയെല്ലാം ആയാലും ഇന്ത്യയിൽ ബാച്ചിലേഴ്സ് ഡിഗ്രി(bachelor’s degree) പഠിച്ചു ഒന്ന് രണ്ട് കൊല്ലത്തെ ജോലി പരിചയത്തിനു ശേഷം വിദേശത്തേക്ക് മാസ്റ്റേഴ്സ് എടുക്കാൻ പോകുന്നതാണ് നല്ലത്. അമേരിക്കയിലേക്ക് വരുവാനുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും നല്ലത് PhD എടുക്കാൻ വരുന്നതാണ്. മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുവാൻ വരുന്നതാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ക്ലാസിലെ മികച്ച 20% ത്തിൽ എത്തുമെന്ന് ഉറപ്പുള്ള വരെ വരാവൂ. അല്ലെങ്കിൽ ജോലി കിട്ടുവാൻ സ്വല്പം ബുദ്ധിമുട്ടാണ്.

ഏതു കോളേജിൽ പോകുന്നു എന്നുള്ളതും വളരെ പ്രധാനമാണ്.

വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികൾ വളരെ ഉയർന്ന ഫീസ് കൊടുക്കുന്ന കാരണം നാട്ടിലെ പാരലൽ കോളേജ് പോലെ കുറെ തരികിട കോളേജുകളും പാശ്ചാത്യ നാടുകളിൽ ഉണ്ട്. നാട്ടിൽ നിന്ന് ലക്ഷങ്ങൾ കൊടുത്ത് പഠിക്കാൻ വരുമ്പോൾ ഏതു കോളേജിലും അഡ്മിഷൻ കിട്ടിയാൽ പോകും എന്ന് വിചാരിക്കരുത്. നല്ല പേരുള്ള വലിയ യൂണിവേഴ്സിറ്റി ആണോ എന്ന് നോക്കിയിട്ട് മാത്രമേ പഠിക്കാൻ ചേരാൻ പാടുള്ളൂ.  നല്ല നഗരങ്ങളിലുള്ള നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ജോലി സാധ്യത വളരെ കൂടുതലാണ്. വളരെ ആൾതാമസം കുറഞ്ഞ ഒഴിഞ്ഞ നഗരങ്ങളിലുള്ള ചെറിയ കോളേജുകളിൽ പഠിച്ചാൽ പാർട്ട് ടൈം (part time)ജോലി കിട്ടുവാനും പഠനത്തിനുശേഷം നല്ല ജോലി കിട്ടുവാനും ക്യാമ്പസ് ഇൻറർവ്യൂകളിൽ (campus interview) പങ്കെടുക്കുവാനുള്ള സാഹചര്യവും എല്ലാം കുറവായിരിക്കും. ഇതേ പോലെ തന്നെ യൂണിവേഴ്സിറ്റി ഒരു സുപ്രഭാതത്തിൽ നിർത്തി പോകില്ല എന്നുള്ളതും നമുക്ക് ഉറപ്പാക്കേണ്ട കാര്യമാണ്. പഠിച്ചുകൊണ്ടിരിക്കെ യൂണിവേഴ്സിറ്റി നിർത്തി പോയി കാശും പോയി ഡിഗ്രിയും ഇല്ല എന്നുള്ള അവസ്ഥയിൽ കുറെ വിദ്യാർത്ഥികൾ കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് അമേരിക്കയിൽ പെട്ടുപോയതാണ്.

പോകുന്ന രാജ്യം വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക് പെർമനന്റ് റെസിഡൻസി(Permanent Residency) കൊടുക്കുവാൻ താല്പര്യമുള്ളതാണോ?

ജപ്പാൻ കാനഡ ഓസ്ട്രേലിയ ജർമ്മനി പോലെയുള്ള രാജ്യങ്ങൾ അവരുടെ നിലവിലെ ജനസംഖ്യ കുറയുന്നത് കാരണം പുറത്തുനിന്നുള്ള ആൾക്കാരെ സ്വീകരിക്കാൻ കുറെ കൂടി തയ്യാറാണ് ഇപ്പോൾ. ഇങ്ങനെയുള്ള രാജ്യങ്ങളിൽ പഠിക്കുവാൻ പോയാൽ അവിടെ സ്ഥിരമായി നിൽക്കുവാനുള്ള പെർമനന്റ് റസിഡൻസ്(permanent residence) കിട്ടുവാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം അമേരിക്കയ്ക്ക് അങ്ങനെയൊരു പ്രശ്നമില്ല. ഈ രാജ്യത്ത് വന്ന് നല്ലൊരു ജോലി കിട്ടി 10-15 കൊല്ലം ജോലി ചെയ്താലും റെസിഡൻസി കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ടി വരും. അതുകൊണ്ട് പഠനത്തിനുശേഷം വിദേശത്ത് തുടരാൻ ഉദ്ദേശിച്ചാണ് പോകുന്നതെങ്കിൽ പോകുന്ന രാജ്യത്തെ സിറ്റിസൺ(citizen) ആവാൻ എന്താണ് വഴി എന്നുള്ളത് മുന്നേ അന്വേഷിക്കണം. ഈ വിവരങ്ങൾ എല്ലാം രാജ്യത്തിൻറെ ഇമിഗ്രേഷൻ വെബ്സൈറ്റുകളിൽ(immigration website) കൃത്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ മലയാളി ഇല്ലാത്ത നാടിപ്പോൾ ഇല്ലാത്ത കാരണം യൂട്യൂബിൽ സെർച്ച് (YouTube search) ചെയ്താലും വിവരം കിട്ടും. യൂട്യൂബിൽ നിന്നുള്ള വിവരം ഒഫീഷ്യൽ വെബ്സൈറ്റുമായി ഒത്തു നോക്കാൻ മറന്നു പോകരുത്. ഒഫീഷ്യൽ വെബ്സൈറ്റുകൾ ഇംഗ്ലീഷിൽ ആയിരിക്കും. അതു വായിച്ചു മനസ്സിലാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനുള്ള ഇംഗ്ലീഷ് എങ്കിലും ആദ്യം ശരിയാക്കിയിട്ടേ വിദേശത്ത് പോകാൻ ശ്രമിക്കാവൂ. ഇംഗ്ലീഷ് മര്യാദയ്ക്ക് പഠിച്ചെടുക്കുവാൻ ഒരു രണ്ടു മാസത്തെ ശ്രമവും കൂടിപ്പോയാൽ ഒരു അമ്പതിനായിരം രൂപയുടെ ഒരു ക്ലാസും മതിയാകും.

എന്ത് കോഴ്സ് ആയാലും കുഴപ്പമില്ല അവിടെ എത്തിയാൽ ഞാൻ എന്ത് പണിയും ചെയ്തു ജീവിക്കാം എന്ന് വിചാരിക്കരുത്. മിക്ക രാജ്യങ്ങളിലും പഠിക്കുന്ന കോഴ്സിനോട്(course) ബന്ധമുള്ള ജോലി മാത്രമേ എടുക്കാൻ സമ്മതിക്കുകയുള്ളൂ. അതു പോലെ ഒരുതവണ നിയമം തെറ്റിച്ച് വിസയുടെ കാലാവധി കഴിഞ്ഞു അല്ലെങ്കിൽ വിസ ഇല്ലാതെ ജോലി ചെയ്തു പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ രാജ്യത്ത് നിന്ന് പെർമനന്റ് റസിഡൻസ് കിട്ടുവാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ നാട്ടിലെ പോലെ കാശുകൊടുത്ത് പേപ്പർ മുക്കാൻ പറ്റില്ല.

പഠിക്കാൻ പോകുന്ന വിദ്യാർത്ഥി പഠിക്കാൻ മിടുക്കിയാണോ?

നാട്ടിൽ പരീക്ഷയ്ക്ക് കഷ്ടിച്ച് പാസാക്കുന്ന വിദ്യാർത്ഥിയെ വിദേശത്ത് പഠിക്കാൻ വിട്ട് അവൻ അല്ലെങ്കിൽ അവൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതും മണ്ടത്തരമാണ്. നന്നായി പഠിക്കും എന്നുണ്ടെങ്കിൽ മാത്രമേ പഠിക്കാനായി വിദേശത്ത് പോകേണ്ട കാര്യമുള്ളൂ. നേരത്തെ പറഞ്ഞ പോലെ ജപ്പാൻ കാനഡ പോലെയുള്ള രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നത് കാരണം പുറത്തുനിന്ന് ആൾക്കാരെ സ്വീകരിക്കാൻ അവർ തയ്യാറാണ്. ഇതിന് അവിടുത്തെ കോളേജിൽ പഠിക്കണം എന്നു നിർബന്ധമില്ല. ആ രാജ്യങ്ങളുടെ ഇമിഗ്രേഷൻ പദ്ധതികളിൽ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ആൾക്കാരെ സ്വീകരിക്കുവാനുള്ള വഴികൾ അവർ തുറന്നു വച്ചിട്ടുണ്ടാകും. ചിലപ്പോൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിനെകാൾ (Software Engineer) ഹെവി ട്രക്ക് (heavy truck) അഥവാ ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് ആയിരിക്കും ചില രാജ്യങ്ങളിലേക്ക് പോകുവാനുള്ള അവസരങ്ങൾ കൂടുതൽ. വിദേശത്ത് പോവാനുള്ള ആഗ്രഹത്തിനുവേണ്ടി ലക്ഷങ്ങളുടെ കടം എടുക്കുന്നതിന് പകരം ജനസംഖ്യ കുറവു കാരണം വിദേശികളെ ആകർഷിക്കുവാനായി താല്പര്യമുള്ള രാജ്യങ്ങൾ ഏതുതരം കഴിവുകൾക്കാണ് അല്ലെങ്കിൽ ഏത് ജോലിക്കാർക്കാണ് മുൻഗണന നൽകുന്നത് എന്ന് കണ്ടുപിടിച്ച് ആ ജോലി പഠിക്കുവാൻ ആയിരിക്കും ചെലവ് കുറവ്.

നമ്മുടെ കഴിവ് ആവശ്യമുള്ള രാജ്യം ഏതാണെന്ന് നോക്കി അങ്ങോട്ട് പോകാൻ ആവശ്യമുള്ളത് ചെയ്യുന്നതാണ് കണ്ണുമടച്ച് വിദേശത്ത് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനേക്കാൾ നല്ലത്.






ഓഹരി നിക്ഷേപങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള ഒരു പാഠം

അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ കുറിച്ചുള്ള വാർത്തകൾ എല്ലാവരും കണ്ടു കാണുമല്ലോ. വാർത്ത വായിക്കാത്തവർക്ക് വേണ്ടി ഒരു ചെറിയ വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനായി അദാനി മാറിയതിനു ശേഷം വളരെ പെട്ടെന്ന് അദ്ദേഹത്തിൻ്റെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. അമേരിക്കയിലുള്ള ഹിഡൻബർഗ് എന്ന കമ്പനി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതാണ് ഇതിന് കാരണം. ഒരു ഓഹരിയുടെ വില കുറയും എന്ന് ബെറ്റ് വെച്ച് അതിൽ നിന്ന് പണമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ എന്ന് അറിയപ്പെടുന്ന ഒരു കമ്പനിയാണ് ഈ ഹിഡൻബർഗ്. ഇങ്ങനെ വില കുറയ്ക്കുവാൻ വേണ്ടി ഈ കമ്പനിയുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് അവർ പുറത്തുവിടും. ഇങ്ങനെ വന്ന ഒരു റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ വളരെയധികം ബാധിച്ചു.  കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. ഈ ആരോപണങ്ങളെ കുറിച്ച് അല്ല ഈ ലേഖനം മറിച്ച് ഒരു കമ്പനിയുടെ ഓഹരികൾ മാത്രം വാങ്ങുന്നതിൽ നിന്നുള്ള നഷ്ട സാധ്യതകളെ കുറിച്ചാണ് ഈ ലേഖനം.

ഒന്നു രണ്ടു മാസങ്ങൾ കൊണ്ട് അദാനി ഗ്രൂപ്പിൻ്റെ പല ഓഹരികളും 50% മുതൽ 80% വരെ വിലയിടിഞ്ഞു. ഒറ്റപ്പെട്ട കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്നതും മാർജിനിൽ ലോണെടുത്ത് ഡേ ട്രേഡിംഗ്(day trading) നടത്തുന്നതും വളരെയധികം നഷ്ട സാധ്യതയുള്ള കാര്യമാണെന്ന് ഞാൻ ഈ ബ്ലോഗിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. ഓഹരിക്ക് 50% നഷ്ടം സംഭവിച്ചാൽ ഒരു കമ്പനിയുടെ മാത്രം ഓഹരിയുള്ള ആൾക്ക് 50% നഷ്ടം വരുന്നത് വളരെ എളുപ്പം മനസ്സിലാക്കാം. കമ്പനിയുടെ സ്റ്റോക്ക് 50%-80%  ഇടിഞ്ഞ ഈ രണ്ടു മാസത്തിൽ സെൻസെക്സ് ഇടിഞ്ഞത് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. മ്യൂച്ചൽ ഫണ്ടുകൾ വഴി പലതരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ട് വാങ്ങിയാൽ ഒരു കമ്പനി പൊട്ടിപ്പൊളിഞ്ഞു പോയാലും നമ്മൾക്ക് വരുന്ന നഷ്ടത്തിന് ഒരു പരിധിയുണ്ട്. 

ആദാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് അവരുടെ ആനുവൽ(Annual Report) റിപ്പോർട്ടിൽ പറഞ്ഞ പല കാര്യങ്ങളും സംശയാസ്പദമാണ് എന്നാണ് ഹിഡൻബർഗ് റിപ്പോർട്ട് ആരോപിച്ചത്. ഇത് മറുത്ത് തെളിയിക്കാൻ കമ്പനിക്ക് സാധിക്കാത്തതാണ് ഓഹരി ഇടിയാനുള്ള കാരണം. ഒരു കമ്പനിയുടെ ആനുവൽ റിപ്പോർട്ട് നോക്കി ആ കമ്പനി പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് തിരിച്ചറിയാനും പിന്നെ കമ്പനി പറഞ്ഞ സാമ്പത്തിക നിലവാരം വെച്ച് കമ്പനിയിൽ നിക്ഷേപിച്ചാൽ ലാഭം ഉണ്ടാകുമോ എന്നെല്ലാം തിരിച്ചറിയാൻ ഒരു സാധാരണ നിക്ഷേപകന് ബുദ്ധിമുട്ടാണ്. അതേ സമയം ഒരു രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയുടെ സമ്പദ്ഘടന മുന്നോട്ടു വളരും എന്നുള്ള കാര്യം നമുക്ക് വളരെയധികം വ്യക്തമായി മനസ്സിലാക്കാം. അതു കൊണ്ട് ഇന്ത്യയുടെ വളർച്ചയിൽ നിക്ഷേപിക്കുന്നതാണ് ഒരു കമ്പനിയുടെ വളർച്ചയിൽ നിക്ഷേപിക്കുന്നതിനേക്കാൾ സുരക്ഷിതം. ഇന്ത്യയിലെ എല്ലാ സെക്ടറുകളിലും ഒരേ പോലെ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുന്നതാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മ്യൂച്ചൽ ഫണ്ടുകളുടെ ഉയർന്ന ഫീസ് താൽപര്യമില്ലെങ്കിൽ സെൻസെക്സോ(Sensex) നിഫ്റ്റിയോ(Nifty) പോലെയുള്ള സൂചികകളെ പിന്തുടരുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(Exchange Traded Fund or ETF) വാങ്ങിയാലും നല്ല നിക്ഷേപമാണ്.






ഒരു നല്ല പുസ്തകം – പണത്തിൻ്റെ മനശാസ്ത്രം

ഞാൻ ഈ അടുത്ത കാലത്ത് വായിച്ചതിൽ ഏറ്റവും നല്ല ഒരു പുസ്തകത്തെ കുറിച്ച് ആണ് ഈ പോസ്റ്റ്. നിക്ഷേപിക്കുന്നതിനെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആണ് ഈ പുസ്തകം എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

സൈക്കോളജി ഓഫ് മണി(The Psychology of Money) എന്നാണ് പുസ്തകത്തിൻ്റെ പേര്. എഴുതിയത് മോർഗൻ ഹോസെൽ(Morgan Housel). ആമസോണിൽ ‘പണത്തിൻ്റെ മനശാസ്ത്രം’ എന്ന മലയാളം പരിഭാഷ ലഭ്യമാണ്. വില 207 രൂപ. 200 പേജുള്ള വായിക്കാൻ വളരെ രസമുള്ള ഒരു ചെറിയ പുസ്തകം ആണിത്. 

ആരും പണത്തിൻ്റെ കാര്യത്തിൽ അറിഞ്ഞു കൊണ്ട് മണ്ടത്തരങ്ങൾ നടത്തുന്നില്ല എന്നതാണ് ഞാൻ ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കിയ കാര്യം. എനിക്ക് മണ്ടത്തരം എന്ന് തോന്നുന്ന പല കാര്യങ്ങളും എൻ്റെ കൂട്ടുകാരും വീട്ടുകാരും ചെയ്യുമ്പോൾ എന്താണ് ഇവർ ഇങ്ങനെ കാണിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഓഹരി വിപണിയിൽ ഒരു കാലത്തും നിക്ഷേപിക്കാത്ത ആൾക്കാർ അല്ലെങ്കിൽ വലിയ വീടു വാങ്ങാൻ വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന ആൾക്കാർ, ഇവരുടെ എല്ലാം പുറകിലുള്ള പ്രചോദനം എന്താണെന്ന് എനിക്ക് ഒരിക്കലും മനസിലായിരുന്നില്ല. അവരുടെ ജീവിത സാഹചര്യങ്ങളാണ് അവരുടെ ലക്ഷ്യങ്ങളെ തീരുമാനിക്കുന്നത് എന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ എനിക്ക് മനസ്സിലാകുമായിരുന്നു. പക്ഷേ ചില സമയങ്ങളിൽ തൊട്ടു മുന്നിലുള്ള കാര്യങ്ങൾ കാണാൻ ആരെങ്കിലും  ചൂണ്ടി കാണിക്കണം.

ഇതല്ല ഈ പുസ്തകത്തിൻ്റെ സന്ദേശം. പക്ഷേ എന്നെ ഏറ്റവും സ്വാധീനിച്ച സന്ദേശം ഇതായിരുന്നു. എങ്ങനെ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാം എന്നുള്ളതും എങ്ങനെ ഓരോരുത്തർക്കും അവരുടെതായ വഴികളിൽ ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയും എന്നും ഉള്ളതാണ് ഈ പുസ്തകത്തിൻ്റെ സന്ദേശങ്ങൾ.

നിങ്ങൾ ഈ പുസ്തകം വായിക്കുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായം ഈ ബ്ലോഗിൻ്റെ അടിയിൽ ഒരു കമൻറ്(comment) ആയി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു.






COVID പഠിപ്പിച്ച പാഠങ്ങൾ

COVID മഹാമാരി നമ്മളെ വലയ്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒന്നര കൊല്ലമായി. വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ പണി ആയതു കൊണ്ടും മാസാമാസം ശമ്പളം കൃത്യമായി കിട്ടിയതു കൊണ്ടും വലിയ കുഴപ്പമില്ലാതെ ഞാൻ രക്ഷപ്പെട്ടു. ഇത് എൻ്റെ കഴിവു കൊണ്ട് ഒന്നുമല്ല, ഞാൻ ഭാഗ്യത്തിൽ രക്ഷപ്പെട്ടു എന്ന് മാത്രം. പക്ഷേ എൻ്റെ പല സുഹൃത്തുക്കളുടെയും കാര്യം അങ്ങനെയല്ല. COVID മഹാമാരി പലരുടേയും ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

എനിക്ക് പരിചയമുള്ള കേരളത്തിലെ രണ്ട് ബിസിനസ്സുകാരുടെ അനുഭവം ആണ് താഴെ പറയുന്നത്. 

ഒന്നാമത്തെ ആൾക്ക് കാറ്ററിംഗ്(catering)  ബിസിനസ് ആണ്. COVID മഹാമാരി തുടങ്ങുന്നതിനു മുന്നേ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വലിയ പണികൾ എന്നു വച്ചാൽ 500  മുതൽ 1000 പേർക്ക് ഉള്ള സദ്യയും പിന്നെ ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ചെറിയ പ്രോഗ്രാമുകളുമായി നല്ല കച്ചവടം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. COVID തുടങ്ങി ഒരു കല്യാണത്തിന് ഇരുപത്തിയഞ്ചും അമ്പതും ആളുകൾ മാത്രം എന്ന നിബന്ധന വന്നതോടെ ഇദ്ദേഹത്തിൻ്റെ ബിസിനസ് നേരെ താഴോട്ട് പോയി. ഒരു മാസം ആറും ഏഴും ലക്ഷം രൂപയുടെ പണി നടന്നിരുന്ന സ്ഥലത്തു ഇപ്പോൾ അമ്പതിനായിരം രൂപയുടെ പണി പോലും കഷ്ടിച്ചു നടക്കുന്നുള്ളൂ എന്ന അവസ്ഥ. 

രണ്ടാമത്തെയാൾ പാടത്ത് പണിയുന്ന വണ്ടി വാടകയ്ക്ക് കൊടുത്തു കൊണ്ടിരുന്ന ആൾ ആണ്. പാടത്തെ പണിയെ COVID നേരിട്ട് ബാധിച്ചില്ലെങ്കിലും ലോക്ക്ഡൗൻ(Lock Down) കാരണം തമിഴ്നാട്ടിൽ നിന്ന് ഡ്രൈവർമാർക്ക് വരാൻ പറ്റാതെ ആയി. അങ്ങനെ ഒറ്റ വണ്ടി പോലും ഓടാതെ ഒന്നരക്കൊല്ലം കഴിഞ്ഞു. എന്നു വെച്ചാൽ ഒന്നര കൊല്ലമായി കാര്യമായ വരുമാനം ഒന്നുമില്ല. 

എല്ലാ ബിസിനസുകാർക്കും ഉള്ള പോലെ ഇവർ രണ്ടു പേർക്കും അത്യാവശ്യം ലോണുകൾ ഉണ്ട്. സ്വർണ്ണം പണയം വെച്ചും ബ്ലേഡ് പലിശക്ക് കടം വാങ്ങിയും ആദ്യത്തെ ആറേഴ് മാസം കഴിഞ്ഞു കൂടിയെങ്കിലും ഇപ്പോൾ രണ്ടു പേരും സ്വല്പം ബുദ്ധിമുട്ടിലാണ്. ഇവർ രണ്ടു പേരും ആവശ്യമില്ലാത്ത റിസ്ക് എടുക്കുന്ന ആൾക്കാരല്ല. അതേ പോലെ തന്നെ ആവശ്യമില്ലാതെ പണം ചെലവാക്കുന്ന ആൾക്കാരും അല്ല. അവരുടെ ഭാഗത്തു നിന്ന് ഒരു തെറ്റു പോലും ഇല്ലാതിരുന്നിട്ടും ഈ COVID മഹാമാരി കാരണം രണ്ടു പേരും  ബുദ്ധിമുട്ടിലായി.

ഇതു പോലെ കേരളത്തിലെ ബഹു ഭൂരിപക്ഷം ബിസിനസുകാരും നല്ല സാമ്പത്തിക ബുദ്ധിമുട്ടിൽ കൂടിയാണ് കടന്നു പോകുന്നത്. 

ലോൺ അടവ് മുടങ്ങി ജപ്തി ആകുമോ എന്നുള്ള പേടി ജീവിതത്തിൽ പലർക്കും ആദ്യമായി ഇപ്പോഴാണ് വരുന്നത്. ഈ അവസരത്തിൽ ഞാൻ ഈ ബ്ലോഗിൽ മുന്നേ എഴുതിയ ഒന്നു രണ്ട് കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. 

  1. എല്ലാവർക്കും ഒരു പി പി എഫ് (PPF) അക്കൗണ്ട് അത്യാവശ്യമാണ്. കാരണം പി പി എഫ് അക്കൗണ്ട് ജപ്തി ചെയ്യാൻ സാധിക്കുകയില്ല. നമ്മുടെ കഷ്ടകാലത്തിന് ജപ്തി വന്ന് നമ്മുടെ എല്ലാ സ്വത്തും കോടതി പിടിച്ചെടുത്താൽ പോലും നമുക്ക് പി പി എഫ് അക്കൗണ്ട് ബാക്കിയുണ്ടാകും. അഭിമാനത്തിനും ആത്മഹത്യയ്ക്കും ഇടയിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന അവസ്ഥയിൽ എത്താതിരിക്കാൻ പി പി എഫ് അക്കൗണ്ട് ഒരു നല്ല തടയാണ്.
  1. ഒരു ബിസിനസ് തുടങ്ങുമ്പോൾ ലിമിറ്റഡ് ലയബിലിറ്റി(Limited Liability/പരിമിതമായ ബാധ്യത) ആയി തുടങ്ങാൻ ശ്രദ്ധിക്കണം. ഭൂരിപക്ഷം ആൾക്കാരും ബിസിനസ് തുടങ്ങുമ്പോൾ പാർട്ട്ണർഷിപ്പോ(Partnership) പ്രൊപ്രൈറ്റർഷിപ്പോ(Proprietorship) ആയി രജിസ്റ്റർ ചെയ്യും. കാരണം ഇത് രണ്ടും മനസ്സിലാക്കാൻ എളുപ്പമാണ്. പിന്നെ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളെ അപേക്ഷിച്ചു നിബന്ധനകൾ കുറവുമായിരിക്കും. പക്ഷേ പാർട്ട്ണർഷിപ്പ്/ പ്രൊപ്രൈറ്റർഷിപ്പ് കമ്പനികൾ എടുത്ത ലോണിന് എതിരെ ജപ്തി വന്നാൽ കമ്പനിയുടെ സ്വത്തുകൾക്കു പുറമേ ഉടമയുടെ സ്വത്തുക്കളും ജപ്തി ചെയ്യാൻ സാധിക്കും. എന്നാൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുടെ ലോണിനെതിരെ ജപ്തി വന്നാൽ കമ്പനിയുടെ സ്വത്തുക്കൾ മാത്രമേ ജപ്‌തി ചെയ്യാൻ സാധിക്കുകയുള്ളൂ. ഉടമയുടെ സ്വന്തം പേരിലുള്ള സ്വത്ത് സുരക്ഷിതമായിരിക്കും.

3. ഹെൽത്ത് ഇൻഷുറൻസ്(Health Insurance): കോവിഡ് ബാധിച്ചു 30 ദിവസം ICU’ൽ കിടന്ന മൂന്നു പേരെ എനിക്കറിയാം. ഒരു ദിവസം 10,000 രൂപ ICU ഫീസ് ആണെങ്കിൽ 30 ദിവസത്തെ ബില്ല് ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപ. നമ്മൾ പ്രതീക്ഷിക്കാതെ  ഇങ്ങനെ വരുന്ന വലിയ ആശുപത്രി ചെലവുകൾ ആണ് നമ്മുടെ സമ്പാദ്യം ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്. കോവിഡ് കാരണം ജോലി പോയ സമയത്താണ് ആശുപത്രി ചെലവ് വന്നതെങ്കിൽ ജോലിയിൽ നിന്നുള്ള ഇൻഷുറൻസ് കിട്ടുകയുമില്ല. ഇതൊഴിവാക്കാനായി നല്ല കവറേജ് ഉള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

4. ലൈഫ് ഇൻഷുറൻസ്(Life Insurance): കൊവിഡ് കാലത്ത് ലൈഫ് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത്തിൻ്റെ ആവശ്യകത ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്രയോ ചെറുപ്പക്കാരും മധ്യവയസ്കരും കോവിഡ് ബാധിച്ച് മരിച്ചു. ഇവർക്കെല്ലാവർക്കും സ്വന്തം സാമ്പത്തിക കാര്യങ്ങൾ തീർപ്പാക്കിയിട്ട് ആശുപത്രിയിൽ പോകാൻ സാധിച്ചിട്ടുണ്ടാവില്ലല്ലോ. നമുക്ക് എന്തെങ്കിലും പറ്റിയാൽ കുടുംബം വഴിയാധാരമായി പോകാതിരിക്കാൻ വേണ്ടി ലൈഫ് ഇൻഷുറൻസ് വാങ്ങണം. ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ടേം ഇൻഷുറൻസ് (Term Insurance) തന്നെ വാങ്ങാൻ ശ്രദ്ധിക്കണം.

ജീവിതത്തിലെ എല്ലാ പാഠങ്ങളും സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ഈ COVID കാലത്തെ പാഠങ്ങൾ നമ്മുക്ക് മറക്കാതിരിക്കാം.








ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?

പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ആണ് ‘കൈയിലുള്ള പണം ഉപയോഗിച്ച് ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണമോ?’  എന്ന്. 

ലോൺ തിരിച്ചടച്ചത് കൊണ്ടുണ്ടാകുന്ന പലിശ നേട്ടം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന  വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ  ലാഭമല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. എല്ലാ സാഹചര്യങ്ങൾക്കും ആയി ഒറ്റ ഉത്തരം പറയാൻ സാധിക്കുകയില്ല എങ്കിലും ഒരു ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ചുവടെ പറയാം. 

നിങ്ങളുടെ കയ്യിൽ ആറു മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി നീക്കി വെച്ചിട്ടില്ലെങ്കിൽ ആദ്യം അതാണ് ചെയ്യേണ്ടത്. നമ്മുടെ കയ്യിൽ അത്യാവശ്യത്തിനുള്ള തുക ഇല്ലെങ്കിൽ പെട്ടെന്ന് കാശ് ആവശ്യം വരുമ്പോൾ കയ്യിൽ ഉള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ലോൺ നേരത്തെ അടച്ചത് കൊണ്ട് ഉണ്ടാകുന്ന പലിശ ലാഭത്തെകാൾ വലുതായിരിക്കും പെട്ടെന്ന് കയ്യിലുള്ള ഒരു വണ്ടിയോ അല്ലെങ്കിൽ സ്ഥലമോ വിൽക്കേണ്ടി വന്നാൽ ഉണ്ടാകുന്ന നഷ്ടം. ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപേ ചെയ്യേണ്ട കാര്യമാണ് എമർജൻസി ഫണ്ട് ഉണ്ടാക്കുക എന്നത്. ഒരുദാഹരണത്തിന് നിങ്ങളുടെ ഹോം ലോൺ അടച്ചു തീർത്തു എന്ന് വിചാരിക്കുക. പക്ഷേ അതിനു ശേഷം കയ്യിൽ പതിനായിരം രൂപ പോലും എടുക്കാൻ ഇല്ല. അങ്ങനെയിരിക്കെ പെട്ടെന്ന് വീടിന്‌ ഒഴിവാക്കാൻ പറ്റാത്ത അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു എന്ന് വിചാരിക്കുക. ഉദാഹരണത്തിന് ചോർച്ചയോ അല്ലെങ്കിൽ ഒരു മതിലിടിഞ്ഞു വീഴുകയോ അങ്ങനെയെന്തെങ്കിലും. ഈ പണം പെട്ടെന്ന് പലിശക്ക് എടുക്കേണ്ടി വരും . പലിശ നിരക്ക് എന്തായാലും ലോണിൻ്റെ  പലിശ നിരക്കിനേക്കാൾ കൂടുതൽ ആവാനേ തരമുള്ളൂ. അതുകൊണ്ട് എമർജൻസി ഫണ്ട് ഉണ്ടാക്കിയതിന് ശേഷം മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവു.

തിരിച്ചടയ്ക്കാൻ പോകുന്നത് ഹോം ലോൺ ആണെങ്കിൽ രണ്ടു കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

  1. ഹോം ലോൺ ഉപഭോക്താക്കൾക്ക് ആദായനികുതിയിൽ ഒരുപാട് ഇളവുകൾ ഉണ്ട്. അപ്പോൾ ലോൺ നേരത്തെ അടച്ചാൽ ലാഭിക്കുന്ന പലിശയിൽ നിന്ന് ഇന്ന് ആദായ നികുതി ഇനത്തിൽ ഉണ്ടാക്കുന്ന ഇളവുകൾ കുറയ്ക്കണം. 
  2. പൊതുവേ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും പലിശ കുറഞ്ഞ വായ്പ മാർഗമാണ് ഹോം ലോൺ. കാരണം വായ്പ തരുന്ന സ്ഥാപനത്തെ സംബന്ധിച്ച്  വീടും സ്ഥലവും  പോലെ ഉറപ്പുള്ള  ആസ്തി വേറെയില്ല. അടുത്ത മൂന്നു നാലു കൊല്ലത്തിനുള്ളിൽ വൻ തുകകൾ ആവശ്യം വരും എന്ന് മുൻകൂട്ടി കാണുകയാണെങ്കിൽ ഹോം ലോൺ അടച്ചു തീർക്കാതെ കൈയിലുള്ള തുക അതിനായി സൂക്ഷിച്ചു വയ്ക്കുന്നതാണ് നല്ലത്. കാരണം പുതിയ ലോൺ നിലവിലുള്ള ലോണിൻ്റെ അത്രയും നല്ല നിരക്കിൽ കിട്ടുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല. അതേ  പോലെ പുതിയ ലോണിൻ്റെ  പ്രോസസ്സിങ് ഫീസും(Processing Fees), ഡോക്യൂമെന്ററ്റേഷൻ ചാർജും(Documentation Charge) ലാഭിക്കാം.

ഭൂരിഭാഗം ലോണുകളും ആദ്യത്തെ അടവുകളിൽ നിന്ന് പലിശ കൂടുതൽ പിടിക്കും. ഉദാഹരണത്തിന് 20,000 രൂപയാണ് നിങ്ങളുടെ ലോണിന് മാസം ഉള്ള അടവ് എങ്കിൽ ലോൺ തുടങ്ങിയ ആദ്യത്തെ മാസങ്ങളിൽ മിക്കവാറും 15,000 രൂപയ്ക്ക് മുകളിൽ പലിശ ആയിരിക്കും. വർഷങ്ങൾ കഴിയുന്തോറും ഈ പലിശയുടെ അനുപാതം കുറഞ്ഞു കുറഞ്ഞു വരും. അവസാന മാസങ്ങളിൽ ചിലപ്പോൾ 1,000 രൂപയിൽ താഴെയേ പലിശ ഉണ്ടാവുകയുള്ളൂ. അപ്പോൾ ലോൺ തിരിച്ചടച്ചാൽ കിട്ടുന്ന പലിശയുടെ ലാഭം എത്രയാണെന്ന് കണക്കാക്കാൻ ബാങ്കിൽ നിന്ന് ലോണിൻ്റെ പെയ്മെൻറ് ഷെഡ്യൂൾ(payment schedule) വാങ്ങുക. ഇനി അടയ്ക്കാനുള്ള തുകയിൽ പലിശ എത്ര, മുതൽ എത്ര എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഈ കിട്ടുന്ന പലിശയുടെ തുകയാണ് നിങ്ങൾക്ക് വരുന്ന ലാഭം.

ഇനി നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുകക്കു കിട്ടുന്ന വരുമാനം എത്രയെന്ന് കണക്കുകൂട്ടുക. പി.പി.എഫ്(PPF) ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡം. നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന നേട്ടം ലോൺ മുൻപേ അടക്കുന്നതിൽ നിന്നുള്ള പലിശ നേട്ടത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. 

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ലോൺ കാലാവധിക്ക് മുൻപേ അടച്ചാൽ ചില സ്ഥാപനങ്ങൾ പ്രീപേയ്‌മെന്റ് പെനാൽറ്റി (prepayment penalty) ഈടാക്കും. എന്ന് വെച്ചാൽ ലോൺ നേരെത്തെ അടച്ചതിനു കൊടുക്കേണ്ടി വരുന്ന പിഴ. ഈ തുകയും കൂടി നമ്മുടെ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തണം.








അടുത്ത ലേഖനം: ബിറ്റ് കോയിൻ (Bitcoin)

ഓഹരി വിപണി തകർന്നു. അക്കൗണ്ടിലെ ബാലൻസ് പകുതി ആയി. ഇനി എന്ത് ചെയ്യും?

തിരക്കിലായിരുന്ന കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ എൻ്റെ ഒരു മ്യൂച്ചൽ ഫണ്ട് അക്കൗണ്ടിൻ്റെ ബാലൻസ്  പരിശോധിച്ചത്. അവസാനം നോക്കിയപ്പോൾ 3.5 ലക്ഷത്തിന് മുകളിൽ ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോൾ 2.2 ലക്ഷം മാത്രമേ ബാലൻസ് കാണിക്കുന്നുള്ളൂ.   രണ്ടു മൂന്നാഴ്ച കൊണ്ട് ഏകദേശം 1.3 ലക്ഷം രൂപ നഷ്ടം. 37.14 % നഷ്ടം.

ഈ അക്കൗണ്ടിൽ ഞാൻ നിക്ഷേപങ്ങൾ നിർത്തിയിട്ട് ഒന്ന് രണ്ട് കൊല്ലമായി. തുടർച്ചയായി നിക്ഷേപം നടത്തിയിരുന്ന അക്കൗണ്ട് ആയിരുന്നെങ്കിൽ നഷ്ടത്തിൻ്റെ ശതമാനം ഇനിയും കൂടിയേനെ.

ഓഹരി വിപണിയിൽ മ്യൂച്ചൽ ഫണ്ടായോ അല്ലെങ്കിൽ നേരിട്ട് ഓഹരികൾ ആയിട്ടോ നിക്ഷേപം നടത്തിയ എല്ലാവരുടെയും അക്കൗണ്ട് ബാലൻസിൻ്റെ അവസ്ഥ ഇത് തന്നെ ആവാനാണ് സാധ്യത. ആദ്യമായാണ് ഇത്തരമൊരു തകർച്ച നേരിടുന്നതെങ്കിൽ, ഇപ്പോൾ ഉള്ള നഷ്ടം സഹിച്ച് കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ടി കൈയിലുള്ളതെല്ലാം വിറ്റു ബാങ്കിൽ സ്ഥിര നിക്ഷേപമാക്കിയാലോ (Fixed Deposit) എന്നു തോന്നാം.  സ്ഥിര നിക്ഷേപങ്ങൾ ഒരിക്കലും ഇട്ട തുകയിൽ കുറയുന്നത് കാണേണ്ടി വരില്ലല്ലോ. പക്ഷെ ഇപ്പോൾ വിറ്റാൽ അത് വൻ മണ്ടത്തരം ആകും.

ഇപ്പോഴത്തെ ഈ ഓഹരി വിപണി തകർച്ച കൊറോണ വൈറസ് കാരണമാണ്. ഇത് എത്ര കാലം നീണ്ടു നിൽക്കും എന്നോ വിപണി ഇനിയും എത്രയധികം താഴോട്ടു പോകും എന്നോ നമുക്ക് പ്രവചിക്കാൻ സാധിക്കുകയില്ല. പക്ഷേ ഒരു കാര്യം പ്രവചിക്കാൻ സാധിക്കും, വിപണി ഇനിയും പഴയ നിരക്കുകളേക്കാൾ മുകളിലേക്ക് ഉയരും. ഇത് ഒരു വർഷത്തിനുള്ളിൽ നടക്കുമോ, അതോ 2 വർഷം എടുക്കുമോ 5 വർഷം എടുക്കുമോ അതോ 10 വർഷം എടുക്കുമോ എന്നാണ് നമുക്ക് പറയാൻ പറ്റാത്തത്. ഇന്ത്യ എന്ന രാജ്യം കൊറോണ വൈറസ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു മുന്നോട്ടു പുരോഗമിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ സാധ്യതയില്ല. അങ്ങനെ സംഭവിക്കുമ്പോൾ ഓഹരി വിപണിയും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും എന്ന കാര്യത്തിലും സംശയമില്ല.

അക്കൗണ്ടിലെ വൻ നഷ്ടങ്ങൾ കണ്ട് പേടിച്ച് ഇപ്പോൾ തന്നെ ഓഹരി വിറ്റാൽ, നിങ്ങൾ ചെയ്യുന്നത്  വില കൂടിയ അവസരങ്ങളിൽ വാങ്ങിയിട്ട് ഏറ്റവും വില കുറഞ്ഞ അവസ്ഥയിൽ വിൽക്കുന്ന മണ്ടത്തരം ആണ്. നാടോടുമ്പോള്‍ നടുവേ ഓടുന്നത് ഓഹരി വിപണി നിക്ഷേപകന് ചേർന്ന സ്വഭാവമല്ല.

ഈ സാഹചര്യത്തിൽ എന്ത് ചെയ്യും എന്ന് എല്ലാവർക്കും സംശയം തോന്നാം.  എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ഞാൻ താഴെ പറയാം. 2008’ൽ ഇതു പോലെ ഒരു ഭീകരമായ ഓഹരി വിപണി തകർച്ചയിൽ പങ്കെടുത്തതിൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്.

ചെയ്യേണ്ട കാര്യങ്ങൾ

  1. നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങൾ തുടർന്ന് പോവുക.
  2. നിങ്ങളുടെ കയ്യിൽ ഉടനെ ആവശ്യമില്ലാത്ത പണം ഉണ്ടെങ്കിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക കൂട്ടുക. 
  3. എല്ലാ ദിവസവും അക്കൗണ്ട് ബാലൻസ് പരിശോധിച്ച് ബ്ലഡ് പ്രഷർ കൂട്ടാതെ ഇരിക്കുക.
  4. പണത്തിന് ആവശ്യം വന്നാൽ മറ്റ് നിക്ഷേപങ്ങൾ വിൽക്കാൻ ശ്രമിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ വിൽക്കുവാൻ പറ്റിയ സമയമല്ല ഇത്.
  5. ഓഹരി വിപണിയിൽ പുതുതായി നിക്ഷേപം തുടങ്ങാൻ ഇതിലും നല്ല സമയം കിട്ടുവാൻ സാധ്യത കുറവാണ്. അതു കൊണ്ട് ഏതെങ്കിലും നല്ല മ്യൂച്ചൽ ഫണ്ടുകൾ നോക്കി നിക്ഷേപം തുടങ്ങാൻ ശ്രദ്ധിക്കുക. മ്യൂച്ചൽ ഫണ്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കുക.
  6. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്.ഐ.പി (SIP or Systematic Investment Plan) മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പക്ഷേ, ഒരു വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ഓഹരികൾ വില കുറഞ്ഞിരിക്കുന്ന ഈ അവസരമാണ് അതിന് ഏറ്റവും നല്ലത്.

ചെയ്യരുതാത്ത കാര്യങ്ങൾ

  1. കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ടി നിലവിലുള്ള നിക്ഷേപങ്ങൾ വിൽക്കരുത്. 
  2. നടന്നു കൊണ്ടിരിക്കുന്ന എസ്.ഐ.പി’ൽ നിന്ന് പിൻവാങ്ങരുത്. ഇതു വരെ നിക്ഷേപിച്ചു കൊണ്ടിരുന്ന പോലെ തന്നെ തുടർച്ചയായി നിക്ഷേപിക്കണം. വിപണി ഉയർന്ന് നിൽക്കുമ്പോഴും താഴ്ന്ന് നിൽക്കുമ്പോഴും ഒരേ പോലെ നിക്ഷേപിക്കുന്നത് കൊണ്ടാണ് എസ്.ഐ.പി ‘ൽ നിന്നും ഉയർന്ന നേട്ടങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ വില കുറഞ്ഞ സമയത്ത് നിക്ഷേപം നിർത്തിയാൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കും.
  3. പണം പലിശക്ക് എടുത്തു ഓഹരിയിൽ നിക്ഷേപിക്കരുത്. വില കുറഞ്ഞ കാരണം പണം പലിശക്ക് എടുത്തത് ഓഹരിയിൽ നിക്ഷേപിച്ചു പെട്ടെന്ന് ലാഭം ഉണ്ടാക്കാം എന്ന് ചിന്തിക്കരുത്. കാരണം ഓഹരി വിപണി തിരിച്ചു കയറി വരാൻ എത്ര കാലം എടുക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല. അതേ പോലെ തന്നെ ഇനി എത്ര മാത്രം ഇടിയും എന്നും പ്രവചിക്കാനാവില്ല.
  4. വാങ്ങുന്ന കമ്പനികളെ കുറിച്ച് പൂർണമായ വിവരം ഇല്ലെങ്കിൽ ഒറ്റപ്പെട്ട ഓഹരികൾ വാങ്ങാതിരിക്കുക. ഓരോ വിപണി തകർച്ചയിലും ചില കമ്പനികൾ പൂർണമായി നശിച്ചു പോവാറുണ്ട് നിങ്ങൾ വാങ്ങുന്ന കമ്പനി പൂർണ്ണമായും നശിച്ചു പോയാൽ മുഴുവൻ തുകയും നഷ്ടം വരും.

ഇതു പോലത്തെ ഉയർച്ച താഴ്ചകൾ ഓഹരി നിക്ഷേപത്തിൻ്റെ ഭാഗമാണ്. ശാന്തമായിരിക്കുക. ക്ഷമയോടെ കുറച്ചു കാലം കാത്തിരിക്കുക.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.






നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും നൈജീരിയയിൽ തന്നെ

ഇമെയിൽ ഉപയോഗിക്കുന്ന ഒരു വിധപ്പെട്ട എല്ലാവർക്കും പരിചയമുള്ള ആളാണ് നൈജീരിയയിലെ രാജകുമാരൻ. ലോകത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പു മാർഗ്ഗമാണ് നൈജീരിയയിലെ പാവം രാജകുമാരൻ.

ഏകദേശം ഇങ്ങനെയാണ് തട്ടിപ്പിൻ്റെ പ്രവർത്തന രീതി. ഒരു ഇമെയിൽ അഡ്രസ്സ്ലേക്ക് ഞാൻ നൈജീരിയയിലെ രാജകുമാരനാണ്, ശത്രുക്കളുടെ ആക്രമണം കാരണം സ്വത്ത് ഒന്നും എടുക്കാൻ പറ്റാതെ ഓടി രക്ഷപ്പെട്ടതാണ് എന്ന് സന്ദേശം അയയ്ക്കും. ഇനി സ്വത്തു പുറത്തെത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ശത്രുക്കൾ അറിയാത്ത ആളുടെ അക്കൗണ്ട് ആയാൽ മാത്രമേ പണം പുറത്തെത്തിക്കാൻ പറ്റുകയുള്ളൂ. ഇതിനു വേണ്ടി നിങ്ങൾ സഹായിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒന്നോ രണ്ടോ കോടി രൂപ ഇടും. ഇതിൽ പകുതി നിങ്ങൾക്കും പകുതി രാജകുമാരനും. പണം ഇടാനായി ഒന്നുകിൽ അക്കൗണ്ട് ഡീറ്റെയിൽസ് ചോദിക്കും അല്ലെങ്കിൽ ഫീസ് അടക്കാൻ ആയി ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ ചോദിക്കും. രണ്ടായാലും പണം നഷ്ടം. പിന്നെ രാജകുമാരൻ്റെ പൊടി പോലും ഉണ്ടാവുകയുമില്ല.

കാലാകാലങ്ങളായി ഈ തട്ടിപ്പിന് നൈജീരിയയിലെ രാജകുമാരൻ തന്നെയാണ് ഈമെയിൽ അയക്കുന്നത്. കഴിഞ്ഞ ദിവസം രാജകുമാരൻ്റെ ഈമെയിൽ കിട്ടിയപ്പോൾ ഞാൻ ആലോചിച്ചു, നൈജീരിയയിലെ രാജകുമാരനു പകരം വിജയ് മല്യയോ നീരവ് മോദിയോ ആണെന്ന് പറഞ്ഞയച്ചാൽ കുറേ കൂടി വിശ്വാസ്യത ഉണ്ടല്ലോ എന്ന്. അങ്ങനെ ഇതിനെ കുറിച്ച് സംശയം കയറി ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് ഒരു വലിയ പഠനം തന്നെ നടന്നിട്ടുണ്ട് എന്ന് അറിഞ്ഞത്. നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും രാജ്യം വിടാതെ നൈജീരിയയിൽ തന്നെ പിടിച്ചു നിൽക്കാൻ കൃത്യമായ കാരണം ഉണ്ട്.

പണം സമ്പാദിക്കാനുള്ള മറ്റെല്ലാ പരിപാടികളേയും പോലെ തന്നെ തട്ടിപ്പിനും നല്ല കാശ് ചിലവ് ഉണ്ട്. ഇമെയിൽ അഡ്രസ്സുകൾ കാശു കൊടുത്തു വാങ്ങണം. ഇമെയിൽ അയക്കാനും കാശ് ചിലവാകും. ഇനി അതിനു മറുപടി തരുന്ന ആളുകളുടെ അടുത്ത് ഭാവി കാര്യങ്ങൾ സംസാരിച്ചു ഉറപ്പിക്കാനും ആളും സമയവും ആവശ്യമാണ്. അപ്പോൾ തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ള ആൾക്കാരെ കണ്ടു പിടിച്ചു അവരുടെ അടുത്ത് മാത്രമേ മുന്നോട്ടു സംസാരിക്കേണ്ട കാര്യമുള്ളൂ.

അപ്പോൾ ചോദ്യം ഇതാണ് –  തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ളവരെ എങ്ങനെ കണ്ടുപിടിക്കും?

അതിനുള്ള എളുപ്പ വഴിയാണ് നൈജീരിയയിലെ രാജകുമാരൻ. രാജകുമാരനെ കുറിച്ച് കേട്ടിട്ടുള്ളവർ ആരും ഈ സന്ദേശത്തിനു മറുപടി അയക്കുകയില്ല. നൈജീരിയയിലെ രാജകുമാരനെ കുറിച്ച് കേൾക്കാത്തവർ ഇൻറർനെറ്റ് ഉപയോഗിച്ച് അധികം പരിചയമില്ലാത്ത ആൾക്കാർ ആയിരിക്കും എന്ന് ഉറപ്പാണ്. ഇവരെ പറ്റിക്കാനും സുഖമായിരിക്കും. അപ്പോൾ വളരെ സുതാര്യമായ ഒരു തട്ടിപ്പ് തന്ത്രം ഉപയോഗിച്ച് സന്ദേശം അയച്ചാൽ അതിനു മറുപടി കൊടുക്കുന്നവർ തട്ടിപ്പിനെക്കുറിച്ച് അറിയാത്തവർ ആയിരിക്കും. 

ഇതാണ് നൈജീരിയയിലെ രാജകുമാരൻ നൈജീരിയയിൽ തന്നെ തുടരാനുള്ള കാരണം.






ലാഭം മാത്രം ലക്ഷ്യം ആകുമ്പോൾ…

ഈയടുത്ത് വായിച്ച ഒരു ലേഖനം എന്നെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ആ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും അതിനെക്കുറിച്ചുള്ള എൻ്റെ അഭിപ്രായങ്ങളും ആണ് ഇവിടെ പറയുന്നത്.

അമേരിക്കയിലെ ഒരു തോക്ക് നിർമ്മിക്കുന്ന കമ്പനിയുടെ കഥയാണിത്. നൂറു കൊല്ലത്തോളം പഴക്കമുള്ള കമ്പനിയാണിത്. വളരെയധികം പ്രശസ്തമായ ഒരു തോക്ക് നിർമ്മാതാവാണ് ഈ കമ്പനി. അമേരിക്കയിൽ തോക്ക് കച്ചവടം എന്നുള്ളത് നാട്ടുകാർ അരിയും വെള്ളവും വാങ്ങും എന്ന് പറയുന്നതു പോലെ ഉറപ്പുള്ള കാര്യമാണ്. ഏത് ബിസിനസ്സ് പൊളിഞ്ഞാലും തോക്ക് ഉണ്ടാക്കുന്ന കമ്പനിയും തോക്ക് വിൽക്കുന്ന കമ്പനിയും അമേരിക്കയിൽ വാങ്ങാൻ ആളില്ലാതെ പൊളിയുന്ന സംഭവം ഇല്ല. ഇങ്ങനെ നല്ല രീതിയിൽ നല്ല ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ കമ്പനി. കമ്പനിയുടെ ഓഹരികൾ മാർക്കറ്റിൽ ലഭ്യവുമാണ്.

ഇങ്ങനെയിരിക്കെ ഈ കമ്പനി ഒരു സംഘം സമ്പന്നന്മാർ ചേർന്ന് ഒരു പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ട് ഉണ്ടാക്കി, ആ ഫണ്ട് വഴി വാങ്ങി. ഇവരുടെ ലക്ഷ്യം കമ്പനിയുടെ ഓഹരിയുടെ വില കഴിവതും കൂട്ടി ഇവർ നിക്ഷേപിച്ച തുക എത്രയും വലുതാക്കി വിറ്റ് ലാഭം നേടുക എന്നത് മാത്രമാണ്.

ഇതിനായി ഇവർ ആദ്യം ചെയ്തത് കമ്പനി പുതിയ ഒരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ്. ഒരു വലിയ കമ്പനി ഒരു നഗരത്തിൽ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൽ വരുമ്പോൾ ഒരുപാട് ആളുകൾക്ക് ജോലി കിട്ടും. അതേ പോലെ തന്നെ ആ നഗരത്തിന് ഭാവിയിൽ നികുതി വരുമാനം കൂടുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മിക്ക നഗരങ്ങളും പുതുതായി വരുന്ന കമ്പനികൾക്ക് ഒരുപാട് നികുതിയിളവുകളും പിന്നെ വേറെ ഒരുപാട് ഇളവുകളും നൽകും. ഉദാഹരണത്തിന് ചില സംസ്ഥാനങ്ങൾ കമ്പനി തുടങ്ങാനായി സ്ഥലം വെറുതെ കൊടുക്കും. അതുപോലെ വെള്ളം ഉപയോഗിക്കുവാനും പെർമിറ്റ് വെറുതെ കൊടുക്കും. ഇതിനു പകരമായി കമ്പനി ഒരു നിശ്ചിത എണ്ണം ആൾക്കാർക്ക് നിശ്ചിത ശമ്പളത്തിൽ ജോലി കൊടുത്തോളാം എന്ന് കരാറിലേർപ്പെടും. ഈ കരാർ പൊതുവേ അഞ്ചോ പത്തോ വർഷത്തിനു ശേഷം ആണ് നഗരങ്ങൾ പുനഃപരിശോധിക്കുക. അപ്പോഴായിരിക്കും ഇളവുകൾ അവസാനിക്കുക. കമ്പനി കരാർ പാലിച്ചില്ലെങ്കിൽ ഈ കൊടുത്ത ഇളവുകൾക്ക് തുല്യമായ തുകയും പിന്നെ ഒരു പിഴയും ചേർത്ത് കമ്പനി തിരിച്ചു അടയ്ക്കേണ്ടി വരും.

മുതലാളിമാർ നോക്കുമ്പോൾ കമ്പനി മാറ്റി സ്ഥാപിക്കുന്നതിന് വേറൊരു ഗുണവും ഉണ്ട്. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുതിർന്ന തൊഴിലാളികൾ മിക്കവാറും പുതിയ നഗരത്തിലേക്ക് മാറാൻ തയ്യാറാവില്ല. അപ്പോൾ കമ്പനിക്ക് പുതിയ നഗരത്തിൽ പുതിയ ആൾക്കാരെ നിയമിക്കാം. പഴയ തൊഴിലാളികളെ അപേക്ഷിച്ച് കുറച്ച് ശമ്പളം കൊടുത്താലും മതിയാകും.

അങ്ങനെ നോക്കുമ്പോൾ കമ്പനിയുടെ ലാഭം കൂടും, നികുതി കൊടുക്കേണ്ട ശമ്പളം ചെലവും കുറഞ്ഞു. ഇങ്ങനെ കമ്പനിയുടെ ഓഹരി വില കുതിച്ചുയരും.

ഇപ്പോഴാണ് ഏറ്റവും വലിയ കളി. കമ്പനിയെ കൊണ്ട് ഒരു വലിയ ലോൺ എടുപ്പിച്ച്  പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ടിൻ്റെ കൈയിലുള്ള കമ്പനിയുടെ ഓഹരി മൊത്തം ഇവർ കമ്പനിയെ കൊണ്ട് തന്നെ തിരിച്ചു വാങ്ങിക്കും. കമ്പനി ഇവരുടെ നിയന്ത്രണത്തിലായതു കൊണ്ട് കമ്പനിയുടെ നടത്തിപ്പുകാരും മുതിർന്ന മാനേജർമാരും എല്ലാം ഇവർ നിയമിക്കുന്ന ആൾക്കാർ ആയിരിക്കും. അതു കൊണ്ട് ഈ ലോൺ എടുക്കുന്ന കാര്യങ്ങൾ എളുപ്പം നടക്കും. അങ്ങനെ ഉയർന്ന വിലയ്ക്ക് ഓഹരി തിരിച്ചു വാങ്ങുമ്പോൾ ഇവരുടെ നിക്ഷേപം ഇരട്ടിയോ അതിലേറെയോ വർദ്ധിച്ചു കിട്ടും. വെറും മൂന്നോ നാലോ കൊല്ലത്തെ കാലാവധിക്കുള്ളിൽ.

കാശ് തിരിച്ചു കിട്ടി കഴിഞ്ഞാൽ  പഴയ മുതലാളിമാർ കൈയും കഴുകി പോകും . പാവം കമ്പനിക്ക് ലോണും തിരിച്ചടയ്ക്കണം നഗരസഭ ചുമത്തുന്ന പിഴയും അടയ്ക്കണം. അതേ പോലെ തന്നെ കമ്പനിയുടെ മുതിർന്ന തൊഴിലാളികളും കമ്പനിയുടെ ഏറ്റവും നല്ല തൊഴിലാളികളും ഈ സമയത്തിനുള്ളിൽ കമ്പനി വിട്ടു പോയിട്ടുണ്ടാകും. എടുത്ത ലോൺ കമ്പനിക്ക് പുതിയ ഫാക്ടറി പണിയാനോ അല്ലെങ്കിൽ പുതിയ തൊഴിലാളികളെ നിയമിക്കാനൊ ഉപയോഗിക്കാതെ വെറുതെ ഓഹരി തിരിച്ചു വാങ്ങിയതിനാൽ കമ്പനിക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ ഒരു മാർഗ്ഗവുമില്ല താനും. ഇങ്ങനെ വരുമ്പോൾ കമ്പനി നഷ്ടം കൂടി അടച്ചു പൂട്ടേണ്ടി വരും.

വളരെ നന്നായി ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനി കുറച്ചുപേരുടെ അത്യാർത്തി മൂലം അടച്ചുപൂട്ടിയ ഒരു കഥയാണ് മുകളിൽ പറഞ്ഞത്. ഇതുകൊണ്ട് സാധാരണക്കാരായ നമുക്ക് എന്ത് ഗുണം എന്നല്ലേ ചിന്തിക്കുന്നത്. ഇതിൽ നിന്ന് പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ട്. ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന ഒരു സാധാരണക്കാരന് വെറും മൂന്നോ നാലോ കൊല്ലം കൊണ്ട് എല്ലാ പണവും നഷ്ടമായേക്കാം. എപ്പോൾ വിൽക്കണം എന്നുള്ള വിവരം നമ്മൾക്ക് വലിയ മുതലാളിമാരെ പോലെ കിട്ടില്ലല്ലോ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന തുക മൊത്തത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളത്തിനു ഒരു ഉദാഹരണമായി ഈ കഥ കണക്കാക്കണം.

ഇങ്ങനെയൊരു കള്ളക്കളി നടക്കുന്നുണ്ടെന്ന് ഒരു സാധാരണ നിക്ഷേപകന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.  ഇതു കൊണ്ടാണ് ഓഹരികളിൽ നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട് ആണ് നല്ല മാർഗ്ഗം എന്ന് പറയപ്പെടുന്നത്. മ്യൂച്ചൽ ഫണ്ട് മാനേജർമാർക്ക് ഈ കളികൾ കണ്ടു പരിചയം ഉണ്ടാക്കും.

നിലവിലെ സാമ്പത്തിക രീതികളിൽ മുകളിൽ പറഞ്ഞത് നിയമത്തിന് അനുസൃതമായി ചെയ്യാവുന്ന കാര്യം ആണ്. ഇത് തടയാനായി നിയമ നിർമ്മാണം നടത്തണം എന്നുണ്ടെങ്കിൽ അതിനു പറ്റിയ നേതാവിനെ വേണം നമ്മൾ വോട്ട്  ചെയ്ത് ജയിപ്പിക്കാൻ.

കുറച്ചു പേരുടെ ലാഭത്തിനു വേണ്ടി നൂറുകണക്കിന് ആൾക്കാരുടെ ഉപജീവനമാർഗം ആയ ഒരു കമ്പനി അടച്ചു പൂട്ടിയ ഒരു ഉദാഹരണം ആണ് ഇത്. ലാഭം മാത്രം ലക്ഷ്യം വച്ചാൽ ഇങ്ങനെ ഉള്ള വലിയ തെറ്റുകൾ നടക്കും.

0% പലിശ ഉള്ള ലോൺ [വായ്പ ]

ഈയടുത്ത് ഒരു ടിവി വാങ്ങാൻ വേണ്ടി കടയിൽ പോയി വില അന്വേഷിച്ചപ്പോൾ പലിശ ഇല്ലാതെ 12 മാസത്തേക്ക് തവണകളായി വാങ്ങാൻ ഉള്ള ഒരു ഓഫർ ലഭിക്കുകയുണ്ടായി. പണ്ടൊരു കാർ വാങ്ങാൻ ചെന്നപ്പോഴും ഇതേ പോലെ ഒരു ഓഫർ കിട്ടിയിരുന്നു. 0% പലിശയ്ക്ക് ലോൺ തരാമെന്ന്. പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് 0% പലിശ എന്ന് കേൾക്കുമ്പോൾ അതിൽ എന്തോ വലിയ ലാഭം ഒളിച്ചിരിക്കുന്നു എന്ന് വിചാരിച്ച് സാധനങ്ങൾ വാങ്ങുന്നത്.

ഒരു കാര്യം ആദ്യമേ പറയാം, 0% പലിശ എന്ന ഒരു നിരക്കിൽ ലോൺ ലഭിക്കുന്നുണ്ടെങ്കിൽ അതിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന ഒരു ചാർജ് (fees) ഉണ്ട്. ഒരു ഉദാഹരണം പറയാം. എൻ്റെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ നിന്ന് ഒരു ബൈക്ക് വാങ്ങി. 60,000 രൂപയായിരുന്നു ബൈക്കിൻ്റെ വില. 30,000 രൂപയായിരുന്നു അദ്ദേഹം ലോൺ എടുത്തത്. അദ്ദേഹത്തിന് 0% നിരക്കിൽ കമ്പനി തന്നെ ലോൺ കൊടുത്തു. അദ്ദേഹം പേപ്പർ സൈൻ ചെയ്യാൻ പോയപ്പോൾ എന്നേയും കൂട്ടിയിരുന്നു. അപ്പോഴാണ് ലോൺ പ്രോസസിങ് ചാർജ് (processing charge) എന്ന് പറഞ്ഞു 5,000 രൂപ ഒറ്റയടിക്ക് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും വാങ്ങുന്നത്. ഇതിനു പുറമേ ലോണിൽ വാങ്ങുന്നത് കാരണം കമ്പനി കൊടുക്കുന്ന 3,000 രൂപ ഡിസ്കൗണ്ട് കിട്ടുകയുമില്ല. ഡിസ്കൗണ്ട് തുകയും പ്രോസസിങ് ചാർജും ചേർത്തു വെച്ചാൽ ഏകദേശം 8 % പലിശ ലോണിന് കൊടുക്കുന്നതിനു തുല്യമാണ് . ഇവിടെ വ്യത്യാസം പലിശ ആദ്യമേ വാങ്ങുന്നു എന്നത്  മാത്രം.

ഒരു കമ്പനിക്കും പൂജ്യം ശതമാനം നിരക്കിൽ ഉപഭോക്താക്കൾക്ക് ലോൺ കൊടുക്കാൻ സാധിക്കുകയില്ല. കാരണം ഒരു കമ്പനിക്കും ഒരു ബാങ്കിൽ നിന്നും 0% ലോൺ ലഭിക്കുകയില്ല.

വിപണിയിലെ നിരക്ക് 8 % ആണ് എന്ന് വിചാരിക്കുക. അങ്ങനെയുള്ളപ്പോൾ ഒരു കമ്പനി നിങ്ങൾക്ക് 10,000 രൂപയുടെ സാധനം 12 മാസത്തേക്ക് പൂജ്യം ശതമാനം നിരക്കിൽ തരുകയാണെങ്കിൽ അതിനർത്ഥം ആ സാധനത്തിന് 9200 രൂപ വില ഉള്ളു എന്നാണ്. 800 രൂപ ഒരു കൊല്ലത്തേക്കുള്ള പലിശയാണ്.

അടുത്ത തവണ പൂജ്യം ശതമാനം പലിശ നിരക്കിൽ സാധനം വാങ്ങുന്നതിനു മുൻപ് അതേ സാധനം റൊക്കം കാശു കൊടുത്ത് വാങ്ങിയാൽ എത്ര രൂപ ആകും എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.






അടുത്ത ലേഖനം : ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?

എന്തു കൊണ്ട് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം?

എല്ലാവർക്കും 2 ബാങ്കിൽ എങ്കിലും അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇതിനു പല കാരണങ്ങളുണ്ട്.  പ്രധാനപ്പെട്ടവ താഴെ പറയാം.

  1. ഒരു അക്കൗണ്ട് ലോക്ക് ആയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. ചിലപ്പോൾ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കളഞ്ഞു പോയ വഴിയോ അല്ലെങ്കിൽ അനധികൃതമായ ഇടപാടുകൾ നടന്നത് കാരണം കൊണ്ടോ ബാങ്ക് അക്കൗണ്ട് ലോക്ക്(Lock) ആവാം.  ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഇടപാടുകൾ ഒന്നും തടസ്സം മാറുന്നതു വരെ ബാങ്ക് സമ്മതിക്കുകയില്ല. ഈ കാലയളവിൽ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അത് വളരെയധികം ഉപകാരപ്പെടും. ഒരു പ്രശ്നമുണ്ടായി കഴിഞ്ഞു തുടങ്ങാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ പറ്റിയെന്നു വരില്ല . പുതിയ ബാങ്ക്, പഴയ ബാങ്കിൻ്റെ അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ നിങ്ങളെ അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കില്ല.
  2. ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന് 1,00,000 രൂപ വരെ മാത്രം ഇൻഷുറൻസ് സുരക്ഷയുള്ളൂ. ഒരു ലക്ഷത്തിൽ കൂടുതൽ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ബാങ്കിൽ ആയി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ ബാങ്ക് പൊളിഞ്ഞു പോയാലും നിങ്ങളുടെ തുക തിരിച്ചു കിട്ടും.
    സഹകരണ (Co-Operative) ബാങ്കുകളിലും ചെറിയ ബാങ്കുകളിലും അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
  3. ബാങ്ക് ഒരു സേവനം വിൽക്കുന്ന സ്ഥാപനമാണ്. മറ്റെന്തു സേവനം വാങ്ങുമ്പോൾ നമ്മൾ പല സ്ഥാപനങ്ങളുടെ അടുത്തു നിന്ന് വില വിവരങ്ങൾ ശേഖരിക്കുന്ന പോലെ തന്നെ ബാങ്കിംഗ് ആവശ്യങ്ങൾക്കും പല സ്ഥാപനങ്ങളിൽ നിന്നും വില വിവരം ശേഖരിക്കണം. ഉദാഹരണത്തിന് ഒരു വീട് പണിയാൻ വായ്പ എടുക്കുകയാണെങ്കിൽ പല ബാങ്കുകളിൽ നിന്ന് അപേക്ഷാ ഫീസ് എത്ര രൂപയാകും,  എത്ര ശതമാനം പലിശ ആകും എന്നെല്ലാം കൃത്യമായി അന്വേഷിക്കണം. അര (0.5%) ശതമാനം പലിശയ്ക്ക് പോലും 20 വർഷത്തേക്ക് വായ്പ എടുക്കുമ്പോൾ വലിയ തുകയുടെ വ്യത്യാസം വരുത്താൻ പറ്റും. നമുക്ക് നിലവിൽ അക്കൗണ്ടുള്ള ബാങ്കുകൾ ആണെങ്കിൽ ഈ വിവരങ്ങൾ ലഭിക്കാൻ വളരെ എളുപ്പമാണ്. പല ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വായ്പയെടുക്കാൻ നേരത്തും ക്രെഡിറ്റ് കാർഡ് എടുക്കാൻ നേരത്തും നന്നായി ഉപകാരപ്പെടും.
  4. ഇപ്പോൾ മൊബൈൽ പെയ്മെൻറ് ആപ്ലിക്കേഷനുകളും (Mobile Applications) സർവീസുകളും ഒരുപാട് ഉള്ളപ്പോൾ നമ്മുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൊണ്ട് നമ്മുടെ പ്രധാനപ്പെട്ട അക്കൗണ്ടിലേക്ക് ഈ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് അനുവാദം കൊടുക്കുന്നത് അപകട സാധ്യത കൂട്ടും. ഇതിനായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിൽ ഇൻറർനെറ്റ് ട്രാൻസാക്ഷനു (Internet transaction) ആവശ്യമായ തുക മാത്രം നിക്ഷേപിച്ചു മൊബൈൽ ആപ്ലിക്കേഷനുകൾ അതിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.







അടുത്ത ലേഖനം: ക്രെഡിറ്റ് കാർഡ്