പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ആണ് ‘കൈയിലുള്ള പണം ഉപയോഗിച്ച് ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണമോ?’ എന്ന്.
ലോൺ തിരിച്ചടച്ചത് കൊണ്ടുണ്ടാകുന്ന പലിശ നേട്ടം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ ലാഭമല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. എല്ലാ സാഹചര്യങ്ങൾക്കും ആയി ഒറ്റ ഉത്തരം പറയാൻ സാധിക്കുകയില്ല എങ്കിലും ഒരു ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ചുവടെ പറയാം.
നിങ്ങളുടെ കയ്യിൽ ആറു മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി നീക്കി വെച്ചിട്ടില്ലെങ്കിൽ ആദ്യം അതാണ് ചെയ്യേണ്ടത്. നമ്മുടെ കയ്യിൽ അത്യാവശ്യത്തിനുള്ള തുക ഇല്ലെങ്കിൽ പെട്ടെന്ന് കാശ് ആവശ്യം വരുമ്പോൾ കയ്യിൽ ഉള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ലോൺ നേരത്തെ അടച്ചത് കൊണ്ട് ഉണ്ടാകുന്ന പലിശ ലാഭത്തെകാൾ വലുതായിരിക്കും പെട്ടെന്ന് കയ്യിലുള്ള ഒരു വണ്ടിയോ അല്ലെങ്കിൽ സ്ഥലമോ വിൽക്കേണ്ടി വന്നാൽ ഉണ്ടാകുന്ന നഷ്ടം. ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപേ ചെയ്യേണ്ട കാര്യമാണ് എമർജൻസി ഫണ്ട് ഉണ്ടാക്കുക എന്നത്. ഒരുദാഹരണത്തിന് നിങ്ങളുടെ ഹോം ലോൺ അടച്ചു തീർത്തു എന്ന് വിചാരിക്കുക. പക്ഷേ അതിനു ശേഷം കയ്യിൽ പതിനായിരം രൂപ പോലും എടുക്കാൻ ഇല്ല. അങ്ങനെയിരിക്കെ പെട്ടെന്ന് വീടിന് ഒഴിവാക്കാൻ പറ്റാത്ത അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു എന്ന് വിചാരിക്കുക. ഉദാഹരണത്തിന് ചോർച്ചയോ അല്ലെങ്കിൽ ഒരു മതിലിടിഞ്ഞു വീഴുകയോ അങ്ങനെയെന്തെങ്കിലും. ഈ പണം പെട്ടെന്ന് പലിശക്ക് എടുക്കേണ്ടി വരും . പലിശ നിരക്ക് എന്തായാലും ലോണിൻ്റെ പലിശ നിരക്കിനേക്കാൾ കൂടുതൽ ആവാനേ തരമുള്ളൂ. അതുകൊണ്ട് എമർജൻസി ഫണ്ട് ഉണ്ടാക്കിയതിന് ശേഷം മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവു.
തിരിച്ചടയ്ക്കാൻ പോകുന്നത് ഹോം ലോൺ ആണെങ്കിൽ രണ്ടു കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
- ഹോം ലോൺ ഉപഭോക്താക്കൾക്ക് ആദായനികുതിയിൽ ഒരുപാട് ഇളവുകൾ ഉണ്ട്. അപ്പോൾ ലോൺ നേരത്തെ അടച്ചാൽ ലാഭിക്കുന്ന പലിശയിൽ നിന്ന് ഇന്ന് ആദായ നികുതി ഇനത്തിൽ ഉണ്ടാക്കുന്ന ഇളവുകൾ കുറയ്ക്കണം.
- പൊതുവേ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും പലിശ കുറഞ്ഞ വായ്പ മാർഗമാണ് ഹോം ലോൺ. കാരണം വായ്പ തരുന്ന സ്ഥാപനത്തെ സംബന്ധിച്ച് വീടും സ്ഥലവും പോലെ ഉറപ്പുള്ള ആസ്തി വേറെയില്ല. അടുത്ത മൂന്നു നാലു കൊല്ലത്തിനുള്ളിൽ വൻ തുകകൾ ആവശ്യം വരും എന്ന് മുൻകൂട്ടി കാണുകയാണെങ്കിൽ ഹോം ലോൺ അടച്ചു തീർക്കാതെ കൈയിലുള്ള തുക അതിനായി സൂക്ഷിച്ചു വയ്ക്കുന്നതാണ് നല്ലത്. കാരണം പുതിയ ലോൺ നിലവിലുള്ള ലോണിൻ്റെ അത്രയും നല്ല നിരക്കിൽ കിട്ടുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല. അതേ പോലെ പുതിയ ലോണിൻ്റെ പ്രോസസ്സിങ് ഫീസും(Processing Fees), ഡോക്യൂമെന്ററ്റേഷൻ ചാർജും(Documentation Charge) ലാഭിക്കാം.
ഭൂരിഭാഗം ലോണുകളും ആദ്യത്തെ അടവുകളിൽ നിന്ന് പലിശ കൂടുതൽ പിടിക്കും. ഉദാഹരണത്തിന് 20,000 രൂപയാണ് നിങ്ങളുടെ ലോണിന് മാസം ഉള്ള അടവ് എങ്കിൽ ലോൺ തുടങ്ങിയ ആദ്യത്തെ മാസങ്ങളിൽ മിക്കവാറും 15,000 രൂപയ്ക്ക് മുകളിൽ പലിശ ആയിരിക്കും. വർഷങ്ങൾ കഴിയുന്തോറും ഈ പലിശയുടെ അനുപാതം കുറഞ്ഞു കുറഞ്ഞു വരും. അവസാന മാസങ്ങളിൽ ചിലപ്പോൾ 1,000 രൂപയിൽ താഴെയേ പലിശ ഉണ്ടാവുകയുള്ളൂ. അപ്പോൾ ലോൺ തിരിച്ചടച്ചാൽ കിട്ടുന്ന പലിശയുടെ ലാഭം എത്രയാണെന്ന് കണക്കാക്കാൻ ബാങ്കിൽ നിന്ന് ലോണിൻ്റെ പെയ്മെൻറ് ഷെഡ്യൂൾ(payment schedule) വാങ്ങുക. ഇനി അടയ്ക്കാനുള്ള തുകയിൽ പലിശ എത്ര, മുതൽ എത്ര എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഈ കിട്ടുന്ന പലിശയുടെ തുകയാണ് നിങ്ങൾക്ക് വരുന്ന ലാഭം.
ഇനി നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുകക്കു കിട്ടുന്ന വരുമാനം എത്രയെന്ന് കണക്കുകൂട്ടുക. പി.പി.എഫ്(PPF) ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡം. നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന നേട്ടം ലോൺ മുൻപേ അടക്കുന്നതിൽ നിന്നുള്ള പലിശ നേട്ടത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ.
ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ലോൺ കാലാവധിക്ക് മുൻപേ അടച്ചാൽ ചില സ്ഥാപനങ്ങൾ പ്രീപേയ്‌മെന്റ് പെനാൽറ്റി (prepayment penalty) ഈടാക്കും. എന്ന് വെച്ചാൽ ലോൺ നേരെത്തെ അടച്ചതിനു കൊടുക്കേണ്ടി വരുന്ന പിഴ. ഈ തുകയും കൂടി നമ്മുടെ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തണം.
അടുത്ത ലേഖനം: ബിറ്റ് കോയിൻ (Bitcoin)