ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?

പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ആണ് ‘കൈയിലുള്ള പണം ഉപയോഗിച്ച് ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണമോ?’  എന്ന്. 

ലോൺ തിരിച്ചടച്ചത് കൊണ്ടുണ്ടാകുന്ന പലിശ നേട്ടം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന  വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ  ലാഭമല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. എല്ലാ സാഹചര്യങ്ങൾക്കും ആയി ഒറ്റ ഉത്തരം പറയാൻ സാധിക്കുകയില്ല എങ്കിലും ഒരു ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ചുവടെ പറയാം. 

നിങ്ങളുടെ കയ്യിൽ ആറു മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി നീക്കി വെച്ചിട്ടില്ലെങ്കിൽ ആദ്യം അതാണ് ചെയ്യേണ്ടത്. നമ്മുടെ കയ്യിൽ അത്യാവശ്യത്തിനുള്ള തുക ഇല്ലെങ്കിൽ പെട്ടെന്ന് കാശ് ആവശ്യം വരുമ്പോൾ കയ്യിൽ ഉള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ലോൺ നേരത്തെ അടച്ചത് കൊണ്ട് ഉണ്ടാകുന്ന പലിശ ലാഭത്തെകാൾ വലുതായിരിക്കും പെട്ടെന്ന് കയ്യിലുള്ള ഒരു വണ്ടിയോ അല്ലെങ്കിൽ സ്ഥലമോ വിൽക്കേണ്ടി വന്നാൽ ഉണ്ടാകുന്ന നഷ്ടം. ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപേ ചെയ്യേണ്ട കാര്യമാണ് എമർജൻസി ഫണ്ട് ഉണ്ടാക്കുക എന്നത്. ഒരുദാഹരണത്തിന് നിങ്ങളുടെ ഹോം ലോൺ അടച്ചു തീർത്തു എന്ന് വിചാരിക്കുക. പക്ഷേ അതിനു ശേഷം കയ്യിൽ പതിനായിരം രൂപ പോലും എടുക്കാൻ ഇല്ല. അങ്ങനെയിരിക്കെ പെട്ടെന്ന് വീടിന്‌ ഒഴിവാക്കാൻ പറ്റാത്ത അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു എന്ന് വിചാരിക്കുക. ഉദാഹരണത്തിന് ചോർച്ചയോ അല്ലെങ്കിൽ ഒരു മതിലിടിഞ്ഞു വീഴുകയോ അങ്ങനെയെന്തെങ്കിലും. ഈ പണം പെട്ടെന്ന് പലിശക്ക് എടുക്കേണ്ടി വരും . പലിശ നിരക്ക് എന്തായാലും ലോണിൻ്റെ  പലിശ നിരക്കിനേക്കാൾ കൂടുതൽ ആവാനേ തരമുള്ളൂ. അതുകൊണ്ട് എമർജൻസി ഫണ്ട് ഉണ്ടാക്കിയതിന് ശേഷം മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവു.

തിരിച്ചടയ്ക്കാൻ പോകുന്നത് ഹോം ലോൺ ആണെങ്കിൽ രണ്ടു കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

  1. ഹോം ലോൺ ഉപഭോക്താക്കൾക്ക് ആദായനികുതിയിൽ ഒരുപാട് ഇളവുകൾ ഉണ്ട്. അപ്പോൾ ലോൺ നേരത്തെ അടച്ചാൽ ലാഭിക്കുന്ന പലിശയിൽ നിന്ന് ഇന്ന് ആദായ നികുതി ഇനത്തിൽ ഉണ്ടാക്കുന്ന ഇളവുകൾ കുറയ്ക്കണം. 
  2. പൊതുവേ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും പലിശ കുറഞ്ഞ വായ്പ മാർഗമാണ് ഹോം ലോൺ. കാരണം വായ്പ തരുന്ന സ്ഥാപനത്തെ സംബന്ധിച്ച്  വീടും സ്ഥലവും  പോലെ ഉറപ്പുള്ള  ആസ്തി വേറെയില്ല. അടുത്ത മൂന്നു നാലു കൊല്ലത്തിനുള്ളിൽ വൻ തുകകൾ ആവശ്യം വരും എന്ന് മുൻകൂട്ടി കാണുകയാണെങ്കിൽ ഹോം ലോൺ അടച്ചു തീർക്കാതെ കൈയിലുള്ള തുക അതിനായി സൂക്ഷിച്ചു വയ്ക്കുന്നതാണ് നല്ലത്. കാരണം പുതിയ ലോൺ നിലവിലുള്ള ലോണിൻ്റെ അത്രയും നല്ല നിരക്കിൽ കിട്ടുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല. അതേ  പോലെ പുതിയ ലോണിൻ്റെ  പ്രോസസ്സിങ് ഫീസും(Processing Fees), ഡോക്യൂമെന്ററ്റേഷൻ ചാർജും(Documentation Charge) ലാഭിക്കാം.

ഭൂരിഭാഗം ലോണുകളും ആദ്യത്തെ അടവുകളിൽ നിന്ന് പലിശ കൂടുതൽ പിടിക്കും. ഉദാഹരണത്തിന് 20,000 രൂപയാണ് നിങ്ങളുടെ ലോണിന് മാസം ഉള്ള അടവ് എങ്കിൽ ലോൺ തുടങ്ങിയ ആദ്യത്തെ മാസങ്ങളിൽ മിക്കവാറും 15,000 രൂപയ്ക്ക് മുകളിൽ പലിശ ആയിരിക്കും. വർഷങ്ങൾ കഴിയുന്തോറും ഈ പലിശയുടെ അനുപാതം കുറഞ്ഞു കുറഞ്ഞു വരും. അവസാന മാസങ്ങളിൽ ചിലപ്പോൾ 1,000 രൂപയിൽ താഴെയേ പലിശ ഉണ്ടാവുകയുള്ളൂ. അപ്പോൾ ലോൺ തിരിച്ചടച്ചാൽ കിട്ടുന്ന പലിശയുടെ ലാഭം എത്രയാണെന്ന് കണക്കാക്കാൻ ബാങ്കിൽ നിന്ന് ലോണിൻ്റെ പെയ്മെൻറ് ഷെഡ്യൂൾ(payment schedule) വാങ്ങുക. ഇനി അടയ്ക്കാനുള്ള തുകയിൽ പലിശ എത്ര, മുതൽ എത്ര എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഈ കിട്ടുന്ന പലിശയുടെ തുകയാണ് നിങ്ങൾക്ക് വരുന്ന ലാഭം.

ഇനി നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുകക്കു കിട്ടുന്ന വരുമാനം എത്രയെന്ന് കണക്കുകൂട്ടുക. പി.പി.എഫ്(PPF) ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡം. നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന നേട്ടം ലോൺ മുൻപേ അടക്കുന്നതിൽ നിന്നുള്ള പലിശ നേട്ടത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. 

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ലോൺ കാലാവധിക്ക് മുൻപേ അടച്ചാൽ ചില സ്ഥാപനങ്ങൾ പ്രീപേയ്‌മെന്റ് പെനാൽറ്റി (prepayment penalty) ഈടാക്കും. എന്ന് വെച്ചാൽ ലോൺ നേരെത്തെ അടച്ചതിനു കൊടുക്കേണ്ടി വരുന്ന പിഴ. ഈ തുകയും കൂടി നമ്മുടെ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തണം.








അടുത്ത ലേഖനം: ബിറ്റ് കോയിൻ (Bitcoin)

ഒരു കാർ വാങ്ങുന്നതിനു മുൻപ്…

നമ്മൾ വാങ്ങുന്ന വിലയേറിയ സാധനങ്ങളിൽ, താമസിക്കാനുള്ള വീട് കഴിഞ്ഞാൽ പിന്നെ ഏറ്റവും വില കൂടിയ സാധനം കാർ ആയിരിക്കും. വളരെയധികം ഉപകാരം ഉള്ളതും ഒരുപാട് മാനസിക സംതൃപ്തിയും തരുന്ന ഒന്നാണ് സ്വന്തമായി ഒരു വാഹനം. പക്ഷേ സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാകും കാർ.

വാങ്ങി ഷോറൂമിൽ നിന്ന് പുറത്തെത്തുമ്പോൾ മുതൽ വില കുറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നാണ് കാർ. വാഹനം വാങ്ങുവാൻ ബാങ്കുകളും ബാക്കി സാമ്പത്തിക സ്ഥാപനങ്ങളും നമുക്ക് വളരെ എളുപ്പം ലോൺ തരും. ഒരു കാരണവശാലും ലോണെടുത്ത് സ്വന്തം ഉപയോഗത്തിനുള്ള വാഹനം വാങ്ങരുത് എന്നാണ് എൻ്റെ അഭിപ്രായം. സൂക്ഷിച്ചില്ലെങ്കിൽ വാങ്ങി രണ്ടു മൂന്നു കൊല്ലം കഴിയുമ്പോഴേക്കും ചിലപ്പോൾ കാറിൻ്റെ വിലയേക്കാൾ കൂടുതൽ ആയിരിക്കും ലോൺ ബാലൻസ്. ബിസിനസ് നടത്താനോ ടാക്സി ഓടിക്കാനോ ആയുള്ള വാഹനങ്ങൾ ഇതിൽ പെടില്ല.

കാർ വാങ്ങാൻ ലോൺ എടുക്കുന്നതും വീട് വാങ്ങാൻ ലോൺ എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വീട് വാങ്ങാനുള്ള ലോൺ അടച്ച് തീർന്നു കഴിയുമ്പോൾ വീടും സ്ഥലവും നമ്മുടെ പേരിൽ സ്വന്തമായി ബാക്കി ഉണ്ടാകും. സ്ഥലത്തിന് വില കൂടിയിട്ടും ഉണ്ടാകും. എന്നാൽ കാർ വാങ്ങാനായി ഒരു അഞ്ചു കൊല്ലത്തെ ലോണെടുത്ത് അടച്ച്  തീരുമ്പോഴേക്കും കാറിൻ്റെ വില നാലിലൊന്നായി കുറഞ്ഞു പോയിട്ടും ഉണ്ടാകും.

ഞാൻ അടുത്തിടെ വായിച്ച ഒരു ഇംഗ്ലീഷ് ലേഖനത്തിൽ നിന്നാണ് കാർ വാങ്ങേണ്ടത് എങ്ങനെ എന്ന് എനിക്ക് മനസ്സിലായത്. അതിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു നോക്കിയപ്പോൾ വളരെ ശരിയാണെന്ന് തോന്നുകയും ചെയ്തു. പുതിയ കാറുകൾ വാങ്ങുന്നത് വലിയ നഷ്ടമാണ് എന്നാണ് ലേഖകൻ്റെ അഭിപ്രായം. നമ്മൾ ഒരു വർഷം എത്ര കിലോമീറ്റർ ഓടിക്കും എന്ന് കണക്കാക്കണം. അതിനു ശേഷം എത്ര വർഷം കാർ ഉപയോഗിക്കുവാൻ സാധ്യതയുണ്ട് എന്നുള്ളതും കണക്കാക്കുക. ഇവ രണ്ടും ഗുണിച്ചാൽ കിട്ടുന്നതാണ് കാർ ഓടിക്കേണ്ട കിലോമീറ്റർ. ഇത്രയും കിലോമീറ്റർ വലിയ കുഴപ്പമില്ലാതെ ഓടുന്ന ഒരു സെക്കൻഡ് ഹാൻഡ് കാർ മാത്രമേ നമ്മൾ വാങ്ങാവൂ.

10 കൊല്ലം 10,000 കിലോമീറ്റർ വീതം വണ്ടി ഓടിക്കേണ്ട ആവശ്യമുള്ള ഒരാൾക്കു 1,00,000 കിലോമീറ്റർ വലിയ കുഴപ്പം ഒന്നും ഇല്ലാതെ ഓടുന്ന ഒരു വണ്ടി മതി. ഇന്ത്യയിൽ ഇറങ്ങുന്ന മിക്ക കാറുകളും 2,00,000 കിലോമീറ്റർ വരെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകും. അപ്പോൾ കണക്കനുസരിച്ച് ഇദ്ദേഹത്തിന് ഏകദേശം 75,000 കിലോമീറ്റർ ഓടിയ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയാൽ മതിയാകും. അപ്പോൾ വണ്ടി  2,00,000 കിലോമീറ്റർ ഓടുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തിൻ്റെ ആവശ്യം തീരും. കാറിന് പകുതിയിൽ താഴെ വില കൊടുത്താൽ മതി ആവുകയും ചെയ്യും.

എൻ്റെ ഉദാഹരണത്തിൽ നിന്ന് തന്നെ പുതിയ കാർ വാങ്ങിയാൽ ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചു പറയാം. 6 കൊല്ലം മുൻപാണ് ഞാൻ കാർ വാങ്ങാൻ തീരുമാനിച്ചത്. എൻ്റെ കൈയിൽ അന്ന്‌ 2.5 ലക്ഷം രൂപ ഉണ്ടായിരുന്നു. പുതിയ കാർ വാങ്ങാൻ ഉള്ള ആഗ്രഹം കാരണം ഞാൻ 5 ലക്ഷം രൂപ ലോൺ എടുത്തു 7.5 ലക്ഷം രൂപയുടെ കാർ ആണ് വാങ്ങിയത്.  2 കൊല്ലത്തിനുള്ളിൽ ലോൺ അടച്ചു തീർത്തിരുന്നു. ലോൺ അടച്ച വകുപ്പിൽ മൊത്തം ചിലവായ തുക 5,70,000 രൂപ.

അപ്പോൾ പുതിയ കാർ വാങ്ങിയ വകയിൽ മൊത്തം ചിലവായ തുക = 2,50,000 + 5,70,000 = 8,20,000 രൂപ

പത്തുകൊല്ലം കഴിഞ്ഞ് ഞാൻ ഈ വണ്ടി വിൽക്കുകയാണെങ്കിൽ, കൂടി പോയാൽ ഒരു ഒന്നര ലക്ഷം(1,50,000) രൂപ കിട്ടിയാൽ ആയി.   അപ്പോൾ 8,20,000 രൂപ മുതൽ ഇറക്കിയ ഈ കച്ചവടത്തിൽ നിന്ന് പത്ത് കൊല്ലം കഴിയുമ്പോൾ കയ്യിൽ ബാക്കി വരുന്നത് ഒന്നര ലക്ഷം രൂപ മാത്രം.

കാറിനു വന്ന ചിലവ്  =    8,20,000 – 1,50,000 = 6,70,000 രൂപ

ഒരു കൊല്ലം എനിക്ക് കഷ്ടിച്ച് 6000 കിലോ മീറ്റർ ഓട്ടം മാത്രമേ ഉള്ളൂ. പത്തു കൊല്ലം കഴിയുമ്പോഴേക്കും ഞാൻ കാർ മാറാനും സാധ്യതയുണ്ട് . അപ്പോൾ 10 കൊല്ലത്തേക്ക്  60,000 കിലോമീറ്റർ. അപ്പോൾ എനിക്ക് ശരിക്കും ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി വാങ്ങിയാൽ മതിയായിരുന്നു. അന്ന് അതു ലോൺ എടുക്കാതെ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന 2.5 ലക്ഷം രൂപയ്ക്ക് കിട്ടുകയും ചെയ്യുമായിരുന്നു.

ഈ വണ്ടി ഞാൻ പത്തു കൊല്ലം കഴിഞ്ഞു വിൽക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു 50,000 രൂപയെ കിട്ടുകയുള്ളൂ.  പുതിയ കാർ അല്ലാത്തതിനാൽ അറ്റകുറ്റപണികൾക്കായി ഒരു ലക്ഷം രൂപ ചെലവായി എന്നും കൂട്ടു.

കാറിനു വന്ന ചിലവ്  =    2,50,000 + 1,00,000 – 50, 000 = 3,00,00 രൂപ

എന്നാൽ ശരിക്കുള്ള നഷ്ടം ഇതിലും വളരെ വലുതാണ്.

ഞാൻ പുതിയ കാർ വാങ്ങുവാനായി ലോണെടുത്ത തുക നിക്ഷേപിച്ചിരുന്നു എങ്കിൽ 10 കൊല്ലം കൊണ്ട് ഇരട്ടിക്കുക എങ്കിലും ചെയ്യും. 5 ലക്ഷം രൂപ  ഇരട്ടിച്ചു 10 ലക്ഷം എങ്കിലും ആയേനെ. പുതിയ കാർ വാങ്ങാതെ ഞാൻ പഴയ കാർ വാങ്ങിയിരുന്നു എങ്കിൽ എൻ്റെ ആസ്തിയിൽ ഇപ്പോൾ ലക്ഷങ്ങൾ കൂടുതൽ ഉണ്ടായിരുന്നേനെ.

എനിക്ക് പറ്റിയ അബദ്ധം നിങ്ങൾക്കും പറ്റാതിരിക്കാൻ വേണ്ടി അടുത്ത തവണ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.






അടുത്ത ലേഖനം: 0% പലിശ ഉള്ള ലോൺ