ഭൂരിഭാഗം ആൾക്കാരും ആദായ നികുതി (Income Tax) കുറക്കാൻ വേണ്ടി നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിലാണ്. എന്നാൽ ഇതിന് ഏറ്റവും മികച്ച സമയം സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ്.
നിങ്ങൾക്ക് എത്ര രൂപയുടെ നികുതി ലാഭിക്കാൻ ഉള്ള അവസരം ഉണ്ട് എന്ന് കണക്ക് കൂട്ടിയതിനു ശേഷം ഏതൊക്കെ പദ്ധതിയിൽ നിക്ഷേപിക്കണം എന്ന് ഇപ്പോൾ തീരുമാനിച്ചാൽ അടുത്ത കൊല്ലം നികുതി അടയ്ക്കേണ്ട സമയമാകുമ്പോൾ നെട്ടോട്ടമോടേണ്ടി വരില്ല. പലരും ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളും അല്ലെങ്കിൽ വലിയ നേട്ടം ഇല്ലാത്ത പല പദ്ധതികളും എടുക്കുന്നത് നികുതി കുറക്കാൻ വേണ്ടി അവസാന നിമിഷം എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ച് ചെയ്യുമ്പോഴാണ്. ഇത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
80C, 80D, 80CCD തുടങ്ങി സർക്കാർ നികുതി ലാഭിക്കാൻ വേണ്ടി അനുവദിച്ചു തന്നിട്ടുള്ള ഇളവുകൾ എല്ലാം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് സംശയങ്ങൾ ഉണ്ടെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്ത് പോകുന്നതാണ് നല്ലത്.
ഉദാഹരണത്തിന് 80C സെക്ഷൻ്റെ അടിയിൽ 1,50,000 രൂപയാണ് 2019ലെ ഉയർന്ന പരിധി. പ്രോവിഡന്റ് ഫ്രണ്ട് (PF) അടയ്ക്കുന്ന ആളാണെങ്കിൽ അതു കഴിഞ്ഞ് എത്ര രൂപ വേണം ഈ ഉയർന്ന പരിധിയിൽ എത്താൻ എന്ന് കണക്കു കൂട്ടുക. ഇൻഷ്വറൻസ് അടവുകളും ഭവന വായ്പ മുതൽ അടച്ചതും(Home Loan Principal Payment) പബ്ലിക് പ്രോവിഡന്റ് ഫണ്ട്(PPF) ഇ എൽ എസ് എസ്(ELSS) മ്യൂച്ചൽ ഫണ്ടുകൾ എന്നിങ്ങനെ 80Cയുടെ അടിയിൽ വരുന്ന മറ്റു നിക്ഷേപ പദ്ധതികളിലും ആയി ഈ തുക നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. നാഷണൽ പെൻഷൻ സ്കീമിൽ 50,000 രൂപ ഇട്ടു 80CCD വഴിയുള്ള ഇളവ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി ഇതൊന്നും കണക്കു കൂട്ടാൻ താല്പര്യം ഇല്ലാത്ത ആളാണ് എന്നാൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്തു പോകാനും മടിയാണ് പക്ഷേ നികുതി ലാഭിക്കുകയും വേണമെന്നാണെങ്കിൽ ഒരു പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) അക്കൗണ്ട് തുടങ്ങി 1,50,000 രൂപ അതിലും ഒരു നാഷണൽ പെൻഷൻ സ്കീം (NPS) അക്കൗണ്ട് തുടങ്ങി 50,000 രൂപ അതിലും ഡെപ്പോസിറ്റ് ചെയ്താൽ ഏറെക്കുറെ നികുതി ലാഭിക്കാൻ കഴിയും. എന്തു ചെയ്യാൻ തീരുമാനിച്ചാലും ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം നീട്ടി വെയ്ക്കാതെ ഇപ്പോഴേ ആസൂത്രണം തുടങ്ങുക എന്നുള്ളതാണ്.